UPDATES

ഫണ്ട് വെട്ടിച്ചുരുക്കിയും വിനിയോഗിക്കാതെയും മോദി സര്‍ക്കാര്‍

വാഗ്ദാനങ്ങള്‍ ബജറ്റില്‍ മാത്രം

                       

നരേന്ദ്ര മോദി സർക്കാരിന്റെ അഞ്ചു വർഷം മുമ്പുള്ള ഒരു ബജറ്റ് അവതരണം പാർലമെന്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ മാധ്യമ ശ്രദ്ധ ലഭിച്ച ബജറ്റിൽ രാജ്യത്തെ അടിസ്ഥാന വിഭഗങ്ങൾക്കായി പല പദ്ധതികളും പ്രഖ്യാപിക്കപെട്ടു. കൂട്ടത്തിൽ രാജ്യത്തെ ചെറുകിട കച്ചവടക്കരുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഒരു പുതിയ പദ്ധതിയും അവതരിപ്പിച്ചു. scheme squeezing modi

കച്ചവടക്കാരുടെ പെൻഷൻ തുക പെൻഷൻ തുക നിലവിലുള്ളതിനേക്കാൾ ഇരട്ടിയാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ  ഉറപ്പുനൽകി. ധനമന്ത്രിയുടെ ആദ്യബജറ്റ്  സമ്മേളനമായിരുന്നു നടന്നു കൊണ്ടിരുന്നത്. ‘ഇന്ത്യയിലെ മൂന്ന് കോടിയോളം വരുന്ന ചില്ലറ വ്യപാരികൾക്കും, ചെറുകിട കച്ചവടക്കാർക്കും ഈ സർക്കാർ കൂടുതൽ പെൻഷൻ ആനുകൂല്യങ്ങൾ നടപ്പാക്കും.’ 2019 ജൂലൈയിൽ നടന്ന ബജറ്റ് പ്രസംഗത്തിലെ നിറഞ്ഞ കയ്യടിക്കിടയിൽ പദ്ധതിയിടെ പേരും പ്രഖ്യാപിക്കപ്പെട്ടു. 750 കോടി രൂപ ആദ്യ വർഷം തന്നെ വിനിയോഗിക്കുന്ന ”പ്രധാനമന്ത്രി കരം യോഗി മാൻ ധൻ”പദ്ധതി. പാർലമെന്റിൽ വീണ്ടും കരഘോഷം നിറഞ്ഞ ആ ഒരൊറ്റ നിമിഷം തന്നെ പ്രധനമന്ത്രി കസേരക്ക് നേരെ ക്യാമറ തിരഞ്ഞു വന്നു. പ്രതിമാസം 3000 രൂപയാണ് പെൻഷൻ തുകയായി അദ്ദേഹത്തിന്റെ സർക്കാർ വാഗ്‌ദനം ചെയ്തത്.

ബജറ്റിൽ വലിയ ശ്രദ്ധ ലഭിച്ച ഈ പ്രഖ്യാപനം സമ്മേളനം അവസാനിച്ചതോടെ വാഗ്ദാനങ്ങളുടെ പടുകുഴിയിലേക്ക് വീണു. ആദ്യ വർഷം 750 കോടി വിതരണം ചെയ്യുമെന്ന് പ്രഖ്യാപനം നടന്നിടത്ത് 155.9 കോടി രൂപ മാത്രമാണ് സർക്കാർ ചിലവഴിച്ചത്. അതായത് 594 കോടി രൂപയുടെ ഫണ്ടിംഗ് വിടവ് സംഭവിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പദ്ധതിയിലൂടെ കച്ചവടക്കാർക്ക് നൽകുമെന്ന് വാഗ്‌ദനം ചെയ്ത തുകയും, യഥാർത്ഥത്തിൽ നൽകിയ തുകയിലും ഈ വിടവുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, 3 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയെങ്കിലും, 10 ലക്ഷം രൂപ മാത്രമാണ് അതിൽ നിന്ന് ചിലവഴിച്ചതെന്ന് ഏറ്റവും പുതിയ ബജറ്റ് കണക്കുകൾ പറയുന്നു. പ്രധാനമന്ത്രി കരം യോഗി മാൻ ധൻ പദ്ധതി ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ, 1,133 കോടി രൂപ വിനിയോഗിക്കുമെന്നായിരുന്നു സർക്കാർ നിലപാട്. കണക്കുകൾ പരിശോധിക്കുമ്പോൾ ഈ തുക 162 കോടി രൂപയായി ചുരുങ്ങിയെന്ന് വ്യക്തമാകും. അതായത് വാഗ്ദാനം ചെയ്ത തുകയുടെ 14% മാത്രമാണ് സർക്കാർ പദ്ധതിക്കായി അനുവദിച്ചത്. പദ്ധതി നടപ്പിലാക്കി 2023 ജനുവരി വരെയുള്ള കാലയളവിൽ ഏകദേശം 50,000 ആളുകൾ മാത്രമാണ് ഇതിന്റെ ഗുണഭോക്താക്കളായത്. വകയിരുത്തിയ തുക മാത്രമല്ല 3 കോടി ഗുണഭോക്താക്കൾ എന്ന സംഖ്യയിലും ഇടിവ് സംഭവിച്ചു.

