UPDATES

വിദേശം

കിമ്മിനെ കാണാന്‍ പുടിന്‍

ലോകത്തിന് ഭീഷണിയാകുമോ റഷ്യ-ഉത്തര കൊറിയ സഖ്യം?

                       

യുക്രെയിനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് ആയുധങ്ങൾ ഉൾപ്പെടെ നൽകി സൈനിക പിന്തുണ നൽകികൊണ്ടിരിക്കുകയാണ് ഉത്തരകൊറിയ. ഇതിനിടെ കിം ജോങ്-ഉന്നുമായുള്ള കൂടികാഴ്ചക്കായി കൊറിയയിൽ എത്തിയിരിക്കുകയാണ് വ്‌ളാഡിമിർ പുടിൻ. 2000-ത്തിലാണ് പുടിൻ അവസാനമായി ഉത്തരകൊറിയ സന്ദർശിച്ചത്, രാജ്യം സന്ദർശിക്കുന്ന ആദ്യത്തെ റഷ്യൻ നേതാവായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ആരംഭിക്കുന്ന കൂടികാഴ്ച്ചക്കായുള്ള യാത്ര റഷ്യയും,ഉത്തരകൊറിയയും തമ്മിൽ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ഉക്രെയ്നിലെ യുദ്ധത്തിന് ആവശ്യമായ പരമ്പരാഗത ആയുധങ്ങൾ വിതരണം ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷിയും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ സെപ്തംബറിൽ റഷ്യയുടെ ഫാർ ഈസ്റ്റിൽ വെച്ച് കിം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ പുതിയ യുഗത്തിന് തുടക്കമാകുന്നത്. Russia North Korea ally

പാശ്ചാത്യ രാജ്യങ്ങൾ ഒറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്ന തൻ്റെ രാജ്യത്തിന് ഒരു സഖ്യകക്ഷിയെ ലഭിക്കുന്ന അപൂർവ അവസരമായാണ് കിം ഇതിനെ കാണുന്നത്. മറുവശത്ത്, റഷ്യക്കിത് യുദ്ധത്തിന് വേണ്ടി വരുന്ന ആയുധങ്ങൾ നൽകാൻ ശേഷിക്കുന്ന രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമാണ്. തിങ്കളാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനം ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്.

ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ (ഡിപിആർകെ) ചെയർമാൻ കിം ജോങ് ഉന്നിൻ്റെ ക്ഷണപ്രകാരം വ്‌ളാഡിമിർ പുടിൻ ജൂൺ 18-19 തീയതികളിൽ ഡിപിആർകെയിൽ സൗഹൃദ സന്ദർശനം നടത്തും,” ക്രെംലിൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുടിൻ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ എത്തുമെന്നും ബുധനാഴ്ച കൂടിക്കാഴ്ചകൾ നടത്തുമെന്നും പ്രസിഡൻ്റിൻ്റെ വക്താവ് റഷ്യൻ സ്റ്റേറ്റ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ്, ഉത്തര കൊറിയയുമായി “എല്ലാ മേഖലകളിലും” സഹകരണം വളർത്തിയെടുക്കുമെന്ന് റഷ്യൻ തലസ്ഥാനം പ്രസ്താവിച്ചിരുന്നു.

ശീതയുദ്ധകാലത്ത്, പ്യോങ്യാങ് (ഉത്തര കൊറിയ), മോസ്കോ (റഷ്യ) എന്നിവ സഖ്യകക്ഷികളായിരുന്നു, എന്നാൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനുശേഷം അവരുടെ ബന്ധം തണുത്തു. സമീപ വർഷങ്ങളിൽ, അമേരിക്കയോടുള്ള പരസ്പര ശത്രുത ഇരു രജ്യങ്ങളും വീണ്ടും അടുത്തു. ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട യുഎസ് സമ്മർദത്തെ ഉത്തര കൊറിയ എതിർക്കുമ്പോൾ യുക്രെയ്നിലെ യുഎസ് ഇടപെടൽ റഷ്യക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അമേരിക്കയോടുള്ള ഈ എതിർപ്പ് അവരെ നയതന്ത്രപരമായും തന്ത്രപരമായും ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്.

