June 13, 2026 |

‘മുസ്ലിങ്ങളെയും കശ്മീരികളെയും വേട്ടയാടരുത്’ സംഘപരിവാറിനെ ചൊടിപ്പിച്ച് ഹിമാൻഷിയുടെ വാക്കുകൾ; സൈബറാക്രമണവുമായി ബിജെപി അനുകൂല ​ഗ്രൂപ്പുകൾ

രാജ്യവ്യാപകമായി മുസ്ലിമുകൾക്കും കശ്മീരികൾക്കുമെതിരെ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്

പഹൽഗാം ഭീകാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷിയ്ക്കെതിരെ സൈബറാക്രമണവുമായി സംഘപരിവാർ അനൂകൂലികൾ. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന ഹിമാൻഷിയുടെ പരാമർശമാണ് സംഘപരിവാർ അനുകൂലികളെ ചൊടിപ്പിച്ചത്.

മെയ് ഒന്നിന് ലെഫ്. വിനയ് നര്‍വാളിന്‍റെ 27-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്വദേശമായ ഹരിയാനയിലെ കര്‍ണാലിലായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹിമാൻഷി. ഭീകരാക്രമണത്തിന് ശേഷം രാജ്യവ്യാപകമായി മുസ്ലിമുകൾക്കും കശ്മീരികൾക്കുമെതിരെ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. അത് തുടരരുതെന്നും അവരും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞതിനാണ് സംഘപരിവാർ അനുകൂല ഗ്രൂപ്പുകൾ വഴി ഹിമാൻഷിയ്ക്കെതിരെ ആക്രമണം അഴിച്ചു വിട്ടത്. ഞങ്ങൾക്ക് ആരോടും വിദ്വേഷമില്ലെന്നും സമാധാനം മാത്രമാണ് കുടുംബം ആഗ്രഹിക്കുന്നതെന്നും ഹിമാൻഷി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടാണ് ഹിമാൻഷിയുടെ ഈ അഭിപ്രായ പ്രകടനമെന്നാണ് സംഘപരിവാറിന്റെ വാദം. സമാധാനം ആവശ്യപ്പട്ട് ഹിമാൻഷി നടത്തിയ പരാമർശത്തിന് പിന്തുണയുമായി പലരും രംഗത്തു വന്നിരുന്നു. എന്നാൽ അതിന് പിന്നാലെയാണ് സൈബർ ആക്രമണവുമായി സംഘപരിവാർ അനുകൂല ഗ്രൂപ്പുകൾ രംഗത്ത് വന്നത്. ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കുന്നില്ല ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നു എന്നിങ്ങനെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്ന തരത്തിലുള്ള കമന്റുകളും കാണാം.

ദേശവിരു​ദ്ധയെന്നും ഹിമാൻഷിയെ അഭിസംബോധന ചെയ്തിരിക്കുന്നത് കാണാം. ഹിമാൻഷിയ്ക്കെതിരെ സൈബറാക്രമണം നടത്തുന്ന അക്കൗണ്ടുകളിലേറെയും വ്യാജ അക്കൗണ്ടുകളാണ്. പഹൽ​ഗാം ഭീകരാക്രമണം സംഭവിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ രാജ്യവ്യാപകമായി വർ​ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പലപ്പോഴായി സംഘപരിവാറിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ടായിരുന്നു. അത്തരത്തിൽ ഒരു ശ്രമം തന്നെയാണ് ഹിമാൻഷിയ്ക്കെതിരെയുള്ള സൈബർ ആക്രമണവും. ഹിമാൻഷിയുടെ ദേശ സ്നേഹം ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റുകളും കാണാം. എഡിറ്റ് ചെയ്ത വീഡിയോകളും സ്ക്രീൻഷോട്ടുകളും പോസ്റ്റ് ചെയ്ത് കൊണ്ട് വിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് സമൂഹ മാധ്യമം വഴി. ഹിമാൻഷിയുടെ സുഹൃത്ത് ബന്ധങ്ങളും സൈബർ ആക്രമണത്തിൽ ചർച്ച ആവുന്നുണ്ട്. മുസ്ലിം സുഹൃത്തുക്കളുടെ എണ്ണവും അവരുമായുള്ള ഇടപെടലുമെല്ലാം വിദ്വേഷ പ്രചരണത്തിനായി ഉപയോ​ഗിക്കുന്നു. ഭീഷണിപ്പെടുത്തുന്ന തരത്തിലും ഹിമാൻഷിയുടെ നഷ്ടത്തെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റുകളും കാണാം.

ഹിമാൻഷിയ്ക്ക് പിന്തുണയറിച്ച് കൊണ്ട് നാഷണൽ കമ്മീഷൻ ഫോർ വുമൺ (എൻസിഡബ്ല്യൂ) രംഗത്തു വന്നിട്ടുണ്ട്. വ്യക്തി ജീവിതത്തിന്റെ ഭാ​ഗമായോ അല്ലെങ്കിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിലോ ഒരു സ്ത്രീയ്ക്കെതിരെ നടക്കുന്ന സൈബറാക്രമണം ഒരിക്കലും
അം​ഗീകരിക്കാനാവില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഹിമാൻഷി രാജ്യദ്രോഹിയാണെന്ന തരത്തിൽ നടക്കുന്ന സമൂഹ്യ മാധ്യമം വഴി സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചരണം അങ്ങേയറ്റം അപലപനീയവും നിർഭാ​ഗ്യകരവുമാണെന്ന് വനിത കമ്മീഷൻ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു. ഏതൊരു യോജിപ്പും വിയോജിപ്പും എല്ലായ്പ്പോഴും മാന്യതയോടും ഭരണഘടനാ അവകാശങ്ങൾക്കുള്ളിൽ നിന്നും ആയിരിക്കണമെന്നും ഓരോ സ്ത്രീയുടെയും അന്തസും അഭിമാനവും സം​രക്ഷിക്കാൻ വനിതാ കമ്മീഷൻ പ്രതിജ്ഞാബന്ധമാണെന്നും പ്രസ്താവനയിൽ വനിതാ കമ്മീഷൻ വ്യക്തമാക്കി.

ഏപ്രിൽ 16ന് ആയിരുന്നു കൊച്ചിയിൽ നേവി ഉദ്യോ​ഗസ്ഥനായ വിനയ് നർവാളും ഹിമാൻഷിയും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ആറാം ദിനം കശ്മീരിൽ മധുവിധു ആഘോഷിക്കുന്നതിനിടയിലാണ് ഭീകരാക്രമണത്തിൽ വിനയ് കൊല്ലപ്പെടുന്നത്. വെടിയേറ്റ് കിടക്കുന്ന വിനയ്ക്കരികിൽ വേദനയടക്കി പിടിച്ചിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഭീകരത വിളിച്ചോതുന്ന ഈ ചിത്രം ലോകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.

content summary: A cyber attack took place in response to Himanshi’s statement urging people not to target Muslims and Kashmiris over the Pahalgam attack

Leave a Reply

Your email address will not be published. Required fields are marked *

×