വൈനിലും കൊഗ്നാക്കിലും ട്രംപിന് സ്നേഹാദരം; തീൻമേശയിലും കൗതുകം വിളമ്പിയ ബ്രിട്ടീഷ് രാജവിരുന്ന്

160 അതിഥികൾക്കായി 100-ൽ അധികം ജീവനക്കാരാണ് വിരുന്നൊരുക്കിയത്

-trump

ആഡംബരങ്ങളുടെയും പ്രൗഢിയുടെയും വിൻഡ്‌സർ കോട്ടയിൽ ഇക്കുറി അമേരിക്കൻ പ്രസിഡന്റ ഡോണൾഡ്‌ ട്രംപിനായി ഒരുങ്ങിയ വിരുന്ന് രാജകീയ പ്രൗഢിയുടെ ഉദാഹരണമായി. ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തിനെതിരെ ആയിരക്കണക്കിന് ആളുകൾ ലണ്ടനിൽ പ്രതിഷേധിച്ചിരുന്നു. ലണ്ടനിലെ തെരുവുകളിൽ പ്രതിഷേധത്തിന്റെ ശബ്ദമുയരുമ്പോഴും, കോട്ടയ്ക്കുള്ളിൽ ബ്രിട്ടീഷ് രാജകുടുംബവും സർക്കാരും ട്രംപിനായി വിസ്മയ ലോകം തന്നെ ഒരുക്കി.

വിരുന്നു സൽക്കാരത്തിനായി അണിഞ്ഞൊരുങ്ങിയ സെന്റ് ജോർജ് ഹാൾ എന്തിനെയും കടത്തിവെട്ടുന്ന ഒരു കാഴ്ചയായിരുന്നു. തിളങ്ങുന്ന വെള്ള ടൈ അണിഞ്ഞ് ട്രംപ് വിരുന്നിനെത്തിയപ്പോൾ രാജാവും രാജ്ഞിയും മറ്റു പ്രമുഖരും അദ്ദേഹത്തെ വരവേറ്റു. ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ അംഗങ്ങളും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളോടും ബിസിനസ് നേതാക്കളോടും ഒപ്പം അത്താഴ വിരുന്നിൽ പങ്കെടുത്തു.

155 അടി നീളമുള്ള തീൻമേശയിൽ രാജകീയമായ സ്ഥാനങ്ങളിലിരുന്ന് അവർ സൗഹൃദം പങ്കിട്ടു. കിംഗ് ചാൾസ് മൂന്നാമൻ, വെയിൽസ് രാജകുമാരി കാതറിൻ, പ്രിൻസ് വില്യം, ക്വീൻ കാമില്ല, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്, മെലാനിയ ട്രംപ്, ഒപ്പം പ്രമുഖരായ ബിസിനസ് നേതാക്കളും ഈ സൗഹൃദ നിമിഷങ്ങൾക്ക് സാക്ഷിയായി.

പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ന്യൂസ് കോർപ്പിന്റെ റുപേർട്ട് മർഡോക്ക്, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഉൾപ്പെടെ 160 അതിഥികൾക്കായി 100-ൽ അധികം ജീവനക്കാരാണ് വിരുന്നൊരുക്കിയത്.

ട്രംപിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങൾ ഓരോന്നായി മേശയിലെത്തി. പർമേസൻ ഷോർട്ട്‌ബ്രെഡിനും ക്വയിൽ എഗ് സാലഡിനുമൊപ്പം വിളമ്പിയ ഹാംപ്ഷയർ വാട്ടർക്രെസ് പന്ന കോട്ട മുതൽ, കോർജറ്റ് ഉപയോഗിച്ച് പൊതിഞ്ഞ നോർഫോക്ക് ചിക്കൻ ബലോട്ടൈൻ വരെ നീണ്ട രുചിക്കൂട്ടുകൾ. മധുരത്തിനായി വെനില ഐസ്ക്രീം ബോംബെയും റാസ്ബെറി സോർബെറ്റും വിക്ടോറിയ പ്ലംസും ഒരുക്കിയിരുന്നു.

മദ്യപാനം ശീലമില്ലാത്ത ട്രംപിനായി വിരുന്നിൽ മികച്ചയിനം വൈനുകൾ ഉണ്ടായിരുന്നു. പ്രത്യേകമായി ഉണ്ടാക്കിയ ‘ട്രാൻസ്അറ്റ്ലാന്റിക് വിസ്കി സോർ’ എന്ന കോക്ക്‌ടെയിൽ പോലും വിരുന്നിന്റെ പ്രത്യേകത വിളിച്ചോതി. ജോണി വാക്കർ ബ്ലാക്ക് സ്കോച്ച്, മാർമലേഡ് എന്നിവ ചേർത്ത് മുകളിൽ പെക്കൻ ഫോം, നക്ഷത്രത്തിന്റെ ആകൃതിയിലുള്ള ബിസ്ക്കറ്റിൽ വറുത്ത മാർഷ്മല്ലോ എന്നിവയും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്.

അദ്ദേഹത്തിന്റെ 45-ാമത്തെ പ്രസിഡൻറ് പദവിയെ ആദരിച്ച് 1945 വിന്റേജ് പോർട്ടും, അമ്മയുടെ ജനന വർഷം സൂചിപ്പിക്കാൻ 1912 കൊഗ്നാക് ഗ്രാൻഡെ ഷാംപെയ്‌നും വിരുന്നിൽ വിളമ്പിയിരുന്നു.

ഇപ്പോഴും ആള്‍താമസമുള്ള ലോകത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ കൊട്ടാരമാണ് വിന്‍സര്‍ പാലസ്. ബെര്‍ക്ഷയറിലാണ് പതിമൂന്ന് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കൊട്ടാരവും വളപ്പും. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ചത്. പതിനാറു വര്‍ഷം കൊണ്ട്. തടിയില്‍. പിന്നീട് ഹെന്റി രണ്ടാമന്റെ കാലത്താണ് കൊട്ടാരം കരിങ്കല്ല് പുതച്ചത്. ഹെന്റി ഒന്നാമന്റെ കാലം തൊട്ടുള്ള ബ്രിട്ടീഷ് രാജഭരണാധികാരികള്‍ താമസിച്ച ഇടമാണ് വിന്‍സര്‍ കൊട്ടാരം കൊട്ടാരം. നിര്‍മാണശൈലിയിലെ മികവ് കൊണ്ടും സാക്ഷിയായ ചരിത്രസംഭവങ്ങള്‍ കൊണ്ടും ബ്രിട്ടീഷ് ചരിത്രത്തിലും വിന്‍സര്‍ കൊട്ടാരം തലയുര്‍ത്തി നില്‍ക്കുന്നു.

content summary: Royal Banquet for Trump, A Table Filled with Surprises

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment