ആര്‍.എസ്.എസിന്റെ ഡല്‍ഹി പ്രവേശവും ഗാന്ധി വധത്തിന് ശേഷമുള്ള കാലവും

ദി കാരവന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനത്തിന്റെ വിവര്‍ത്തനം. ഭാഗം-8

കാരവന്‍ മാസികയില്‍ അമൃത സിങ് എഴുതിയ ‘രേഖകളില്ലാത്ത ആര്‍.എസ്.എസ്, ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യഘടനയുടെ രൂപരേഖ’ എന്ന ദീര്‍ഘ ലേഖനത്തിന്റെ പരിഭാഷയുടെ എട്ടാം ഭാഗം. മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം. വിവര്‍ത്തനം; ശ്രീജിത്ത് ദിവാകരന്‍)

1936-ല്‍ വസന്തറാവു ഓക് ഡല്‍ഹിയിലെത്തി. രാജ്യത്താകമാനം ആര്‍.എസ്.എസിന്റെ അടിത്തറ വിപുലീകരിക്കുന്നതിന് വിവിധ നഗരങ്ങളിലേയ്ക്ക് നാഗ്പൂരില്‍ നിന്ന് അയച്ച നേതക്കളില്‍ ഒരാളായിരുന്നു വസന്തറാവു. അവരുടെ പ്രധാന ശ്രദ്ധ സര്‍വ്വകലാശാലകളുള്ള പട്ടണങ്ങളും നഗരങ്ങളുമായിരുന്നു. വിദ്യാസമ്പന്നരായ യുവജനങ്ങളെ ആര്‍.എസ്.എസിലേയ്ക്ക് ആകര്‍ഷിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം. അതോടൊപ്പം ഉന്നതജാതിക്കാരായ വ്യവസായികളേയും വ്യാപാരികളേയും. നേരത്തേ കെ.ബി.ഹെഡ്ഗേവാറിന്റെ സെക്രട്ടറിയായിരുന്ന വസന്തറാവു എന്ന ആ ചിത്പാവന്‍ ബ്രാഹ്‌മണന് ലഭിച്ച നിര്‍ദ്ദേശം നഗരത്തില്‍ കാലുറപ്പിക്കുന്നതിന് കോണ്‍ഗ്രസ്, ഹിന്ദുമഹാസഭ എന്തിന് മുസ്ലീം ലീഗിന്റെ വരെ അംഗങ്ങളുമായി ബന്ധം സ്ഥാപിക്കുക എന്നായിരുന്നു. ഈ പ്രദേശത്തെ സമ്പന്നരും സ്വാധീനശേഷിയുള്ളവരുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചു. അത്തരത്തില്‍ ആ ലഭിച്ച കൂട്ടാളികളില്‍ ഒരാളാണ് ജുഗല്‍ കിഷോര്‍ ബിര്‍ള. വ്യവസായി ആയ ജുഗല്‍ ബിര്‍ളയുടെ കുടുംബത്തിന് ക്ഷേത്രങ്ങളേയും ഹൈന്ദവ താത്പര്യങ്ങളേയും സഹായിക്കുന്നതിന്റെ ദീര്‍ഘചരിത്രമുണ്ട്. ഡല്‍ഹില്‍ നിന്ന് ആര്‍.എസ്.എസിലേയ്ക്ക് ആദ്യത്തെ അംഗങ്ങളെ ചേര്‍ക്കുന്നതിന് വസന്തറാവുവിനെ സഹായിച്ചത് ജുഗല്‍ ബിര്‍ളയാണ്. അതോടൊപ്പം ഹിന്ദു മഹാസഭയുടെ ആസ്ഥാനത്ത് ആര്‍.എസ്.എസിന്റെ ആദ്യ കാലപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഒരു ഇടം കണ്ടെത്താനും വസന്തറാവുവിനായി. ഇപ്പോഴത്തെ കേശവ് കുഞ്ജ് നിലനില്‍ക്കുന്നതിന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെ, മന്ദിര്‍ മാര്‍ഗിലുള്ള, ഇന്നിപ്പോള്‍ ലക്ഷ്മി നാരായണ്‍ ക്ഷേത്രമെന്നറിയപ്പെടുന്ന ബിര്‍ള മന്ദിറിന് അരികെയായിരുന്നു അത്.

ആര്‍.എസ്.എസിന്റെ ആദ്യത്തെ ഡല്‍ഹി ശാഖ അധികം വൈകാതെ ആരംഭിച്ചു. (സംഘത്തിന്റെ കരോള്‍ ബാഗ് അധ്യക്ഷന്‍ അശോക് സച്ച്ദേവ എന്നോട് പറഞ്ഞത് ഇപ്പോഴും അതേ സ്ഥലത്ത്, ഗോള്‍മാര്‍ക്കറ്റിലുള്ള മഹാസഭ ഭവനിന്റെ എതിര്‍ വശത്തുളള പാര്‍ക്കില്‍, ശാഖ നടക്കുന്നുണ്ട് എന്നാണ്) ഒരു ദശാബ്ദത്തിനുള്ളില്‍ നഗരത്തില്‍ ആറു ശാഖകള്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. പുതിയ രക്ഷാധികാരികള്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ പിന്തുണക്കാനെത്തി. 1947-ല്‍ ആര്‍.എസ്.എസിന്റെ ഡല്‍ഹി പ്രാന്ത് പ്രചാരക് ആയി മാറിയ വ്യവസായി ഹാന്‍സ് രാജ് ഗുപ്ത അതിലൊരാളായിരുന്നു. ആര്‍.എസ്.എസ് അക്കാലമായപ്പോഴേയ്ക്കും സ്വന്തം ആസ്ഥാനം തേടിത്തുടങ്ങി.

1939-ല്‍ തന്നെ ഝണ്ഡേവാലനില്‍ കേശവ് കുഞ്ജ് ഒരു ചെറിയ ഓഫീസായി ആരംഭിച്ചുവെന്നാണ് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പറയുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് രണ്ടാഴ്ച മുമ്പ് 1947 ഓഗസ്റ്റ് ഒന്നിന് ബദ്രി ഭഗത് ജണ്ഡേവാലന്‍ ടെമ്പിള്‍ സൊസൈറ്റി (ബി.ബി.ജെ.റ്റി.എസ്) ഏതാണ്ട് 12000 ചതുരശ്രമീറ്റര്‍ സ്ഥലം ആര്‍.എസ്.എസ് മേധാവിയായ എം.എസ് ഗോള്‍വള്‍ക്കറിന് 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കി. അതേ കാലത്ത് തന്നെ ഡല്‍ഹി പോലീസിന്റെ ക്രിമിനല്‍ അന്വേഷണ വിഭാഗം ആര്‍.എസ്.എസിന്റെ ഡല്‍ഹി ആസ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നത് കമല നഗറിലെ ഒരു കെട്ടിടമാണ്

ഇന്ത്യവിഭജനത്തെ തുടര്‍ന്ന് ഡല്‍ഹിയിലേയ്ക്കുണ്ടായ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ആര്‍.എസ്.എസിന് ലഭിച്ച സുവര്‍ണാവസരം ആയിരുന്നു. അവര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒരു കൂട്ടം അഭയാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു. ഭരണഘടന പണ്ഡിതനും ചരിത്രകാരനുമായ എ.ജി.നൂറാണിയും മറ്റും വാദിക്കുന്നത് ഈ പ്രവര്‍ത്തനം അവരെ പ്രാഥമികമായും സൈദ്ധാന്തിക വളര്‍ച്ചയ്ക്ക് സഹായിച്ചു എന്നാണ്. ”പ്രാഥമികമായും മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സംഘടനയെ ദേശസാത്കരിക്കുന്നതിന് വിഭജനം അവര്‍ക്ക് സഹായമായി”-എന്ന് ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ ക്രിസ്റ്റോഫ് ജാഫ്രലോ അദ്ദേഹത്തിന്റെ ‘ദ ഹിന്ദു നാഷണലിസ്റ്റ് മൂവ്മെന്റ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ പറയുന്നു. 1947-ല്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലീം വിരുദ്ധ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസുകാരാണ് എന്നാരോപണം ഉയര്‍ന്നു. കോണ്‍ഗ്രസ് സന്നദ്ധഭടന്മാര്‍ എന്ന ഭാവത്തില്‍ ചെങ്കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന കാമ്പുകളില്‍ കടന്ന് ആര്‍.എസ്.എസുകാര്‍ മുസ്ലീങ്ങളോട് ‘സ്വയരക്ഷയ്ക്ക്’ ഇന്ത്യ വിട്ട് പാകിസ്താനിലേയ്ക്ക് പോകാന്‍ ആഹ്വാനം ചെയ്തതായി നെഹ്റുവിന് വിവരം ലഭിച്ചു.

നാഥുറാം വിനായക് ഗോഡ്സെ മഹാത്മാഗാന്ധിയെ, 1948 ജനുവരി 30ന് ബിര്‍ള ഹൗസില്‍ വച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. ആഭ്യന്തര മന്ത്രി വല്ലഭായ് പട്ടേല്‍ തന്റെ ഔദ്യോഗിക അറിയിപ്പില്‍ ആര്‍.എസ്.എസുകാര്‍ ‘തീവെയ്പ, കൊള്ള, മോഷണം, കൊലപാതകം’ എന്നീ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുവെന്നും അവര്‍ നിയമവിരുദ്ധമായി ആയുധം കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ കലാപത്തിന്റെ സാഹചര്യം ഉണ്ടാക്കിയത് ആര്‍.എസ്.എസും ഹിന്ദുമഹാസഭയുമാണ് എന്ന് മറ്റൊരു കത്തില്‍ വല്ലഭായ് പട്ടേല്‍ പറയുന്നു. രണ്ട് മാസത്തിനുള്ളില്‍ പോലീസ് രേഖകളനുസരിച്ച് കമലനഗറിലുണ്ടായിരുന്ന ആര്‍.എസ്.എസ് ഓഫീസ് പോലീസ് റെയ്്ഡ് ചെയ്ത് മുദ്രവച്ചു.

നിരോധനം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്ലാതാക്കിയില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ധീരേന്ദ്ര ഝാ ശേഖരിച്ച ഡല്‍ഹി പോലീസിന്റേയും രഹസ്യന്വേഷണ വിഭാഗത്തിന്റേയും ചരിത്ര രേഖകള്‍ പ്രകാരം സംഘടന വലുതാക്കാനും കൂടുതല്‍ ധനസമാഹരണം നടത്താനുള്ള ആര്‍.എസ്.എസിന്റെ ശ്രമങ്ങള്‍ നിരോധന കാലത്തും സജീവമായിരുന്നു. അവര്‍ക്ക് അക്കാലത്ത് ഡല്‍ഹിയില്‍ ധാരാളം താവളങ്ങള്‍ ഉണ്ടായിരുന്നു താനും. അവര്‍ ഒരു മുഖപത്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. 1948-ല്‍ ദരിയഗഞ്ച് ആസ്ഥാനമായുള്ള ഭാരത്പ്രകാശന്‍ എന്ന സ്ഥാപനം ‘ഭാരത്വര്‍ഷ്’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഭാരത് പ്രകാശന്‍ കെട്ടിടത്തിലും ജവഹര്‍ നഗറിലെ വാടക മുറികളിലും ആര്‍.എസ്.എസ് നിയമവിരുദ്ധമായ യോഗങ്ങള്‍ നടത്തുന്ന വിവരം ലഭിച്ചിട്ടുണ്ട് എന്ന് അതേ ഡിസംബറില്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1948 ഡിസംബര്‍ ഒന്‍പതിന് നിരോധനത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് സത്യാഗ്രഹം ആരംഭിച്ചു. ഝണ്ഡേവാലനില്‍ അവര്‍ക്ക് ലഭിച്ച ഇടത്തില്‍ താമസത്തിനും ഓഫീസ് ഉപയോഗത്തിനും ഉള്ള സംവിധാനം അവര്‍ ആരംഭിച്ചതായും പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ ഓഫീസില്‍ നാല് മുറികളും ഒരു അടുക്കളയുമുണ്ടായിരുന്നു. അവരുടെ നേതാക്കളിലൊരാളുടെ സമീപത്തുള്ള ഒരു മുറിയും അവര്‍ ഉപയോഗിക്കുണ്ടായിരുന്നു. ആര്‍.എസ് എസിന്റെ ഭരണഘടന സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം എം.എസ് ഗോള്‍വള്‍ക്കര്‍ പാലിച്ചതോടെ, 1949 ജൂലായില്‍ ആര്‍.എസ്.എസിന്റെ നിരോധനം പിന്‍വലിച്ചു. ആ രേഖയില്‍ നല്‍കുന്ന വാഗ്ദാനം, ‘ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയും സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തനം ഒതുക്കി നില്‍ക്കുകയും ചെയ്യും.’-എന്നാണ്. എന്നാല്‍ അതിനകത്ത് അതിന്റെ അംഗങ്ങള്‍ക്ക് അക്രമമോ രഹസ്യ പ്രവര്‍ത്തനങ്ങളോ വിദ്വേഷ പ്രചരണമോ നടത്താതെ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയിലോ സ്ഥാപനത്തിലോ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും എന്നുകൂടി അവര്‍ എഴുതി ചേര്‍ത്തിരുന്നു.

