April 20, 2025 |

എന്താണ് ഇനി സിഎസ്‌കെയില്‍ ധോണിയുടെ റോള്‍?

2025 ലെ ഐപിഎല്‍ സീസണ്‍ ഒരു കാര്യം വ്യക്തമാക്കുന്നു; ധോണിയുടെ കരിയര്‍ നിഷേധിക്കാനാവാത്ത വിധം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു

അന്താരാഷ്ട്ര കരിയര്‍ പോലെ തിളക്കമുള്ളതായിരുന്നു മഹേന്ദ്ര സിംഗ് ധോണിക്ക് അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറും. എന്നാല്‍ അനിവാര്യവും വേദനാജനകവുമായ ഒരു പരിണാമത്തിലേക്കാണ് ഇപ്പോഴത് എത്തുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അശുഭകരമായ തുടക്കമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ധോണിയില്‍ തങ്ങളുടെ രക്ഷകനെ ടീം ഇനിയും തിരയുന്നുണ്ടെങ്കില്‍, 43 കാരന് ഇനിയും ആ വേഷം അത്ര ഭംഗിയോടെ ചെയ്യാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഗ്രൗണ്ടില്‍ ഇപ്പോഴും സജീവമാണ് ഈ ഇതിഹാസതാരം. എന്നാല്‍ ഒരുകാലത്ത് തന്റെ മിന്നല്‍ സ്റ്റമ്പിംഗിനും, സ്‌ഫോടനാത്മകമായ ബാറ്റിംഗിനും പേരുകേട്ട ധോണിയില്‍ ഇപ്പോള്‍ ആ പഴയ ഊര്‍ജം കാണുന്നില്ല. കളിയോട് ഒരുതരം ശാന്തവും കണക്കുകൂട്ടിയുമുള്ള സമീപനമാണ് അദ്ദേഹത്തിനുള്ളത്.

ധോണിയുടെ ശാരീരികക്ഷമത കുറഞ്ഞു വരികയാണ്, ഇത്തവണത്തെ സീസണില്‍ അത് കൂടുതല്‍ പ്രകടമാകുന്നുണ്ട്. സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ വാക്കുകള്‍ അത് ശരിവയ്ക്കുന്നുണ്ട്. കാല്‍മുട്ടുകള്‍ നേരിടുന്ന ആയാസം, മുന്‍പെന്ന പോലെ ബാറ്റ് ചെയ്യാന്‍ ധോണിയെ അനുവദിക്കുന്നില്ല. ഫെള്മിംഗ് ചൂണ്ടിക്കാണിക്കുന്നത്, തന്റെ പരിമിതികള്‍ ധോണി സ്വയം മനസിലാക്കുന്നുണ്ടെന്നാണ്. ശരീരം പഴയതുപോലെ വഴങ്ങുന്നില്ല. കാലം കൊണ്ടുവരുന്ന മാറ്റമാണ്. പ്രായത്തിന്റെ ക്ഷീണം ധോണിയെ ബാധിച്ചിട്ടുണ്ടെന്നു തന്നെയാണ് കോച്ചിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. പന്തുകള്‍ ബൗണ്ടറികള്‍ കടത്തി ടീമിനെ വിജയിപ്പിക്കുന്ന ഒരു ഫിനിഷര്‍ റോളില്‍ ഇനി ധോണിയെ പ്രതീക്ഷിക്കരുത്.

