‘ചില്ലുവാതില്‍ പാളി നീക്കി
മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ
നീള്‍മിഴിയാം പൂവിലൂറും
നീര്‍മണി കൈക്കൊള്ളുമോ നീ
ഓമലാള്‍ തന്‍ കാതിലെന്റെ
വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരു
ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരു.
ഒഎന്‍.വി.
60 വര്‍ഷം മുന്‍പ് കടല്‍ പശ്ചാത്തലമായ സിനിമക്ക് സംഗീതം നല്‍കിയാണ് സലില്‍ ചൗധരി ഗാനങ്ങളൊരുക്കി മലയാളികളുടെ മനസ്സില്‍ തേന്‍ മഴ പെയ്യിക്കാന്‍ തുടങ്ങിയത്. മലയാള ചലചിത്രരംഗത്തെ ഒരേയൊരു ഷോമാനായ സംവിധായകന്‍ രാമു കാര്യാട്ടാണ് ‘ചെമ്മീന്‍’ (1965)എന്ന തന്റെ ക്ലാസിക്കിലൂടെ സലില്‍ ദായെ മലയാളികള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്. ബംഗാളില്‍ നിന്ന് ബോംബേയില്‍ ഹിന്ദി ചലചിത്ര രംഗത്ത് ബിമല്‍ റോയിയുടെ ‘മധുമതി’ (1958)എന്ന ഹിറ്റ് ചിത്രത്തിന് ഈണം പകര്‍ന്ന സലില്‍ ചൗധരി ബോളിവുഡില്‍ മുന്‍ നിരയില്‍ എത്തി ഉയരങ്ങള്‍ കീഴടക്കി ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞ് ഏഴു വര്‍ഷത്തിന് ശേഷമാണ്, എന്തും വലിപ്പത്തില്‍ ചിന്തിക്കുന്ന രാമു കാര്യാട്ട് ചെമ്മീന് സംഗീതമൊരുക്കാന്‍ സലില്‍ ദായെ തേടി ബോംബെയ്ക്ക് പോയത്. മധുമതിയുടെ സംവിധായകനായ ബിമല്‍ റോയിയുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രാജിയാണ് ചെമ്മീന്റെ സംഗീത സംവിധായകനായി സലില്‍ ചൗധരിയുടെ പേര് നിര്‍ദേശിച്ചത് (അടൂര്‍ ഭാസിയുടെ സഹോരന്‍, പിന്നീട് മലയാള നടന്‍)സലില്‍ ചൗധരി സംഗീതം നിര്‍വഹിച്ച കടല്‍ പശ്ചാത്തലമായുള്ള – ഒരു ഷോര്‍ട്ട് ഫിലിം ചന്ദ്രാജി കണ്ടിരുന്നു. അതിലെ ഈണം മികച്ചതായി ചന്ദ്രാജിക്ക് മതിപ്പ് തോന്നിയതാണ് സലില്‍ ചൗധരിയെ നിര്‍ദേശിക്കാന്‍ കാരണം.
ആജാനബാഹുവായ രാമു കാര്യാട്ട് രണ്ട് കൈകളും വിടര്‍ത്തി വലുത് എന്ന് കാണിച്ചാല്‍ അത് സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ ശരിക്കാം വലുതാണ്. ചെമ്മീന്‍ ചിത്രം ‘വലുത് തന്നെയായിരുന്നു. ഗാനങ്ങള്‍ വയലാര്‍, കാമറ മാര്‍ക്കസ് ബര്‍ട്ട്‌ലി, എഡിറ്റിംഗ് ഋഷികേശ് മുഖര്‍ജി, സംഗീതം സലില്‍ ചൗധരി. ചലചിത്ര രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ചവര്‍ തന്നെ. തെന്നിന്ത്യയിലേക്ക് ആദ്യമായി മികച്ച ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണപ്പതക്കം കൊണ്ട് വന്ന ചെമ്മീന്‍ സിനിമ മഹത്തരമായതും വിജയം വരിച്ചതും അക്കാര്യം അടിവരയിടുകയും ചെയ്തു.
പതിവിന് വിപരീതമായി ഈണത്തിനനുസരിച്ചാണ് വരികളെഴുതേണ്ടത് എന്നറിഞ്ഞപ്പോള്‍ വയലാര്‍ രാമവര്‍മ്മ അസംതൃപ്തി പ്രകടിപ്പിച്ചു. അത് വയലാറിന് ഒട്ടും സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ വയലാറിനെ നയപരമായി പറഞ്ഞു സമാധാനിപ്പിച്ചാണ് സമ്മതിപ്പിച്ചത്. ആദ്യത്തെ പാട്ടിന്റെ ഈണം ഹാര്‍മോണിയത്തില്‍ സലില്‍ ദാ വായിച്ചത് കേട്ട വയലാര്‍ ലാളിത്യത്തിലുള്ള വിഷാദഭാവം ഉള്‍ക്കൊണ്ടു എഴുതി, ‘മാനസ മൈനേ വരൂ’… 60 വര്‍ഷം മുന്‍പ് പിറന്ന് വീണ അന്വശ്വരമായ ഗാനം.
