രാമായണവും മഹാഭാരതവുമല്ല; ഉയര്‍ത്തിപ്പിടിക്കുക ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രീയത്തെ

ഡോ. ടിഎസ് ശ്യാംകുമാറിന് നേരെ സംഘപരിവാര്‍ ആക്രമണം

കന്യാകുമാരി ജില്ലയിലെ കുഴിത്തുറയില്‍ സിപിഎം സംഘടിപ്പിച്ച സനാതന ധര്‍മത്തെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുത്ത് മടങ്ങവേ നടന്ന ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ പുതുമ തോന്നുന്നില്ലെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. ടിഎസ് ശ്യാംകുമാര്‍. “എനിക്ക് നേരെ അടിക്കടി ആക്രമണം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം, നമ്മുടെ രാജ്യം ആകമാനം ഹിന്ദുത്വ ഭരണകൂടം ഭരിക്കുന്ന കാലഘട്ടത്തിലാണ് ഉള്ളത് എന്നതിനാലാണ്. നിലവില്‍ നമ്മുടെ രാജ്യത്തെ ഭരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയല്ല. മറിച്ച് ഹിന്ദുത്വവാദത്തെ ആസ്പദമാക്കിയിട്ടുള്ള ബ്രാഹ്‌മണ്യമൂല്യ വ്യവസ്ഥകള്‍ രാജ്യത്തെ ഭരിക്കുന്നതിന് വേണ്ടി വിട്ടുകൊടുത്തിരിക്കുന്ന പ്രവണതയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും” ടിഎസ് ശ്യാംകുമാര്‍ അഴിമുഖത്തോട് പറഞ്ഞു.sanghparivar attack again on ts shyamkumar

“സനാതന ധര്‍മം കോവിഡ് മഹാമാരി പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്നത് മുതല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവമായി ഇടപെടുന്ന ആളാണ് ഞാന്‍. അതുപോലെ രാമായണവുമായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രത്തില്‍ തുടര്‍ച്ചയായി സീരീസുകള്‍ എഴുതിയപ്പോഴും സംഘപരിവാറിന്റെ നേതൃത്വത്തില്‍ പത്രം കത്തിക്കുകയും എനിക്കെതിരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയുമുണ്ടായി. അന്നൊക്കെ ഉണ്ടായ ആക്രമണങ്ങളില്‍ നിന്നും കുറേക്കൂടി ശക്തമായ രീതിയില്‍ കായികാക്രമണത്തിന്റെ നിലയിലേക്കാണ് ഇക്കുറി അത് മാറിയത്. മുമ്പ് സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളും മറ്റുമാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ നേരിട്ട് കൈയേറ്റം ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.

എനിക്ക് നേരെ തുടര്‍ച്ചയായ ആക്രമണമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. രാജ്യം ഹിന്ദുത്വ ഭരണകൂടത്തിന്റെ അധീനതയിലായതോടെ ഇതൊരു തുടര്‍ച്ചയായ ആക്രമണമാണ്. ഒപ്പം കുറേക്കൂടി ശക്തമായ ഹിംസാത്മകമായ യുക്തിയിലേക്ക് കാര്യങ്ങള്‍ എത്തി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹിന്ദുത്വവാദികള്‍ക്ക് മേല്‍ക്കൈ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ആക്രമണം അഴിച്ചുവിടാനും തങ്ങള്‍ ഉദേശിക്കുന്ന മേല്‍ക്കോയ്മ സ്ഥാപിക്കാനും അവര്‍ക്ക് കഴിയുന്നു.

പാര്‍ലമെന്റില്‍ തന്നെ ഹിന്ദുത്വശക്തികള്‍ രാമായണം പ്രദര്‍ശിപ്പിക്കുന്നു. സംഭാജിയുമായി ബന്ധപ്പെട്ട സിനിമ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഹിന്ദുത്വവാദികള്‍ പറയുന്നു. രാജ്യത്ത് നിലവില്‍ ഹിന്ദുത്വസവര്‍ണ മേല്‍ക്കോയ്മയ്ക്ക് വലിയ രീതിയിലുള്ള പ്രചരണവും അധികാരവുമായി ബന്ധപ്പെട്ട് സവിശേഷമായ പ്രാതിനിധ്യവും ലഭിക്കുന്നു. ഇതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ഇതിഹാസ പുരാണ പാരമ്പര്യത്തേയും ബ്രാഹ്‌മണ്യത്തെയും ഹിന്ദുത്വത്തെയും വിമര്‍ശിക്കുന്നവര്‍ക്ക് നേരെ ഏത് തരത്തിലുള്ള അക്രമങ്ങള്‍ അഴിച്ചുവിട്ടാലും ആരും ചോദിക്കാനില്ല എന്ന മനോഭാവത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

മുമ്പ് സനാതന ധര്‍മവിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണങ്ങള്‍ നടന്നത്. ബ്രാഹ്‌മണ്യത്തെ നിലനിര്‍ത്തുന്ന ഗ്രന്ഥപാഠങ്ങളെ വിമര്‍ശിക്കുന്നുവെന്നതാണ് ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തുന്ന ഏറ്റവും പ്രധാന കാര്യം. അവരെ ഇത്രയധികം വിറളിപിടിപ്പിക്കുന്നത് അവര്‍ പുണ്യഗ്രന്ഥമായി കൊണ്ടുനടക്കുന്ന രാമായണവും, മഹാഭാരതവും ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന ഗ്രന്ഥങ്ങളാണെന്നും ഇത് അടിസ്ഥാനപരമായി ബ്രാഹ്‌മണ്യ പ്രത്യയശാസ്ത്രത്തിന്റെ ഗ്രന്ഥപാഠങ്ങളാണെന്നും ലോകത്തോട് വിളിച്ചുപറയുന്നത് കൊണ്ടാണ്. രാമായണത്തിനും മഹാഭാരതത്തിനും പകരമായി ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രീയത്തെയാണ് ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അത് ഹിന്ദുത്വവാദികള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല” എന്നും ശ്യാംകുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കന്യാകുമാരി കുഴിത്തുറയില്‍ സെമിനാറില്‍ സംസാരിച്ച് മടങ്ങവേ ആയിരുന്നു സംഘപരിവാര്‍ അതിക്രമം ശ്യാംകുമാറിന് നേരെ നടന്നത്. കാര്‍ തടഞ്ഞ് നിര്‍ത്തി ഫോട്ടോ എടുക്കുകയും അസഭ്യം പറയുകയുമായിരുന്നു. പരിപാടി സംഘടിപ്പിച്ച സിപിഎം പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ശ്യാംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.sanghparivar attack again on ts shyamkumar

Content Summary: sanghparivar attack again on ts shyamkumar

This post was last modified on March 31, 2025 3:07 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment