അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഒക്ടോബര്‍ 9, 10 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, പ്രാദേശിക രാഷ്ട്രീയ-സാമ്പത്തിക ചട്ടക്കൂടുകളിലേക്ക് അഫ്ഗാനിസ്ഥാനെ പൂര്‍ണ്ണമായി സംയോജിപ്പിക്കണമെന്ന് റഷ്യയുടെ ആഹ്വാനം.
ചൊവ്വാഴ്ച മോസ്‌കോയില്‍ ആരംഭിച്ച മോസ്‌കോ ഫോര്‍മാറ്റ് ചര്‍ച്ചകളുടെ ഏഴാം റൗണ്ടില്‍ താലിബാന്‍ പ്രതിനിധികള്‍ ആദ്യമായി ഔദ്യോഗികമായി പങ്കെടുത്തു. ഈ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
ബഹുരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, അഫ്ഗാനിസ്ഥാന്റെ (കാബൂളിന്റെ) നേരിട്ടുള്ള പങ്കാളിത്തമാണ് മേഖലയുടെ ദീര്‍ഘകാല സുരക്ഷയ്ക്കും വികസനത്തിനും അനിവാര്യമെന്ന് വ്യക്തമാക്കി.
‘രാഷ്ട്രീയ പ്രക്രിയകളിലും, ബഹുമുഖ കൂട്ടായ്മകളിലും, സംയുക്ത സാമ്പത്തിക പദ്ധതികളിലും കാബൂളിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയാണ് നമ്മുടെ മേഖലയുടെ സുരക്ഷയും ക്ഷേമവും സ്ഥാപിക്കപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ ലാവ്റോവ് കൂട്ടിച്ചേര്‍ത്തു.
റഷ്യ, ഇന്ത്യ, ഇറാന്‍, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളായ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ബെലാറസും ക്ഷണിക്കപ്പെട്ട പ്രതിനിധി സംഘമായി യോഗത്തില്‍ പങ്കെടുത്തു.
താലിബാന്‍ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് മന്ത്രി മുത്തഖി ഇത്തവണ മോസ്‌കോ ഫോര്‍മാറ്റില്‍ പങ്കെടുത്തത്. 2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്ത ശേഷം താലിബാന്‍ ഈ ഫോറത്തില്‍ ആദ്യമായാണ് ഔദ്യോഗികമായി ഉള്‍പ്പെടുന്നത്. ഇത് ഒരു സുപ്രധാന നയതന്ത്രപരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ജൂലൈയില്‍ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച റഷ്യ, അന്നുമുതല്‍ ഉഭയകക്ഷി സഹകരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും പ്രാദേശിക പങ്കാളികളോട് ഇതേ പാത പിന്തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്റോവ്, ‘ഗണ്യമായ ബാഹ്യ സമ്മര്‍ദ്ദങ്ങളും പരിമിതമായ ബജറ്റും’ ഉണ്ടായിരുന്നിട്ടും ആഭ്യന്തര സുരക്ഷ നിലനിര്‍ത്തുന്നതിനും ഭീകരവാദ ഭീഷണികളെ നേരിടുന്നതിനും താലിബാനെ അഭിനന്ദിച്ചു.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. അഫ്ഗാന്‍ പ്രദേശത്തോ അയല്‍രാജ്യങ്ങളിലോ മൂന്നാം രാജ്യങ്ങളുടെ സൈനിക സാന്നിധ്യത്തെ റഷ്യ ശക്തമായി എതിര്‍ക്കുന്നതായി അദ്ദേഹം ആവര്‍ത്തിച്ചു: ‘ഏത് കാരണം പറഞ്ഞാലും, അഫ്ഗാന്‍ മണ്ണിലോ സമീപ രാജ്യങ്ങളിലോ മൂന്നാം രാജ്യങ്ങള്‍ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കുന്നത് അസ്വീകാര്യമാണ്.’
യുഎസ് വീണ്ടും ബഗ്രാം എയര്‍ബേസ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകളെ റഷ്യയുടെ അഫ്ഗാനിസ്ഥാന്‍ പ്രത്യേക പ്രതിനിധി സമീര്‍ കാബിലോവ് തള്ളി. അത് ‘അസംബന്ധമാണ്’ എന്ന് അദ്ദേഹം പറയുകയും വിഷയം ചര്‍ച്ചയില്‍ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാരം പേറേണ്ടത് ‘ദശാബ്ദങ്ങളുടെ നാശനഷ്ടം വരുത്തിയ’ രാജ്യങ്ങളാണ് എന്ന് പറഞ്ഞ ലാവ്റോവ്, രാഷ്ട്രീയ വ്യവസ്ഥകള്‍ വെച്ചുള്ള മാനുഷിക സഹായം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.
നിലവിലെ മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന്‍ ജനസംഖ്യയുടെ പകുതിയിലധികം, അതായത് ഏകദേശം 2.2 കോടി ആളുകള്‍ക്ക് സഹായം ആവശ്യമാണ്. 2.1 കോടി പേര്‍ക്ക് ശുദ്ധജലവും അടിസ്ഥാന ആരോഗ്യ സംരക്ഷണവും ലഭ്യമല്ല. അദ്ദേഹം പറഞ്ഞു.
2017-ല്‍ പ്രാദേശിക ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച മോസ്‌കോ ഫോര്‍മാറ്റ്, താലിബാന്റെ പങ്കാളിത്തം ഔദ്യോഗികമായതോടെ, ഇനി സമവായം, സാമ്പത്തിക സഹകരണം, പ്രാദേശിക സംയോജനം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Summary: Russia warns Western nations; stop isolating Afghanistan
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.