സലില്‍ ചൗധരിയുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന പിന്നീട് പ്രശസ്ത സംഗീത സംവിധായകനായ ശ്യാമാണ് ഇതു വരെ പരീക്ഷിക്കാത്ത, ആദ്യം ഈണം പിന്നെ വരികള്‍ എഴുതുക- എന്ന ശൈലിയില്‍ എഴുതാന്‍ പരിഭ്രമിച്ച വയലാറിന് ധൈര്യം കൊടുത്തത്. ഒരു രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് വയലാറിന് ഈണം- തന നാ, തനനാ എന്ന് ചൊല്ലികൊടുത്തത് ‘ഒരിക്കലും മറക്കാത്ത അനുഭവമാണെന്നും ശ്യാം ഒരിക്കല്‍ പറയുകയുണ്ടായി.
ചെമ്മീന് മുതല്‍ സലില്‍ ചൗധരിയുടെ എല്ലാ ചിത്രങ്ങളിലും സഹകരിച്ചിരുന്ന ശ്യാമിനെ തന്റെ അസിസ്റ്റന്റ് എന്നല്ല അസോസിയേറ്റ് എന്നാണ് സലില്‍ ചൗധരി വിശേഷിപ്പിച്ചിരുന്നത്. വെസ്റ്റേണ്‍ ശൈലിയിലുള്ള ശ്യാമിന്റെ വയലിന്‍ വാദനം സലിന്‍ ചൗധരിയുടെ ഓര്‍ക്കസ്ട്രയുടെ അവിഭാജ്യ ഘട്ടമായിരുന്നു.
പിന്നീട് വയലാര്‍ -സലില്‍ ചൗധരി ടിമിന്റെ മലയാള ചിത്രങ്ങളുടെ ഗാനങ്ങളൊരുക്കുന്നതില്‍ സലില്‍ദായുടെ മുഖ്യ സഹായി ശ്യാമായിരുന്നു. ഏഴുരാത്രികള്‍ (1968), നെല്ല് (1974), നീലപ്പൊന്മാന്‍ (1975), രാഗം (1975), രാസലീല (1975), തോമാശ്ലീഹാ (1975), തുലാവര്‍ഷം തുടങ്ങിയ സിനിമകളില്‍ സലില്‍ദായുടെ മുഖ്യസംഗീതസഹായിയായി ശ്യാം തുടര്‍ന്നു.
ഒ.എന്‍.വി, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍തമ്പി എന്നിവരുമായി ചേര്‍ന്ന് സലില്‍ ചൗധരി സംഗീതം ചെയ്ത എല്ലാ മലയാള സിനിമകളിലും ഈണമൊരുക്കാന്‍ ശ്യാമുണ്ടായിരുന്നു.
മാനസ മൈന പാടേണ്ട ഗായകന്‍ ആരാണെന്ന് ചെറിയ ആശയക്കുഴപ്പം വന്നു. യേശുദാസിന്റെ തുടക്കകാലമാണ്. യേശുദാസിന്റെ ശബ്ദം സലില്‍ ചൗധരിക്ക് ഇഷ്ടമായെങ്കിലും ഈ വിഷാദ ഗാനം ആലപിക്കുമ്പോള്‍ മൃദുവായ സ്വരം പോരാ. മനസ്സിന്റെ അടിത്തട്ടില്‍ ചെന്ന് തൊടുന്ന പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം ആയിരിക്കണം. അക്കാലത്തെ മൂന്ന് ഗായകര്‍ കമുകറ, ഉദയഭാനു, പി.ബി. ശ്രീനിവാസ് എന്നിവര്‍ പരിഗണനക്ക് വന്നെങ്കിലും ഒടുവില്‍ സലില്‍ ചൗധരി പറഞ്ഞു, ഞാനൊരാളെ നിര്‍ദേശിക്കാം. വരുമോ എന്ന് അറിയില്ല. അറിയാത്ത ഭാഷയില്‍ പാടാന്‍ താല്‍പ്പര്യം കാണിക്കാത്ത ഗായകനാണ്; മന്നാഡെ.
ഭാഗ്യവശാല്‍ സംവിധായകന്‍ രാമു കാര്യാട്ട് മന്നാഡെയുടെ ആരാധകനായിരുന്നു. ഉടനെ ഗായകനെ തീരുമാനിച്ചു. മന്നാഡെ തന്നെ.