താന്‍ തളര്‍ന്നിരിക്കുന്നുവെന്ന് ധോണിക്ക് അറിയാം. ബാറ്റ് കൊണ്ട് ഇനി ടീമിനുവേണ്ടി കാര്യമായൊന്നും ചെയ്യാനാകില്ല. എന്നിട്ടും ധോണി എന്തുകൊണ്ട് സിഎസ്‌കെയില്‍ അനിവാര്യനാകുന്നു. ആ അനിവാര്യത ധോണി സൃഷ്ടിച്ചെടുക്കുന്നതാണ്, മറ്റ് വഴികളിലൂടെ. തന്റെ അനുഭവപരിചയം മുതലാക്കുന്നു. സമര്‍ത്ഥമായ നീക്കങ്ങള്‍ നടത്തിക്കൊണ്ട്, ബുദ്ധിപൂര്‍വമായ തീരുമാനങ്ങള്‍ ടീമിനുവേണ്ടിയെടുക്കാന്‍ താന്‍ ഗ്രൗണ്ടില്‍ ഉണ്ടാകണമെന്നയാള്‍ ബോധ്യപ്പെടുത്തുന്നു. ടീമിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ദിശാബോധവും നല്‍കി ഒരു സൂപ്പര്‍ ക്യാപ്റ്റനായി തുടരുന്നു. എല്ലാത്തിലുമുപരി, അയാള്‍ ഇന്നും ലോകക്രിക്കറ്റിലേക്ക് വച്ച് തന്നെ മികച്ച വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നു. സിഎസ്‌കെ കളിച്ച മൂന്നു മത്സരങ്ങളിലും വിക്കറ്റ് കീപ്പിംഗിലെ ധോണി മാജിക്ക് എല്ലാവരും കണ്ടതാണ്. ബാറ്റിംഗിന്റെ കാര്യം വരുമ്പോള്‍, ടീം തന്ത്രപൂര്‍വമായ നീക്കങ്ങള്‍ നടത്തുകയാണ്. ധോണിയുടെ സാഹചര്യം മനസിലാക്കിയുള്ള ക്രമീകരണം ബാറ്റിംഗ് ഓര്‍ഡറില്‍ നടത്തുന്നു. ഒരുപക്ഷേ അവര്‍ മനസിലാക്കിയിട്ടുണ്ടാകും, ആ പഴയ സഫോടനാത്മക ബാറ്റിംഗ് ഇനിയും അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന്. പകരം ധോണിയെന്ന ക്യാപ്റ്റന്‍ മെറ്റീരിയലിനെ ഉപയോഗപ്പെടുത്തുകയാണവര്‍.

M S Dhoni ipl 2025

ഈ സീസണില്‍ ധോണിയെ ചുറ്റിപ്പറ്റി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷനുകളെ കുറിച്ചാണ്. അതേസമയം തന്നെ ധോണിയുടെ ബാറ്റിലുള്ള വിശ്വാസവും കുറഞ്ഞിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സുമായി നടന്ന അവസാന മത്സരത്തില്‍, വിജയ് ശങ്കര്‍ പുറത്താകുന്ന സമത്ത്, 25 പന്തില്‍ 54 റണ്‍സ് വേണമെന്ന അവസ്ഥയിലായിരുന്നു സിഎസ്‌കെ. ധോണി ക്രീസില്‍ എത്തുന്നത് അപ്പോള്‍ മാത്രമാണ്. അതിനു മുമ്പേ തന്നെ അയാളെ ഗ്രൗണ്ടില്‍ കാണാന്‍ ഗാലറിയില്‍ നിന്നും ആവശ്യമുയര്‍ന്നെങ്കിലും ടീം അങ്ങനെയല്ല ചിന്തിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദില്‍ ടീമിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. ഗെയ്ക്‌വാദ് പോയതിനുശേഷമാണ് ധോണി വരുന്നത്. അതിനും മുമ്പേ ജഡേജയെ ബാറ്റിംഗിന് അയച്ചിരുന്നു.

ബാറ്റിംഗ് ഓര്‍ഡര്‍ യാദൃശ്ചികമായി മാറിമറിയുന്നതല്ല. റണ്‍ ചേസിംഗ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ധോണിയെ നേരത്തെ ഇറക്കി വിടേണ്ടെന്നത് കോച്ച് ഫ്‌ളെമിംഗിന്റെയും സിഎസ്‌കെ മാനേജ്‌മെന്റിന്റെയും ബോധപൂര്‍വമായ തീരുമാനമാണ്. ഒരുപക്ഷേ ഫലം പ്രതികൂലമാകുമെന്ന് ഉറപ്പായ മത്സരത്തില്‍ ധോണിയെ ഇറക്കേണ്ടതില്ലെന്നാകാം അവര്‍ തീരുമാനിച്ചത്. അത് അദ്ദേഹത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാകില്ല, മറിച്ച് അദ്ദേഹത്തെ അവര്‍ കാത്തുവയ്ക്കുന്നതാകാം, ഇതിലും വലിയ യുദ്ധം വരുമ്പോള്‍ പരീക്ഷിക്കാനുള്ള ആയുധമായിട്ട്.

