June 26, 2026 |
Share on

​പശുക്കടത്ത് ആരോപിച്ച് ​ഗോ സംരക്ഷകർ മർദ്ദിച്ചു; ജീവനൊടുക്കി പതിനേഴുകാരൻ

കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു

ഗോ സംരക്ഷകരുടെ ആക്രമണത്തിന് ഇരയായി, ആത്മഹത്യ ചെയ്ത് പതിനേഴുകാരൻ. മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ ഘലാനിമ്പ് ഗ്രാമത്തിൽ നിന്നുള്ള പതിനേഴുകാരനാണ് സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്. ആക്രമണത്തിൻ്റെ വീഡിയോകളും, ഇയാളെ ഹിന്ദു ദലാൽ എന്ന് വിളിച്ചുകൊണ്ടുള്ള സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം മൊഴി നൽകി.

ഒക്‌ടോബർ 27ന് രാവിലെ തന്റെ ഗ്രാമത്തിൽ നിന്ന് അമ്മാവൻ്റെ ചന്ദേവാഡിയിലെ വീട്ടിലേക്ക് പശുവിനേും കൊണ്ട് പോയതായിരുന്നു കുട്ടി. ദിനേശ് രാഖേച്ച, പ്രശാന്ത് രാഖേച്ച, സങ്കേത് ഖാർഡെ, സൗരഭ് ലഹംകെ എന്നിങ്ങനെ ​ഗോസംരരക്ഷകരുടെ ഒരു സംഘം കോൽഹാർ–രാജുരി റോഡിൽ വെച്ച് കുട്ടിയുടെ വാഹനം തടഞ്ഞു.

വാഹനത്തിനുള്ളിൽ ഒരു പശുവിനെ കണ്ടതിനെ തുടർന്ന് അവർ ഇയാളെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു. അവർ ഇയാളുടെ പേര്, ഗ്രാമം, പ്രായം, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ എന്നിവ ആവശ്യപ്പെടുകയും 5,000 രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. കയ്യിൽ പണമില്ലെന്ന് കുട്ടി മറുപടി നൽകിയപ്പോൾ അക്രമി സംഘം പോലീസിനെ വിളിച്ചു വരുത്തുതയും തുടർന്ന് പശുവിനെയും വാഹനത്തെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988 (വകുപ്പുകൾ 181, 3(1)) പ്രകാരവും. കന്നുകാലികളെ അനധികൃതമായി കടത്തിയതിന് മഹാരാഷ്ട്ര അനിമൽ പ്രിസർവേഷൻ ആക്ട്, 1976 (വകുപ്പുകൾ 5, 5(C), 9, 12(A)) പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. എന്നാൽ, ഇയാളെ ആക്രമിച്ചവർക്കെതിരെ കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

ആക്രമിസംഘം ഇയാളെ ഹിന്ദു ദലാൽ എന്ന് വിശേഷിപ്പിച്ചിരുന്നു, ഇത് കൗമാരക്കാരന് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയിരുന്നു തുടർന്ന് അടുത്ത ദിവസം രാവിലെ, ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മാവൻ്റെ ആവശ്യപ്രകാരമാണ് അവൻ പശുവിനെ കൊണ്ടുപോയത്. വഴിയിൽ വച്ച് തടഞ്ഞ ​ഗോ സംരക്ഷകർ അവനെ മർദ്ദിക്കുകയും പണം ആവശ്യപ്പെടുകയും പണം നൽകാൻ കഴിയാത്തതിനാൽ മർദ്ദിച്ച് കാലൊടിക്കുകയും ചെയ്തു. ഈ ആക്രമണ ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കണ്ടാണ് അവൻ തകർന്നുപോയതെന്നും, പിറ്റേന്ന് രാവിലെ ആത്മഹത്യ ചെയ്തതെന്നും കുട്ടിയുടെ ബന്ധു പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, മർദ്ദനമേറ്റതിൻ്റെ പാടുകളോ, ഒടിഞ്ഞ കാലിനെക്കുറിച്ചോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്നും ബന്ധു കൂട്ടിച്ചേർത്തു.

കൗമാരക്കാരൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന്, മകനെ മർദ്ദിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് മരണത്തിന് ഉത്തരവാദികളാവുകയും ചെയ്ത ​ഗോ സംരക്ഷകർക്കെത കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു, എന്നാൽ പോലീസ് ആദ്യം അവഗണിച്ചു. കേസ് രജിസ്റ്റർ ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം നിലപാടെടുത്തതോടെ, ഒക്ടോബർ 29ന് പുലർച്ചെ 12:40ന് പൊലീസ് നാല് പേർക്കെതിരെ എഫ്.ഐ.ആർ. ഫയൽ ചെയ്തു. ദിനേശ് രാഖേച്ച, പ്രശാന്ത് രാഖേച്ച, സങ്കേത് ഖാർഡെ, സൗരഭ് ലഹംകെ എന്നിവരാണ് എഫ്.ഐ.ആർൽ പേര് ചേർക്കപ്പെട്ട പ്രതികൾ. ആത്മഹത്യാ പ്രേരണ, മർദ്ദനം, ഭീഷണിപ്പെടുത്തൽ, ജുവനൈൽ ജസ്റ്റിസ് ആക്ടിൻ്റെ ലംഘനം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആർ. ഫയൽ ചെയ്ത് ഏകദേശം 20 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികൾക്കുവേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഇതുവരെ അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, എന്നായിരുന്നു മറുപടി.

content summary: A seventeen-year-old died by suicide after allegedly being beaten by cow vigilantes over suspected cow smuggling in Maharashtra

Leave a Reply

Your email address will not be published. Required fields are marked *

×