April 20, 2025 |
Avatar
അമർനാഥ്‌
Share on

‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’; ശ്രീകാന്ത് പാടേണ്ട പാട്ട് യേശുദാസ് പാടിയതെങ്ങനെ?

‘ഇതിഹാസങ്ങള്‍’ പാടിയ ഗായകന്‍ ശ്രീകാന്ത്/അഭിമുഖം

‘ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ
ഈശ്വരന്‍ ജനിക്കും മുന്‍പേ ‘
പ്രകൃതിയും കാലവും ഒരുമിച്ച് പാടീ
പ്രേമം ദിവ്യമാമൊരനുഭൂതി’

ഗായകന്‍ ശ്രീകാന്ത് പാടിയ ഈ പാട്ട് ഗാനപ്രേമികള്‍ ഏറ്റുപാടി അനശ്വരഗാനമാക്കിയിട്ട് 50 വര്‍ഷം.

ശ്രീകാന്ത് എന്ന പിന്നണി ഗായകന്റെ ചലച്ചിത്ര ഗാനരംഗത്തെ സംഗീതയാത്ര തുടങ്ങിയിട്ട് 50 വര്‍ഷം പിന്നിട്ടു. 75കാരനായ ശ്രീകാന്ത് യാത്ര ഇപ്പോഴും തുടരുകയാണ്.

പ്രണയത്തിനും തത്വചിന്ത നല്‍കിയ വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ പൊരുളറിഞ്ഞ് നല്‍കിയ ഘനഗംഭീര ഈണത്തില്‍ ”ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ’ എന്ന ഉദാത്തമായ ഗാനം ശ്രീകാന്ത് നമുക്ക് പാടിത്തന്നിട്ട് അഞ്ച് പതിറ്റാണ്ടായി. വ്യത്യസ്തമായ ഒരു മലയാള ചലചിത്ര ഗാനം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യം മനസില്‍ മുഴങ്ങുന്ന അനശ്വരഗാനമാണ് ‘ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ.’

ശ്രീകാന്ത് എന്ന ഗായകനെ മലയാള ഗാനപ്രേമികള്‍ എങ്ങനെ മറക്കാനാണ്. എന്നും ഓര്‍ക്കുന്ന ‘ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ’യെന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാള ചലചിത്ര ഗാനരംഗത്ത് പ്രശസ്തനായ പിന്നണി ഗായകനാണ് ശ്രീകാന്ത്. എറെ ഗാനങ്ങളൊന്നും ശ്രീകാന്ത് പാടിയില്ലെങ്കിലും പാടിയവയെല്ലാം ശ്രദ്ധിക്കപ്പെട്ടു.

അരനൂറ്റാണ്ട് മുന്‍പ് വയലാര്‍-ദേവരാജന്‍ ഒരുക്കിയ തന്റെ ഏറ്റവും മികച്ച ഗാനമാലപിച്ചതിന്റെ 50ാം വര്‍ഷത്തില്‍ ശ്രീകാന്ത് ആ മൂഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, ശ്രീകുമാരന്‍ തമ്പി, യേശുദാസ്, ജയചന്ദ്രന്‍, പി. സുശീല, മാധുരി, ബ്രഹ്‌മാനന്ദന്‍, വയലാര്‍ അവാഡ് ചടങ്ങിലെ വയലാര്‍ ഗാനസന്ധ്യ, മദ്രാസിലെ സ്റ്റുഡിയോ ജീവിതം… അങ്ങനെ കടന്നു പോയ കുറെ സംഭവങ്ങള്‍! ശ്രീകാന്ത് ഓര്‍ക്കുകയാണ് മലയാള ഗാനങ്ങളുടെ ആ സുവര്‍ണ്ണ നാളുകള്‍. ‘ചന്ദ്രകിരണങ്ങള്‍ രാഗങ്ങളായി എന്ന് പാടിയ ശ്രീകാന്ത് തന്റെ 50 വര്‍ഷത്തെ പാട്ടനുഭവങ്ങളുടെ മനസ് തുറക്കുന്നു.

malayalam playback singer sreekanth

ശ്രീകാന്ത് പാട്ട് റെക്കോര്‍ഡിംഗ് വേളയില്‍, പഴയകാല ചിത്രം


1970 കള്‍, മലയാള ചിത്രഗാനരംഗത്തിന്റെ വസന്തകാലം. യേശുദാസും ജയചന്ദ്രനും ആലാപനത്തില്‍ സജീവമായ കാലം, പാടുന്ന പാട്ടുകളെല്ലാം രത്‌നങ്ങളായി തിളങ്ങുന്ന കാലം. വയലാര്‍, പി. ഭാസ്‌ക്കരന്‍, ഒ.എന്‍.വി, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ എഴുതുന്ന വരികള്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണത്തിലൂടെ ഗാനമണിമുത്തുകളാക്കിയ കാലം. കെ.പി. ബ്രഹ്‌മാനന്ദന്‍ വേറിട്ട പുരുഷ സ്വരവുമായി വന്നു കഴിഞ്ഞു. ദേവരാജന്‍ മാസ്റ്റര്‍ അവതരിപ്പിച്ച ആയിരൂര്‍ സദാശിവനെന്ന പുതിയ ഗായകന്‍ ആദ്യം രണ്ട് പാടിയ രണ്ട് പാട്ടും ‘അമ്മേ, അമ്മേ, അവിടുത്തെ മുന്നില്‍, ശ്രീവത്സം മാറില്‍ ചാര്‍ത്തിയ’ തന്റെ വ്യത്യസ്തമായ സ്വരത്തിലൂടെ ഹിറ്റാക്കിയ കാലം. അപ്പോഴാണ് നാലാമതൊരു പുതു ഗായകനെ, ശ്രീകാന്തിനെ ദേവരാജന്‍ മാസ്റ്റര്‍ ആദ്യമായി ഗാനം പാടിക്കുന്നത്. അതും ഏതൊരു ഗായകനും പാടാനാഗ്രഹിക്കുന്ന വയലാര്‍- ദേവരാജന്‍ കൂട്ടുകെട്ടിലെ ഗാനം പാടിക്കൊണ്ട് അങ്ങനെ ശ്രീകാന്തിന്റെ 50 വര്‍ഷം മുന്‍പത്തെ ഗാനാലാപനം ആരംഭിക്കുന്നു?