ഭാഷയറിയാതെ ഗാനം പാടാന്‍ ആദ്യം മടി കാണിച്ചെങ്കിലും മന്നാഡെ തന്റെ മലയാളിയായ ഭാര്യ സുലോചനയുടെ സഹായത്താല്‍ പാട്ട് പഠിച്ചെടുത്തു. ഒരാഴ്ച സുലോചന പാട്ട് പഠിപ്പിച്ചു. അറിയാത്ത ഭാഷയില്‍ പാടാന്‍ ഭയം വേണ്ട അര്‍ത്ഥമറിഞ്ഞ് പാടുകയേ വേണ്ടൂ എന്നായിരുന്നു അവരുടെ അഭിപ്രായം. ഒരാഴ്ച കഠിന പരിശീലനം നടത്തി ആത്മവിശ്വാസം നേടിയാണ് ബോംബെ സിനി ലാബ് സ്റ്റുഡിയോവില്‍ താന്‍ പാടി ഫൈനല്‍ റെക്കോഡിംഗ് ചെയ്തതെന്ന് മന്നാഡെ തന്റെ ആത്മകഥയായ ‘Memories Come Alive: An Autobiography’ (2007). ല്‍ പറയുന്നു. പിന്നീട് തന്റെ എല്ലാ ഗാനമേളകളിലും പാടുന്ന പാട്ടായി ‘മാനസ മൈനേ വരു’ മാറിയെന്ന് മന്നാഡെ രേഖപ്പെടുത്തുന്നു. 1973 ല്‍ പിന്നീട് മന്നാഡെ രാമു കാര്യാട്ട് തന്നെ സംവിധാനം ചെയ്ത നെല്ലില്‍ ജയചന്ദ്രനോടൊപ്പം ‘ കയ്യോട് കൈ മെയ്യോട് മെയ് എന്ന ആദിവാസി നൃത്ത ഗാനം പാടി.
1965-ല്‍, മലയാളത്തിലെ ഒരു നാഴികക്കല്ലായ ചിത്രമായ ചെമ്മീന്റെ റെക്കോര്‍ഡിംഗിനിടെ നടന്ന ഒരു കാര്യം യേശുദാസ് ഒരിക്കല്‍ അനുസ്മരിച്ചു. ‘ലതാ മങ്കേഷ്‌കറുടെ മുംബൈയിലെ വസതിയില്‍ അദ്ദേഹത്തോടൊപ്പം പോയത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ചിത്രത്തിലെ ഒരു ഗാനമായ ‘കടലിനക്കരെ പോണോരെ” എന്നത് ലതാജി പാടണമെന്ന് സലില്‍ ദാ ആഗ്രഹിച്ചു. പക്ഷേ, അത് നടന്നില്ല. അവര്‍ക്ക് ആ സമയത്ത് പനി പിടിച്ചു, ഞങ്ങള്‍ നിരാശയോടെ മടങ്ങി. ഒടുവില്‍ എന്റെ ശബ്ദത്തില്‍ ‘ ആ ഗാനം റെക്കോര്‍ഡ് ചെയ്തു.
ഒരു ബംഗാളി നാടന്‍ ഗാനത്തിന്റെ സ്വാധീനമുള്ള ‘കടലിനക്കരെ പോണോരെ’ സ്റ്റുഡിയോവില്‍ റെക്കോഡ് ചെയ്യുന്നോള്‍ പ്രമുഖരെല്ലാം അവിടെയുണ്ടായിരുന്നു. രാമു കാര്യാട്ട്, വയലാര്‍, സലില്‍ ചൗധരി തുടങ്ങിയവര്‍. ആര്‍.കെ ശേഖറായിരുന്നു (മലയാളത്തിലെ സംഗീത സംവിധായകന്‍, എ. ആര്‍. റഹ്‌മാന്റെ പിതാവ്) ഓര്‍ക്കസ്ട്ര നിയന്ത്രിച്ചത്. സലില്‍ ചൗധരിയെ സഹായിക്കാന്‍ കാനു ഘോഷ് ( ജയചന്ദ്രന്‍ പാടിയ
‘നിന്‍ പദങ്ങളില്‍ നൃത്തമാടിടും’ എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍) ഓര്‍ക്കസ്ട്രയില്‍ വയലിന്‍ വായിച്ച പ്രധാനികള്‍ ശ്യാം, എല്‍. വൈദ്യനാഥന്‍ എന്നിവര്‍. കൂടാതെ പുത്തന്‍ വലക്കാരെ, പെണ്ണാളെ, പെണ്ണാളെ എന്നി ഗാനങ്ങളും റെക്കോഡ് ചെയ്തു. ചെമ്മീനിലെ ഗാനങ്ങളെല്ലാം തന്നെ നാടന്‍ പാട്ടിന്റെ സ്വാധീനത്തിന്റെ തനിമ നിറഞ്ഞതാണ്. ചെമ്മീന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് സലില്‍ ചൗധരിയുടെ സംഗീതം നല്ല പങ്ക് വഹിച്ചു. മലയാളി മനസുകളെ കടലിന്റെ സംഗീതമായി മാറിയ ചെമ്മീനിലെ ഈണങ്ങള്‍ വലിയൊരു കാലയളവ് വരെ സ്വാധീനിച്ചു.
