ബോളുവഡ് താരം സെയ്ഫ് അലി ഖാന് സ്വന്തം വീടിനുള്ളില്‍ വച്ച് കുത്തേറ്റ സംഭവത്തില്‍ പ്രതിയെ ഇതുവരെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. വെള്ളിയാഴ്ച്ച രാവിലെ വന്ന വാര്‍ത്തകള്‍ പ്രകാരം, പ്രതിയെന്നു സംശയിക്കുന്നൊരാളെ പിടികൂടിയെന്നും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍, അഞ്ചു മണിക്കൂറിനു ശേഷം ബാന്ദ്ര പൊലീസ് നല്‍കിയ വിവരം, തങ്ങള്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. വീഡിയോയില്‍ കണ്ട വ്യക്തിയുമായി രൂപസാദൃശ്യം തോന്നിയയാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് ചെറിയ ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടായിരുന്നു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സെയ്ഫിനെ ആക്രമിച്ചത് ഇയാളല്ലെന്നു പൊലീസിന് വ്യക്തമാവുകയായിരുന്നു.
യഥാര്‍ത്ഥ പ്രതി ഒരു പക്ക ക്രിമിനല്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ രക്ഷപ്പെട്ടശേഷം വസ്ത്രം മാറി, പൊലീസിനെ വഴി തെറ്റിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സെയ്ഫിന്റെ ഫ്‌ളാറ്റിലേത് അല്ലാത്ത വേറൊരു സിസിടിവിയിലും പ്രതി കുടുങ്ങിയിട്ടുണ്ട്. ആ ദൃശ്യത്തില്‍ അയാള്‍ വേറെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ബാന്ദ്രയിലെ മറ്റ് സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് വീണ്ടും പ്രതിയെ കണ്ടെത്തിയത്. ഒരു കാമറയില്‍ പ്രതിയുടെ വ്യക്തമായ രൂപം പതിഞ്ഞിട്ടുണ്ട്. ലക്കി ജംഗ്ഷന് സമീപമാണ് കണ്ടത്, ഈ ദൃശ്യത്തില്‍ ഇളം നീല നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടാണ് അയാള്‍ ധരിച്ചിരിക്കുന്നത്. സത്ഗുരു ശരണ്‍ ബില്‍ഡിംഗിലെ ഫയര്‍ എക്‌സിറ്റിലുള്ള സിസിടിവിയില്‍ പതിയുമ്പോള്‍, പ്രതി ഹാഫ് സ്ലീവുള്ള കറുത്ത ടീഷര്‍ട്ട് ആയിരുന്നു ഇട്ടിരുന്നത്. സെയ്ഫിന്റെ വീട്ടിലെ ആയ നല്‍കിയ മൊഴിയില്‍ കറുത്ത പാന്റും, ഷര്‍ട്ടും തലയില്‍ തൊപ്പിയും ധരിച്ചയാളെയാണ് താന്‍ കണ്ടതെന്നാണ് പറയുന്നത്. വസ്ത്രം മാറിയ പ്രവര്‍ത്തിയിലൂടെ അയാളൊരു കൊടും കുറ്റവാളിയായിരിക്കുമെന്നു കരുതാം. ബില്‍ഡിംഗിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതി ചുവന്ന തൂവാല ചുറ്റിയും തൊപ്പി ധരിച്ചും തന്റെ മുഖം വ്യക്തമാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. അയാളെ കണ്ടെത്താനുള്ള വേട്ട ശക്തമാക്കിയിട്ടുണ്ട്, സമീപ റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവികള്‍ പരിശോധിച്ചുവരികയാണ്’ അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറയുന്നു.
യഥാര്‍ത്ഥ ആക്രമിയെ കണ്ടെത്താന്‍, മുംബൈ പൊലീസ് വലിയൊരു മനുഷ്യവേട്ട തന്നെ ആരംഭിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസ്, ക്രൈം ബ്രാഞ്ച്, ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് എന്നിങ്ങനെ പല വിഭാഗങ്ങളായി തിരഞ്ഞ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
അടുത്തകാലത്തായി സെയ്ഫിന്റെ വസതിയില്‍ ജോലി ചെയ്തിരുന്ന ഒരു മരപ്പണിക്കാരനെയും അവിടെയുള്ള മറ്റ് ചില തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. താരത്തിന്റെ വസതിയില്‍ ജോലി ചെയ്തിരുന്നെങ്കിലും ആക്രമണവുമായി ബന്ധമില്ലെന്നാണ് മരപ്പണിക്കാരന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്.