എഴുപതുകളുടെ മധ്യത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ പുതിയ ‘ഗായകപ്രതിഭകളെ തേടുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലെത്തുന്നത്. ആകാശവാണിയുടെ അഖിലേന്ത്യാ ഗാനാലാപനത്തില്‍ ഒന്നാം സ്ഥാനം നേടിയ എന്നെ കുറിച്ച് തിരുവനന്തപുരം ആകാശവാണിയില്‍ സംഗീത സംവിധായകനായിരുന്ന എം. ജി. രാധാകൃഷ്ണന്‍ ചേട്ടനാണ് ദേവരാജന്‍ മാസ്റ്ററോട് പറയുന്നത്. അങ്ങനെയാണ് ഞാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ മുന്നിലെത്തുന്നത്. തെന്നിന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായകനായ അദ്ദേഹം മലയാള ചലചിത്ര ഗാനരംഗത്ത് അനശ്വരങ്ങളായ അനേകം ഗാനങ്ങള്‍ സൃഷ്ടിച്ച് നിറഞ്ഞു നില്‍ക്കുകയാണ്. വയലാര്‍-ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി- ദേവരാജന്‍ ടീം വെന്നിക്കൊടി പറപ്പിച്ച കാലമാണത്. കര്‍ക്കശക്കാരനായ, ആര്‍ക്കും വഴങ്ങാത്ത വ്യക്തിയാണ് ദേവരാജന്‍ മാസ്റ്റര്‍ എന്ന് പരക്കെ പ്രസിദ്ധമാണ്. അങ്ങനെയൊരാളുടെ മുന്നിലാണ് ഗാനഭൂഷണമോ അക്കാദമി പഠനമോ ഇല്ലാത്ത ഞാന്‍ പാടാന്‍ എത്തിയത്.

ചില പാട്ടുകളൊക്കെ ആദ്യം എന്നെക്കൊണ്ട് പാടിച്ചു. ആകാശവാണിയില്‍ പാടിയ ലളിതഗാനങ്ങളാണ് ഞാന്‍ അന്ന് പാടിയത്. ശ്രുതിയൊക്കെ മാസ്റ്റര്‍ക്ക് ബോധിച്ചു. പിന്നെ കുറെ നാള്‍ മാസ്റ്റുറുടെ കൂടെ നിന്നു. ചില ഗാനമേളകളില്‍ മാസ്റ്റര്‍ എന്നെ പാടിച്ചു. മെറിലാന്റ് സുബ്രഹ്‌മണ്യത്തിന്റെ ‘ഭാര്യയില്ലാത്ത രാത്രി’ (1975)എന്ന പടം ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്യുന്നു. അതില്‍ ഒരു ഡ്യൂയറ്റ് പാടുന്നത് ഞാനാണ്. ഒരാഴ്ച പരിശീലനം തന്നു. പാടിപ്പാടി പതിഞ്ഞ ഗാനം ‘ അഭിലാഷ മോഹിനി അമൃതവാഹിനി’ മാധുരിയായിരുന്നു കൂടെ പാടുന്ന ഗായിക. അങ്ങനെ എന്റെ ആദ്യത്തെ ചലചിത്ര ഗാനം ഞാന്‍ പാടുന്നു. വാഹിനി സ്റ്റുഡിയോവില്‍ റെക്കോഡിംഗ്. ആദ്യ ടേക്കില്‍ തന്നെ ഒകെയായി. പാട്ടിന് എനിക്ക് ആദ്യം അഭിനന്ദനങ്ങള്‍ തന്നത് മാധുരിയമ്മയായിരുന്നു. ‘നല്ല ശബ്ദം. നന്നായി പാടി. ദേവരാജന്‍ മാസ്റ്റര്‍ കൊണ്ടുവന്ന ആളല്ലെ. ഒരിക്കലും മോശമാവില്ല’ അവര്‍ പറഞ്ഞു. സ്റ്റുഡിയോടെ പുറത്ത് പടത്തിന്റെ സംവിധായകന്‍ ബാബു നന്തന്‍കോടും, വരികള്‍ എഴുതിയ ശ്രീകുമാരന്‍ തമ്പിയും ഉണ്ടായിരുന്നു.

‘നല്ല വ്യത്യസ്തമായ ശബ്ദം’ തമ്പി സാര്‍ പുറത്ത് തട്ടി അഭിനന്ദിച്ചു. നന്നായി. 350 രൂപയായിരുന്നു മെറിലാന്റ് ഉടമ സുബ്രഹ്‌മണ്യന്‍ മുതലാളി തന്ന ആദ്യ പ്രതിഫലം. പക്ഷേ, സിനിമ കാണാത്തതിനാല്‍ ഞാന്‍ പാടിയ ആദ്യ പാട്ട് ഇത് വരെ സ്‌ക്രീനില്‍ കണ്ടിട്ടില്ല.

singer sreekanth with G Devarajan

ശ്രീകാന്ത് ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം

മലയാള ചലച്ചിത്രഗാനശാഖയിലെ മികച്ച പത്തു ഗാനങ്ങള്‍ എടുത്താല്‍ മഞ്ഞിലാസ് ചിത്രങ്ങളിലെ രണ്ട് ഗാനങ്ങളെങ്കിലും ആ ലിസ്റ്റില്‍ കാണും. വയലാര്‍ – ദേവരാജന്‍ കൂട്ടുകെട്ടിന്റെ മികച്ച ഗാനങ്ങള്‍ മഞ്ഞിലാസ് ചിത്രങ്ങളുടെ സവിശേഷതയാണ്. യക്ഷി (1968) മുതല്‍ അടിമകള്‍ (1968), കടല്‍പ്പാലം (1969) വാഴ്വേമായം, അരനാഴികനേരം (1970), അനുഭവങ്ങള്‍ പാളിച്ചകള്‍ (1971), ദേവി, പുനര്‍ജന്മം (1972). ചുക്ക്, (1973), ചട്ടക്കാരി(1974) തുടങ്ങിയ പടങ്ങളിലെ ഗാനങ്ങള്‍ സര്‍വ്വകാല ഹിറ്റുകളായിരുന്നു. കടല്‍പ്പാലത്തില്‍ എസ്. പി. ബാലസുബ്രഹ്‌മണ്യം ഒരു ഗാനം പാടിയതൊഴിച്ചാല്‍ യേശുദാസും ജയചന്ദ്രനുമൊഴികെ ഒരു ഗായകനെയും മഞ്ഞിലാസ് ചിത്രങ്ങളില്‍ ദേവരാജന്‍ മാസ്റ്റര്‍ പാടിച്ചില്ല. 1975 ല്‍ മഞ്ഞിലാസിന്റെ ചുവന്ന സന്ധ്യകള്‍ എന്ന ചിത്രത്തില്‍ അതിന് മാറ്റം വന്നു. തന്റെ പുതിയ ഗായകനെ ദേവരാജന്‍ മാസ്റ്റര്‍ ഒരു ഗാനം പാടിക്കുന്നു. തന്റെ ഗാനങ്ങളിലെ ഏറ്റവും പ്രശസ്തമായ പാട്ടായി അത് ശ്രീകാന്ത് എന്ന പുതിയ ഗായകന്. തന്റെ ഗാന ജീവിതത്തിലെ ഇതിഹാസമായി മാറിയെന്ന് ഗായകന്‍ പറയുന്നു.