1973 ല്‍ പുറത്തിറങ്ങിയ ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെയാണ് ഒ.എന്‍.വി. കുറുപ്പ് സലില്‍ ചൗധരിയുമായി ഒന്നിക്കുന്നത്. മഴവില്‍ക്കാവടി, മാനേ മാനേ, ശാരികേ എന്‍ ശാരികേ, നീ വരൂ കാവ്യദേവതേ, സൗരയൂഥത്തില്‍ വിടര്‍ന്നൊരു എനിങ്ങനെ അതിലെ അഞ്ചു ഗാനങ്ങളും ഹിറ്റായി. വാണി ജയറാം എന്ന ഗായികയെ സലില്‍ ചൗധരി ആദ്യമായി മലയാള ഗാനരംഗത്ത് അവതരിപ്പിച്ചു. സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൗഗന്ധികമാണി ഭൂമി’ എന്ന തന്റെ ആദ്യ മലയാള ഗാനത്തിലൂടെ തന്നെ വാണി ജയറാം മലയാളികളുടെ പ്രിയങ്കരിയായ ഗായികയായി മാറി.
ആദ്യ ചിത്രത്തില്‍ തന്നെ ആ കൂട്ടുകെട്ട് മികച്ച ഗാനങ്ങളൊരുക്കി. താന്‍ കേട്ട പഴയ ഈണങ്ങളൊക്കെ ഓര്‍ത്തെടുത്ത് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സലില്‍ ദാ ഈണം സൃഷ്ടിക്കുമായിരുന്നു.’നളചരിതത്തിലെ – വിഷ്ണു രമയ്ക്ക് നിശയ്ക്കു- ശശാങ്കനുമയ്ക്ക് ഹരന്‍, നളനോര്‍ക്കില്‍ നിനക്കും’ എന്ന പദത്തിന്റെ താളം ശ്രദ്ധിച്ച് കേട്ട് അദ്ദേഹം സൃഷ്ടിച്ച ഈണത്തിന് ഞാന്‍ എഴുതിയ പാട്ടാണ്
മഴവില്‍ക്കൊടിയഴുവിടര്‍ത്തിയ മാനത്തെപൂങ്കാവില്‍’ എന്ന ഗാനം, ഒ.എന്‍.വി അതേ കുറിച്ച് പറഞ്ഞു. സ്വപ്നത്തിലെ എസ്. ജാനകി പാടിയ ഒരു ഹിറ്റ് ഗാനമായി അത്.
സലില്‍ ചൗധരിയുടെ ഏറ്റവും ചില മികച്ച ഗാനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ചെയ്ത പ്രശസ്ത സംവിധായകനായ എന്‍. ശങ്കരന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞു; എന്റെ ചിത്രങ്ങളിലെ പാട്ടുകളില്‍ ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഏറ്റവും ഹൃദയ സ്പര്‍ശിയായ ഗാനം പറയാന്‍ എളുപ്പമാണ് മദനോത്സവത്തിലെ ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനം ലിപ്പ് മൂവ്‌മെന്റ് ഇല്ലാത്ത മലയാള സിനിമയിലെ ഏറ്റവും മനോഹരമായി ചിത്രീകരിച്ച ഗാനങ്ങളിലൊന്നാണത്. ഒരു പക്ഷേ, ഒ.എന്‍.വി- സലില്‍ ചൗധരി ടീമിന്റെ ഏറ്റവും മികച്ച ഗാനം. സലില്‍ ദാ തന്നെ എഴുതിയ പാട്ടിന്റെ ബംഗാളി ഈണത്തില്‍ നിന്നാണ് ‘സാഗരമേ ശാന്തമാക’ യുടെ പിറവി. ചിത്രത്തില്‍ – ഭാര്യ ഗുരുതരമായ രോഗത്തിന് കീഴ്‌പ്പെട്ടു. ഇനി അധികം നാളില്ല എന്ന ക്രൂരമായ സത്യം മനസിലൊളിപ്പിച്ച ഒരു ഭര്‍ത്താവിന്റെ അവസ്ഥയാണ് ചിത്രത്തില്‍ ഈ ഗാനത്തിന്റെ സിറ്റുവേഷന്‍. ആ മാനസികാവസ്ഥ ഉള്‍ക്കൊണ്ടാണ് ഒ.എന്‍.വി എഴുതിയത് പക്ഷെ അതിനുമപ്പുറത്തെ അനുഭവമായി വരികളും ഈണവും യേശുദാസിന്റെ മികച്ച ആലാപനവും – ഗാനത്തിലെ എന്തേ മൗനസമാധിയായി എന്ന വരികളൊക്കെ മലയാളം കേട്ട ഏറ്റവും മികച്ച ഭാവഗീതങ്ങളൊന്നായി മാറി.