സർക്കാരിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച പ്രധാനമന്ത്രി കരംയോഗി മാൻധൻ എങ്ങനെയാണ് പരാജയപെട്ടതെന്ന് 2023 മാർച്ചിൽ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സർക്കാരിനോട് ആരാഞ്ഞിരുന്നു. ഇതേ പേരിലുള്ള മറ്റൊരു പദ്ധതിയാണ് പരാജയ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. ഗവൺമെൻ്റ് പറയുന്നതനുസരിച്ച്, രണ്ടു സ്കീമുകളും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ബജറ്റിന് നാല് മാസം മുൻപ് നടപ്പിലാക്കിയ പ്രധാൻ മന്ത്രി ശ്രം യോഗി മാൻ ധൻ പദ്ധതിയുമായി ആളുകൾ ഈ പുതിയ സ്കീമിനെ തെറ്റുധരിച്ചു. പദ്ധതികൾക്ക് വ്യത്യസ്ത തരം പേരുകൾ നിർദേശിക്കാൻ തക്ക വണ്ണം സർഗാത്മത ഇല്ലെന്ന് അംഗീകരിച്ചുകൊണ്ട് ചോദ്യത്തിൽ നിന്ന് സർക്കാർ വഴുതി മാറി.

42 കോടിയോളം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യം വച്ചുകൊണ്ടാണ് പ്രധാൻ മന്ത്രി ശ്രം യോഗി മാൻ ധന് പദ്ധതി അവതരിപ്പിച്ചത്. എന്നാൽ ഈ പെൻഷൻ പദ്ധതിയും വിജയിച്ചിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ അർഹരായ 42 കോടി ഗുണഭോക്താക്കളിൽ 43 ലക്ഷം പേർക്ക് മാത്രമാണ് പദ്ധതിയുടെ പരിരക്ഷ ലഭിച്ചത്. പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഈ പദ്ധതിയിലെ പാളിച്ചകളെ കുറിച്ചും സർക്കാരിനോട് ചോദ്യം ഉന്നയിച്ചിരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി 2015ൽ ആരംഭിച്ച അടൽ പെൻഷൻ യോജനയാണ് ഈ പദ്ധതിയുടെ പരിജയത്തിന് പിന്നിലെന്ന് സർക്കാർ വാദിച്ചു.

