‘പ്രധാനമന്ത്രിയുടെ ഓഫിസില്‍ ദേശീയ ഉപദേഷ്ടാവ്, മോദിയും ഡോവലുമായി നേരിട്ട് ബന്ധം’
2017 ല്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്; ‘മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ നിന്നുള്ള ഒരു യുവതിയെ പ്രധാനമന്ത്രിയുടെ ഓഫിസിലെ ദേശീയ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നു’. ‘യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു’.
29 കാരി കശ്മീര സന്ദീപ് പവാര്‍ ആയിരുന്നു ആ യുവതി. പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിച്ച കശ്മീര പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സത്താറ കളക്ടറേറ്റില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ടിരുന്നുവെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.
ഈ ബുധനാഴ്ച്ച കശ്മീര സന്ദീപ് പവാറിനെയും അവരുടെ കൂട്ടാളി 32 കാരന്‍ ഗണേഷ് ഗെയ്ക്ക്‌വാദിനെയും സത്താറ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ്, വഞ്ചന, ആള്‍മാറാട്ടം തുടങ്ങി കുറ്റങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കശ്മീരയും ഗണേഷും പിടിയിലായത്. ഇരുവരെയും കോടതി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്.
കശ്മീരയും ഗണേശും ചേര്‍ന്ന് 82 ലക്ഷം രൂപ തട്ടിയെടുത്തായി മൂന്നു പരാതികള്‍ തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് സത്താറ സിറ്റി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആര്‍ ബി മാസ്‌കെ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.
കശ്മീരയും ഗണേഷും ചേര്‍ന്ന് പറ്റിച്ചതില്‍ ഒരാള്‍ പൂനെ സ്വദേശിയായ ബിസിനസുകാരന്‍ ഗോരഖ് മാറല്‍ ആണ്. 49 കാരനായ മാറലിന്റെ കൈയില്‍ നിന്നും 50 ലക്ഷമാണ് തട്ടിയെടുത്തത്. സര്‍ക്കാര്‍ ടെന്‍ഡര്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയതെന്നാണ് മാറല്‍ ബുണ്ട് ഗാര്‍ഡന്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. 2019 ഡിസംബറിനും 2022 മാര്‍ച്ചിനും ഇടയിലായി പണമായി നേരിട്ടും ഓണ്‍ലൈന്‍ വഴിയും തന്നോട് വാങ്ങിയ 50 ലക്ഷത്തിന് പകരമായി ചില ടെന്‍ഡര്‍ രേഖകള്‍ നല്‍കിയിരുന്നുവെന്നും മാറല്‍ ജൂണ്‍ 17 ന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പൂനെയില കൗണ്‍സില്‍ ഹാളിലും മറ്റ് ചിലയിടങ്ങളിലും വച്ച് പ്രതികളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
കശ്മീരയെ ‘ പ്രകീര്‍ത്തിച്ച്’ വന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കാണിച്ചും നിരവധി രേഖകള്‍ പങ്കുവച്ചുമൊക്കെ പ്രതികള്‍ തന്റെ വിശ്വാസം നേടിയെടുത്തുവെന്നാണ് ഗോരഖ് മാറല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്. കെട്ടിട നിര്‍മാണ സാമഗ്രികളുടെ ബിസിനസാണ് ഗോരഖ് മാറലിന്.
പ്രതികള്‍ വാട്‌സ് ആപ്പില്‍ അയച്ചൊരു കത്തിനെക്കുറിച്ചും മാറല്‍ പരാതിയില്‍ പറയുന്നുണ്ട്. കശ്മീരയെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദേശീയ ഉപദേഷ്ടാവായും ഇന്ത്യയുടെ കൗണ്‍സിലറായും നിയമിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. 2019 നവംബര്‍ 20 എന്ന തീയതിയില്‍ തയ്യാറാക്കായിരിക്കുന്ന അപ്പോയ്‌മെന്റ് ഓര്‍ഡറില്‍ ഒപ്പിട്ടിരിക്കുന്നത് പ്രധാനമന്ത്രി മോദിയും!