എന്നാല്‍ ആര്‍.എസ്.എസ് ഇത് പാലിച്ചില്ല. ഡല്‍ഹി പോലീസിലെ സീനിയര്‍ സുപ്രണ്ടായിരുന്ന ജിയാ റാം, 1950 ജനുവരി മൂന്നിന് പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം, ആര്‍.എസ്.എസ് ‘സാംസ്‌കാരിക പ്രവര്‍ത്തനം മാത്രമേ നടത്തൂ’ എന്ന വാഗ്ദാനം തെറ്റിച്ച് ‘രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതിനാല്‍’ ആ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മായി നിരീക്ഷിക്കാന്‍ നഗരത്തിലുള്ള സൂപ്രണ്ടുമാര്‍ക്ക് ചുമതല നല്‍കി. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്ക് ചുവട് മാറുന്നതിനെ കുറിച്ച് ആര്‍.എസ്.എസിനുള്ളില്‍ അക്കാലത്ത് പര്യാലോചനകള്‍ നടന്നിരുന്നതായും പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ‘വളരെ ശ്രദ്ധാപൂര്‍വ്വ’വും ‘യോഗത്തിന്റെ നടപടിക്രമങ്ങളെ കുറിച്ചുള്ള രഹസ്യാത്മകത സംരക്ഷിച്ചുമാണ്’ അത്തരമൊരു യോഗം ആര്‍.എസ്.എസ് നടത്തിയതെന്നും അതേ ജനുവരിയിലുള്ള മറ്റൊരു പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആര്‍.എസ്.എസ് വേഗത്തില്‍ തന്നെ അവരുടേതായ പുതിയ ഓഫീസുകള്‍ ആരംഭിച്ചു. നേരത്തേ ആര്‍.എസ്.എസ് ഓഫീസ് നടത്തിയിരുന്ന കമലനഗര്‍ പരിസരത്ത് തന്നെ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആര്‍.എസ്.എസ് ഓഫീസ് വീണ്ടും തുറന്നുവെന്ന് മറ്റൊരു പോലീസ് ഡയറി കുറിപ്പില്‍ സൂചനയുണ്ട്. ദരിയഗഞ്ചിലും അവര്‍ ഒരു ഓഫീസ് തുറന്നു. ഗോള്‍വള്‍ക്കര്‍ ഡല്‍ഹി സന്ദര്‍ശന വേളയിലൊക്കെ ഹന്‍സ്രാജ് ഗുപ്തയുടെ, ബാരക്കമ്പ റോഡിലുള്ള, വീട്ടിലാണ് താമസിക്കുക. അവിടെ തന്നെ അദ്ദേഹം ചെറിയ യോഗങ്ങളും ചേരും. ഹിന്ദുമഹാസഭയുടെ ഭവനില്‍ നടക്കുന്ന നീണ്ടു നില്‍ക്കുന്ന യോഗങ്ങള്‍ക്ക് പുറമേയാണിത്. 1950 ഫെബ്രുവരിയില്‍ ഝണ്ഡേവാലനിലെ ‘മരംകൊണ്ടുള്ള കെട്ടിടം’ ഗോള്‍വള്‍ക്കര്‍ സന്ദര്‍ശിച്ചു. 1951-ലെ ഒരു രേഖപ്രകാരം ഓലമേഞ്ഞ ആ കെട്ടിടത്തിന് ആര്‍.എസ്.എസുകാര്‍ കാവല്‍ നില്‍ക്കാറുണ്ട്. 1951 ഫെബ്രുവരി 16-ലെ ഒരു രേഖയനുസരിച്ച് ഡല്‍ഹി ആര്‍.എസ്.എസിനെ ഒരു ഉത്തരവാദിത്തപ്പെട്ട ആള്‍ ബോംബേ ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആഴ്ചപ്പതിപ്പ് ‘നാഷണല്‍ ഗാര്‍ഡിയന്‍’-നോട് സംഘടനയുടെ ഡല്‍ഹി വിലാസം ‘ആര്‍.എസ്.എസ് ഓഫീസ്, ഝണ്ഡേവാല മന്ദിര്‍, ഡല്‍ഹി’ എന്ന് മാറ്റാനായി ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാലത്തെ പോലിസ് രേഖകളും ഝണ്ഡേവാലന്‍ ക്ഷേത്രത്തെ ‘ആര്‍.എസ്.എസുകാര്‍ സ്ഥിരമായി സംഘടിക്കുന്ന സ്ഥലം’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

