സിനിമ മേഖലയിലെ പണമിടപാട് കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സികളുടെയും നിരീക്ഷണത്തിലാണ്. കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മലയാള ചലച്ചിത്ര മേഖലയെ റഡാറില്‍ നിര്‍ത്തിയിരിക്കുകയുമാണ്. ഇതുമായി പുതിയ നീക്കം നടത്തി വരുന്നത് ആദായ നികുതി വകുപ്പാണ്. ഏതായാലും സിനിമ താരങ്ങളുടെ പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണം ആഡംബര കാറുകളിലേക്കാണ് എത്തി നില്‍ക്കുന്നത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ യുസ്ഡ് ആഡംബര ഷോറുമില്‍ കഴിഞ്ഞ ദിവസം റെയ്്ഡ് നടത്തിയപ്പോള്‍ കിട്ടിയത് 102 കോടി രൂപയുടെ കള്ളപ്പണമാണെന്നാണ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയല്‍ ഡ്രൈവ്’ എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഡംബര കാര്‍ ഷോറുമുകളിലൊന്നാണ് ‘റോയല്‍ ഡ്രൈവ്’. പരിശോധനയില്‍ സിനിമ താരങ്ങള്‍ക്ക് പുറമേ ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ളവര്‍ വാഹനങ്ങള്‍ വാങ്ങിയിരിക്കുന്നത് നികുതി വെട്ടിപ്പിലൂടെയാണെന്ന സൂചനയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇവര്‍ക്കെല്ലാം ഉടന്‍ തന്നെ നോട്ടീസ് അയക്കും. ഔഡി, ബിഎംഡബ്ല്യു, മേഴ്സിഡസ് ബെന്‍സ്, ലാന്‍ഡ് റോവര്‍ അടക്കമുള്ള കാറുകളാണ് റോയല്‍ ഡ്രൈവില്‍ പ്രധാനമായുള്ളത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ടിവി താരങ്ങളുമൊക്കെ റോയല്‍ ഡ്രൈവിലെ സ്ഥിരം കസ്റ്റമേഴ്‌സാണ്. സ്ഥിരം എന്ന് പറഞ്ഞാല്‍ പലരും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും ഇടവേളകളില്‍ തന്നെ ഈ കാറുകള്‍ മാറ്റി വാങ്ങാറുണ്ട്. അവയെല്ലാം വീണ്ടും യൂസ്ഡ് കാര്‍ ആയി വില്‍പ്പന നടത്തുന്നതും റോയല്‍ ഡ്രൈവ് തന്നെയാണ്.
കള്ളപ്പണ വഴികള്‍
യൂസ്ഡ് കാര്‍ അത് സാധാരണ കാര്‍ ആയാലും ആഡംബര കാര്‍ ആയാലും പുതിയ കാറിന്റെ വില വരില്ല. എന്നാല്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത് യൂസ്ഡ് കാറിന്റെ മറവില്‍ വലിയ തട്ടിപ്പ് കേരളത്തില്‍ ഇത്തരം ഇടപാടുകളില്‍ നടന്നിട്ടുണ്ടെന്നാണ്.
ആഡംബര യൂസ്ഡ് കാറിന് 5 കോടി രൂപ വിലയുണ്ടെന്ന് കരുതുക. ഇത് സ്വന്തമാക്കാന്‍ വരുന്ന പ്രമുഖ വ്യക്തിയ്ക്ക് കമ്പനി ഇന്‍ വോയിസില്‍ 2 കോടി രൂപയ്ക്ക് വില്‍ക്കുന്നു. പക്ഷെ ഈ വ്യക്തി യുസ്ഡ് കാര്‍ ഷോറുമിന് നേരത്തെ പറഞ്ഞ 5 കോടിയും നല്‍കുന്നുണ്ട്. പക്ഷെ 3 കോടി നേരിട്ടായിരിക്കും നല്‍കുക. ഇതിലൂടെ ആ പ്രമുഖന്‍ ടാക്സ് വെട്ടിപ്പാണ് നടത്തുന്നത്. ഒപ്പം കള്ളപ്പണ വെളിപ്പിക്കലും നടക്കുന്നുണ്ടെന്നാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പൊതുവെ കോടികളാണ് ആഡംബര കാറുകള്‍ക്കായി കൊടുക്കേണ്ടത്. ഇത്തരത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ ആറുമാസകാലം എന്ന് പറയുന്നത് മലയാള സിനിമ കോടികളുടെ കളക്ഷന്‍ നേടിയ സമയമാണ്. പല കാറുകളുടെയും രജിസ്ട്രേഷന്‍ അന്യ സംസ്ഥാനങ്ങളിലാണ്. യൂസ്ഡ് കാറുകള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നും വരാം. അത്തരത്തില്‍ വാഹന നികുതി വെട്ടിപ്പ് കേസ് മുന്‍പും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാമാണ് റെയ്ഡിലേക്ക് വഴി വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കാര്‍ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്. ഏതാനും മാസങ്ങളായി വന്‍ തുകകളുടെ ഇടപാടുകള്‍ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പ്രമുഖ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിനു വില്‍പന നടത്തി പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
English Summary: Rs 102 cr black money deal uncovered in Kozhikode car showroom; cricketer, celebrities under scanner