ഗണേശിന് ബന്ധം റോ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്)യുമായിട്ടായിരുന്നു! ആഭ്യന്തരമന്ത്രാലയം അനുവദിച്ച ആയുധ ലൈന്‍സും ഗണേശ് മാറലിനെ കാണിച്ചുകൊടുത്തു. തട്ടിപ്പിന്റെ മറ്റൊരു രൂപം.
ഗണേശിനെ ഭര്‍ത്താവായാണ് മാറലിന് കശ്മീര പരിചയപ്പെടുത്തിയത്. രണ്ടുപേരെയും മാറല്‍ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. തട്ടിപ്പ് മനസിലാക്കി വന്നപ്പോഴെക്കും രൂപ 50 ലക്ഷം കൈയില്‍ നിന്നും പോയിരുന്നു. പണം തിരികെ ചോദിച്ചപ്പോള്‍, മാറലിനെതിരേ കശ്മീര ഒരു പണാപഹരണ കേസ് കൊടുത്തു.
2023 ജനുവരി 10 ന് സത്താറ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കശ്മീര ആരോപിച്ചത് മാറലും, ഹോട്ടല്‍ ബിസിനസുകാരനായ ഫിലിപ്പ് ഭംബാലും മറ്റൊരാളും ചേര്‍ന്ന്് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന സാമ്പത്തിക തര്‍ക്കത്തിന്റെ മറവില്‍ 50 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടെന്നും, ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുത്തെന്നുമായിരുന്നു.
എന്നാല്‍ കശ്മീര നല്‍കിയ പരാതിയില്‍, അവരുടെ പ്രധാനമന്ത്രിയുടെ ഓഫിസിലെ പദവിയെക്കുറിച്ച് മൗനം പാലിച്ചു. സോഷ്യോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി എന്നതു മാത്രമായിരുന്നു വിശേഷണം. 2014-15 കാലയളവില്‍ സത്താറ ഛത്രപതി ശിവജി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സഹപാഠികളും അധ്യാപകരുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ, ഗ്രാമീണ വികസന പദ്ധതി എന്നിവയുടെ ഭാഗമായൊരു പ്രൊജക്ട് ചെയ്തിട്ടുണ്ടെന്നും 2016 ല്‍ ആ പ്രൊജക്ടിന് ഒന്നം സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും കശ്മീര അവകാശപ്പെട്ടിരുന്നു.
2022 ഡിസംബറില്‍ ഹോട്ടല്‍ വ്യവസായി ഫിലിപ്പ് ഭംബാല്‍ പൊലീസില്‍ ഒരു പരാതി നല്‍കിയിരുന്നു. പിഎംഒയിലെ നിയമനവും, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ്, ത്രിപുര, ലോക്‌സഭ സെക്രട്ടറിയേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ടെന്‍ഡര്‍ രേഖകളും കാണിച്ച് മഹാരാഷ്ട്രയില്‍ ഉടനീളം കശ്മീരയും സന്ദീപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നായിരുന്നു ഭംബാലിന്റെ പരാതി.
