June 26, 2026 |
Share on

യുക്രെയ്ൻ ഭരണസിരാ ​കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം

വർഷിച്ചത് 800ലധികം ഡ്രോണുകൾ

യുക്രെയ്‌നിൻ്റെ ഭരണസിരാ കേന്ദ്രത്തിന് നേരെ വ്യോമ ആക്രമണം നടത്തി റഷ്യ. യുക്രെയ്‌ന്‍ തലസ്ഥാനമായ കീവിലാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. യുക്രെയ്ൻ സർക്കാർ കെട്ടിടത്തിന് മുകളിൽനിന്ന് വൻതോതിൽ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടു. ആക്രമണത്തിൽ ഒരു അമ്മയും കുഞ്ഞും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

805 ഡ്രോണുകളും ഡെക്കോയികളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്‌നെതിരെ ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഘർഷം ആരംഭിച്ചതിനു ശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ ആക്രമണമാണിതെന്ന് യുക്രെയ്‌ൻ വ്യോമസേനയുടെ വക്താവ് യൂറി ഇഹ്നാത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിവിധ തരത്തിലുള്ള 13 മിസൈലുകളും റഷ്യ പ്രയോഗിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമസേനയുടെ പ്രസ്‌താവന പ്രകാരം റഷ്യയുടെ 747 ഡ്രോണുകളും 4 മിസൈലുകളും യുക്രെയ്ൻ വെടിവച്ചിട്ടു. രണ്ടാഴ്‌ചയ്ക്കുള്ളിൽ കീവിൽ നടക്കുന്ന രണ്ടാമത്തെ വലിയ മിസൈൽ ആക്രമണമാണിത്.

ഇതുവരെയുള്ള ആക്രമണങ്ങളിൽ യുക്രെയ്‌നിൻ്റെ സർക്കാർ മന്ദിരങ്ങളെ റഷ്യ ഒഴിവാക്കിയിരുന്നു. എന്നാൽ സമാധാന ശ്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് യുക്രെയ്ൻ മന്ത്രിസഭാ മന്ദിരത്തിനു നേർക്ക് റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്. ശത്രു രാജ്യത്തോടുള്ള ഉപരോധം ശക്തമാക്കുമെന്നും പ്രധാനമായും റഷ്യൻ എണ്ണയ്ക്കും വാതകത്തിനും എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

യുക്രെയ്‌നിലുടനീളമുള്ള 37 സ്ഥലങ്ങളിലായി ഒമ്പത് മിസൈൽ ആക്രമണങ്ങളും 56 ഡ്രോൺ ആക്രമണങ്ങളും ഉണ്ടായി. തകർന്ന ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്‌ടങ്ങള്‍ എട്ട് സ്ഥലങ്ങളിൽ നിന്നും ലഭിച്ചു. യുക്രെയ്ൻ മന്ത്രിസഭയുടെ ആസ്ഥാനമായ ഈ കെട്ടിടത്തിലാണ് മന്ത്രിമാരുടെ ഓഫിസുകൾ പ്രവർത്തിക്കുന്നത്. ഫയർ ട്രക്കുകളും ആംബുലൻസുകളും എത്തിയതോടെ പൊലീസ് കെട്ടിടത്തിലേക്കുള്ള പ്രവേശനം തടഞ്ഞു.

ആക്രമണത്തിന് പിന്നാലെ, തകര്‍ന്ന കെട്ടിടങ്ങൾ പുനർനിർമിക്കുമെന്ന് യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ അറിയിച്ചു. ശത്രുവിൻ്റെ ആക്രമണത്തിൽ ആദ്യമായി സർക്കാർ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയും മുകളിലത്തെ നിലകളും ഭാഗികമായി നശിച്ചു. കെട്ടിടങ്ങൾ ഞങ്ങൾ പുനർനിർമിക്കും. പക്ഷേ നഷ്‌ടപ്പെട്ട ജീവൻ നമുക്ക് തിരികെ ലഭിക്കില്ല. ഈ ആക്രമണത്തിന് തിരിച്ചടിക്കും.’- പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ പറഞ്ഞു.

കൊല്ലപ്പെട്ട രണ്ടുപേരിൽ ഒരു സ്‌ത്രീയും അവരുടെ 3 മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെട്ടിരുന്നു. അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ ഇവരെ പുറത്തെടുത്തതെന്ന് കീവ് നഗര ഭരണകൂടത്തിൻ്റെ തലവൻ തൈമൂർ തകചെങ്കോ പറഞ്ഞു. കീവിലെ ഏകദേശം പത്ത് സ്ഥലങ്ങളിൽ ആക്രമണം നടന്നതായും അദ്ദേഹം അറിയിച്ചു.

കീവിലെ സ്വിയാറ്റോഷിൻസ്‌കി ജില്ലയിലെ ഒമ്പത് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലും ഡാർണിറ്റ്സ്‌കി ജില്ലയിലെ നാല് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലും റഷ്യൻ ഡ്രോണുകൾ ഇടിച്ചു. സമാധാന ചർച്ചകൾക്കുള്ള പ്രതീക്ഷകൾ മങ്ങിയതിന് പിന്നാലെയാണ് കീവിനെ ലക്ഷ്യം വച്ചുള്ള റഷ്യൻ ഡ്രോണ്‍, മിസൈൽ ആക്രമണങ്ങള്‍.

content summary: Russian assault on Ukraine’s administrative center involves over 800 drones

Leave a Reply

Your email address will not be published. Required fields are marked *

×