പാട്ടിന്റെ വയലാറിന്റെ വരികള്‍ വായിച്ചപ്പോഴും ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു പഠിപ്പിച്ചപ്പോഴും താന്‍ പാടാന്‍ പോകുന്നത് അതൊരു കാലാതിവര്‍ത്തിയായ ഗാനമാകുമെന്നെന്നും എനിക്ക് അറിയില്ലായിരുന്നു. ഒരാഴ്ച റിഹേഴ്‌സല്‍ തന്നു. പാടാന്‍ ആത്മവിശ്വാസം വന്നു. ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ വയലാര്‍ രാമവര്‍മ്മയുടെ ഗാനം പാടുക. ആ അപൂര്‍വ്വ ഭാഗ്യമാലോചിച്ച് റിക്കോര്‍ഡിംഗിന്റെ തലേനാള്‍ ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ഉച്ചക്ക് ഒരു മണിക്ക് ഭരണി സ്റ്റുഡിയോവില്‍ പാട്ട് റിക്കോര്‍ഡിംഗാണ്. ഉച്ചയ്ക്ക് ഭരണി സ്റ്റുഡിയോവില്‍ എത്തിയത് കടുത്ത പനിയോടെണ്. പനിയാണെന്ന കാര്യം ദേവരാജന്‍ മാസ്റ്ററോട് പറഞ്ഞില്ല. പാട്ട് കൈവിട്ട് പോയാലോ? മാസ്റ്റര്‍ പറഞ്ഞിട്ട്, തൊണ്ടക്ക് ഇളം ചൂട് കിട്ടാന്‍ ഒരു കഷ്ണം ചിക്കന്‍ ഫ്രൈ കഴിച്ചാണ് പാടാന്‍ വോയസ് ബൂത്തില്‍ കയറിയത്. ദേവരാജന്‍ മാസ്റ്റുറുടെ ഒരു പൊടിക്കൈയാണത്. ദൈവങ്ങളേയും അച്ഛനേയും അമ്മയേയും ധ്യാനിച്ച് പാടി. മുന്നാമത്തെ ടേക്കില്‍ പാട്ട് മാസ്റ്റര്‍ ഒകെ. പറഞ്ഞു. പനി ഇല്ലായിരുന്നെങ്കില്‍ പാട്ട് പാടിയത് കുറച്ചു കൂടി നന്നായേനെ. ഇപ്പോള്‍ ആ പാട്ട് പാടി പാടി ഇരുത്തം വന്നു. ഗാനമേളകളില്‍ ഇപ്പോഴും ആളുകള്‍ ആവശ്യപ്പെടുന്ന ഗാനമായി ഇന്നും ആ ഗാനം നിലനില്‍ക്കുന്നു. എല്ലാം ദേവരാജന്‍ മാസ്റ്ററുടെ അനുഗ്രഹം.

അന്ന് നടന്ന മറ്റൊരു കാര്യം, അന്ന് വരെ ശശിധരന്‍ എന്നറിയപ്പെട്ടിരുന്ന ഞാന്‍ ശ്രീകാന്തായി. മഞ്ഞിലാസുമായി ആലോചിച്ച് ദേവരാജന്‍ മാസ്റ്റര്‍ ഇട്ട പേരാണ്. കാരണം ടി. എസ് ശശിധരന്‍ എന്നൊരു ഗായകന്‍, എന്റെ വീടിനു ചുമരുകളില്ലാ’ (ചിത്രം: വീണ്ടും പ്രഭാതം) എന്ന പാട്ട് പാടിയ ഒരു ഗായകന്‍ അന്ന് ഉണ്ടായിരുന്നു. ആശയക്കുഴപ്പം ഒഴിവാക്കാനായി എന്റെ പേര് മാറ്റി. ”അച്ഛനും അമ്മയും ഇട്ട പേര് മാറ്റുമ്പോള്‍ നിനക്ക് വിഷമം കാണും. സാരമില്ല പതിയെ ശരിയായിക്കോളും’. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. അന്ന് മുതല്‍ ഞാന്‍ ശ്രീകാന്തായി. ഈ പാട്ടെടുക്കുമ്പോള്‍ പടത്തിന്റെ സംവിധായകന്‍ സേതുമാധവനും വയലാറും സ്റ്റുഡിയോവില്‍ ഉണ്ടായിരുന്നു.