കശ്മീര തട്ടിപ്പിന് ഉപയോഗിച്ച രേഖകള്‍ സഹിതമായിരുന്നു ഭംബാലിന്റെ പരാതി. വ്യവസായിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സത്താറ പൊലീസ് 2023 ജനുവരി നാലിന് ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയെന്ന പേരില്‍ ഐപിസി 170 വകുപ്പ് പ്രകാരം ‘ തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തി’ക്കെതിരെയായിരുന്നു കേസ്. തുടരന്വേഷണത്തില്‍ നടത്തിയിരിക്കുന്നത് വലിയ തട്ടിപ്പാണെന്ന് തെളിഞ്ഞതോടെ വിവിധ വകുപ്പുകള്‍ കൂടി ചുമത്തിയെന്നും കശ്മീരയെയും ഗണേശിനെയും കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തുടങ്ങിയെന്നുമാണ് ഇന്‍സ്‌പെക്ടര്‍ മാസ്‌കെ പറയുന്നത്. പൊലീസ് പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് സ്ഥിരീകരിക്കരിക്കപ്പെട്ടു. ഭംബാലിന്റെ ഹോട്ടല്‍ കശ്മീരയും ഗണേശും വാടകയ്‌ക്കെടുത്ത് നടത്തിയ വകയിലും ഇരുവരും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പുകാരാണെന്ന് മനസിലാക്കായതിന് പിന്നാലെ പിഎംഒ ഓഫിസിനും കളക്ടറിനും പൊലീസിലുമെല്ലാം താന്‍ കശ്മീരയ്ക്കും ഗണേശിനും എതിരേ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ഭംബാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.
ഇന്ത്യ ഗവണ്‍മെന്റിലെ വിഐപികളായ ഉദ്യോഗസ്ഥരാണെന്ന് കാണിച്ചും, തങ്ങളെക്കുറിച്ച് വന്ന വാര്‍ത്തകള്‍ പങ്കുവച്ചുമൊക്കെയാണ് ഇക്കാലമത്രയും കശ്മീരയും ഗണേശും ആളുകളെ പറ്റിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
കശ്മീരയെക്കുറിച്ച് വന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ആളുകളുടെ വിശ്വാസം നേടിയെടുക്കുന്ന തരത്തില്‍ ഉള്ളവയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഒരു സ്മാര്‍ട്ട് വില്ലേജ് യാഥാര്‍ത്ഥ്യമാക്കാനുള്ള കശ്മീരയുടെ ആശയങ്ങളൊക്കെ അത്തരത്തിലൊരു വാര്‍ത്തയായിരുന്നു. ദൊക്‌ലാമിലെ ചൈനീസ് അധിനിവേശവുമായി ബന്ധപ്പെട്ട് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടി പറഞ്ഞത് പോലും കശ്മീരയുടെ കാഴ്ച്ചപ്പാടുകള്‍ അടിസ്ഥാനമാക്കിയാണെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.
2017 ലെ ഒരു ചാനല്‍ റിപ്പോര്‍ട്ട് പൂനെ, മുംബൈ, ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളെ ഉപേക്ഷിച്ച് സത്താറയില്‍ തന്നെ നിന്നുകൊണ്ട് തന്റെ കരിയറുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച കശ്മീരയെക്കുറിച്ചായിരുന്നു. പ്ലസ് ടു പാസായതിനുശേഷം താന്‍ ആര്‍ട്‌സ് കോഴ്‌സുകളിലേക്ക മാറിയത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നുവെന്നും കശ്മീര ആ ചാനല്‍ പോഗ്രാമില്‍ പറയുന്നുണ്ട്. കോളേജില്‍, ഏകാംഗ നാടകത്തില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ടെന്നും അതുപോലെ കായിക മത്സരങ്ങളില്‍ സജീവമായിരുന്നുവെന്നുമുള്ള അവകാശവാദങ്ങള്‍ക്കൊപ്പം ഗ്രാമത്തില്‍ നിന്നു വരുന്ന കുട്ടികളുടെ കാര്യത്തിലും താന്‍ ശ്രദ്ധാലുവായിരുന്നുവെന്ന് കൂടി കശ്മീര പ്രസ്താവിക്കുന്നുണ്ട്. അച്ഛന്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അമ്മ അധ്യാപികയുമാണെന്നുമായിരുന്നു പരിചയപ്പെട്ടവരെ കശ്മീര വിശ്വസിപ്പിച്ചിരുന്നത്. satara police arrest kashmira sandeep pawar, connection with impersonation, fake document of pmo-appointment as national advisor
content Summary; satara police arrest kashmira sandeep pawar, connection with impersonation, fake document of pmo-appointment as national advisor