മൂന്നു വര്‍ഷമായി ജസ്പ്രിത് ബുംറയെ ടെസ്റ്റില്‍ ആരും സിക്‌സ് അടിച്ചിട്ടില്ല. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍, 4,483 പന്തുകളില്‍ ഒരു സിക്‌സ് പോലും ബുംറ വഴങ്ങിയിട്ടില്ല. ആ ബുംറയെയാണ് ഒരു 19 കാരന്‍ രണ്ട് തവണ ബൗണ്ടറിക്ക് വെളിയിലേക്ക് പറത്തിയത്. ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം, ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ കുപ്പായത്തില്‍ ഇറങ്ങിയ പുതുമുഖം സാം കോണ്‍സ്റ്റാസ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ഏകദിന ശൈലയിലെ ബാറ്റിംഗ്. 65 പന്തില്‍ 60 റണ്‍സ്. നാല് ഫോറും രണ്ട് സിക്‌സും.Sam Konstas Australia’s Rising Star
പാറ്റ് കമ്മിന്‍സ്, ഇയാന്‍ ക്രെയ്ഗ്, ടോം ഗാരറ്റ് എന്നിവരുടെ പാത പിന്തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന നാലാമത്തെ പ്രായം കുറഞ്ഞ ഓസ്ട്രേലിയന്‍ താരമായി മാറിയിരിക്കുന്ന സാം, തന്റെ വരവ് ലോകത്തെ അറിയിച്ചു കഴിഞ്ഞിരിക്കുന്നു.
എംസിജെ ഗ്രൗണ്ടില്‍ കോഹ്‌ലിയുമായി കൊമ്പു കോര്‍ത്തെങ്കിലും, പൊതുവില്‍ പ്രായത്തെക്കാള്‍ കവിഞ്ഞ പകത്വ കാണിക്കുന്ന ഒരു കൗമാരക്കാരനായാണ് സാം അറിയപ്പെടുന്നത്. ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ അയാള്‍ വീണു പോകാറില്ല, തന്റെ കളിയിലും കഴിവിലും മാത്രമാണ് ശ്രദ്ധ.
‘എന്നെ സംബന്ധിച്ച് ഇത് മറ്റൊരു ദിവസം മാത്രമാണ്’ എന്നായിരുന്നു കന്നി ടെസ്റ്റിന് മുന്നോടിയായുള്ള കോണ്‍സ്റ്റാസിന്റെ നിലപാട്. ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമായൊരു നിമിഷമാണെങ്കിലും ഞാന്‍ എന്റെ കഴിവില്‍ മാത്രം വിശ്വസിക്കുകയും, സ്വാഭാവിക കളി കളിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ആകാശത്തിനു കുറുകെ മിന്നിമാഞ്ഞെന്ന പോലെ പായുന്ന ഒരു ഉല്‍ക്ക ശകലം പോലെയായിരുന്നു കോണ്‍സ്റ്റാസിന്റെ ഉയര്‍ച്ചയും വിജയവും. ഏതാനും മാസങ്ങള്‍ക്ക് മുമ്പു വരെ, അധികം പേരൊന്നും കോണ്‍സ്റ്റാസിനെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കഥ മാറിയത്, ഷെഫീല്‍ഡ് ഷീല്‍ഡിലെ രണ്ടും മിന്നും സെഞ്ച്വറിയോടെയാണ്. അതോടെ കോണ്‍സ്റ്റാസ്, ഇതിഹാസ താരം റിക്കോ പോണ്ടിംഗ് അടക്കമുള്ളവരോടെ താരതമ്യം ചെയ്യപ്പെടാന്‍ തുടങ്ങി. തുടര്‍ന്നുള്ള കോണ്‍സ്റ്റാസിന്റെ പ്രകടനങ്ങളും, ആ പ്രതീക്ഷകളെ ഉയര്‍ത്തുന്നവയായിരുന്നു.
തന്റെ അക്രമണോത്സുക ശൈലിക്ക് പേരു കേട്ടവനാണെങ്കിലും, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മിടുക്കും ഈ ചെറുപ്പക്കാരനുണ്ട്. കാന്‍ബറയില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്കെതിരെ 97 പന്തില്‍ നേടിയ 107 റണ്‍സും, എംസിജിയില്‍ ഓസ്ട്രേലിയ എയ്ക്കായി പുറത്താകാതെ അടിച്ചെടുത്ത 73 റണ്‍സും അദ്ദേഹത്തിന്റെ മികവിന്റെ അടയാളങ്ങളായിരുന്നു.
ശക്തരായ എതിരാളികളെയും പ്രതികൂല സാഹചര്യങ്ങളെയും ഒരുപോലെ നേരിടാനുള്ള കോണ്‍സ്റ്റാസിന്റെ മികവ് തന്നെയാണ്, അയാളെ ദേശീയ ടീം സിലക്ടര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും. കരുത്തരായ ഇന്ത്യക്കു മുന്നില്‍ വ്യത്യസ്തനായൊരു പ്രതിയോഗിയെ അവതരിപ്പിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് ആത്മവിശ്വാസമുണ്ടായതും അങ്ങനെയാണ്.
ഓസീസ് മുന്‍ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ ദീര്‍ഘകാലമായി ഒരു ഉപദേശകനായി കോണ്‍സ്റ്റാസിന്റെ കൂടെയുണ്ട്. സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് അയാള്‍ പഠിച്ചതും വാട്‌സണില്‍ നിന്നാകാം. വളരെ അടുത്ത ബന്ധമാണ് വാട്‌സണുമായി കോണ്‍സ്റ്റാസിനുള്ളത്. മാനസികമായ തയ്യാറെടുപ്പുകള്‍ക്കും കഠിനമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും യുവതാരത്തെ പ്രാപ്തനാക്കിയത് ആ ബന്ധമാണ്.