പ്രശസ്തനായ ഛായാഗ്രാഹകന്‍ ബാലു മഹേന്ദ്ര കഥയെഴുതിയ പടമാണ്. ചുവന്ന സന്ധ്യകള്‍. സേതുമാധവന്‍ സംവിധാനം ചെയ്ത ഈ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ക്യാമറാമാനും ബാലു മഹേന്ദ്ര തന്നെയാണ്. വേര്‍പിരിഞ്ഞ കാമുകി -കാമുകന്മാര്‍ ഏറെക്കാലത്തിന് ശേഷം വീണ്ടും കണ്ടു മുട്ടുന്ന രംഗത്തിലാണ് പടത്തില്‍ ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ എന്ന ഗാന ചിത്രീകരണം. മോഹനും ലക്ഷ്മിയുമാണ് ഗാനരംഗത്ത് അഭിനയിച്ചത്. പടത്തിന്റെ പ്രിവ്യൂ മദ്രാസില്‍ വെച്ച് കണ്ട ദേവരാജന്‍ മാസ്റ്റര്‍ എന്നെ വീട്ടില്‍ വിളിപ്പിച്ചു. ‘നീ പാടിയ പടം ഞാന്‍ കണ്ടു കേട്ടോ, ങാ നന്നായിട്ടുണ്ട് കേട്ടോ’ പാടിയത് നന്നായി എന്ന ദേവരാജന്‍ മാസ്റ്ററില്‍ നിന്ന് നേരിട്ട് കേള്‍ക്കുക. ഇതില്‍ പരം അംഗീകാരം വെറേ എന്തുണ്ട്. എനിക്ക് ഏറ്റവും സന്തോഷം നല്‍കിയ, അഭിമാനം നല്‍കിയ നിമിഷമായിരുന്നു. വാക്കുകളില്‍ മിതത്വം പാലിക്കുന്ന, അങ്ങനെയൊന്നും ഒരിക്കലും പറയാത്ത ആളാണ് മാസ്റ്റര്‍.

Yesudas with Sreekanth

യേശുദാസിനൊപ്പം ശ്രീകാന്ത്

ഒരിക്കല്‍ തരംഗിണിയിലെ സംഗീത സ്‌കൂളില്‍ ചെന്നപ്പോള്‍ യേശുദാസ് അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എന്നെ പരിചയപ്പെടുത്തിയത് ‘ഇതിഹാസങ്ങള്‍’ പാടിയ ഗായകന്‍ എന്നാണ്. പാട്ടിന്റെ നാലു വരി അദ്ദേഹം പാടുകയും ചെയ്തു. എന്റെ ഗാനം അദ്ദേഹം പാടുക! ഗാനഗന്ധര്‍വ്വന് ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണെന്നറിഞ്ഞ എനിക്ക് ആഹ്ലാദം അടക്കാനായില്ല. പിന്നീട് കോട്ടയത്ത് തിരുനക്കരയില്‍ നടക്കുന്ന യേശുദാസിന്റെ ഗാനമേളയില്‍ പാടാന്‍ എന്നെ അദ്ദേഹം ക്ഷണിച്ചു. ഞാന്‍ പോയി. റിഹേഴ്‌സലൊക്കെ ഉണ്ടായിരുന്നു. അവിടെ പാടുകയും ചെയ്തു. 50 വര്‍ഷമായി, ഇപ്പോഴും ഞാനീ ഗാനം വേദികളില്‍ പാടുന്നു.

ഇതിഹാസങ്ങള്‍ എന്ന ഗാനം പാടി പ്രശസ്തനായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ ദേവരാജന്‍ മാസ്റ്റര്‍ സ്വാമി അയ്യപ്പനിലെ ഒരു ഗാനം പാടിച്ചു. അതും വളരെ ശ്രദ്ധിക്കപ്പെട്ടു. ‘കൈലാസശൈലാദ്രി നാഥാ’ സിനിമയില്‍ ജെമിനി ഗണേശനാണ് ഇത് പാടി അഭിനയിച്ചിരിക്കുന്നത്. കൂടെ പാടിയത്. പി. ലീല. അതും വളരെ ജനപ്രീതി നേടിയ പാട്ടായിരുന്നു. ഗാനമേളകളില്‍ ഇപ്പോഴും ആ ഗാനം പാടുമ്പോള്‍ നല്ല പ്രതികരണമാണ്.

ആ സമയത്ത് നല്ല ഗായകന്‍ എന്ന നിലയില്‍ തിളങ്ങാന്‍ തുടങ്ങുമ്പോഴാണ് എന്റെ സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം നടക്കുന്നത്. എന്റെ ഏറ്റവും നല്ല ഗാനമാവേണ്ട പാട്ട് എനിക്ക് പാടാന്‍ ദേവരാജന്‍ മാസ്റ്റര്‍ അവസരമൊരുക്കി. 1975 ലെ കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലെ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന ഗാനം. ഒന്നര ആഴ്ച ആ പാട്ട് പാടി പരീശീലിച്ചു. ആ സമയത്താണ് ജയചന്ദ്രനെ പരിചയപ്പെടുന്നത്. ജയേട്ടനും മാധുരിചേച്ചിയും പാടുന്ന അതിലെ ‘തൊട്ടെനേ ഞാന്‍ മനസുകൊണ്ട് കെട്ടിപ്പിടിച്ചേനേ ഞാന്‍’ എന്ന മനോഹരമായ ഗാനം ദേവരാജന്‍ മാസ്റ്റര്‍ അവരെ പഠിപ്പിക്കുന്നത് ഞാന്‍ കണ്ടുനിന്നു . അതൊക്കെ കണ്ട് കേട്ട് മനസിലാക്കുക പിന്നീട് എനിക്ക് നല്ല ഗുണം ചെയ്തു.

‘ചന്ദ്രകളഭം ‘ഫൈനല്‍ റിഹേഴ്‌സല്‍ കഴിഞ്ഞു. പിറ്റേ ദിവസം രണ്ട് മണിക്ക് റെക്കോഡിംഗ് ആണ്. ‘വെയില്‍ കൊള്ളരുത്, റെസ്റ്റെടുക്കണം’ നാളെ റെക്കൊര്‍ഡ് ചെയ്യാനുള്ളതാണ്. ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മിപ്പിച്ചു. താമസസ്ഥലത്തെത്തി കുറെ കഴിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ ഫോണില്‍ വിളിക്കുന്നു. ഉടനെ വീട്ടിലെത്തുക.

