February 19, 2025 |
Share on

സനാതന വിവാദം: പിണറായി വിജയനെ പിന്തുണച്ച് ശ്രീനാരായണ മാനവധര്‍മ്മം ട്രസ്റ്റ്

സനാതന ധര്‍മ്മം എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്താണ്?

ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് കൊണ്ട് ശ്രീനാരായണ മാനവ ധര്‍മ്മം ട്രസ്റ്റ് രംഗത്തെത്തി. പ്രസംഗം വിവാദമാവുകയും സനാതന ധര്‍മ്മം എന്ന ആശയത്തിന് വേണ്ടി മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിവിധ സംഘപരിവാര്‍ സംഘടനകളും ശിവഗിരി മഠം അധ്യക്ഷനും രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിലാണ് ശ്രീനാരായണ മാനവധര്‍മ്മം ട്രസ്റ്റിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്യുന്നുവെന്നും മറ്റ് വാദങ്ങളെ തള്ളിക്കളയണമെന്നും ട്രസ്റ്റിന്റെ ചെയര്‍ പേഴ്സണ്‍ പ്രൊഫ.മോഹന്‍ ഗോപാലും ജനറല്‍ സെക്രട്ടറി സുദേഷ് എം.രഘുവും അടക്കമുള്ളവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.Sanatana controversy: sree narayana manavadharmam trust support pinarayi vijayan 

വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:

‘ശ്രീനാരായണ ഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധര്‍മ്മം എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്താണ്? അത് വര്‍ണാശ്രമ ധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. ആ വര്‍ണാശ്രമ ധര്‍മ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്ത് നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മ്മം’

92-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്.

ഇതേക്കുറിച്ച് ഇപ്പോള്‍ പലരും പല വ്യാഖ്യാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ശിവഗിരി മഠം അധ്യക്ഷന്‍ സച്ചിദാനന്ദസ്വാമി തന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ‘മതങ്ങളെല്ലാം ആവിര്‍ഭവിക്കുന്നതിന് മുമ്പായി ഭാരതത്തില്‍ ഒരു സംസ്‌കാരമുണ്ടായിരുന്നു. ഭേദചിന്തകള്‍ക്കതീതമായ ഔപനിഷദമായ ദര്‍ശനം. അതാണ് ശുദ്ധ സനാതന ധര്‍മ്മം’ എന്നാണ് സ്വാമി കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ വാദിക്കുന്നത്.

ശ്രീനാരായണ ഗുരുദേവന്‍ സനാതന ധര്‍മം എന്ന സങ്കല്പത്തിനെക്കുറിച്ച് കേരളകൗമുദി പത്രാധിപര്‍ സി.വി. കുഞ്ഞിരാമനുമായി നടത്തിയ, 1925ല്‍ കേരളകൗമുദി പ്രസിദ്ധീകരിച്ച സംവാദത്തില്‍ വ്യക്തമായി പറഞ്ഞു: ‘സനാതനമായ ഏതെങ്കിലും ഒരു ധര്‍മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനില്‍ക്കുവാന്‍ കഴിയുന്നതല്ല.’.

ഇതിന്റെ അര്‍ഥം, എല്ലാ മതങ്ങളിലും പല സനാതന ധര്‍മങ്ങളുണ്ടെന്നാണ്; ഇസ്ലാമിലും ക്രിസ്തുമതത്തിലും ഉള്‍പ്പെടെ.

ഗുരു പ്രത്യേകം എടുത്തു പറഞ്ഞു: ‘സനാതനധര്‍മങ്ങള്‍ തുല്യപ്രധാനങ്ങളാണ്.’ ‘ഒന്നിനെയും, ഇതുമാത്രം ശരിയെന്ന് പ്രമാണമാക്കേണ്ട’ എന്നും ഗുരു പഠിപ്പിച്ചു.

മതം എന്നാല്‍, വ്യക്തിപരമായ അഭിപ്രായമാണെന്ന് പഠിപ്പിച്ച ഗുരു, 20 കോടി (1925ല്‍) ഹിന്ദുക്കളുണ്ടെന്ന് പറഞ്ഞു.അതിന്നര്‍ഥം, 20 കോടി മതങ്ങള്‍ ഉണ്ടെന്നുള്ളതാണ്. ഇതാണ് സത്യമെന്നും ഗുരു ചൂണ്ടിക്കാണിച്ചു. സനാതന ധര്‍മം എന്ന ഏതോ ഒരു മതമുണ്ടെന്നും അത് ഗുരുവിന്റെ മതമാണെന്നും പറയുന്നത് വിഡ്ഢിത്തം മാത്രമാണ്.

‘സനാതന ധമ്മം’, അതായത് എന്നെന്നേക്കും നിലനില്‍ക്കേണ്ട മനുഷ്യമൂല്യങ്ങള്‍ എന്ന, മതാതീതവും സാര്‍വത്രികവുമായ സങ്കല്പം ആദ്യം ഉദ്ഭവിക്കുന്നത് ബുദ്ധിസത്തിലാണ്; മനുഷ്യന്റെ ആധ്യാത്മികതയെ പൗരോഹിത്യാധിപത്യത്തില്‍ നിന്നു രക്ഷിക്കാന്‍. ലോകത്തുള്ള എല്ലാ മനുഷ്യരെയും ജീവികളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന, ഒന്നിക്കുന്ന ഈ ബൗദ്ധ സങ്കല്പം, നാലു ജന്മരീതികളിലൂടെ, നാലു ജാതികളായി (വര്‍ണങ്ങളായി) ജനിക്കുന്നവരല്ലാതെ, മറ്റാരും മനുഷ്യരല്ലെന്ന് വിശ്വസിക്കുന്ന വര്‍ണാശ്രമ പ്രത്യയശാസ്ത്രത്തിന് എക്കാലത്തും അതിശക്തമായ വെല്ലുവിളിയാണ്.