സാഗരമേ ശാന്തമാക നീ’ മാത്രമല്ല, മദനോത്സവത്തിലെ എല്ലാ ഗാനങ്ങളും പടത്തോടൊപ്പം സൂപ്പര്‍ഹിറ്റായി ‘മാടപ്രാവേ വാ ഒരു കൂടു കൂട്ടാന്‍ വാ’ -യേശുദാസ്, ‘മേലെ പൂമല, താഴെ തേനല’ -യേശുദാസ്, സബിത ചൗധരി ‘,
സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ – എസ്. ജാനകി. നീ മായും നിലാവോ- യേശുദാസ്, ഈ മലര്‍കന്യകള്‍ മാരനു നേദിക്കും – എസ്. ജാനകി എന്നി ഗാനങ്ങള്‍ ഇപ്പോഴും ജനഹൃദയങ്ങളില്‍ ഹൃദ്യമായി ഒഴുകി വരുന്നു.
ഒ.എന്‍.വി എഴുതി ‘സലില്‍ സംഗീതത്തില്‍ ഭാരതത്തിലെ ഏതു ദേശത്തെയും ഈണങ്ങളില്‍ സ്വരവര്‍ണ്ണരേണുക്കളുണ്ടായിരുന്നു’ ഒ.എന്‍.വി. (പാഥേയം)
ഇന്ത്യയിലെവിടെ സഞ്ചരിച്ചാലും അവിടുത്തെ ദേശീയ സംഗീതത്തിന്റെ- പഠനത്തില്‍ അദ്ദേഹം താത്പര്യം പുലര്‍ത്തിയിരുന്നു. അത്തരമൊരു സംഭവം ഒ.എന്‍.വി ഓര്‍ക്കുന്നു.
പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത എയര്‍ഹോസ്റ്റസ്സിലെ ഹിറ്റ് ഗാനമായ ‘ഒന്നാനാം കുന്നിന്‍ മേല്‍ കൂടുകൂട്ടും തത്തമ്മേ’ എന്നത് സലില്‍ ദാ ഒരു ഹിന്ദി ചിത്രത്തിന് ഉപയോഗിച്ച ഗാനമാണ്. സംവിധായകന്‍ ചന്ദ്രകുമാറിന് ആ ഈണം വളരെ ഇഷ്ടപ്പെട്ടതിനാല്‍ ഈ പടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സലില്‍ ദായോട് അഭ്യര്‍ത്ഥിച്ചു. ‘ഹിന്ദി ഗാനം മലയാളത്തിലാക്കുമ്പോള്‍ കഴിയുന്നത്ര വ്യത്യസ്തത പുലര്‍ത്താന്‍ ഒ.എന്‍.വി. നാടന്‍ പാട്ടിലെ ശൈലിയില്‍ വരികള്‍ എഴുതി.
‘ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ
കാവേരി തീരത്തോ കാട്ടരുവിയോരത്തോ
ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ’
വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെ പൂത്തുമ്പീ
ചന്ദനത്തിന്‍ വാതില്‍ വച്ചൂ ചന്ദ്രകലാ ശില്‍പ്പീ
പൊന്നു കൊണ്ടു താഴു തീര്‍ക്കാന്‍ വന്നു മിന്നാമിന്നി
വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ’
ഈ ഗാനത്തിന്റെ മനോഹരമായ ഈണത്തിനും ഒരു കഥയുണ്ട്. അതൊരു നേപ്പാളി പാട്ടിന്റെ ഈണമായിരുന്നു. ഉത്തര്‍ പ്രദേശില്‍ ഒരു ബംഗ്ലാവില്‍ ഒരു രാത്രിയില്‍ അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ ഒരു വൃദ്ധനായ ഗൂര്‍ഖ പാടുന്ന പാട്ട് സലില്‍ദാ ശ്രദ്ധിച്ച് കേട്ടു. ഉടന്‍ തന്നെ ഗുര്‍ഖയെ മുറിയിലേക്കു ക്ഷണിച്ചിരുത്തി പാടിച്ചു. തന്റെ ടേപ് റെക്കോഡിലേക്കു പകര്‍ത്തി. പിന്നീട് ഹിന്ദിയില്‍ ചെയ്ത ഗാനത്തിന്റെ ഈ ഈണമാണ് ഒന്നാം കുന്നില്‍മേല്‍ എന്ന ഗാനത്തിന് സ്വീകരിച്ചത്.