ഞാന്‍ വിചാരിച്ചത് അക്കാലത്ത് മാധുരി ചേച്ചിയുടെ ധാരാളം ഗാനമേള കേരളത്തിലും മറ്റു സ്ഥലങ്ങളിലും നടന്നിരുന്നു. ആ ഗാനമേളയില്‍ മെയില്‍ സിംഗര്‍ ഞാനായിരുന്നു. അതിന്റെ റിഹേഴ്‌സലുകള്‍ നടത്താറുണ്ട്. അതായിരിക്കും എന്ന് കരുതിയാണ് ഞാന്‍ ചെന്നത്. അവിടെ കേട്ട ആദ്യ വാചകം തന്നെ എന്നെ തകര്‍ത്തു കളഞ്ഞു. ദേവരാജന്‍ മാസ്റ്റര്‍ കാത്തിരിക്കുകയായിരുന്നു. ‘ആ പാട്ട് നഷ്ടപ്പെട്ടല്ലോടാ’ , വിഷമത്തോടെ അദ്ദേഹം പറഞ്ഞു. സാരമില്ല. സ്തംഭിച്ച് നില്‍ക്കുന്ന എന്നോട് റിഹേഴ്‌സല്‍ റൂമില്‍ വരാന്‍ പറഞ്ഞു. മറ്റൊരു പാട്ട് തന്നു. അത് പാടിച്ചു. ‘ഭഗവാന്‍ ഭഗവാന്‍’ എന്ന ഗാനം പിന്നീട് റെക്കോഡിംഗില്‍ അയിരൂര്‍ സദാശിവനോടൊപ്പം ആ പാട്ട് പാടി.

‘ചന്ദ്രകളഭം’ എന്ന ഗാനം എനിക്ക് ആദ്യം പാടാന്‍ കിട്ടി, പിന്നെ അത് നഷ്ടപ്പെട്ടു. കാരണമെന്തെന്ന് ഞാന്‍ ഒരിക്കലും മാസ്റ്ററോട് ചോദിച്ചിട്ടില്ല.

തലമുറകളുടെ ഹൃദയത്തെ തൊട്ട സംഗീതം നല്‍കിയ ദേവരാജന്‍ വയലാര്‍ ഒരു യാത്രാമൊഴി പോലെ എഴുതിയ ഗാനം ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ ദാസേട്ടന്‍ മനോഹരമായി പാടി അനശ്വരമാക്കി. ഈ ഗാനം എന്റെ ഗാനാലാപത്തിന് ഒരു വഴിത്തിരിവാകുമെന്ന് ദേവരാജന്‍ മാസ്റ്ററും കരുതിയിരുന്നു. പക്ഷേ, വിധി ഇടങ്കോലിട്ടു. ദാസേട്ടന്റെ പതിനായിരം ഗാനങ്ങളില്‍ ഒന്നു മാത്രമാണ് ചന്ദ്രകളഭം’.

ആ ഗാനം ഞാന്‍ പാടിയിരുന്നെങ്കില്‍ എനിക്കത് അത് വലിയൊരു ബ്രേക്കായിരുന്നേനെ എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്.

Vayalar Ramavarma

വയലാര്‍ രാമവര്‍മ

ഏറെക്കാലത്തിന് ശേഷം ആ ഗാനം എനിക്ക് നഷ്ടമായതിന്റെ കാരണം ഞാനറിഞ്ഞു. ആര്‍ക്കും വഴങ്ങാത്ത ദേവരാജന്‍ മാസ്റ്ററുടെ ഏക ദൗര്‍ബല്യമായിരുന്നു വയലാര്‍ രാമവര്‍മ്മ. വയലാറിന്റെ മരണത്തിന് തൊട്ടു മുന്‍പ് രചിച്ച ഗാനങ്ങളായിരുന്നു കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലേത്. തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന വിചാരം വയലാറിന്റെ മനസ്സില്‍ ഉള്ളത് ചന്ദ്രകളഭം എന്ന ഗാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, കൊതി തീരും വരെ, ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ എന്ന വരികളിലെ ധ്വനി. സാധാരണ പാട്ടെഴുതി, വരികള്‍ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ വയലാര്‍ ഇടപെടാറില്ല.

ചന്ദ്രകളഭം യേശുദാസ് തന്നെ പാടണം, യേശുദാസിന്റെ സ്വരമാധുരിയില്‍ തന്നെ തനിക്ക് കേള്‍ക്കണം എന്ന് ദേവരാജന്‍ മാസ്റ്ററോട് ആദ്യമായി വയലാര്‍ ആവശ്യപ്പെട്ടു. അത് യേശുദാസിന്റെ സ്വരത്തില്‍ കേള്‍ക്കാന്‍ താന്‍ എഴുതിയതാണ്. വയലാര്‍ എന്ന തന്റെ പ്രിയപ്പെട്ട കുട്ടന്റെ ഈ ആവശ്യം നിരസിക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് കഴിയില്ല. അതോടെ ആര്‍ക്കും വഴങ്ങാത്ത ദേവരാജന്‍ മാസ്റ്റര്‍ വയലാറിന്റെ ഇഷ്ടം സാധിച്ചു കൊടുത്തു. അങ്ങനെ ആ ഗാനം എനിക്ക് നഷ്ടമായി. അത് വിധിയായ് ഞാന്‍ കരുതുന്നു. വേദന തോന്നിയ ഒരു സംഭവമാണത്. ഏറെക്കാലം
ആ നഷ്ടബോധം ഞാന്‍ മനസ്സില്‍ കൊണ്ടു നടന്നു. ഗാനമേളകളില്‍ കുറെക്കാലം ഈ പാട്ട് സ്ഥിരമായി പാടിയിരുന്നു. പിന്നെ നിറുത്തി. ഇപ്പോള്‍ ഞാനത് പാടാറില്ല.

ദേവരാജന്‍ മാസ്റ്ററുടെ ഗായകന്‍ എന്നറിയപ്പെട്ടെങ്കിലും മറ്റ് സംഗീത സംവിധായകരുടെ ഗാനങ്ങള്‍ പാടാന്‍ ശ്രീകാന്തിന് അവസരം ലഭിച്ചു. അതിലും പാടിയ ഗാനങ്ങള്‍ ഹിറ്റായിരുന്നു.