‘സനാതന ധമ്മ’ മെന്ന ബുദ്ധമത സങ്കല്‍പ്പത്തെ പരാജയപ്പെടുത്താന്‍, ആ സങ്കല്പത്തിനെത്തന്നെ പിടിച്ചെടുത്ത് ഇന്ത്യയിലുള്ള മനുഷ്യരെ അഞ്ച് വിഭാഗങ്ങളായി വിഭജിച്ച് അഞ്ചാമത്തെ വിഭാഗത്തില്‍പ്പെട്ടവരുടെ മനുഷ്യ പദവിയും അവകാശങ്ങളും നിഷേധിച്ച് അവരെ അടിമ വര്‍ഗത്തിലേക്ക് മാറ്റുന്ന വര്‍ണ വ്യവസ്ഥയുടെ പുതിയ പേരാക്കി, സനാതന ധമ്മത്തിനെ സംസ്‌കൃതവത്കരിച്ച് ‘സനാതന ധര്‍മം’ ആക്കി മാറ്റിയിരിക്കുകയാണ് വര്‍ണാശ്രമ ശക്തികള്‍; ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, സവര്‍ണ ശക്തികള്‍, ഗൗതമ ബുദ്ധന്റെ ബൗദ്ധിക സ്വത്ത് അപഹരിച്ചിരിക്കുകയാണ്. ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണം.

ചരിത്രപരമായി, യഥാര്‍ത്ഥ ഫാസിസ്റ്റ് ബ്രാഹ്‌മണ സാമൂഹിക വ്യവസ്ഥയെ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിനായി, ദൈവശാസ്ത്രപരമായി വളരെ യാഥാസ്ഥിതികവും ചുരുങ്ങിയതും മിതവുമായ പരിഷ്‌കാരങ്ങള്‍ മാത്രം ആവശ്യപ്പെട്ട ആര്യസമാജം, ബ്രഹ്‌മസമാജം പോലുള്ള പരിഷ്‌കരണ ശ്രമങ്ങളെ ചെറുക്കുന്നതിനുള്ള ഒരു മൗലികവാദ പ്രസ്ഥാനമായാണ് സനാതന ധര്‍മ്മം ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്.

ജാതിഹിന്ദുക്കള്‍, ഇന്ത്യയില്‍ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കുമെന്നും ‘ഹരിജന’ങ്ങളെ ഉപദ്രവിക്കാന്‍ വര്‍ണാശ്രമ ധര്‍മ്മം തിരികെ കൊണ്ടുവരുമെന്നുമുള്ള തങ്ങളുടെ ഭയം രണ്ടു ദലിത് അംഗങ്ങള്‍ (ശ്രീ. മുനിസ്വാമി പിള്ളയും ശ്രീ. നാഗപ്പയും) സ്വാതന്ത്ര്യം ലഭിച്ച് 12-ാം ദിവസം, ഭരണഘടനാ അസംബ്ലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 78 വര്‍ഷങ്ങള്‍ക്കു ശേഷം, അവര്‍ ഭയപ്പെട്ടിരുന്നത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

സനാതന ധര്‍മം, ഹിന്ദുത്വം, ഹിന്ദുയിസം, ഹിന്ദു രാഷ്ട്രം മുതലായ അപരനാമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയെ തകര്‍ത്ത് ഇന്ത്യയില്‍ ‘വര്‍ണഘടന’ ഭരണം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാര്‍.

മതവിദ്വേഷത്തിനെതിരെ പോരാടിയ ഗുരുദേവന്‍ പഠിപ്പിച്ചത് ഇങ്ങനെയാണ്:

”മതങ്ങള്‍ തമ്മില്‍ പൊരുതാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഈ മതപ്പോരിന് അവസാനം ഉണ്ടാകണമെങ്കില്‍ സമബുദ്ധിയോട് കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്ത്വങ്ങളില്‍ അവയ്ക്ക് തമ്മില്‍ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ട് കിട്ടുന്ന മതമാണ് നാം ഉദ്ദേശിക്കുന്ന ഏക മതം (അഥവാ മാനവധര്‍മം)’.

മുഖ്യമന്ത്രി ഇത് സംബന്ധമായി ചെയ്ത പ്രസംഗം അതുകൊണ്ടുതന്നെ ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് സ്വാഗതം ചെയ്യുന്നു. മറിച്ചുള്ള വാദങ്ങളെ തള്ളിക്കളയണമെന്നും അഭ്യര്‍ഥിക്കുന്നു.Sanatana controversy: sree narayana manavadharmam trust support pinarayi vijayan 

Content Summary: Sanatana controversy: sree narayana manavadharmam trust support pinarayi vijayan

×