വെള്ളിയാഴ്ച പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജില്‍ നിന്ന് പത്തനംതിട്ട നഗരത്തിലേക്ക് ഒരു പ്രകടനം നടന്നു…
വാനില്‍ ഉയര്‍ന്നു പറക്കുന്ന ശുഭ്ര പതാകകളും ഇടിമുഴക്കം കണക്കെ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന പ്രകടനം. ഇതിന് ഏറ്റവും മുന്നില്‍ കൈയ്യില്‍ ശുഭ്രപതാകയുമേന്തി വീല്‍ചെയറില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. തൊണ്ട പൊട്ടുമാറുറക്കെ മുദ്രാവാക്യം വിളിച്ച് അവള്‍ ആ പ്രകടനത്തെ നയിച്ച് മുന്നില്‍ പതുക്കെ നീങ്ങി. ആ വീല്‍ചെയര്‍ ഉരുണ്ടത് കേരളത്തിലെ കോളേജ് യൂണിയന്‍ ചരിത്രത്തെ തിരുത്തി എഴുതിയായിരുന്നു. വീല്‍ചെയറില്‍ ഇരുന്ന് കോളേജ് യൂണിയന്‍ ഭരിച്ച കേരളത്തിലെ ആദ്യ വനിത ചെയര്‍പേഴ്‌സണായി കത്തോലിക്കേറ്റ് കോളേജിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിനി ആര്‍ വി രേവതി ഇനി അറിയപ്പെടും. എസ്എഫ്‌ഐ പാനലിലാണ് രേവതി മത്സരിച്ച് വിജയിച്ചത്.
ആറാം ക്ലാസു മുതല്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗബാധിതയാണ് രേവതി. പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും നടക്കാനുള്ള പ്രയാസം വര്‍ധിച്ചു വന്നു. ഒമ്പതില്‍ പഠിക്കുമ്പോള്‍ കാലിന്റെ ചലനം പൂര്‍ണമായി നിലച്ചു. പത്താം ക്ലാസ് എത്തിയപ്പോള്‍ വാക്കറിന്റെ സഹായമില്ലാതെ നടക്കാനാകില്ലെന്ന അവസ്ഥയായി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗമാണെന്ന് തിരിച്ചറിയുന്നത്. എന്നാല്‍, രോഗം അപ്പോള്‍ മൂന്നാം ഘട്ടത്തിലെത്തിയിരുന്നു. രോഗത്തിനുള്ള മരുന്ന് ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ ഫിസിയോ തെറാപ്പി മാത്രമായിരുന്നു ഏക ചികിത്സ മാര്‍ഗം. കോവിഡ് മഹാമാരി കാലത്ത് ഇതും മുടങ്ങിയതിനാല്‍ ജീവിതം വീല്‍ചെയറിലായി. സ്‌കൂള്‍ പഠനകാലം മുതല്‍ മികച്ച മാര്‍ക്ക് നേടിയാണ് രേവതി ബിരുദ പഠനത്തിനെത്തിയത്.
കോളേജില്‍ എത്തി രണ്ടാം വര്‍ഷം മുതല്‍ സംഘടന പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. എക്കാലത്തും മനസില്‍ ഇടതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐയുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും സംഘടനയിലേക്ക് ആകര്‍ഷിച്ചുവെന്നും രേവതി പറയുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ജയിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നി. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് ഈ നേട്ടത്തിനു പിന്നില്‍. സുഹൃത്തുക്കള്‍ എല്ലാവരും ഒറ്റക്കെട്ടായി കൂടെ നിന്നു. പഠനത്തെ ബാധിക്കുമെന്ന് ഭയന്ന് ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അധ്യാപകര്‍ എല്ലാവരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ശാരിരിക വെല്ലുവിളി അനുഭവിക്കുന്നവര്‍ ഒരിക്കലും തങ്ങള്‍ക്ക് കഴിയില്ല എന്ന് കരുതി ഒന്നും ചെയ്യാതിരിക്കരുത്. ശാരീരിക വെല്ലുവിളി നേരിടുന്ന ഒരുപാട് ആളുകള്‍ എനിക്ക് ജീവിതത്തില്‍ പ്രചോദനമായിട്ടുണ്ട്. എന്റെ ജീവിതം ആര്‍ക്കെങ്കിലും പ്രചോദനമായാല്‍ വലിയ സന്തോഷമാണെന്നും രേവതി പറഞ്ഞു. kerala’s first ‘chairperson.
രണ്ടുവര്‍ഷത്തിനിടെ ആദ്യമായി കോളേജ് മുഴുവനും ചുറ്റിക്കണ്ടത് കഴിഞ്ഞ ദിവസമാണെന്ന് രേവതി പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായായിരുന്നു അത്. കോളേജില്‍ അഡ്മിഷനെടുത്ത ഉടന്‍ രേവതിക്കായി എല്ലായിടത്തും റാംപ് സൗകര്യം ഒരുക്കിയിരുന്നു. പഠനത്തില്‍ എപ്പോഴും രേവതി മുന്നിലാണെന്ന് അധ്യാപകരും പറയുന്നു. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ് രേവതി. ഇലവുംതിട്ട തോപ്പില്‍കിഴക്കേതില്‍ രവിയുടെയും ജിജി മോഹനന്റെയും ഏകമകളാണ്. kerala’s first ‘chairperson.
Content summary; R V Revathy, pathanamthitta catholicate college chairperson
This post was last modified on October 20, 2024 8:15 am
Leave a Comment