ശ്രീകുമാരന്‍ തമ്പി എഴുതിയ ‘ചന്ദ്രകിരണങ്ങള്‍ രാഗങ്ങളായി’ അമ്മ എന്ന ചിത്രത്തിലെ ഗാനം, ഡ്യുവറ്റ്. കൂടെ പാടിയത് വാണിജയറാമാണ്. ആശീര്‍വാദത്തിലെ ‘തപ്പുകൊട്ടി പാടുന്ന മണിക്കുട്ടാ’ ഞാന്‍ പാടിയ ഗാനം കമലാഹാസനാണ് പടത്തില്‍ അഭിനയിച്ച് പാടിയത്. പാട്ടിന്റെ തുടക്കത്തിലുള്ള പൊട്ടിച്ചിരി സി. ഒ. ആന്റോ ചേട്ടന്റെതാണ്. അക്കാലത്ത് വളരെ ഹിറ്റായ ഗാനമായിരുന്നു അത്. ഭരണിക്കാവ് ശിവകുമാറിന്റെ വരികള്‍. രണ്ടും എ.കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണം നല്‍കിയതാണ്. ശ്യാം, ജയ വിജയ, കെ. ജെ. ജോയ് , ജെറി അമല്‍ ദേവ്, ജോണ്‍സണ്‍ എന്നിവരുടെ ഈണത്തില്‍ പാട്ടുകള്‍ പാടാനും ഭാഗ്യമുണ്ടായി.

ദ്വന്ദ്വയുദ്ധം (1981) എന്ന ചിത്രത്തില്‍ യേശുദാസ്, ജയചന്ദ്രന്‍ എന്നിവരൊടൊത്ത് ശ്രീകാന്ത് പാടിയ ഹാസ്യ ഗാനമാണ് ‘പരിപ്പുവട തിരുപ്പന്‍ കെട്ടി’ പി.ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ ഈണമിട്ടത് ജെറി അമല്‍ദേവാണ്.

Sreekanth-jayachandran-yesudas

80 കളോടെ ചലച്ചിത്ര രംഗത്തുണ്ടായ മാറ്റങ്ങള്‍ ഗാനങ്ങളെയും സ്പര്‍ശിച്ചു. പുതിയ സംവിധായകര്‍, പുതിയ രീതികള്‍, മദ്രാസില്‍ നിന്ന് മലയാള സിനിമ കേരളത്തിലേക്ക് മാറുന്ന കാലം.

ദേവരാജന്‍ മാസ്റ്റര്‍ക്ക് പടം കുറഞ്ഞു തുടങ്ങി. മറ്റുള്ള സംഗീത സംവിധായകര്‍ പാട്ട് തരുന്നത് നോക്കി കാത്തിരിക്കാന്‍ തോന്നിയില്ല. എന്നെ ആദ്യം പാടിച്ച ദേവരാജന്‍ മാസ്റ്ററെ ചെന്ന് കണ്ട് കാര്യം പറഞ്ഞു. നാട്ടിലേക്ക് മടങ്ങുക. കേരളത്തില്‍ ഗാനമേള നടത്താമല്ലോ എന്നതായിരുന്നു മനസ്സില്‍. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു ‘എന്നാലങ്ങനെയാകട്ടെ’. അങ്ങനെ 80 കളുടെ അവസാനം ശ്രീകാന്ത് കേരളത്തില്‍ തിരികെയെത്തുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുന്നുന്നു. പക്വതയില്ലാത്ത തീരുമാനമായിരുന്നു അതെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നു. അപ്പോഴേക്കും സംഗീത സംവിധായകനായ ജോണ്‍സണ്‍ മദ്രാസില്‍ കുറച്ചു കാലം എന്നോടൊത്ത് താമസിച്ചിരുന്നു. ജോണ്‍സന്‍ എന്നെ അവിടെ പിടിച്ചു നിറുത്താന്‍ ശ്രമിച്ചു. കുറച്ചു കൂടി കാത്തിരുന്നാല്‍ പാട്ടുകള്‍ കിട്ടുമെന്ന് ജോണ്‍സണ്‍ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ, ഞാന്‍ തയ്യാറായില്ല.

കേരളത്തില്‍ തിരികെയെത്തി ഗാനമേള ട്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചതൊന്നും ഫലവത്തായില്ല. പക്ഷേ, ജോണ്‍സണ്‍ എന്നെ മറന്നില്ല. ജോണ്‍സണ്‍ എന്നെ യാദൃശ്ചികമായി തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോള്‍ ശ്യാം ഉള്‍പ്പടെ ചില സംഗീത സംവിധായകര്‍ എന്നെ പാടാന്‍ അന്വേഷിച്ചതായി പറഞ്ഞു. അപ്പോഴാണ് മദ്രാസ് വിട്ടത് മണ്ടത്തരമായി എന്ന് മനസിലായത്. നിന്നിരുന്നെങ്കില്‍ കുറെ അവസരങ്ങള്‍ ലഭിച്ചേനെ.

ജോണ്‍സണ്‍ ഈണമിട്ട തുറന്ന ജയില്‍ (1982) എന്ന ചിത്രത്തില്‍ ഒരു യുഗ്മാനം ‘ മാമാ മാമാ കരയല്ലേ, മിഴിനീരിനിയും ചൊരിയല്ലേ ‘ എന്ന ഗാനം പാടാന്‍ ജോണ്‍സണ്‍ എന്നെ വിളിച്ചു. ലതാ രാജു, ഷെറിന്‍ പീറ്റേഴ്‌സ് എന്ന രണ്ടു ഗായികമാരൊപ്പമാണ് ഇത് ഞാന്‍ പാടിയത്. കൂടാതെ ഒരു വിപ്ലവഗാനങ്ങളുടെ കാസെറ്റിലും ജോണ്‍സണ്‍ എന്നെ പാടിച്ചു.

കമുകറ പുരുഷോത്തമന്‍ സാര്‍ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന പഴയ ഗായകരുടെ ഒരു ട്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ ഗായകനായ ഉദയഭാനു ചേട്ടന്‍ എന്നോട് പറഞ്ഞു, ‘ശ്രീകാന്തും ഞങ്ങളുടെ കൂടെ വേണം.’ അങ്ങനെ ഞാന്‍ അതിന്റെ ഭാഗമായി. കമുകറ പുരുഷോത്തമന്‍, ഉദയഭാനു , സി.ഒ. ആന്റോ, പി. ലീല, കെ. പി. എ. സി. സുലോചന തുടങ്ങി എന്റെ തലമുറക്ക് മുന്‍പുള്ള ഗായകരാടൊത്ത് വേദിയില്‍ പാടാന്‍ കഴിഞ്ഞു. എന്റെ ഗാനങ്ങള്‍ കൂടാതെ ദാസേട്ടന്റെ സന്യാസിനി, ആയിരം പാദസരങ്ങള്‍, ജയേട്ടന്റെ ഹര്‍ഷബാഷ്പം തുടങ്ങിയ ഗാനങ്ങള്‍ പാടിയിരുന്നു. സദസ്സില്‍ നിന്ന് നല്ല സ്വീകരണം ഇവയ്ക്ക് കിട്ടിയിരുന്നു. കമുകറ സാര്‍ എന്നോട് പറഞ്ഞു.’ ശ്രീകാന്ത് നന്നായി പാടുന്നുണ്ട്. എല്ലാ വേദിയിലും ഞാനത് ശ്രദ്ധിച്ചു. ഒന്നു കൂടി മദ്രാസില്‍ പോയി ശ്രമിക്കണം. കൂടുതല്‍ പാട്ടുകള്‍ പാടണം’.

