April 20, 2025 |

ആവര്‍ത്തിക്കുന്ന ജീവിത കദനങ്ങള്‍, ആഴത്തിലറിഞ്ഞ് ഉണ്ണികൃഷ്ണന്‍; കാസര്‍ഗോഡ് ജപ്തി നേരിട്ട കുടുംബത്തിന് തുണയായി ചേര്‍ത്തലക്കാരന്‍

ബിസിനസ് ആവശ്യത്തിനെടുത്ത ലോണില്‍ നിന്നുമായിരുന്നു ആ പണം നല്‍കിയത്

“14 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നൊരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അമ്മയുടെ ഫോണ്‍ കോള്‍ വരുന്നത്. വേദനകള്‍ ഉള്ളിലൊതുക്കിപ്പിടിച്ച് കിതയ്ക്കുന്ന ശ്വാസത്തോടെയായിരുന്നു വീട് ജപ്തി ചെയ്യാന്‍ ആളുകള്‍ വന്നിട്ടുണ്ടെന്ന കാര്യം അമ്മ പറയുന്നത്. അല്പനേരത്തേക്ക് എല്ലാം കൈവിട്ടുപോയ പോലെ തോന്നിയെങ്കിലും എല്ലാ ധൈര്യവും സംഭരിച്ച് അമ്മയെ ആശ്വസിപ്പിച്ച് ഫോണ്‍ വച്ചു” ചേര്‍ത്തല സ്വദേശിയായ മന്നത്ത് ഉണ്ണികൃഷ്ണന്‍ നായര്‍ അഴിമുഖത്തോട് പറഞ്ഞ വാക്കുകളാണിത്.sarfaesi act; unnikrishnan settles Janaki’s family’s debt

കാസര്‍ഗോഡ് പരപ്പച്ചാലില്‍ തൂക്കപ്പിലാവില്‍ 73 കാരിയായ ജാനകിയും കുടുംബവും ബാങ്കിന്റെ ജപ്തിയെ തുടര്‍ന്ന് വീടിന് പുറത്ത് നില്‍ക്കുന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണന്റെ ശ്രദ്ധയില്‍ പെട്ടത്. ആ വാര്‍ത്ത ഉണ്ണികൃഷ്ണനെ എത്തിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടന്നുപോയ കണ്ണീര്‍കാലത്തിലേക്കായിരുന്നു. ആ ഓര്‍മകളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ ഫോണെടുത്ത് നേരെ കേരള ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജരെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. 1,92,860 രൂപ ഉടനെ ബാങ്കില്‍ അടച്ചു. അതോടെ ജാനകിയുടെയും കുടുംബത്തിന്റെയും ലോണ്‍ ക്ലോസ് ചെയ്തു. ഇതോടെ ബാങ്ക് അധികൃതര്‍ എത്തി ജാനകിക്കും കുടുംബത്തിനും വീട് തുറന്ന് നല്‍കി.

കൃത്യമായി പറഞ്ഞാല്‍ 2011 ല്‍ ആയിരുന്നു ജപ്തിയുടെ കണ്ണീര്‍ നനവ് ഉണ്ണികൃഷ്ണനും കുടുംബവും അറിയുന്നത്. ആ ഓര്‍മകളുടെ നോവും ചൂടുമാണ് മൈലുകള്‍ക്കിപ്പുറം, ഒരിക്കല്‍ പോലും കാണാത്ത… അറിയാത്ത ഒരു കുടുംബത്തിന്റെ വേദന മനസ്സിലാക്കാനും അവരെ സഹായിക്കാനും ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് പ്രേരണയായത്.

“2005 ല്‍ അച്ഛന്‍ മരിക്കുന്ന സമയത്തായിരുന്നു കടബാധ്യതകള്‍. അന്ന് 15-20 ലക്ഷം രൂപയോളം ബാധ്യതയുണ്ടായിരുന്നു. അതുപക്ഷേ സര്‍ഫാസി ആക്ട് പ്രകാരമുള്ള ജപ്തി ആയിരുന്നില്ല. വ്യക്തിപരമായി പല ആളുകളില്‍ നിന്നും വാങ്ങിയ പണമാണ് കുടിശികയായി കിടന്ന് കിടപ്പാടം നഷ്ടപ്പെടുത്തിയത്.

85 വയസ്സുള്ള അപ്പൂപ്പന്‍ വീട്ടില്‍ കിടക്കുന്ന സമയമായിരുന്നു അത്. എന്താണെന്ന് ചോദിക്കാനോ വക്കീലിന് കൊടുക്കാന്‍ 1,000 രൂപ പോലും തന്ന് സഹായിക്കാനോ ആളില്ലാത്ത കാലം. ജപ്തിക്ക് പിന്നാലെ നേരെ ഹൈക്കോടതിയില്‍ പോയി അഡ്വക്കേറ്റിനെ വച്ച് കേസ് നടത്തി. അങ്ങനെ പണമടയ്ക്കാന്‍ കുറച്ച് സാവകാശം കിട്ടി. 10 വര്‍ഷം എടുത്തായിരുന്നു കേസ് തീര്‍ത്തത്. അങ്ങനെ ആ വീട് തിരിച്ച് പിടിച്ചു. 2022 ല്‍ കടബാധ്യതകളെല്ലാം വീട്ടി. ഇപ്പോഴിതാ പുതിയ വീടെന്ന ഏറെ നാളായുള്ള സ്വപ്‌നവും യാഥാര്‍ത്ഥ്യമായി വരികയാണ്. ജൂണിന് മുമ്പായി കയറിത്താമസവും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” ഉണ്ണികൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു.