സമന്വയത്തിന്റെ സംഗീതശില്‍പ്പികൂടിയാണ് സലില്‍ ചൗധരി. വ്യത്യസ്ത ശൈലികളില്‍ ആലപിക്കപ്പെടുന്ന ഇന്ത്യന്‍ സംഗീതത്തിന്റെ ഏകത്വത്തെ അദ്ദേഹം സ്വന്തം ഈണങ്ങളിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു.
ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്ന് ഒരുക്കിയ ‘വിഷുക്കണി’യിലെ ഏഴു പാട്ടുകളും ജനസമ്മതി നേടി. ട്യൂണ്‍ നല്‍കി അല്‍പ്പ സമയം കൊണ്ട് വരികളെഴുതിയ പാട്ടാണ് ‘ മലര്‍ക്കൊടി പോലെ’ ഈ വേഗതകണ്ട് സലില്‍ ദാ അത്ഭുതപ്പെട്ടു. പിന്നെ പറഞ്ഞു ‘നിങ്ങളാണ് മലയാളത്തിലെ ഏറ്റവും വേഗതയുള്ള എഴുത്തകാരന്‍’. പൂവിളി പൂവിളി പൊന്നോണമായി, പൊന്നുഷസ്സിന്‍ ഉപവനം തുടങ്ങിയ അതിലെ പാട്ടുകള്‍ സര്‍വ്വകാല ഹിറ്റായി. പൂമാനം പൂത്തുലഞ്ഞു, ഒരു മുഖം മാത്രം കണ്ണില്‍ – ‘എതോ ഒരു സ്വപ്നം ‘ എന്ന പടത്തിന് വേണ്ടി സലില്‍ ദായും ശ്രീകുമാരന്‍ തമ്പിയും ഒന്നിച്ചപ്പോള്‍ പിറന്ന രണ്ട് ഹിറ്റ് ഗാനങ്ങളാണ്.
വിവിധ ഭാഷകളിലായി ഏകദേശം 150 സിനിമകള്‍ക്ക് സലില്‍ ചൗധരി സംഗീതം നല്‍കി, കൂടാതെ നിരവധി ടിവി ഡോക്യുമെന്ററികള്‍, ജിംഗിളുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവക്ക് പശ്ചാത്തല സംഗീതം നല്‍കി.
വയലാറുമായി ചെയ്ത മിക്ക പാട്ടുകളും ഹിറ്റായിരുന്നു. നെല്ലിലെ ‘നീലപൊന്‍മാനെ’ രാഗത്തിലെ ‘ഇവിടെ കാറ്റിന് സുഗന്ധം’. ആ കയ്യിലോ ഈ കൈയ്യിലോ എന്ന ഹാസ്യ ഗാനം ‘ നീലപൊന്മാനിലെ ‘കാട് കറുത്ത കാട്’, പൂമാനപ്പൂങ്കഴലി, തോമാശ്ലീഹയിലെ വൃശ്ചികപ്പെണ്ണേ, രാസലീലയിലെ ആയില്യം പാടത്തെ പെണ്ണേ, നിശാസുരഭികള്‍, വസന്ത സേനകള്‍, തുലാവര്‍ഷത്തിലെ കേളീ നളിനം വിടരുമോ, യമുനേ നീയൊഴുകൂ യാമിനി, ലതാ മങ്കേഷ്‌ക്കറെ ചെമ്മീനില്‍ പാടിക്കാന്‍ സാധിക്കാത്ത വിഷമം സലില്‍ ദായും രാമുകാര്യാട്ടും നെല്ല് എന്ന പടത്തില്‍ ‘കദളീ കണ്‍കദളി ചെങ്കദളീ പൂവേണോ കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ’ എന്ന ഗാനം അവരെക്കൊണ്ട് കൊണ്ട് പാടിച്ചു തീര്‍ത്തു.