സിഎസ്‌കെ സംബന്ധിച്ച് ധോണി അവര്‍ക്ക് ഇപ്പോഴും വളരെ വിലപ്പെട്ടൊരു താരമാണ്. ടീം നേരിടുന്ന നിര്‍ണായക സാഹചര്യങ്ങളില്‍, അദ്ദേഹത്തിന്റെ നേതൃത്വഗുണം, ശാന്തമായെടുക്കുന്ന തീരുമാനങ്ങള്‍, അതുപോലെ ഇപ്പോഴും മിന്നിത്തിളങ്ങുന്ന കിപ്പിംഗ് കഴിവ് എന്നിവയ്ക്കാണ് ടീം അദ്ദേഹത്തെ ആശ്രയിക്കുന്നത്. കോച്ചിന്റെ വാക്കുകളില്‍ നിന്നും മനസിലാകുന്നത്, ഫീല്‍ഡില്‍ തീരുമാനങ്ങള്‍ എടുക്കാനും വിക്കറ്റ് കീപ്പിംഗിനുമാണ് ധോണിയെ അവര്‍ കൂടുതല്‍ ആശ്രയിക്കുന്നത്. കളിയവസാനിക്കാറാകുമ്പോഴോ, അല്ലെങ്കില്‍ കുറച്ച് ഓവറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴോ ആണ് അദ്ദേഹത്തെ ബാറ്റിംഗിന് വിടാന്‍ ആലോചിക്കുന്നുള്ളൂ.

തന്റെ ശരീരത്തെക്കുറിച്ച് ധോണിക്ക് ബോധ്യമുണ്ട്. 43 വയസായൊരു ശരീരത്തിന്റെ പരിമിതികളെക്കുറിച്ചും. തന്റെ ബാറ്റിംഗ് ഓര്‍ഡറിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം മനസിലാക്കുന്നു. പക്ഷേ, മറ്റുള്ളവര്‍ മനസിലാക്കേണ്ടൊരു കാര്യമുണ്ട്, ധോണി ഒരു മെഷീനല്ല, അവസാന ഓവറുകളില്‍ റണ്‍സ് അടിച്ചു കൂട്ടുന്നതില്‍ മാത്രമല്ല അദ്ദേഹത്തിന്റെ കഴിവ് അളക്കേണ്ടതും. ടീമിനെ സ്ഥിരതയോടെ നിലനിര്‍ത്താനും, തന്ത്രങ്ങള്‍ മെനയാനും, ഏറ്റവും പ്രധാനമായി, ആവശ്യമുള്ളപ്പോള്‍ മറ്റുള്ളവരെ പിന്തുണയ്ക്കാനുമുള്ള അദ്ദേഹത്തിനുള്ള കഴിവാണ് മനസിലാക്കേണ്ടത്.

പക്ഷേ, അവിടെയാണ് പ്രശ്നം. മഹാനായ ധോണി ക്രീസിലേക്ക് എത്തുമ്പോഴെല്ലാം ചെപ്പോക്കിലും ഗുവാഹത്തിയിലും കാണികളുടെ ആരവം മുഴങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാള്‍ കാണിച്ചിരുന്ന അതേ മികവോടെ മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതു കാണാനാണ് ദശലക്ഷക്കണക്കിനായ അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. ധോണി ഒരിക്കല്‍ എന്തായിരുന്നുവെന്നും, ഇപ്പോള്‍ എന്താണെന്നും ഓര്‍മ്മിപ്പിക്കുന്നതും ഇതേ ആരാധകരാണ്.