“പ്രായമായ അമ്മയും പെണ്‍കുട്ടികളും വീടിന് പുറത്ത് കഴിയുക എത്രമാത്രം ദുരിതമാണ്. അതും വന്യമൃഗങ്ങള്‍ ഉള്ള ഒരു സ്ഥലത്ത്. എന്റെ അക്കൗണ്ടില്‍ ആ പണം ഇട്ടിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നായിരുന്നു അപ്പോള്‍ തോന്നിയത്. സേവിംഗ്‌സ് പണമൊന്നുമല്ലായിരുന്നു അത്. ഞാന്‍ ബിസിനസ് ആവശ്യത്തിനെടുത്ത ലോണില്‍ നിന്നുമായിരുന്നു ആ പണം നല്‍കിയത്. എന്റെ ജീവിതവുമായി ഇഴചേര്‍ന്ന സംഭവമായാണ് ആ നിമിഷം തോന്നിയത്.

ആരും സഹായത്തിനില്ലാതെ നില്‍ക്കുന്ന അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് അടയ്ക്കാന്‍ കഴിയുന്ന ഒരു തുകയായിരുന്നു അത്. നാളെ ആ കുടുംബത്തിന് ഒരു മോശം സാഹചര്യം വന്നശേഷം, നമ്മള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലല്ലോ. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ കൈയിലുള്ളത് കൊടുത്ത് സഹായിക്കാന്‍ പറ്റുമെങ്കില്‍ ആ കുടുംബം സന്തോഷത്തോടെ ജീവിക്കും. അത്ര മാത്രമേ എനിക്കും തോന്നിയുള്ളൂ” ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

2013 ലാണ് ജാനകിയുടെ മകന്‍ വിജേഷ് രണ്ട് ലക്ഷം രൂപ വായ്പയായി കേരള ബാങ്കിന്റെ നീലേശ്വരം ശാഖയില്‍ നിന്നും എടുത്തത്. വീടിരുന്ന 16 സെന്റ് ഭൂമിയാണ് ഈടായി നല്‍കിയത്. മകന്‍ വിജേഷ് തെങ്ങില്‍ നിന്ന് വീണ് കിടപ്പിലായതോടെ തിരിച്ചടവും മുടങ്ങി. പലിശയടക്കം ആറ് ലക്ഷം രൂപയായിരുന്നു കുടുംബത്തിന് ബാധ്യത ഉണ്ടായിരുന്നത്. എന്നാല്‍ കേരള ബാങ്കുമായി ഉണ്ണികൃഷ്ണന്‍ സംസാരിച്ചതിന് ശേഷം പലിശയും മറ്റ് ചിലവുകളും ഒഴിവാക്കി 1,92,860 രൂപ അടച്ചാല്‍ മതിയെന്ന ധാരണയിലെത്തുകയായിരുന്നു. ജാനകിക്ക് പുറമെ മകന്‍ വിജേഷും ഭാര്യയും ഏഴും മൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമാണ് തെരുവിലേക്ക് ഇറക്കപ്പെട്ടത്. ഹൊസ്ദുര്‍ഗ് സിജെഎം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ജപ്തി നടപടികള്‍. ജപ്തി ചെയ്ത വീടിന്റെ വരാന്തയിലായിരുന്നു ഒരു രാത്രി മുഴുവന്‍ കുടുംബം കഴിഞ്ഞത്.

“സര്‍ഫാസി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഒരുലക്ഷം രൂപയാണ് സര്‍ഫാസി നിയമത്തില്‍ ലിമിറ്റ് വച്ചിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മേല്‍ നിയമം ഇത്രയ്ക്ക് കര്‍ശനമാക്കുന്നത് പ്രയാസകരമാണ്. ജീവിതസാഹചര്യം നോക്കി ചെയ്യുകയാണെങ്കില്‍ പാവങ്ങള്‍ക്ക് സഹായകമാകും. എല്ലാ ഗവണ്‍മെന്റുകളും ഇതിനായി ഒരുമിച്ച് നിന്ന് ആര്‍ബിഐക്ക്, സര്‍ഫാസി നിയമഭേദഗതിക്കായി നിവേദനം നല്‍കുകയാണ് വേണ്ടതെന്നും” ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ദുബായിലും നാട്ടിലുമായി ഹോട്ടല്‍ & ഈവന്‍മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് ഉണ്ണികൃഷ്ണന്‍. കൂടാതെ സ്വന്തമായി ഒരു റൊബോട്ടിക് കമ്പനിയും ഉണ്ട്.sarfaesi act; Unnikrishnan settles Janaki’s family’s debt

Content Summary: sarfaesi act; Unnikrishnan settles Janaki’s family’s debt

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×