ഗാനരംഗം മാറിക്കഴിഞ്ഞു. പുതിയ രീതികള്‍ പുതിയ സംഗീത സംവിധായകര്‍, പുതിയ ഗായകര്‍ വന്നു. ദിശ മാറിയ കാലത്ത് ശ്രീകാന്ത് എന്ന ഗായകന്‍ സിനിമയില്‍ പാടിയില്ലെങ്കിലും ഗാനമേളകള്‍, ആകാശ വാണി ഗാനങ്ങള്‍ എന്നിവ പാടി.

സിനിമയില്‍ പാടും മുന്‍പ് എം. ജി. രാധാകൃഷ്ണന്റെ ധാരാളം ഗാനങ്ങള്‍ ആകാശവാണിയില്‍ ഞാന്‍ പാടിയിട്ടുണ്ട്. എല്ലാം വളരെ ഹിറ്റായിരുന്നു. ഒ.എന്‍.വിയുടെ ‘കുങ്കുമ ചോലയില്‍’ പീരുമേട്ടിലെ പനിനീര്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ലളിത ഗാനമത്സരങ്ങളില്‍ കുട്ടികള്‍ തിരഞ്ഞെടുത്ത് പാടിയിരുന്നു. എം.കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ ചെയ്ത ഒരു ആല്‍ബത്തില്‍
പാടി.

ഏറെ നാള്‍ക്ക് ശേഷം 2007ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘എ. കെ. ജി എന്ന ചിത്രത്തില്‍ മൂന്ന് ഗാനങ്ങള്‍ ഞാന്‍ പാടി. ജോണ്‍സനും ‘ഒഎന്‍വിയുമായിരുന്നു അതിലെ 14 ഗാനങ്ങള്‍ ഒരുക്കിയത്.

ദീര്‍ഘമായ സംഗീത ജീവിതത്തില്‍ അംഗീകാരങ്ങള്‍ ഗാനരംഗത്ത് നിന്ന് ശ്രീകാന്തിനെ തേടി വന്നോ?

കഴിഞ്ഞ വര്‍ഷം കേരള സംഗീത നാടക അക്കാദമി ‘ഗുരുപൂജ ‘ പുരസ്‌കാരം നല്‍കി ഗാനാലാപന രംഗത്തെ എന്റെ സംഭാവനകളെ ആദരിച്ചു. അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ദേവരാജന്‍ മാസ്റ്റര്‍ എന്ന മഹാപ്രതിഭ ഒരുക്കിയ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതും അദ്ദേഹത്തിനോടൊപ്പം ഏറെ കാലം അടുത്ത് ഇടപഴുകാന്‍ കഴിഞ്ഞതും ഭാഗ്യമായി ഞാന്‍ കരുതുന്നു. എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ വരെ അദ്ദേഹം ഇടപെട്ട് വേണ്ട നിര്‍ദേശങ്ങള്‍ തരുമായിരുന്നു.അത് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരമായി ഞാന്‍ കരുതുന്നു.


കമുകറ ഫൗണ്ടേഷന്‍ നടത്തിയ ഗാനമേളയില്‍ ഞാന്‍ ‘പ്രമദവനം വീണ്ടും’ പാടിക്കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് വന്‍കയ്യടി കിട്ടി. തെന്നിന്ത്യയിലെ ഏറ്റവും മികച്ച ഗായികമാരിലൊരാളായ പി. സുശീലയായിരുന്നു ആ ചടങ്ങിലെ മുഖ്യാതിഥി. സുശീലമ്മയുടെ കൂടെ ചലചിത്ര ഗാനങ്ങളൊന്നും ഞാന്‍ പാടിയിട്ടില്ലെങ്കിലും അവിടെ പാടാനുള്ള ഭാഗ്യം ലഭിച്ചു. തുലാഭാരത്തിലെ പ്രശസ്തമായ ‘ ഓമനത്തിങ്കളിനോണം പിറക്കുമ്പോള്‍’ എന്ന വയലാര്‍ – ദേവരാജന്‍ ഗാനം ഞങ്ങളൊന്നിച്ച് അവിടെ പാടി. പാടുമ്പോള്‍ സുശീലാമ്മ അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

പരിപാടിക്കിടയില്‍ കമുകറ ഫൗണ്ടേഷന്റെ ഭാരവാഹിയായ ശിവന്‍ എന്നോട് പറഞ്ഞു.’ സുശീലാമ്മക്ക് താങ്കളെ കാണണം എന്ന് പറയുന്നു’. എന്നെ കണ്ടപ്പോള്‍ സുശീലാമ്മ കൈകുപ്പി കൊണ്ട് പറഞ്ഞു.’ നിങ്ങളുടെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. എന്തൊരു ഗാംഭീര്യം! എന്താ സിനിമയില്‍ പാടാഞ്ഞത്?.’ അപ്പോള്‍ ശിവന്‍ പറഞ്ഞു,’ഇദ്ദേഹം സിനിമയില്‍ കുറച്ച് ഗാനങ്ങള്‍ പാടിയിട്ടുണ്ട്, പഴയ ഗായകനാണ്’ ഇത് കേട്ട സുശീലാമ്മ പറഞ്ഞു. എവിടെയോ ഇരിക്കേണ്ട ആള്‍. എങ്ങനെ അവസരം കിട്ടാതെ പോയി?’ എന്നിട്ട് ഹാന്‍ഡ്ബാഗില്‍ നിന്ന് ഇത് എന്റെ ചെറിയ ഉപഹാരം എന്ന് പറഞ്ഞ് ഒരു 500 രൂപ നോട്ട് എനിക്ക് തന്നു. എന്റെ എല്ലാ സ്‌നേഹവും ഇതിലുണ്ട്’ അവര്‍ പറഞ്ഞു. എന്റെ കണ്ണു നിറഞ്ഞ് പോയി. ഞാന്‍ രണ്ട് കൈയും നീട്ടി അത് ഏറ്റു വാങ്ങി കണ്ണില്‍ വെച്ചു’. എനിക്ക് ആരും ഇന്ന് വരെ ഒരു അവാര്‍ഡും തന്നിട്ടില്ല. ആ നിരാശ ഇപ്പോള്‍ മാറി’ നിറകണ്ണോടെ, ഞാന്‍ സുശീലാമ്മയോട് പറഞ്ഞു.

