February 19, 2025 |
Share on

രോഹിത്തിന്റെ സമയമായോ?

കഷ്ടകാലം തീരാതെ ക്യാപ്റ്റന്‍

ഇന്ത്യന്‍ ക്യാപ്റ്റന്റെ കഷ്ടകാലത്തിന് അവസാനമില്ലേ! ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലും ക്യാപ്റ്റന്‍ രോഹിത്ത് പാടെ നിരാശനാക്കിയിരിക്കുന്നു. 27 പന്തില്‍ വെറും 10 റണ്‍സ്. പാറ്റ് കമ്മിന്‍സിന്റെ ഒരു മനോഹരമായ പന്ത്, ഓഫ് സ്റ്റെമ്പിന് വെളിയിലൂടെ പാഞ്ഞപ്പോള്‍, രോഹിത് അതിനെ തൊട്ടുകൊടുത്ത് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലേക്ക് എത്തിച്ചു നല്‍കുകയായിരുന്നു. നിര്‍ണായ സമയത്ത് ടീമിന്റെ നങ്കൂരമാകേണ്ടിയിരുന്ന ക്യാപ്റ്റനില്‍ നിന്നുണ്ടായ മറ്റൊരു ദയനീയ പരാജയം.

പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലും ആറാം സ്ഥാനത്താണ് ക്യാപ്റ്റന്‍ കളിക്കാനിറങ്ങിയത്. തുടക്കത്തില്‍ ക്ഷമയോടെ, നല്ല പന്തുകളെ ബഹുമാനിച്ചും, ഷോട്‌സിന് പാകമായ പന്തുകള്‍ക്കായി കാത്തിരുന്നും നല്ല രീതിയില്‍ തന്നെയായിരുന്നു കളി മുന്നോട്ടു കൊണ്ടു പോയത്. എങ്കിലും ഫൂട്ട് സ്റ്റെപ്‌സിന്റെ കാര്യത്തില്‍ നേരിടുന്ന പോരായ്മ ഇവിടെയും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. എതിര്‍ ക്യാപ്റ്റന്റെ ദൗര്‍ബല്യം മനസിലാക്കിയ ഓസീസ് ക്യാപ്റ്റന്‍ അവസരം മുതലെടുത്തു. കമ്മീന്‍സിന്റെ ഫുള്‍ ലെങ്ത് ഡെലിവറി. ക്രിസീല്‍ അനങ്ങാതെ നിന്നുകൊണ്ട് ബാറ്റ് എത്തിച്ച് പന്തിനെ പ്രഹരിക്കാനുള്ള രോഹിതിന്റെ ശ്രമം. കമ്മിന്‍സ് മനസില്‍ കണ്ടതുപോലെ, ശര്‍മയുടെ ബാറ്റിലുരസിയ പന്ത് നേരെ അലക്‌സ് കാരിയുടെ ഗ്ലൗസുകള്‍ക്കുള്ളില്‍ വിശ്രമിച്ചു. രോഹിത് ശര്‍മയുടെ മറ്റൊരു മോശം ഇന്നിംഗ്‌സ് കൂടി.

പുറത്താകലിന് പിന്നാലെ ശര്‍മയുടെ പ്രവര്‍ത്തികള്‍ വലിയൊരു ചോദ്യമുയര്‍ത്തി. നായകന്‍ മതിയാക്കുകയാണോ? പവലിയനിലേക്കുള്ള മടങ്ങിപ്പോക്കിനിടില്‍ ഡഗ് ഔട്ടിനു മുന്നില്‍ തന്റെ ഗ്ലൗസുകള്‍ ഊരിയെറിഞ്ഞ പ്രവര്‍ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശക്തമായ സംശയങ്ങള്‍ ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രവര്‍ത്തി വലിയ ചര്‍ച്ചകളുയര്‍ത്തി. അദ്ദേഹത്തിന്റെ ആരാധകര്‍ ഉള്‍പ്പെടെ ആശയക്കുഴപ്പത്തിലായി. 37കാരനായ താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് അഭ്യൂഹങ്ങള്‍ ശക്തമായി. ഈ വര്‍ഷമാദ്യം രോഹിത് ട്വന്റി-20യില്‍ നിന്ന് വിരമിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ ഉണ്ടാകുമെന്ന് സൂചനകളുണ്ട്.

രാജാവ് വാഴുമോ വീഴുമോ ?

