June 04, 2026 |
Share on

പുടിന്‍ പുറത്താക്കിയതിന് പിന്നാലെ റഷ്യന്‍ മന്ത്രി വെടിയേറ്റ് മരിച്ച നിലയില്‍

പുറത്താക്കല്‍ ഉത്തരവ് വരുന്നതിന് മുമ്പേ മന്ത്രി മരിച്ചിരുന്നുവെന്ന ആരോപണവും വരുന്നുണ്ട്‌

പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അധികാരത്തില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെ റഷ്യയുടെ മുന്‍ ഗതാഗത മന്ത്രിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മോസ്‌കോയുടെ പ്രാന്തപ്രദേശത്ത് സ്വന്തം കാറിലാണ് മുന്‍ മന്ത്രി റോമന്‍ സ്റ്റരോവോയ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാണെന്ന പ്രാഥമിക നിഗമനത്തിലാണ് റഷ്യന്‍ അന്വേഷണ സമിതി.

തിങ്കളാഴ്ച രാവിലെയാണ് സ്റ്റരോവോയ്റ്റിന്റെ മരണവാര്‍ത്ത പുറത്തു വരുന്നത്. ഇതിനു തൊട്ടുമുമ്പായാണ് അദ്ദേഹത്തെ ഗതാഗത മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ പുടിന്‍ ഒപ്പിട്ട ഉത്തരവ് ക്രെംലിന്‍ പ്രസിദ്ധീകരിച്ചത്. എന്താണ് സ്റ്റരോവോയ്റ്റിനെ മാറ്റാനുള്ള കാരണമെന്ന് ജൂലൈ ഏഴിന് രാവിലെ 9.15 ന് ഒപ്പിട്ടിരിക്കുന്ന ഉത്തരവില്‍ പറയുന്നില്ല.

അതേസമയം, ഫോര്‍ബ്‌സിന്റെ പ്രാദേശിക എഡിഷന്‍ ഉള്‍പ്പെടെയുള്ള ചില റഷ്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, വെള്ളിയാഴ്ച്ച വൈകുന്നേരം സ്റ്റരോവോയ്റ്റ് മരിച്ചിട്ടുണ്ടെന്നാണ്. അതായത്, അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ്, ഗതാഗത മന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുന്നതെന്ന്. സ്റ്റരോവോയ്റ്റിന്റെ മരണസമയമോ, പുറത്താക്കല്‍ ഉത്തരവിന്റെ സമയോ അന്വേഷണ ഉദ്യോഗസ്ഥരാല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

റഷ്യന്‍ ഫെഡറല്‍ അസംബ്ലിയുടെ അധോസഭ(സ്‌റ്റേറ്റ് ഡുമ) അംഗമായ അന്‍േ്രഡ കര്‍ടപലോവ് മാധ്യമങ്ങളോട് പറഞ്ഞതും, സ്റ്റരോവോയ്റ്റ് വളരെ നേരത്തെ തന്നെ മരിച്ചിട്ടുണ്ടെന്നാണ്.

പുടിന്‍ ഭരണകൂടത്തിലെ പ്രമുഖനായാണ് റോമന്‍ സ്റ്റരോവോയ്റ്റ് അറിയപ്പെട്ടിരുന്നത്. 2018 മുതല്‍ 2024 വരെ കുര്‍സ്‌ക് മേഖലയുടെ ഗവര്‍ണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഇക്കാലത്ത് റഷ്യന്‍ അധിനിവേശത്തിനുശേഷം യുക്രെയ്‌നിന്റെ അതിര്‍ത്തി പ്രദേശങ്ങളുടെ സംരക്ഷാണാര്‍ത്ഥം പ്രതിരോധ കോട്ടകള്‍ നിര്‍മിക്കുന്നതിന് മേല്‍നോട്ടം വഹിച്ചതും അദ്ദേഹമായിരുന്നു. എന്നാല്‍, സ്റ്റരോവോയ്റ്റിന് പിന്നാലെ വന്ന ഗവര്‍ണര്‍ ഈ നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആരോപണം നേരിട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ യുക്രെയ്ന്‍ സൈന്യം കുര്‍സ്‌കിന്റെ ഒരു ഭാഗം പിടിച്ചെടുത്തിരുന്നു. ക്രെംലിനെ സംബന്ധിച്ച് ഏറെ നാണക്കേടുണ്ടാക്കിയ വീഴ്ച്ചയാണിത്. ഈ മേഖലയ്ക്ക് അത്രയ്ക്ക പ്രാധാന്യം റഷ്യ നല്‍കുന്നുണ്ട്.

യുക്രേനിയന്‍ സേനയുടെ കടന്നുകയറ്റത്തില്‍ നിന്ന് റഷ്യയുടെ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി അനുവദിക്കപ്പെട്ട ഫെഡറല്‍ ഫണ്ടുകളില്‍ നിന്ന് ഒരു ബില്യണ്‍ റുബിളില്‍ കൂടുതല്‍ (ഏകദേശം 10 മില്യണ്‍ പൗണ്ട്) തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റരോവോയ്റ്റിന്റെ പിന്‍ഗാമിയായ കുര്‍സ് മേഖല ഗവര്‍ണറെ അഴിമതി ആരോപണത്തില്‍ അറസ്റ്റ് ചെയ്തു.

ഈ അഴിമതി കേസില്‍ റോമന്‍ സ്റ്റാരോവോയ്റ്റിനെതിരേയും മൊഴികള്‍ ഉണ്ടായിരുന്നു. കേസില്‍ പ്രതികളായ ചില കുര്‍സ്‌ക് ഉദ്യോഗസ്ഥര്‍ സ്റ്റാരോവോയ്റ്റിനെതിരേ മൊഴി നല്‍കിയതായാണ് പ്രമുഖ റഷ്യന്‍ ബിസിനസ് പത്രമായ കൊമ്മേഴ്സന്റ് റിപ്പോര്‍ട്ട് ചെയ്തത്. റോമന്‍ സ്റ്റാരോവോയ്റ്റും ഈ കേസില്‍ ചോദ്യം ചെയ്യലിനോ അറസ്റ്റിനോ വിധേയനാകേണ്ടി വരുമെന്ന സൂചനയും ഉണ്ടായിരുന്നു.

അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ കേസു അറസ്റ്റും നേരിടേണ്ടി വരുന്നത് റഷ്യയില്‍ സാധാരണമാണ്. അധികാരം പോയവര്‍ക്ക് രാഷ്ട്രീയ പിന്തുണ കിട്ടാറില്ല.  Russia’s former transport minister dies from a gunshot hours after being sacked by President Putin

Content Summary; Russia’s former transport minister dies from a gunshot hours after being sacked by President Putin

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×