1950-ല്‍ നടന്ന യോഗത്തില്‍ ആര്‍.എസ്.എസ് അംഗത്വം വര്‍ദ്ധിപ്പിക്കണമെന്ന് ഗോള്‍വള്‍ക്കര്‍ ആവശ്യപ്പെട്ടു. നിരുപദ്രവകരമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആര്‍.എസ്.എസുമായി ബന്ധപ്പെടുത്താനും പ്രദേശിക നേതാക്കള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയമപ്രകാരം ആര്‍.എസ്.എസില്‍ ചേരാനാകില്ല, പക്ഷേ അവര്‍ക്ക് സ്വതന്ത്രമായി പങ്കുചേരാനും സംഘടനയുമായി സ്ഥിരബന്ധം നിലനിര്‍ത്താനും പ്രചോദനം തോന്നുന്ന തരത്തിലുള്ള കളികളോ മറ്റോ ശാഖകളില്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. 1951-ല്‍ ഝണ്ഡേവാലനില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച റിപബ്ലിക് ദിന പരിപാടിയില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്തതായി പോലീസ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.

ആര്‍.എസ്.എസ് പണപ്പിരിവും ധാരാളമായി നടത്തുന്നുണ്ടായിരുന്നു. 1950 ഏപ്രിലിലെ ഒരു പോലീസ് ഡയറിക്കുറിപ്പ് അനുസരിച്ച് ഡല്‍ഹി യൂണിറ്റ് ലക്ഷ്യം വച്ചിരുന്ന ഒരു ലക്ഷം രൂപ പിരിയുന്നത് വരെ നഗരത്തിലെ ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്ന് ഗോള്‍വള്‍ക്കര്‍ പ്രഖ്യാപിച്ചു. അവസാനം പിരിവ് ലക്ഷ്യം കണ്ടപ്പോള്‍ ഒരു പൊതയോഗത്തില്‍ പങ്കെടത്ത് 10,1001 രൂപയുടെ ഒരു പണപ്പൊതി ഗോള്‍വള്‍ക്കര്‍ സ്വീകരിച്ചു. അടുത്ത ദിവസം തലസ്ഥാനത്ത് നിന്ന് അദ്ദേഹം തിരിച്ച് പോയത് വിമാനത്തിലാണ്- അക്കാലത്ത് അതൊരു അപൂര്‍വ്വമായ ആര്‍ഭാടമായിരുന്നു. 1950 ജൂണ്‍ പതിനഞ്ചിന് ഡല്‍ഹിയിലെ രാംജാസ് സ്‌ക്കൂളില്‍ വച്ച് നടന്ന ആ സംഘപരിവാറിന്റെ സായുധ പരിശീലന ക്യാമ്പില്‍ പല പ്രധാനികളും പങ്കെടുത്തുവെന്നും പോലീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെയര്‍പേഴ്സണ്‍ യോധ് രാജും ജുഗല്‍ കിഷോര്‍ ബിര്‍ളയും ഉള്‍പ്പെടുന്നു. ”രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഘട്ടത്തില്‍ ആര്‍.എസ്.എസിന് പണം നല്‍കി സഹായിക്കുക എന്നത് രാജ്യത്തോടുള്ള നിങ്ങളുടെ കര്‍ത്തവ്യമാണ്. കാരണം ഈ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ ആര്‍.എസ്.എസിന് മാത്രമേ കഴിയൂ’- ഗോള്‍വള്‍ക്കര്‍ ആ യോഗത്തില്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടനുസരിച്ച് ‘ആര്‍.എസ്.എസ് അംഗങ്ങളുടെ മുന്‍കാല സേവനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം ഭാവിയിലും അവരുടെ സേവനം പ്രതീക്ഷിക്കുന്നതായും പറഞ്ഞു.’

