വിമാനത്താവളമെത്തിയാൽ ശബരിമലയിലെ തിരക്ക് വലിയൊരു പരിധിവരെ കുറയ്ക്കാനാകുമെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. ശബരിമലയിലെ തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിൽ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്കിനെക്കുറിച്ചും ശബരിമല വിഷയത്തിൽ ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളെക്കുറിച്ചും അഴിമുഖത്തോട് സംസാരിക്കവെയാണ് അലക്സാണ്ടർ ജേക്കബിൻ്റെ പ്രതികരണം.
വിമാനത്താവളം വരുകയെന്നതാണ് ശബരിമല വിഷയത്തിൽ ഏറ്റവും ഉചിതമായ ഉപാധി. എന്നാൽ മാത്രമാണ് ധനികരായിട്ടുള്ള ആളുകൾ ശബരിമല ദർശനത്തിന് എത്തുക. ആറൻമുളയിലും കോന്നിയിലും വിമാനത്താവളം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, ആറൻമുള ക്ഷേത്രത്തിലെ കൊടിമരത്തിൽ വിമാനമിടിക്കുമെന്ന് പറഞ്ഞ് സമരക്കാർ അത് നിർത്തിവെപ്പിക്കുകയായിരുന്നു. അത് തികച്ചും തെറ്റായ ഒരു തീരുമാനമായിരുന്നു. അന്ന് അവിടെയൊരു എയർപോർട്ട് വന്നിരുന്നെങ്കിൽ ശബരിമലയ്ക്ക് നല്ലൊരു വളർച്ചയുണ്ടാകുമായിരുന്നു.
ശബരിമലയ്ക്ക് അടുത്ത് പൊലീസുകാർക്കായി മണിയാർ ക്യാമ്പുണ്ട്. ശബരിമലയുടെ 60 കിലോമീറ്റർ അടുത്തുള്ള ക്യാമ്പിൽ പൊലീസുകാരെ താമസിപ്പിക്കാൻ ഞാൻ അന്ന് നിർദേശിച്ചിരുന്നു. ഒരു ദിവസം ആവശ്യമുള്ള പൊലീസുകാരെ ബസിൽ അവിടെയെത്തിക്കുക. 24 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അവരെ തിരിച്ച് കൊണ്ടുവരുമ്പോൾ അടുത്ത ദിവസം ഡ്യൂട്ടിയിലുള്ള പൊലീസുകാരെ അവിടെ എത്തിക്കുക. അങ്ങനെ വരുമ്പോൾ, എല്ലാ ദിവസവും പൊലീസുകാർക്ക് ശബരിമലയിൽ കിടന്ന് കഷ്ടപ്പെടേണ്ടി വരില്ല. എനിക്ക് ചാർജുണ്ടായിരുന്ന സമയത്ത് ഒരു വർഷം ഞാനിത് നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അത് നടക്കുന്നില്ല.
തിരഞ്ഞെടുപ്പ് വരുമ്പോൾ, 140 മണ്ഡലങ്ങളിൽ ബൂത്തുകളുടെ എണ്ണം 5000ത്തോളം വരും. ഇത്തരം അവസരങ്ങളിൽ സ്പെഷ്യൽ പൊലീസിനെ നിയമിക്കുകയാണ് ചെയ്യുന്നത്. ദിവസം 600 രൂപ കൊടുത്താൽ മതി. ശബരിമലയിൽ ഡ്യൂട്ടി ചെയ്യാൻ ആഗ്രഹിക്കുന്ന ആരോഗ്യദൃഢഗാത്രരായ സ്പെഷ്യൽ പൊലീസിനെയാണ് നിയമിക്കേണ്ടത്. ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെയുള്ള പരിഹാരം സ്പെഷ്യൽ പൊലീസാണ്.
മറ്റുള്ള സ്ഥലങ്ങളിലേത് പോലെ ശബരിമലയിലും റോപ്പ് വേ കൊണ്ടുവരണം. അങ്ങനെ വരുമ്പോൾ സ്ത്രീകൾക്കും അതിലിരുന്ന് കൊണ്ട് അയ്യപ്പനെ തൊഴാൻ കഴിയും. പടികയറാൻ മാത്രമല്ലേ പ്രശ്നമുള്ളൂ, റോപ്പ് വേയിലുടെ അവർക്കും അയ്യപ്പനെ കാണാൻ സാധിക്കും. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിനപ്പുറം ശബരിമലയുടെ വികസനമാണ് ശരിക്കും ചർച്ച ചെയ്യപ്പെടേണ്ടത്.
കാശി കഴിഞ്ഞാൽ ഏറ്റവും ഉയരത്തിലുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. അവിടെ ജനങ്ങളെത്തുമ്പോൾ അവർക്ക് സൗകര്യപ്രദമായി കയറിപോകാനൊരു വഴി ആവശ്യമാണ്. മുൻപ് ഒരു ചെറിയ നടപ്പാതയുണ്ടായിരുന്നു. പിന്നീട് അവിടെ സുബ്രഹ്മണ്യം എന്ന സിനിമാ നിർമാതാവ് ഒരു വഴി വെട്ടി, അതാണ് സുബ്രഹ്മണ്യപാത. ഈ രണ്ട് പാതയിലൂടെയും എട്ട് പേർക്ക് മാത്രമേ കയറി പോകാൻ കഴിയുകയുള്ളൂ. ആളുകൾ കൂടുതൽ കയറാൻ ശ്രമിക്കുന്നതോടെ ഉന്തും തള്ളുമാകുന്നു. സർക്കാർ സ്ഥലം നൽകാത്തത് കാരണം വഴിക്ക് വീതി കൂട്ടാൻ കഴിയില്ല. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ പകുതി മാത്രമാണ് സന്നിധാനത്തിൻ്റെ വീതി’, അലക്സാണ്ടർ ജേക്കബ് അഴിമുഖത്തോട് പ്രതികരിച്ചു.
Content Summary: A ropeway and an airport should be developed. If more affluent pilgrims arrive for darshan, it will benefit Sabarimala,” former DGP Alexander Jacob said.