മലയാളികളായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗദി അറേബ്യയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത. സൗദി ഭരണകൂടം ഔദ്യോഗികമായി കഫാല സമ്പ്രദായം(സ്‌പോണ്‍സര്‍ സമ്പ്രദായം) അവസാനിപ്പിച്ചിരിക്കുന്നു. രാജ്യത്ത് ജോലി ചെയ്യാനുള്ള കൂടുതല്‍ അവകാശങ്ങളും സ്വാതന്ത്ര്യവും കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കും എന്നതാണ് ഇതിന്റെ പ്രയോജനം. പതിറ്റാണ്ടുകളായി സൗദി അറേബ്യയിലും മറ്റ് പല ഗള്‍ഫ് രാജ്യങ്ങളിലും കഫാല സമ്പ്രദായം നിലനില്‍ക്കുകയായിരുന്നു.
കുടിയേറ്റ തൊഴിലാളിയും അവരുടെ പ്രാദേശിക സ്‌പോണ്‍സറും തമ്മിലുള്ള നിര്‍ബന്ധിത കരാറാണ് കഫാല. ഈ കരാര്‍ അനുസരിച്ച്, പുറം രാജ്യക്കാരനായ ഒരു തൊഴിലാളിക്ക് അയാള്‍ ജോലിക്കായി വന്ന രാജ്യത്തെ താമസകാലയളവില്‍ നിശ്ചിത തൊഴിലുടമയ്ക്ക് വേണ്ടി മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ.
കഫാലയുടെ മറ്റൊരു മോശം വശം, സ്‌പോണ്‍സര്‍ കൂടിയായ തൊഴിലുടമയ്ക്ക് തൊഴിലാളികളുടെ മേല്‍ അമിതമായ നിയമപരമായ സ്വാധീനമുണ്ടായിരുന്നു എന്നതാണ്. സ്‌പോണ്‍സറുടെ സമ്മതമില്ലാതെ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ അനുവാദമുണ്ടായിരുന്നില്ല.
ഒരര്‍ത്ഥത്തില്‍ കഫാല സമ്പ്രദായം ആധുനിക അടിമത്തമായിരുന്നു. ഇതൊരു ചൂഷണമായിരുന്നു. പ്രത്യേകിച്ച് വീട്ടു ജോലിക്കാരായും നിര്‍മ്മാണ തൊഴിലാളികളായും എത്തുന്ന കുടിയേറ്റ തൊഴിലാളികളാണ് കഫാലയുടെ ക്രൂരതകള്‍ കൂടുതലും അനുഭവിച്ചിരുന്നത്. ആധുനിക അടിമത്തമായാണ് വിമര്‍ശകര്‍ കഫാലയെ കുറ്റപ്പെടുത്തിയിരുന്നത്.
കഫാല സമ്പ്രദായം തൊഴിലുടമകള്‍ക്ക് കുടിയേറ്റ തൊഴിലാളികളുടെ മേല്‍ ഉടമസ്ഥാവകാശം നല്‍കുന്ന രീതിയായിരുന്നു. മറ്റൊരു തൊഴിലിടത്തേക്കു പോകുന്നതിനോ, അല്ലെങ്കില്‍ രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിനോ സ്‌പോണ്‍സറുടെ അനുവാദം ആവശ്യമായിരുന്നു. അതായത്, സ്‌പോണ്‍സര്‍ പറയാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഇത്തരം കുരുക്കില്‍പ്പെട്ടു കിടക്കുകയായിരുന്നു.
2022-ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറില്‍ കഫാല സമ്പ്രദായത്തിന്റെ ദോഷവശങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍, കഠിനമായ സാഹചര്യങ്ങളിലെ നിര്‍മ്മാണ ജോലികള്‍ക്കിടയില്‍ മരണപ്പെടുന്നത് വാര്‍ത്തകളായി.
കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങള്‍ മാറാനും അവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കഫാല സമ്പ്രദായം അവസാനിപ്പിച്ച്, അതിനുപകരം ഒരു കരാര്‍ അധിഷ്ഠിത മോഡല്‍ കൊണ്ടുവരുമെന്നാണ് സൗദി അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മാറ്റങ്ങള്‍ സൗദി അറേബ്യയുടെ വിഷന്‍ 2030 ദേശീയ പരിവര്‍ത്തന പരിപാടിയുടെ ഭാഗമാണെന്നാണ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗദി അറേബ്യയിലെ ഒരു ദശലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ മാറ്റങ്ങള്‍ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ കരാര്‍ സമ്പ്രദായം നിലവില്‍ വന്നാല്‍, ഒരു കുടിയേറ്റ തൊഴിലാളിക്ക് ജോലി മാറാനുള്ള സ്വാതന്ത്ര്യം ലഭിക്കും. തൊഴിലാളികള്‍ക്ക് കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍, മുന്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ ജോലിയിലേക്ക് മാറാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ, തൊഴിലുടമയെ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിച്ച്, രാജ്യത്ത് നിന്ന് പുറത്തുപോകാനും, തിരിച്ചുവരാനും, സ്ഥിരമായി യാത്ര ചെയ്യാനും തൊഴിലാളികള്‍ക്ക് അവകാശം ലഭിക്കും. ഇതിനൊന്നും തൊഴിലുടമയുടെ സമ്മതം ആവശ്യമില്ല.
പുതിയ സമ്പ്രദായം തൊഴിലാളികളുടെ സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുമെന്നും സൗദി തൊഴില്‍ വിപണിയുടെ ആഗോള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുമെന്നുമാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സൗദി അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.
2009-ല്‍ ബഹ്റൈനാണ് കഫാല സമ്പ്രദായം നിര്‍ത്തലാക്കിയ ആദ്യത്തെ മധ്യേഷ്യന്‍ രാജ്യം. യു.എ.ഇ. 2015-ല്‍ കഫാല സമ്പ്രദായത്തില്‍ ഇളവ് വരുത്തിയിരുന്നു. കരാര്‍ അവസാനിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് പുതിയ പെര്‍മിറ്റ് നേടാനും ആറു മാസത്തെ തൊഴിലന്വേഷക വിസയില്‍ രാജ്യത്ത് തുടരാനും യു.എ.ഇ. അനുവാദം നല്‍കിയിട്ടുണ്ട്.
അതേസമയം കര്‍ശനമായ കഫാല സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്ന ജി.സി.സി. രാജ്യങ്ങളാണ് കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നിവ.