16 വയസ് മുതല്‍ വാട്‌സണ്‍ കോണ്‍സ്റ്റാസിനൊപ്പമുണ്ട്. ക്രിക്കറ്റിനോട് ലളിതവും എന്നാല്‍ ശക്തവുമായ ഒരു സമീപനം കോണ്‍സ്റ്റാസില്‍ ഉണ്ടാക്കിയെടുക്കുന്നതും വാട്‌സണായിരുന്നു. ഫലത്തിലല്ല, കര്‍മത്തില്‍ വിശ്വസിക്കാനായിരുന്നു തന്റെ ശിഷ്യനോട് വാട്‌സണ്‍ എന്നും ഉപദേശിച്ചിരുന്നത്.
‘ ഞാന്‍ ഈ നിമിഷത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്’ എന്നായിരുന്നു സാക്ഷാല്‍ ജസ്പ്രിത് ബുംറയെ നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മത്സരത്തിന് മുമ്പ് കോണ്‍സ്റ്റാസിന് പറയാനുണ്ടായിരുന്നത്. എന്താണോ അയാള്‍ മനസില്‍ തീരുമാനിച്ചത്, അത് തന്നെയാണ് എംസിജെയില്‍ ലോകം കണ്ടതും. ബുറം-കോണ്‍സ്റ്റാസ് ഏറ്റുമുട്ടല്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍, അയാള്‍ എതിരാളിയെക്കുറിച്ചില്ല, സ്വന്തം കളിയില്‍ മാത്രമായിരുന്നു ശ്രദ്ധ കൊടുത്തത്.
ബിഗ് ബാഷ് ലീഗിലെ കോണ്‍സ്റ്റാസിന്റെ സമീപകാല പ്രകടനങ്ങള്‍ ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ സെലക്ഷനെ നീതികരിക്കുന്നതായിരുന്നു. പ്രത്യേകിച്ചും സിഡ്നി തണ്ടറിനായുള്ള അദ്ദേഹത്തിന്റെ ഗംഭീരമായ അരങ്ങേറ്റം. വെറും 20 പന്തില്‍ അടിച്ചത് 50 റണ്‍സ്. എത്ര വലിയ സമ്മര്‍ദ്ദവും സുപ്രധാന മത്സരങ്ങളും തനിക്ക് നേരിടാന്‍ കഴിയുമെന്ന വിളംബരമായിരുന്നു ആ പ്രകടനം. പരിശീലന മത്സരങ്ങളിലെ പ്രകടനവും സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടാനുള്ള മാനസികമായ കരുത്തും ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ആദ്യ ഇലവനില്‍ കോണ്‍സ്റ്റാസിനെ ഉള്‍പ്പെടുത്താന്‍ ടീമിനെ പ്രേരിപ്പിച്ചു.
അയാള്‍ക്ക് പ്രായം 19 ആണെങ്കിലും, പക്വമായ പെരുമാറ്റം കളിക്കളത്തില്‍ മാത്രമല്ല അയാള്‍ പ്രകടിപ്പിക്കുന്നത്. ഓസ്ട്രേലിയന്‍ ടീമുമൊത്തുള്ള തന്റെ ആദ്യ പരിശീലന സെഷനില്‍, കോന്‍സ്റ്റാസ് തന്റെ വിനീതവുമായ പെരുമാറ്റം കൊണ്ട് എല്ലാവരിലും നല്ല മതിപ്പുണ്ടാക്കിയിരുന്നു. സഹതാരം മാര്‍നസ് ലാബുഷാനെയ്ക്കു വേണ്ടി തന്റെ പരിശീലനം സമയം കുറച്ച കോണ്‍സ്റ്റാസ്, തുടര്‍ന്ന് മാര്‍നസിന് വേണ്ടി നെറ്റില്‍ പന്തെറിഞ്ഞു കൊടുക്കുകയും ചെയ്തു.
വാട്സണുമായി തന്നെ താരതമ്യപ്പെടുത്തുന്നത് ഒരു അഭിനന്ദനമായി കാണുന്നുണ്ടെങ്കിലും അയാള്‍ തന്റെ കളിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഷ്യല്‍ മീഡിയ ഹൈപ്പില്‍ അയാള്‍ ഒട്ടും ആവേശം കൊള്ളുന്നുമില്ല. ‘കളി മുന്നോട്ട് കൊണ്ടുപോകാനും ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു” എന്നാണ് കോണ്‍സ്റ്റാസ് പറയുന്നത്. ‘അദ്ദേഹം(വാട്‌സണ്‍) ക്രിക്കറ്റിലെ ഒരു ഇതിഹാസമാണ്, അരങ്ങേറ്റം കുറിക്കാനായാല്‍ അദ്ദേഹത്തെ പോലെയാകാന്‍ ഞാനും ശ്രമിക്കും’ എന്നായിരുന്നു മത്സരത്തിനു മുമ്പ് കോണ്‍സ്റ്റാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഒരു ഉല്‍ക്കാശിലയെന്നപോലെ അയാള്‍ വിശേഷിക്കപ്പെട്ടത്, അമിതപ്രശംസയായില്ലെന്ന് ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ തെളിയിച്ചു. എന്തായാലും അന്താരാഷ്ട്ര വേദികളില്‍ ഓസ്‌ട്രേലയ്ക്ക് അയാളെ ധൈര്യമായി അവതരിപ്പിക്കാം; ക്രിക്കറ്റില്‍ പേടിക്കേണ്ട മറ്റൊരു ഓസ്‌ട്രേലിയന്‍ അപകടകാരിയായി. Sam Konstas Australia’s Rising Star
Content Summary; Sam Konstas Australia’s Rising Star