യുക്രെയ്നിലെ സംഘർഷം തുടരുമ്പോൾ, റഷ്യയ്ക്ക് പരമ്പരാഗത ആയുധങ്ങളുടെ, പ്രത്യേകിച്ച് പീരങ്കി ഷെല്ലുകളുടെ അടിയന്തിര ആവശ്യം റഷ്യ നേരിടുന്നുണ്ട്. മറുവശത്ത്, ഉത്തരകൊറിയയ്ക്ക് ഈ ആയുധങ്ങൾ സപ്ലൈ ചെയ്യുന്നതിനുള്ള മാർക്കറ്റും ആവശ്യമാണ്. ഈ സാധനങ്ങൾക്ക് പകരമായി, ഉത്തര കൊറിയയുടെ സ്വന്തം ആയുധശേഖരം വർദ്ധിപ്പിക്കാൻ കിമ്മിന് പദ്ധതിയിട്ടുണ്ട്. ഉത്തരകൊറിയയുടെ ആയുധസംവിധാനങ്ങൾ നവീകരിക്കാൻ സഹായിക്കുന്നതിന് നൂതനമായ സൈനിക സാങ്കേതിക വിദ്യകളും മറ്റ് സഹായങ്ങളും നൽകാൻ റഷ്യയ്ക്ക് കഴിയും.

2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌നിലേക്ക് സമ്പൂർണ അധിനിവേശം ആരംഭിച്ചതിനുശേഷം, ഉത്തരകൊറിയ റഷ്യയ്‌ക്ക് ആയിരക്കണക്കിന് ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ മൂല്യമുള്ള യുദ്ധോപകരണങ്ങൾ അയച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. സാമ്പത്തികവും മറ്റ് സഹായങ്ങളും നിറച്ച ആയിരക്കണക്കിന് കണ്ടെയ്‌നറുകളാണ് റഷ്യ പകരം നൽകിയത്. ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിന് കീഴിൽ അത്തരം വ്യാപാരം നിരോധിച്ചിട്ടുണ്ടെങ്കിലും മോസ്കോയും പ്യോങ്‌യാങ്ങും ആയുധ വ്യാപാരത്തിൽ ഏർപ്പെടുന്നത് നിഷേധിക്കുന്നു.

അടുത്തിടെ ഇറ്റലിയിൽ നടന്ന ഗ്രൂപ്പ് 7 (G7) ഉച്ചകോടിയിൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സഹകരണത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്യോങ്‌യാങ്ങിൻ്റെ ബാലിസ്റ്റിക് മിസൈലുകളുടെ കയറ്റുമതിയും ഉക്രെയ്‌നെതിരെ റഷ്യ അവ ഉപയോഗിച്ചതും ഉൾപ്പെടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള “വർദ്ധിച്ചുവരുന്ന സൈനിക സഹകരണത്തെ ഏറ്റവും ശക്തമായി” G7 നേതാക്കൾ അപലപിച്ചു.

യുക്രെയ്നിലെ യുദ്ധം കിമ്മിന് അവസരങ്ങൾ തുറന്നുകൊടുക്കുന്നുണ്ട്. അത് വരെ അദ്ദേത്തിന്റെ നില പരുങ്ങലിലായിരുന്നു. തൻ്റെ ആണവായുധ പദ്ധതി തടയാൻ യു.എൻ സുരക്ഷാ കൗൺസിൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാൽ വർഷങ്ങളോളം അദ്ദേഹത്തിൻ്റെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ തകർന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള നേരിട്ടുള്ള നയതന്ത്രബന്ധം 2019-ൽ ഒരു കരാറില്ലാതെ അവസാനിച്ചപ്പോൾ ഉപരോധം നീക്കാനുള്ള കിമ്മിൻ്റെ ശ്രമവും പൊളിഞ്ഞിരുന്നു. പുടിൻ്റെ യുക്രൈൻ അധിനിവേശത്തെ പരസ്യമായി പിന്തുണച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരുന്നു ഉത്തര കൊറിയ.