75 വയസ് പൂര്‍ത്തിയായി ‘ഇപ്പോഴും പാട്ടില്‍ തന്നെയാണോ ശ്രീകാന്തിന്റെ ലോകം?

ഗാനാപനത്തിന്റെ 50 ആം വര്‍ഷത്തില്‍ വീണ്ടും പാടുകയാണ് നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒരു ഗാനം. ‘സ്വരനിവേദ്യ’വും ‘മുരളീരവ’വും ചേര്‍ന്ന് പുറത്തിറക്കുന്ന ‘രാഗമയൂരം’ എന്ന ആല്‍ബത്തില്‍. ഗാനം രചിച്ചത് മേതില്‍ സതീശന്‍. രാഗമാലികയായി സ്വരപ്പെടുത്തിയത് ഗോകുല്‍ മേനോന്‍. ഈ സംഗീത ആല്‍ബം ഉടനെ പുറത്ത് വരും.

Singer Sreekant

ചന്ദ്രകളഭം ചാര്‍ത്തിയെന്ന ഗാനം പാടാന്‍ സാധിക്കാത്ത നഷ്ടബോധം പോലെ മറ്റെന്തെങ്കിലും തിക്താനുഭവങ്ങള്‍ ഗാനരംഗത്ത് നിന്ന് ഉണ്ടായോ?

1992 ഓഗസ്റ്റില്‍ മലയാള ചലചിത്ര സംഗീതത്തിന്റെ 50ാം വാര്‍ഷികം തിരുവനന്തപുരത്ത് വെച്ച് വിപുലമായി ആഘോഷിച്ചു. ദേവരാജന്‍ മാസ്റ്റാറായിരുന്നു അതിന്റെ ശില്‍പ്പി. യേശുദാസ് ഉള്‍പ്പെടെ മലയാള ഗാനശാഖക്ക് സംഭാവന നല്‍കിയ ഒട്ടു മിക്കഗായകരും, ഗായികമാരും, ഗാനരചയിതാക്കളും, സംഗീത സംവിധായകരും പങ്കെടുത്ത, മൂന്നു ദിവസമായി ടാഗോര്‍ ഹാളില്‍ നടന്ന ആ മഹാസംഗീത മേളക്ക് എന്നെ വിളിച്ചില്ല.

യേശുദാസിന്റെയും ജയചന്ദ്രന്റെയും ഒപ്പം പാടിയ, വയലാറിന്റെയും, പി.ഭാസ്‌കരന്റെയും, ശ്രീകുമാരന്‍ തമ്പിയുടേയും ഗാനങ്ങള്‍ പാടിയ, നൂറോളം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് ഞാന്‍ എന്റെ സംഭാവനകളും ആ പരിപാടിയില്‍ ഉള്‍കൊള്ളിക്കേണ്ടതല്ലേ? ഒരു കാരണവുമില്ലാതെ എന്നെ സംഘാടകര്‍ ഒഴിവാക്കി. പൊറുക്കാനാവാത്ത അപരാധമാണ് അവര്‍ എന്നോട് ചെയ്തത്. തിരുവനന്തപുരത്ത് ഞാന്‍ താമസിക്കുന്ന കാര്യം അവര്‍ക്കറിയാത്തതല്ല. മലയാള ചലചിത്ര സംഗീതത്തിന്റെ 50ാം വര്‍ഷത്തിന്റെ ഭാഗമായി ഒരു ഗാനസ്മരണിക പുറത്തിറക്കിയിരുന്നു. ഗായകരുടെ വിഭാഗത്തില്‍ ചേര്‍ക്കാന്‍ എന്റെ വിവരങ്ങള്‍ ഒരാള്‍ വാങ്ങി പോയി. പുസ്തകം അച്ചടിച്ച് വന്നപ്പോള്‍ എന്നെ കുറിച്ച് കുറിപ്പ് ഉണ്ട്. പക്ഷേ, ഫോട്ടോ കൊടുക്കേണ്ട ഭാഗം ശ്യൂന്യം. ശ്രീകാന്ത് എന്ന ഗായകന്റെ ഒരു പടം പോലും അവര്‍ അതില്‍ ഉള്‍പ്പെടുത്തിയില്ല.

ദേവരാജന്‍ മാസ്റ്റര്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഒരു പരിപാടിയില്‍ എന്നെ അവഗണിച്ചതിനെ കുറിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ദേവരാജന്‍ മാസ്റ്ററോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.’ സാരമില്ല . നിന്നെ ആദ്യം പാട്ട് പാടിച്ച ആള്‍ ഞാനല്ലേ, അത് പോരേ? അതൊരു വേദനിപ്പിച്ച അനുഭവമായിരുന്നു.

തന്റെ ആലാപനത്തിന്റെ ഇതിഹാസമായി മാറിയ പാട്ട് ഇപ്പോഴും ഗാനലോകത്ത് മറക്കാതെ അലയടിക്കുന്നുണ്ട്, ഇതിഹാസങ്ങള്‍ നമ്മളേറ്റു പാടിയെന്ന സന്തോഷവുമായി സംഗീത ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ശ്രീകാന്ത് മൂളുന്നു; ‘അനശ്വരമല്ലോ പ്രേമം.’  Malayalam playback-singer sreekanth interview 

Content Summary; Malayalam playback singer sreekanth interview

Leave a Reply

Your email address will not be published. Required fields are marked *

×