റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ വായ്പാ അക്കൗണ്ടിനെ വഞ്ചനാപരം എന്ന പട്ടികയിലുൾപ്പെടുത്താനും കമ്പനിയുടെ മുൻ ഡയറക്ടർ അനിൽ അംബാനിക്കെതിരെ സംശയാസ്പദമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ട്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് തന്നെയാണ് എസ്ബിഐയുടെ തീരുമാനത്തെക്കുറിച്ച് അറിയിച്ചതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
എസ്‌ബിഐയുടെ നീക്കത്തെക്കുറിച്ചും അതിനുള്ള കാരണങ്ങൾ വിശദീകരിച്ച് കൊണ്ടും ജൂൺ 23 ന് എസ്ബിഐയിൽ നിന്ന് ഒരു കത്ത് ലഭിച്ചതായി റിലയൻസ് കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കി. കമ്പനിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസിന് മറുപടി വന്നിരുന്നുവെന്നും എന്നാൽ അവ പരിശോധിച്ചതിൽ നിന്നും വായ്പാ നിബന്ധനകളുടെ ലംഘനത്തിനും അക്കൗണ്ടിലെ ക്രമക്കേടുകൾക്കും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നും വിഷയത്തിൽ എസ്ബിഐ പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് എസ്‌ബിഐയുടെ ഫ്രോഡ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി അക്കൗണ്ടിനെ വഞ്ചനാപരം എന്ന് തരംതിരിക്കാൻ തീരുമാനിച്ചത്.
ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കമ്പനിയുടെ ഡയറക്‌ടർ എന്ന നിലയിൽ അനിൽ അംബാനിയുടെ പങ്ക് മനസിലാക്കി അദ്ദേഹത്തിന്റെ പേര് ആർബിഐക്ക് റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചതായി എസ്ബിഐ കൂട്ടിച്ചേർത്തു. എസ്ബിഐയുടെ വാദങ്ങൾക്ക് മറുപടിയുമായി ആർകോം( റിലയൻസ് കമ്മ്യൂണിക്കേഷൻസ്) രംഗത്തെത്തി. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് (ഐബിസി) പ്രകാരം കോർപ്പറേറ്റ് പാപ്പരത്ത പരിഹാരത്തിന് ആർകോം വിധേയമായിക്കൊണ്ടിരിക്കുകയാണ്. കമ്പനിയിലെ നിക്ഷേപകർ ഒരു റെസല്യൂഷൻ പ്ലാൻ അംഗീകരിച്ചിട്ടുണ്ടെന്നും നിലവിൽ മുംബൈ ബെഞ്ചിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ആർകോം വ്യക്തമാക്കി. എസ്‌ബിഐ പരാമർശിച്ച വായ്പകൾ പാപ്പരത്ത പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് എടുത്തതാണെന്നും കമ്പനി വിശദീകരിച്ചു. പരിഹാര പദ്ധതി അംഗീകരിച്ചുകഴിഞ്ഞാൽ, ഐബിസിയുടെ സെക്ഷൻ 32 എ പ്രകാരം പാപ്പരത്തത്തിന് മുമ്പ് ചെയ്ത കുറ്റകൃത്യങ്ങൾക്കുള്ള ബാധ്യതയിൽ നിന്ന് ആർകോം സംരക്ഷിക്കപ്പെടുമെന്നു ആർകോം കൂട്ടിച്ചേർത്തു. തങ്ങളുടെ മൊത്തം കടബാധ്യത 40,400 കോടിയാണെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.
എസ്ബിഐയുടെ നീക്കത്തിനെതിരെ ജൂലൈ 2 ന് അനിൽ അംബാനിയുടെ നിയമോപദേശക സംഘം എസ്‌ബിഐക്ക് കത്തെഴുതിയിരുന്നു. എസ്‌ബിഐയുടെ തീരുമാനം സുപ്രീം കോടതി, ബോംബെ ഹൈക്കോടതി വിധികളുടെയും ആർബിഐ നിയമങ്ങളുടെയും ലംഘനമാണെന്ന് കത്തിൽ അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.
ദൈനംദിന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്ത നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അംബാനിയെ അന്യായമായി ലക്ഷ്യം വച്ചതായും കത്തിൽ പറയുന്നു. മറ്റ് നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്കെതിരായ സമാനമായ നോട്ടീസുകൾ എസ്‌ബിഐ പിൻവലിച്ചെങ്കിലും അംബാനിക്ക് വഞ്ചനാ കുറ്റത്തിന് പിന്നിലെ വാദം കേൾക്കാനോ തെളിവുകൾ നൽകാനോ അവസരം നൽകിയില്ലെന്നും കത്തിൽ പറയുന്നു. അനിൽ അംബാനിക്കെതിരെ ആർബിഐക്ക് റിപ്പോർട്ട് ചെയ്യാനുള്ള എസ്ബിഐയുടെ തീരുമാനത്തെ നിയമപരമായി നേരിടാനാണ് അംബാനിയുടെ പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരം.
Content Summary: SBI to classify Reliance Communications’ loan account as fraud
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.