1978- 80 കളില്‍ നിരവധി ഹിറ്റു മലയാള ഗാനങ്ങള്‍ സലില്‍ ചൗധരി സൃഷ്ടിച്ചു. ശ്യാമ മേഘമേ നീയെന്‍ പ്രേമ, മയിലുകളാടും, ദേവീ ദേവി,(സമയമായില്ലാ പോലും1978) പൂമാനം പൂത്തുലഞ്ഞേ, ഒരു മുഖം മാത്രം കണ്ണില്‍, ശ്രീപദം വിടര്‍ന്ന (ഏതോ ഒരു സ്വപ്നം,1978) ഓണപ്പൂവേ, രാക്കുയിലേ ഉറങ്ങൂ , കളകളം കായലോരങ്ങള്‍ പാടും , കുറുമൊഴി മുല്ലപ്പൂവേ( ഈ ഗാനം മറക്കുമോ 1978) നീയൊരോമല്‍ കാവ്യചിത്രം പോലെ, പറന്നു പോയ് നീയകലെ (ചുവന്ന ചിറകുകള്‍ 1979) ഒന്നാനാം കുന്നില്‍ മേല്‍, ഉണരു ഉണരു ഉഷാദേവതേ (എയര്‍ഹോസ്റ്റസ് 1980) ശ്രാവണം വന്നൂ, ഭൂമിതന്‍ സംഗീതം (അന്തി വെയിലിലെ പൊന്ന് (1982). പദരേണു നേടി, ഒരു നാള്‍ വിശന്നേറി
(ദേവദാസി 1978) തുടങ്ങിയ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റു ഗാനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചവയാണ്.
സലില്‍ ദാ മിക്കവാറും സംഗീത ഉപകരണങ്ങളും വായിച്ചിരുന്നു. ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിലെ അതികായരായ സലില്‍ദായ്ക്കും ആര്‍ഡി ബര്‍മ്മനും ഉള്ള രണ്ട് പൊതുവായ കഴിവുകളാണ് പാട്ടില്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ വൈവിദ്ധ്യവും അവയുടെ സമൃദ്ധിയും. ഹിന്ദുസ്ഥാനി സംഗീതത്തിലും പാശ്ചാത്യസം ഗീതത്തിലുമുള്ള ആഴത്തിലുള്ള അറിവും. പ്രശസ്തനായ കലാ സംഗീത നിരൂപകനായ രാജു ഭരതന്‍ എഴുതി, ‘സംഗീതത്തിലെ പെലെയാണ് സലില്‍ ചൗധരി’. സ്വയം പെലെയെന്നാണ് അദ്ദേഹം തന്നെ വിശേഷിപ്പിച്ചിരുന്നത്.
ഫുട്‌ബോള്‍ ഗെയിം ‘പോലെ,’ സലില്‍ ദാ ഒരിക്കല്‍ പറഞ്ഞു, ‘എല്ലാ നിയമങ്ങളും അവിടെയുണ്ട്. ഫ്രീകിക്ക്, ത്രോഇന്‍, ഓഫ് സൈഡ്, പെനാല്‍ട്ടി… എന്നിട്ടും പെലെയെപ്പോലുള്ള ഒരു കളിക്കാരന്‍ അതിന്റെകൂടെ നിന്നുകൊണ്ട് ആ നിയമങ്ങള്‍ക്കപ്പുറം കടന്ന് എന്തൊക്കെയോ നിര്‍മ്മിക്കുന്നു. സംഗീതത്തിലെ ആ പെലെയാണ് ഞാന്‍.’
തന്റെ ഈണങ്ങള്‍ അന്യഭാഷ ഗാനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സലില്‍ ദാ പറഞ്ഞു. ‘ഇതെന്റെ മാത്രം ബൗദ്ധിക സ്വത്താണ്. ആവശ്യള്ളളവര്‍ക്ക് അത് നല്‍കുന്നു, അത്രമാത്രം.
സലില്‍ ചൗധരിയുടെ വരവോടെ ഈണത്തിന് അനുസരിച്ച് വരികള്‍ എഴുതുന്ന രീതി മലയാള ഗാനരംഗത്ത് കടന്ന് വരുകയും ഗാനങ്ങളുടെ നിലവാര തകര്‍ച്ചക്ക് കാരണമായി എന്നൊരു ആരോപണം ഉയരുകയുണ്ടായി. വയലാര്‍ പി. ഭാസ്‌കരന്‍, ഒ. എന്‍. വി. ശ്രീകുമാരന്‍ തമ്പി, യൂസഫലി തുടങ്ങിയ പ്രതിഭകള്‍ ആ രീതിയില്‍ മനോഹരമായ ഗാനങ്ങള്‍ എഴുതിയതിനാല്‍ ആ വാദം അപ്രസക്തമായിരുന്നു. പക്ഷേ, പിന്നിട് വരുന്നവര്‍ക്ക് ആ നിലവാരം ഇല്ലാത്തതിനാല്‍ ഒരു പരിധി വരെ അത് ശരിയായിരിക്കാം.