dhoni stumping ipl 2025

ചില വസ്തുതകള്‍ ഇപ്പോഴത്തെ സഹാചര്യം മനസിലാക്കി തരുന്നുണ്ട്. 15 മത്തെ ഓവറില്‍ ഇറങ്ങുന്ന ധോണി ഒരു പഴയ കഥയായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ കാര്യങ്ങള്‍ തന്ത്രപരമാണ്. മത്സര ഫലം ഏതാണ്ട് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയുന്നതാണെങ്കില്‍ റിസ്‌ക് എടുക്കുന്നതില്‍ അര്‍ത്ഥമില്ല. അതേസമയം എത്തിപ്പിടിക്കാമെന്നു തോന്നുന്ന ലക്ഷ്യമാണെങ്കില്‍ ധോണിയും ആ ലക്ഷ്യബോധത്തോടെയിറങ്ങും. തന്റെ ശാരീരിക പരിമിതികള്‍പോലും പരിഗണിക്കാതെ.

കഴിഞ്ഞ ഏതാനും സീസണുകളിലായി ധോണിയുടെ ഫോം മങ്ങിനില്‍ക്കുകയാണ്. വേണമെങ്കില്‍ അദ്ദേഹത്തിന് ഇംപാക്ട് പ്ലെയര്‍ ആയി ടീമില്‍ സാന്നിധ്യമുറപ്പിക്കാം. പക്ഷേ ആരാധകര്‍ പ്രതീക്ഷിക്കുന്നത് അതല്ല.

കൗതുകകരമായൊരു കാര്യം പറയട്ടെ, ഈ സീസണില്‍ സിഎസ്‌കെ വിജയകരമായി പൂര്‍ത്തിയാക്കി ചേസില്‍ ധോണിയുടെ ബാറ്റില്‍ നിന്നും ഒരു ബൗണ്ടറി പോലും പിറന്നില്ല. അതായത് ഒരു മത്സരം വിജയിക്കുന്നതില്‍ സിഎസ്‌കെ ധോണിയെ അത്രകണ്ട് ആശ്രയിക്കുന്നില്ല. പഴയതുപോലെ ധോണിയിലെ കരുത്തല്ല, നേതൃത്വഗുണവും അനുഭവപരിചയവുമാണ് ബാറ്റിംഗ് സമയത്തെ നിര്‍ണായക വേളയില്‍ അദ്ദേഹത്തില്‍ നിന്നും ടീം തേടുന്നത്. ബാറ്റംഗില്‍ ധോണി പഴയ ഫോമിന്റെ നിഴലില്‍ മാത്രമാണ്, ഈ സീസണില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കളി വിജയിപ്പിക്കാന്‍ ധോണിക്കായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം തന്നെ ഉദ്ദാഹരണം. ജഡേജയുമൊത്ത് കളി വരുതിയിലാക്കാന്‍ ധോണിക്ക് സാധിച്ചില്ല. രാജസ്ഥന്റെ സ്പിന്നര്‍മാരെ നേരിടുന്നതിലും അദ്ദേഹം ബുദ്ധിമുട്ടി. 2022 മുതലുള്ള കണക്ക് നോക്കിയാല്‍ സ്പിന്നര്‍മാര്‍ക്കെതിരേ ബുദ്ധിമുട്ടുന്നവരാണ് ജഡേജയും ധോണിയും. സ്പിന്നര്‍മാര്‍ക്കെതിരായ ഇവരുടെ സംയുക്ത സ്‌ട്രൈക്ക് റേറ്റ് 110 ല്‍ താഴെയാണ്. തീക്ഷണയെയും ഹസരങ്കയെയും പോലുള്ള ബൗളര്‍മാര്‍ക്കെതിരേ ധോണിക്കും ജഡേജയ്ക്കും ഒന്നും ചെയ്യാനാകാതെ പോയതാണ് സിഎസ്‌കെ യുടെ തോല്‍വിക്ക് കാരണം.