അക്രമിയിലേക്ക് എത്തുന്ന തരത്തില്‍ അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് പൊലീസില്‍ നിന്നും മനസിലാകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിരമിച്ചവര്‍ ഉള്‍പ്പെടെ, ഏകദേശം 40,000 പൊലീസുകാര്‍ക്ക് പ്രതിയുടെ ഫോട്ടോ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇയാളെ തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ടാക്‌സി കാര്‍ ഓടിക്കുന്നവര്‍ക്കും ഓട്ടോറിക്ഷക്കാര്‍ക്കുമെല്ലാം പ്രതിയുടെ ചിത്രം പൊലീസ് നല്‍കിയിട്ടുണ്ട്. പ്രതിയുടെ ചിത്രത്തിന് പൊതുജനങ്ങള്‍ക്കിടയിലും നല്ല പ്രചാരണം നല്‍കിയിട്ടുണ്ട്. അയാളെ ആരെങ്കിലും കണ്ടിരുന്നുവെങ്കില്‍ വിവരം ഞങ്ങളുടെ അടുത്ത് എത്തുമായിരുന്നു. പക്ഷേ, ഇതുവരെ ആരും അങ്ങനെയൊരു വിവരവുമായി സമീപിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
സാധാരണ ഇത്തരം പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാകും എന്ന ആലോചനയില്‍, ലഹരി കേസില്‍ അകപ്പെട്ടവരും, പ്രതിയോട് സാദൃശ്യമുള്ളവരുമായ നിരവധി പേരെയും ചോദ്യം ചെയ്തിരുന്നു. പക്ഷേ, അവിടെയും കാര്യമായ പ്രയോജനം കിട്ടിയിട്ടില്ല.
സംഭവം നടന്ന സ്ഥലവും സെയ്ഫിന്റെ അപ്പാര്‍ട്ട്‌മെന്റുകളും(11 ഉം 12 നിലകളിലായുള്ള ഡ്യൂപ്ലെക്‌സ് ഫ്‌ളാറ്റ്) സൂക്ഷ്മമായി വിശകലനം ചെയ്തതില്‍ നിന്നും പൊലീസ് നടത്തുന്ന നിഗമനം, പ്രതി ബില്‍ഡിംഗിനു പിന്നിലെ ഗേറ്റ് ചാടിയാണ് അകത്തേക്കു പ്രവേശിച്ചിരിക്കുന്നത്. കെട്ടിടത്തിന് അകത്തെത്തിയ പ്രതി സുരക്ഷ ക്യാമറകളില്‍ പെടാതെ, ഫയര്‍ എക്‌സിറ്റില്‍ സ്ഥാപിച്ചിരിക്കുന്ന കോണിപ്പടികള്‍ കയറി മുകളില്‍ എത്തി. എന്നാല്‍ ഇവിടെയുള്ള ഒരു സിസിടിവിയില്‍, പുലര്‍ച്ചെ 1.38 ന് പ്രതി മുകളിലേക്ക് പോകുന്നത് പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചിരുന്നു, കാലുകളില്‍ ഒന്നും ധരിച്ചിരുന്നില്ല. 11 ആം നിലയിലുള്ള, സെയ്ഫിന്റെ ഇളയകുട്ടി ജഹാംഗീറിന്റെ മുറിയിലെ ശുചിമുറിയിലേക്കാണ് പ്രതി കയറിയത്. ഇതിനായി ഏകദേശം രണ്ടടി നീളമുള്ള ഷാഫ്റ്റ് ഉപയോഗിച്ചിട്ടുണ്ട്. പ്രതി എങ്ങനെയായിരിക്കാം സെയ്ഫിന്റെ ഫ്‌ളാറ്റിനകത്ത് കയറിയതെന്നതിനുള്ള പൊലീസിന്റെ പ്രാഥമിക നിഗമനാണിത്.
അക്രമിയെ ജഹാംഗീറിന്റെ മുറിയില്‍ തന്നെ പൂട്ടി, ഖാനും ബാക്കിയുള്ളവരും 12 മത്തെ നിലയിലേക്ക് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രതി, അകത്തേക്കു കയറിയ അതേ വഴി തന്നെ പുറത്തേക്കിറങ്ങാനും ഉപയോഗിക്കുകയായിരുന്നു. അയാള്‍ രക്ഷപ്പെട്ടത് ആ വിധമായിരിക്കാമെന്നാണ് പൊലീസസ് പറയുന്നത്. ശുചി മുറിയില്‍ നിന്നും പുറത്തിറങ്ങിയശേഷ ഫയര്‍ എക്‌സിറ്റിന് വഴി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്താണ്, ആറാം നിലയിലുള്ള സിസിടിവിയില്‍ ഇയാളുടെ രൂപം വ്യക്തമായി പതിഞ്ഞത്.
ബില്‍ഡിംഗിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമല്ലെന്നാണ് പോലീസ് പറയുന്നത്. പ്രധാന ഗേറ്റില്‍ രണ്ട് കാവല്‍ക്കാരും പിന്‍ ഗേറ്റില്‍ ഒരാളുമാണ് ഉണ്ടായിരുന്നത്. ബാന്ദ്രയിലെ ഇത്രയും പ്രധാനപ്പെട്ടൊരു താമസ സ്ഥലത്ത് മതിയായ സിസിടിവി കവറേജ് ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്‍ഡിംഗിന് പുറത്തുള്ള പ്രാദേശിക കച്ചവടക്കാര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്, പ്രധാന കവാടത്തിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, പലപ്പോഴും മതിയായ അനുമതിയുണ്ടോയെന്നു പോലും പരിശോധിക്കാതെ തന്നെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനും അപ്പാര്‍ട്ട്‌മെന്റുകളിലേക്കു പോകാനും അനുവദിക്കാറുണ്ടെന്നാണ്. Saif Ali Khan stabbing case, the accused is still at large
Content Summary; Saif Ali Khan stabbing case, the accused is still at large