അമേരിക്കന്‍ സാമ്രാജ്യത്വം ആര്‍.എസ്.എസിനും ഹിന്ദുമഹാസഭയ്ക്കും ധനസഹായം നല്‍കുന്നതായി സോവിയറ്റ് യൂണിയന്‍ കുറ്റപ്പെടുത്തുന്നു എന്ന കാര്യം 1951-ല്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം കുറ്റാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ‘അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് രൂപ ലഭിച്ചവരില്‍ ആര്‍.എസ്.എസും ഹിന്ദുമഹാസഭയും ഉള്‍പ്പെടുന്നു. ഇത് ബ്രിട്ടീഷുകാരേയും അമേരിക്കന്‍ സാമ്രാജ്വത്വത്തേയും സഹായിക്കുന്നതിനാണ്’. ഈ സഹായങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. സ്വയം സേവകര്‍ അരിഷ്ടിച്ചാണ് ജീവിക്കുന്നത് എന്ന് പറഞ്ഞ അശോക് സച്ച്ദേവ അതിന്റെ തുടര്‍ച്ചയായി പറഞ്ഞത് ധാരാളം സമ്പന്നര്‍ ആര്‍.എസ്.എസിന് സംഭാവനകള്‍ നല്‍കുന്നുണ്ട് എന്നാണ്. കരോള്‍ ബാഗ് യൂണിറ്റിലുള്ള ഏതാണ്ടെല്ലാ സ്വയം സേവകരും പുതിയ കേശവ് കുഞ്ജിന് സംഭാവന നല്‍കിയിട്ടുണ്ട്. ‘പന്ത്രണ്ട് പേര്‍ ഒരു കോടി രൂപ വീതം നല്‍കി. പലരും 50,000-വും 10,000-ഉം നല്‍കി. ആളുകള്‍ ഹൃദയപൂര്‍വ്വമാണ് പണം നല്‍കുന്നത്.’-സച്ച്ദേവ പറഞ്ഞു.

അന്നത്തേയും ഇന്നത്തേയും തമ്മിലുള്ള ഏകവ്യത്യാസം ഇപ്പോള്‍ ഡല്‍ഹി പോലീസോ രഹസ്യാന്വേഷണ വിഭാഗമോ ആര്‍.എസ്.എസിന് ആര് പണം നല്‍കുന്ന എന്ന കാര്യം അന്വേഷിക്കുന്നില്ല എന്നത് മാത്രമാണ്. ഈ രണ്ട് കൂട്ടരും റിപ്പോര്‍ട്ട് ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ്. അമിത് ഷാ ആകട്ടെ ആര്‍.എസ്.എസില്‍ നിന്ന് വളര്‍ന്ന് വന്ന് ബിജെപി നേതാവായ ആളുമാണ്. RSS’s entry into Delhi and the period after Gandhi’s assassination

തുടരും.

(നാളെ: 25000 ചതുരശ്രമീറ്റര്‍ വലിപ്പത്തിലുള്ള ഝണ്ഡേവാലന്‍ ഭൂമിയും സമീപത്തെ കയ്യേറ്റങ്ങളും)

 

Content Summary; RSS’s entry into Delhi and the period after Gandhi’s assassination

This post was last modified on July 28, 2025 7:10 am

അമൃത സിംഗ്:
Related Post
Leave a Comment