എന്നാല്‍ വാസ്തവത്തില്‍ ആ രീതി ആദ്യമേ ഇവിടെ സ്വീകരിച്ചിരുന്നു. മലയാളത്തിലെ ആദ്യകാല സിനിമകളില്‍ ഹിന്ദി ട്ട്യൂണിന് ഒപ്പിച്ചാണ് ഗാനങ്ങള്‍ ആദ്യകാല രചയിതാക്കള്‍ എഴുതിയത്. ആ ഗാനങ്ങള്‍ മലയാളികള്‍ സ്വീകരിച്ചതുമാണ്. കെ. രാഘവന്‍ മാസ്റ്ററും പി. ഭാസ്‌കരന്‍ മാസ്റ്ററും നീലക്കുയിലില്‍ മലയാളത്തനിമയുള്ള ഗാനങ്ങള്‍ ഒരുക്കിയതോടെയാണ് ആ രീതി അവസാനിച്ചത്. അതിനാല്‍ വാദിക്കാന്‍ വേണ്ടി പറയുന്ന കഴമ്പില്ലാത്ത ഒന്നായി ഈ ആരോപണത്തെ എടുത്താല്‍ മതി.
ചെമ്മീനിലെ കടലിന് സംഗീതമൊരുക്കാന്‍ മലയാളത്തില്‍ കടന്നു വന്ന സലില്‍ ചൗധരി മൂന്ന് പതിറ്റാണ്ടിന് ശേഷം മലയാളത്തിലെ തന്റെ അവസാന ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയത് കടല്‍ പശ്ചാത്തലമായ ഒരു സിനിമക്ക് വേണ്ടിയായിരുന്നുവെന്നത് ഒരു നിയോഗമായി അദ്ദേഹത്തെ തേടി വന്നു. ജയരാജിന്റെ ‘തുമ്പോളി കടപ്പുറം’ (1995)എന്ന ചിത്രത്തിലെ ”കാതില്‍ തേന്‍ മഴയായ് കാറ്റേ കടലേ” എന്ന ആ ഗാനം യേശുദാസിന്റെ ആ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനമായിരുന്നു. സലിന്‍ ചൗധരി ടച്ച് ഒരിക്കല്‍ കൂടി കടന്നു വന്ന ഈണവും ഒ.എന്‍.വിയുടെ വരികളും യേശുദാസിന്റെ അസാധ്യമായ ആലാപനവും ഒത്തിണങ്ങിയ ആ ഗാനം ഈണങ്ങളുടെ ലോകത്ത് തന്റെ ഹംസഗാനം ഇനിയും എത്രയോ അകലെയാണെന്ന് മലയാളികളെ സലില്‍ദാ ഓര്‍മ്മപ്പെടുത്തി.
1995 സെപ്റ്റംബര്‍ 5 ന് സലില്‍ ചൗധരി തന്റെ ഈണങ്ങള്‍ അവസാനിപ്പിച്ച് യാത്രയായി.
‘സംഗീതത്തിലെ ഏഴു സ്വരങ്ങളില്‍ ഒരെണ്ണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു ‘ എന്ന് സലില്‍ദായുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് സംഗീത ചക്രവര്‍ത്തി നൗഷാദ് അലി എഴുതി. അദ്ദേഹം സലില്‍ദായെ വിലയിരുത്തുന്നതിങ്ങനെയാണ്: ‘സലിലിന്റെ സംഗീതത്തില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു മൗലികതയുണ്ട്. വളരെ കുറച്ചു കമ്പോസര്‍മാര്‍ക്കു കിട്ടാവുന്ന വ്യക്തിത്വം അദ്ദേഹത്തിനു കൈവരുവാന്‍ ഈ മൗലികത ഏറെ സഹായിച്ചിട്ടുണ്ട്.
തുമ്പോളി കടപ്പുറം എന്ന ചിത്രത്തില്‍ സലില്‍ ചൗധരിയുടെ അവസാനത്തെ ഈണത്തിന് വേണ്ടി ഒ.എന്‍.വി എഴുതിയ ഗാനങ്ങളിലൊന്നിന്റെ വരികള്‍ ഇതായിരുന്നു. ആ കൂട്ടുകെട്ടിന്റെ ഒരു വിടവാങ്ങല്‍ പോലെ !
‘വരവേല്‍ക്കയായ് ഏകാന്തവീഥി
പഥിക, വരൂ വരൂ! പകലും മറഞ്ഞു…
സ്‌നേഹാര്‍ദ്രമൂകം വിട പറയാന്‍
നിന്‍ പിന്നില്‍ നീളും നിറമിഴിയേതോ?
This post was last modified on November 19, 2025 3:00 pm
Leave a Comment