ഈ പരമ്പരയില്‍ രോഹിതിന്റെ നിറം മങ്ങിയ പ്രകടനം, അദ്ദേഹത്തിനെതിരേ ടീമില്‍ നിന്ന് തന്നെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആറാം സ്ഥാനത്തേക്കുള്ള പടിയിറക്കമാണ് രോഹിത്തിന് തിരിച്ചടിയായിരിക്കുന്നതെന്നാണ് ഇന്ത്യയുടെ സീനിയര്‍ താരമായ ചേതേശ്വര്‍ പൂജാരയുടെ അഭിപ്രായം. ഈ സ്ഥാനത്ത് ഇറങ്ങി ഒരു വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ സാധ്യമാകില്ലെന്നാണ്, രോഹിത്തിന്റെ പുറത്താകല്‍ വിശകലനം ചെയ്തുകൊണ്ട് പൂജാര പറയുന്നത്. തന്റെ സ്ഥാന മാറ്റാനുള്ള തീരുമാനത്തോട് രോഹിത് വിയോജിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും പൂജാര പറയുന്നു. ഓസീസ് പേസര്‍മാര്‍ക്കെതിരേ നന്നായി കളിച്ച ചരിത്രമുള്ളതാണ് രോഹിത്തിന്. എന്നാല്‍ ഓപ്പണിംഗ് പൊസിഷനില്‍ നിന്നുള്ള മാറ്റം അദ്ദേഹത്തിന്റെ കളിയെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് തോന്നുന്നത്.

നാലാം ദിവസം കമ്മിന്‍സ് എറിഞ്ഞൊരു ബൗണ്‍സര്‍ രോഹിതിന്റെ നിലവിലെ അവസ്ഥയെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. തൊട്ടു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഔട്ട്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ രോഹിത് തുടര്‍ച്ചയായി പരാജയപ്പെടുന്നതുകൊണ്ട്, ഈ പരമ്പരയില്‍ ടീമിനായി അദ്ദേഹത്തിന് ഇതുവരെ കാര്യമായി ഒന്നും സംഭാവന ചെയ്യാനും കഴിഞ്ഞിട്ടില്ല. ഗാബയിലെ ഒന്നാം ഇന്നിംഗ്‌സ് പരാജയം, അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനത്തെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്.

തുടര്‍ച്ചയായ പരാജയം ടെസ്റ്റിലെ രോഹിത്തിന്റെ ഭാവി സംശയത്തിലാക്കിയിരിക്കുകയാണ്. പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ടീമിനൊപ്പം ഇല്ലാതിരുന്ന ക്യാപ്റ്റന്‍, അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിലാണ് തിരിച്ചു വരുന്നത്. രണ്ട് ഇന്നിംഗ്‌സിലും അദ്ദേഹം പരാജയമായിരുന്നു. ബ്രിസ്‌ബെയ്‌നിലെ പുറത്താകലാകട്ടെ, ഏറ്റവും മോശമായ രീതിയിലുമായിരുന്നു. രോഹിത്തിന്റെ അവസ്ഥ എടുത്തു കാണിക്കുന്നൊരു പുറത്താകല്‍.

ആരാധകരും കടുത്ത നിരാശയിലാണ്. അവരുടെ അസ്വസ്ഥ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. ഭൂരിഭാഗവും ടെസ്റ്റ് മതിയാക്കാന്‍ ക്യാപ്റ്റന് സമയമായിരിക്കുന്നു എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ടെസ്റ്റില്‍ നിന്നു മാത്രമല്ല, ഏകദിനത്തിലും രോഹിത്തിന്റെ സമയം കഴിഞ്ഞിരിക്കുന്നുവെന്നും ആരാധകര്‍ക്ക് അഭിപ്രായമുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിത്തില്‍ നിന്ന് അത്തരമൊരു തീരുമാനം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ ടീം ആരാധകര്‍ വിശ്വസിക്കുന്നത്.

എന്തായാലും രോഹിത്തിന്റെ ഭാവിക്കുമേലുള്ള അനിശ്ചിതത്വം ശക്തമായിരിക്കുകയാണ്. ടെസ്റ്റ് ടീമില്‍ രോഹിത് ഇനിയുണ്ടാകുമോയെന്ന ചോദ്യവും പ്രബലമായിരിക്കുന്നു. ഈ പരമ്പരയിലെ അദ്ദേഹത്തിന്റെ മോശം ഫോം, ബാറ്റിംഗ് പൊസിഷനിലെ മാറ്റവും, ഒപ്പം ഏകദിന കരിയറിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും, അന്താരാഷ്ട്ര ക്രിക്കറ്റിലെ രോഹിത് ശര്‍മയുടെ ഭാവിയെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു.  Rohit Sharma’s Test Woes Continue as Fans Speculate Retirement After Brisbane Dismissal

Content Summary; Rohit Sharma’s Test Woes Continue as Fans Speculate Retirement After Brisbane Dismissal

Tags:

×