പകരമായി, കഴിഞ്ഞ വർഷം റഷ്യൻ ഫാർ ഈസ്റ്റിലെ വോസ്റ്റോക്നി കോസ്‌മോഡ്രോമിലേക്ക് പുടിൻ കിമ്മിനെ ക്ഷണിക്കുകയും ഉത്തര കൊറിയയെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ റഷ്യയെ സഹായിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. കിമ്മിന് തൻ്റെ സൈനിക ലക്ഷ്യങ്ങൾ നിരീക്ഷിക്കാൻ ഉപഗ്രഹങ്ങൾ ആവശ്യമുണ്ട്, അതെ സമയം അവയെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ വലിയ വെല്ലുവിളിയും നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം റഷ്യയിലേക്കുള്ള തൻ്റെ യാത്രയ്ക്കിടെ കിം റഷ്യൻ സൈനിക സൗകര്യങ്ങളിൽ പര്യടനം നടത്തിയിരുന്നു.

റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ശക്തമാകുന്നത് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ പണം സമ്പാദിക്കുന്നതിൽ നിന്ന് കിമ്മിനെ തടയാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാർച്ചിൽ, ഉത്തര കൊറിയൻ ടെലിവിഷൻ, പ്രസിഡന്റ് പുടിൻ്റെ സമ്മാനമായ റഷ്യൻ ഔറസ് ലിമോസിനിൽ കിമ്മും മകളും സഞ്ചരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തു. ഉത്തരകൊറിയയിലേക്ക് ആഡംബര വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിന് അന്താരാഷ്ട്ര വിലക്കുകൾ ഉണ്ടായിരുന്നിട്ടും ഈ സമ്മാനം പ്രസിഡന്റ് സ്വീകരിച്ചു. കൂടാതെ, സൈബർ ആക്രമണങ്ങളിലൂടെ മോഷ്ടിച്ച പണം വെളുപ്പിക്കാൻ ഉത്തര കൊറിയയിൽ നിന്നുള്ള സ്റ്റേറ്റ് സ്പോൺസർ ചെയ്ത ഹാക്കർമാർ റഷ്യൻ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ കൂടുതലായി ഉപയോഗിക്കുന്നു.

മാത്രമല്ല, ഉത്തരകൊറിയയിലേക്ക് ശുദ്ധീകരിച്ച പെട്രോളിയം കയറ്റി അയക്കുന്നതിലൂടെ റഷ്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൻ്റെ പരിധി കവിഞ്ഞുവെന്ന് വൈറ്റ് ഹൗസ് അടുത്തിടെ ആരോപിച്ചിരുന്നു. ഉത്തര കൊറിയയിൽ നിന്ന് ആയുധങ്ങൾ സ്വീകരിക്കുന്നതിന് പകരമായി, കൂടുതൽ ഉത്തര കൊറിയൻ കുടിയേറ്റ തൊഴിലാളികളെ റഷ്യയിലേക്ക് വരാൻ മോസ്കോ അനുവദിച്ചേക്കുമെന്ന് ദക്ഷിണ കൊറിയൻ വിശകലന വിദഗ്ധർ ആശങ്കാകുലരാണ്. സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പ്രകാരം ഉത്തരകൊറിയയിൽ നിന്ന് ഇത്തരം തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഈ വർഷം, ഉത്തരകൊറിയയുടെ അന്താരാഷ്ട്ര ഉപരോധങ്ങൾ പാലിക്കുന്നത് നിരീക്ഷിച്ച യുഎൻ വിദഗ്ധ സമിതിയെ പിരിച്ചുവിടാൻ കൗൺസിലിലെ വീറ്റോ അധികാരം ഉപയോഗിച്ച് മോസ്കോ പ്രമേയങ്ങൾ ലംഘിക്കുന്നത് എളുപ്പമാക്കി മാറ്റിയിരുന്നു. Russia North Korea ally

Content summary; Russian President Vladimir Putin visiting North Korea to meet Kim Jong-un

Share on

മറ്റുവാര്‍ത്തകള്‍