ഇതൊരിക്കലും ധോണിയിലെ നേതൃത്വഗുണത്തെയോ അനുഭവ പരിചയത്തെയോ താഴ്ത്തിക്കെട്ടാന്‍ പറയുന്നതല്ല. മറിച്ച്, ടീമില്‍ അദ്ദേഹത്തെക്കൊണ്ടുള്ള പ്രയോജനം എങ്ങനെയാണ് പരിണമിച്ചിരിക്കുന്നതെന്നു പറയുകയാണ്. ടീമിന് ഇപ്പോഴും ധോണിയെ ആവശ്യമുണ്ട്, പക്ഷേ അത് മുമ്പത്തെ അതേ രീതിയിലല്ല.

ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ധോണിയുടെ നേതൃത്വഗുണം വിലമതിക്കാനാകാത്തതാണെന്ന് സിഎസ്‌കെ മാനേജ്മെന്റ് ഇപ്പോഴും അംഗീകരിക്കുന്നു, പക്ഷേ പുതിയ തലമുറ ആ ദൗത്യം ക്രമേണ ഏറ്റെടുക്കുന്നുവെന്നതും നിഷേധിക്കാനാവില്ല. എന്തായാലും ധോണിയുടെ ബാറ്റിനെ ആശ്രയിക്കുന്നത് കുറഞ്ഞുവരികയാണ്. ധോണിയെ കേന്ദ്രീകരിച്ചല്ലാതെ ടീം അതിന്റെ തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കേണ്ടിയും വരുന്നുണ്ട്.

dhoni ipl 2025

സിഎസ്‌കെ ഇപ്പോള്‍ നേരിടുന്നൊരു വെല്ലുവിളിയുണ്ട്. ബാറ്റിംഗ് നിരയില്‍ നിരവധി പ്രതിഭകളുണ്ട്. ധോണിയാകട്ടെ ഒരു വിജയം നേടാന്‍ കെല്‍പ്പുള്ളവനായി തോന്നുന്നുമില്ല. അങ്ങനെ വരുമ്പോള്‍, ധോണിയുടെ സ്ഥാനം എന്താകും? ശിവം ദുബെയെപ്പോലുള്ള ഒരു സ്പിന്‍ ഹിറ്ററുടെ കൂടെ ഒരു പിഞ്ച് ഹിറ്ററായി ധോണിയെ ഉപയോഗിക്കമെന്നത് ഒരു ഉത്തരമാണ്. ധോണിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും പരിചയസമ്പന്നനായ ഒരു ഫിനിഷറുടെ റോള്‍ കളിക്കാന്‍ സഹായിക്കാനും ഈ തിരഞ്ഞെടുപ്പ് സഹായിച്ചേക്കാം. മാതൃകാപരമായ തീരുമാനം ആകുമെന്നല്ല, പക്ഷേ പ്രത്യേക സാഹചര്യങ്ങളില്‍ ധോണിയുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സമര്‍ത്ഥമായ ഒരു തന്ത്രമായിരിക്കാം ഇത്.

2025 ലെ ഐപിഎല്‍ സീസണ്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ധോണിയുടെ കരിയര്‍ നിഷേധിക്കാനാവാത്ത വിധം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വര്‍ഷങ്ങളായി പുലര്‍ത്തുന്ന അധിപത്യം അദ്ദേഹം ഇപ്പോഴും തുടരുന്നുണ്ട്. കളത്തിന് അകത്തും പുറത്തും ധോണി ബഹുമാനിക്കപ്പെടുന്നു.

ധോണിയുടെ ഇപ്പോഴത്തെ കളികള്‍ കണ്ട് അദ്ദേഹം ദുര്‍ബലനായിരിക്കുന്നു എന്ന് വിധിയെഴുതരുത്. തന്റെ പരാധീനതകള്‍ ധോണി മനസിലാക്കുന്നുണ്ട്. അതിനനുസരിച്ചുള്ള മാറ്റം അദ്ദേഹത്തിന്റെ സമീപനത്തില്‍ ഉണ്ടാകുന്നുണ്ട്.

ധോണിയെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം, അദ്ദേഹത്തിന്റെ നേതൃത്വഗുണത്തെയും അനുഭവപരിചയത്തെയും എങ്ങനെ കൈവിടാതെയിരിക്കാം എന്നതില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×