അടൽ പെൻഷൻ യോജനയും സംശയങ്ങൾ ബാക്കി വയ്ക്കുന്നുണ്ട്. ബാങ്കുകൾ ഉപഭോക്താക്കളറിയാതെ അവരെ അടൽ പെൻഷൻ യോജനയിൽ ചേർക്കുന്നുണ്ടെന്ന് റിപ്പോർട്ടേഴ്‌സ് കളക്ടീവിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുണഭോക്ത്താക്കളുടെ എണ്ണം വ്യാജമായി വർധിപ്പിച്ച് പെൻഷൻ യോജന വിജയകരമാണെന്ന് വരുത്തി തീർക്കാൻ സർക്കർ ശ്രമിച്ചെന്ന വിമർശനവും ഇതോടെ ഉയർന്നിരുന്നു. പെൻഷൻ പദ്ധതികൾ വിലയിരുത്താനായി സർക്കാർ ഒരു തിങ്ക് ടാങ്കിനെ ചുമതലപ്പെടുത്തിയിരുന്നു. ശ്രം യോഗി മാൻ ധന് നിർത്തലാക്കാനും അടൽ പെൻഷൻ യോജനയുമായി ലയിപ്പിക്കാനും തിങ്ക് ടാങ്ക് നിർദേശം നൽകി. കടയുടമകൾക്കായുള്ള പെൻഷൻ പദ്ധതി അസംഘടിത തൊഴിലാളി പെൻഷനുമായി ലയിപ്പിക്കാമെന്ന ആശയം സർക്കാരിന്റെ പരിഗണനയിലുമുണ്ടായിരുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയാതെ മൂന്ന് പെൻഷൻ പദ്ധതികളാണ് പരാജയപ്പെട്ടത്. നരേന്ദ്ര മോദി സർക്കാരിന്റെ ജനശ്രദ്ധ നേടാനുള്ള പതിവ് ശൈലിക്കു വേണ്ടി മാത്രമാണോ ഇവ അവതരിപ്പിക്കുന്നതെന്ന ചോദ്യം ബാക്കിയാണ്. ശ്രദ്ധ മാറുന്നതനുസരിച്ച് പദ്ധതിയുടെ ഫണ്ടിങ്ങും, വിജയവും കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണത ഇതിൽ തെളിഞ്ഞു കാണാൻ സാധിക്കുന്നുണ്ട്.

2019-2020 മുതൽ 2023-24 വരെയുള്ള ബജറ്റിൽ കേന്ദ്രസർക്കാർ 906 പദ്ധതികൾ പ്രഖ്യാപിച്ചത്. ഓരോ പദ്ധതിക്കുമായി വകയിരുത്തിയ വിഹിതം റിപ്പോർട്ടേഴ്‌സ് കളക്ടീവ് പരിശോധിച്ചിരുന്നു. 71.9 ശതമാനത്തോളം പദ്ധതികൾക്ക് സർക്കാർ പണം ചിലവഴിച്ചിട്ടില്ലെന്ന് റിപ്പോർട്ടേഴ്‌സ് കളക്ടീവ് കണ്ടെത്തി. അതായത് 906 സ്കീമുകളിൽ 651 എണ്ണം കടലാസിൽ മാത്രമായി ഒതുങ്ങി. നടപ്പിലായ പദ്ധതികൾക്ക് ആദ്യം വാഗ്ദാനം ചെയ്തതിൻ്റെ പകുതി തുകയാണ് ലഭിച്ചിരിക്കുന്നത്. പകുതിയേക്കാൾ കുറവ് ലഭിച്ച പദ്ധതികളുമുണ്ട്. ബജറ്റ് വെട്ടിക്കുറക്കുന്ന പ്രവണത ഏറ്റവും കൂടുതൽ ബാധിച്ചത് ക്ഷേമപദ്ധതികളെയാണ്. 75 ശതമാനത്തോളം ക്ഷേമപദ്ധതികൾക്ക് ഉറപ്പ് നൽകിയതിന്റെ പകുതിയോളമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ ട്രാക്ക് പുതുക്കൽ, റോഡ്‌വേ പദ്ധതികൾ, പുനരുപയോഗ ഊർജ ഗ്രിഡ് തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളിലും കത്രിക വച്ചതായി കാണാം. ബജറ്റിൽ വാഗ്ദാനം ചെയ്ത ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനപെട്ട രണ്ടു മേഖലകളാണ് ക്ഷേമവും, അടിസ്ഥാന സൗകര്യ വികസനവും. തൽഫലമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ 73 ശതമാനത്തിനും ബജറ്റിൽ വാഗ്ദാനം ചെയ്ത ഫണ്ട് സർക്കാർ കുറച്ചതായി പരിശോധനയിൽ വ്യക്തമാണ്.

പ്രതിരോധം, വ്യവസായം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിനു പിന്നാലെ തന്നെയുണ്ട്. ബജറ്റ് തുകയും യഥാർത്ഥ ചെലവും തമ്മിലുള്ള വ്യത്യാസം കണക്കിലെടുക്കുകയാണെങ്കിൽ ഈ മേഖലകൾ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഓരോ പദ്ധതികളെയും സർക്കാർ ഔദ്യോഗികമായി തരം തിരിച്ച് നിർവചിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇവയെ ഒരൊറ്റ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധിച്ചത്. ഇതുമൂലം ചില പദ്ധതികൾ ഒന്നിലധികം ഗ്രൂപ്പുകളിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

ക്ഷേമ പദ്ധതികൾ ഒഴിവാക്കുമ്പോഴും, അടിസ്ഥാന സൗകര്യത്തിനായുള്ള ഫണ്ടുകൾ പിൻവലിക്കുകയും പതിവാക്കുകയാണ്. ഈ നയങ്ങൾ തുടർന്ന് പോകുമ്പോൾ സാധാരണഗതിയിൽ ഒരു സർക്കാർ വിമർശിക്കപ്പെടുകയാണ് പതിവ്. പക്ഷെ ഇവിടെ ഇതിനു വിപരീതമായാണ് സംഭവിക്കുന്നത്. സർക്കാർ ക്ഷേമ പദ്ധതികൾ ഒഴിവാക്കുകയും, അടിസ്ഥാന സൗകര്യ ഫണ്ടുകൾ പിൻവലിക്കുകയും ചെയ്യുമ്പോൾ പ്രത്യഘാതങ്ങളോ വിമർശങ്ങളോ സംഭവിക്കുന്നില്ല. മറിച്ച് ഓരോ പദ്ധതികളും അതിന്റെ പോര്യ്മകൾ പരിഹരിച്ച് നവീകരിക്കുന്നതായും, അതുമല്ലെങ്കിൽ പുതിയ ആശയങ്ങളും നയങ്ങളുമായി അവതരിപ്പിക്കുന്നതായാണ് ജനങ്ങൾക്ക് തോന്നിക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് ഈ തോന്നൽ ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നത് ?

പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന പല പദ്ധതികളും പുതുക്കിയെടുത്ത്, പുതിയ പേരിൽ അവതരിപ്പിക്കുകയാണ് ഒരു തന്ത്രം. ഉദാഹരണത്തിന് പിഎം ആഷാ പദ്ധതിയെ സർക്കാർ എങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാന പബ്ലിസിറ്റി ടൂളാക്കി മാറ്റിയയതെന്ന് കളക്ടീവ് അന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാജ്യത്തുടനീളം പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും ഉല്‍പ്പാദിപ്പിക്കുന്ന ദശലക്ഷക്കണക്കിന് കര്‍ഷകരുടെ വരുമാനം സംരക്ഷിക്കുന്ന പി.എം ആഷാ അഥവ പ്രധാന്‍ മന്ത്രി അന്നദാതാ ആയ് സന്‍രക്ഷണ്‍ അഭിയാന്‍ പ്രഖ്യാപിച്ചത്. പക്ഷെ പദ്ധതി വാഗ്‌ദനം നൽകിയത് പോലെ പാലിക്കപ്പെട്ടത്  , 2019-ലെയും 2024-ലെയും തെരഞ്ഞെടുപ്പ് കാലത്താണ്. അതിനിടയിലുള്ള വർഷങ്ങളിൽ സര്‍ക്കാര്‍ ഒരു രൂപപോലും പദ്ധതിക്കായി മുടക്കിയിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സഹായിച്ചെന്ന് അവകാശപ്പെട്ടുകൊണ്ട് 2019 ലെ ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ PM AASHA സ്കീം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത് നരേന്ദ്ര മോദി സർക്കാർ ആയിരുന്നില്ല. മുൻ യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സംഭരണ ​​പദ്ധതിയുടെ പേര് മാറ്റി, പുതിയ പദ്ധതിയായി അവതരിപ്പിക്കുകയായിരുന്നു. ഈ ആയുധം തന്നെയാണ് ഇപ്പോഴും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. 2024ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം ബിജെപി ഇത്തവണ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഭൂരിഭാഗം സ്‌കീമുകൾക്കും അനുവദിച്ച തുക അഞ്ച് വർഷത്തിനുവേണ്ടി ആദ്യം വകയിരുത്തിയ തുകയേക്കാൾ താഴെയായിരുന്നു. എന്നാൽ മഹമാരി കാലത്ത് 906 സ്‌കീമുകളുടെയും യഥാർത്ഥ ചെലവ്, പദ്ധതിക്ക് വേണ്ടി വകയിരുത്തയതിനേക്കാൾ അധികമായിരുന്നു. രണ്ടു ഘടകങ്ങളാണ് ഈ സഹചര്യത്തിന് കാരണമായി ഡാറ്റകൾ ചൂണ്ടികാണിക്കുന്നത്. ഒന്നാമതായി മഹാമാരി കാലത്ത് ജനങ്ങൾക്ക് ലഭ്യമാക്കിയ പദ്ധതികളിൽ പ്രതീക്ഷിച്ചതിനേക്കാൾ തുക സർക്കാരിന് ചിലവഴിക്കേണ്ടതായി വന്നു. ഇതിനു പുറമെ അധിക കൊവിഡ് ചെലവുകൾ ഉണ്ടായിട്ടും, മഹാമാരി ആരംഭിക്കുന്നതിന് മുമ്പും, ശേഷവും പല പദ്ധതികൾക്കും വേണ്ട മതിയായ ഫണ്ട് കണ്ടെത്താനായില്ല. രണ്ടാമതായി, മുമ്പ് റിപ്പോർട്ട് ചെയ്തതുപോലെ, ബജറ്റ് എസ്റ്റിമേറ്റുകൾ കുത്തനെ ഇടിഞ്ഞതിന് ശേഷം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ചില ക്ഷേമ പദ്ധതികൾക്കുള്ള ചെലവ് വർദ്ധിപ്പിച്ചു.

പദ്ധതികൾ എങ്ങനെയാണ് പ്രവർത്തിച്ചതെന്നും, സർക്കാർ വാഗ്‌ദനം നൽകിയതിൽ എത്ര തുക ചെലവഴിച്ചുവെന്നും കണ്ടെത്തുന്നതിന് കേന്ദ്ര ഗവൺമെൻ്റ് പൂർണമായും ധനസഹായം നൽകുന്ന പദ്ധതികൾ കളക്ടീവ് സൂക്ഷ്മമായി പരിശോധിച്ചിരുന്നു.

കൃഷി

കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ രൂപകൽപ്പന ചെയ്ത പല പദ്ധതികൾക്കും വലിയ തുകയാണ് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നത്. വാഗ്ദാനവുമായി താരത്യം ചെയ്യമ്പോൾ വകയിരുത്തിയ ബജറ്റിനേക്കാൾ കൂടുതൽ തുകയാണ് വെട്ടികുറച്ചത്. ഈ സ്കീമുകളിലൊന്നായ പിഎം ആഷാ മുൻപ് പരാമർശിച്ചത് പോലെ 2019-ലെയും 2024-ലെയും തെരഞ്ഞെടുപ്പ് കാലയളവുകളിലാണ് നടപ്പിലായത്. രണ്ട് പൊതു
തെരഞ്ഞെടുപ്പുകൾക്കിടയിലെ മൂന്ന് വർഷത്തിനിടെ സർക്കാർ ഒരു രൂപ പോലും പദ്ധതിക്കായി ചെലവഴിച്ചില്ല. രണ്ടാമത്തെ പദ്ധതി, പ്രധാനമന്ത്രി കിസാൻ മാൻ ധന് യോജനയാണ്. ചെറുകിട നാമമാത്രമായ കർഷകർക്ക് വേണ്ടിയിരുന്നു പദ്ധതി വിഭാവനം ചെയ്തത്. കരം യോഗി മാൻ ധന്, ശ്രം യോഗി മാൻ ധന് തുടങ്ങിയ പദ്ധതികൾക്ക് സമാനമായി ചുരുങ്ങിയ ആളുകൾ മാത്രമാണ് പദ്ധതിയിൽ ചേർന്നത്. 2019 മുതൽ, 3 കോടി കർഷകരെ
ഗുണഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതിയെങ്കിൽ എൻറോൾ ചെയ്തത് 7.8% കർഷകർ മാത്രമാണ്. 2023-24 ഒഴിച്ചുള്ള മറ്റു വർഷങ്ങളിൽ സർക്കാർ ബജറ്റിൽ തീരുമാനിച്ചതിനേക്കാൾ കുറവാണ് ചെലവഴിച്ചതെന്ന് ഡാറ്റകൾ കാണിക്കുന്നു. 10,000 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ സൃഷ്ടിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 2020-ൽ സർക്കാർ ആരംഭിച്ച പദ്ധതിയിലും സമാനമായ അവസ്ഥയായിരുന്നു. കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും കൂട്ടമായി വിളകൾ വിറ്റ് കൂടുതൽ പണം സമ്പാദിക്കുന്നതിനും കർഷകരെ സഹായിക്കാനായിരുന്നു ഇത് ലക്ഷ്യം വച്ചിരുന്നത്.

ആരോഗ്യം

2021- ലെ രണ്ടാം കോവിഡ്-19 വ്യാപനം രൂക്ഷമായ സമയത്താണ്, കേന്ദ്ര സർക്കാർ പ്രധാനമന്ത്രി-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പ്രഖ്യാപിക്കുന്നത്. ഇത് 2005 മുതൽ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കേന്ദ്ര-സംസ്ഥന സർക്കാരുകളുട കൂട്ടായ പരിശ്രമത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ പദ്ധതിയുടെ ചില ഭാഗങ്ങൾ കേന്ദ്ര സർക്കാരിന്റെ കീഴിലായിരുന്നു. പദ്ധതി പൂർത്തിയാക്കുന്നതിനായി 5 വർഷത്തിനുള്ളിൽ 9,339 കോടി രൂപയിൽ കൂടുതൽ ചെലവിടാനായിരുന്നു കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നത്. രോഗ നിർണ്ണയത്തിനും, ഗവേഷണത്തിനുമായുള്ള സെന്ററുകളും, ക്രിട്ടിക്കൽ കെയർ സെന്ററുകളും സ്ഥാപിക്കുന്നതിനുമായി വകയിരുത്തിയ ഈ തുകയിൽ നിന്ന് 14.7% മാത്രമാണ് ചെലവഴിച്ചത്. അതായത് 3 വർഷത്തിന് ശേഷവും 1,373 കോടി രൂപയാണ് ഉപയോഗിച്ചിരിക്കുന്നത്.

പെൻഷൻ പദ്ധതികൾ

ചെറുകിട കടയുടമകൾക്കുള്ള പെൻഷൻ പദ്ധതിയായ പിഎം കരം യോഗി മാൻ ധന് 2019-ൽ ആരംഭിച്ച ആദ്യ വർഷത്തിൽ 750 കോടി രൂപ ചെലവഴിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തു. രണ്ട് വർഷത്തിന് ശേഷമാണ്, യാഥാർത്ഥ്യം പുറത്തുവരുന്നത്: തുകയുടെ 20.7% മാത്രമാണ് സർക്കാർ ചെലവഴിച്ചിരിക്കുന്നത്. അതായത് 155.7 കോടി രൂപ. ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിൽ പോലും 3 കോടി രൂപ ചെലവഴിക്കുമെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും അതിൽ 3.3% മാത്രമാണ് ചെലവഴിച്ചത്.

സർക്കാരിൻ്റെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ഒന്നിലധികം പെൻഷൻ പദ്ധതികൾ മറ്റൊന്നിന് വിനയായി തീർന്നു. ഇത് മൂലം പല പദ്ധതികളും വെട്ടിച്ചുരുക്കി. ഉദാഹരണത്തിന്, കരം യോഗി മാൻ ധനിന് നാല് മാസം മുമ്പ് ആരംഭിച്ച പിഎം ശ്രം യോഗി മാൻ ധന്, കഴിഞ്ഞ സാമ്പത്തിക വർഷം വാഗ്ദാനം ചെയ്ത തുകയുടെ 58.6% മാത്രമാണ് സർക്കാർ ചെലവഴിച്ചത്. സ്‌കീം മന്ദഗതിയിൽ നീങ്ങുന്നതിനും ഇക്കാരണമാണ് ചൂണ്ടികാണിച്ചത്.

വിദ്യാഭ്യാസം

2019 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ, 50% പട്ടികവർഗ്ഗക്കാരുള്ള ബ്ലോക്കുകളിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഗോത്രവർഗക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ലഭ്യത മെച്ചപ്പെടുത്തുന്നതിനായാണ് സ്കൂൾ. ട്രൈബൽ അഫയേഴ്സ് മന്ത്രാലയം 2025-26 ഓടെ 740 സ്കൂൾ നിർമ്മിക്കാനായി ലക്ഷ്യമിട്ടിരുന്നു. 2023 ഡിസംബറിൽ 401 സ്കൂളുകളാണ് വാഗ്ദാനം ചെയ്തിരുന്നത്. മന്ദഗതിയിലാണെങ്കിലും, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നത് വരെ ബജറ്റ് എസ്റ്റിമേറ്റുകൾക്ക് ഒരു ഉയർച്ചയും ഉണ്ടായില്ല. 2023-2024 ൽ 5,943 കോടി രൂപ ചെലവഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പാർലമെൻ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ വിമർശനങ്ങൾക്കിടയിലും ഇതുവരെ ഫണ്ടിൻ്റെ 41.6% മാത്രമാണ് ചെലവഴിച്ചത്.

2025-26 ഓടെ ഈ വാഗ്ദാനങ്ങൾ പൂർത്തിയാക്കാനാവുമോ എന്നതിൽ ആശങ്കയുണ്ടെന്ന് കമ്മിറ്റി പറയുന്നു. സാധാരണഗതിയിൽ ഈ സ്കൂളുകൾ നിർമ്മിക്കാൻ രണ്ടര വർഷത്തെ കാലതാമസമുണ്ട്. മന്ത്രാലയത്തിൻ്റെ കൈവശമുള്ള മുഴുവൻ പണവും വിനിയോഗിച്ചില്ലെന്നും സമിതി ചൂണ്ടികാണിക്കുന്നുണ്ട്. കൂടാതെ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ നൽകുന്നതിനായി സർക്കാർ ദേശീയ പട്ടികജാതി ഫെല്ലോഷിപ്പിന്റെ തുക വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിട്ടില്ല. 2023 ഡിസംബറിൽ പാർലമെൻ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ഈ വിഷയം ഉയർത്തികാണിച്ചിരുന്നു. കുട്ടികൾക്ക് നൽകി വരുന്ന ഫെലോഷിപ്പ് തുകയും വെട്ടിച്ചുരുക്കിയിട്ടുണ്ട്. 2019-20ൽ ബജറ്റിൽ വാഗ്ദാനം ചെയ്ത തുകയുടെ 68 ശതമാനം മാത്രമാണ് സർക്കാർ ചെലവഴിച്ചതെങ്കിൽ 2021-22ൽ അത് 40 ശതമാനമായി കുറഞ്ഞു. മുൻവർഷത്തെ ബാക്ക്‌ലോഗുകൾ ഉൾപ്പെടുത്തിയതിനുശേഷവും 2018-19 നെ അപേക്ഷിച്ച് 2022-23ൽ ഫെലോഷിപ്പുകളുടെ എണ്ണത്തിൽ 30% കുറവുണ്ടായി.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ

ASPIRE എന്ന പദ്ധതിയിലൂടെ കാർഷിക-ഗ്രാമീണ വ്യവസായ മേഖലകളിൽ വിദഗ്ധരായ 75,000 ഗ്രാമീണ സംരംഭകരെ വികസിപ്പിക്കാൻ സർക്കാർ എങ്ങനെ സഹായിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തൻ്റെ ആദ്യ ബജറ്റ് പ്രസംഗത്തിൽ വിശദീകരിച്ചു. അടുത്ത നാല് സാമ്പത്തിക വർഷങ്ങളിൽ 137 കോടി രൂപ  ചെലവഴിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്  എന്ന് പ്രഖ്യാപിച്ചിരുന്ന. എന്നിരുന്നാലും, ഈ കാലയളവിൽ ഇത് ചെലവഴിച്ചത് 31 കോടി രൂപ മാത്രമാണ്, അതായത് വാഗ്ദാനം ചെയ്ത തുകയുടെ 22.7% മാത്രം.

ASPIRE-യ്‌ക്കൊപ്പം, പരമ്പരാഗത വ്യവസായങ്ങളെ നവീകരിക്കുന്നതിനുള്ള ഒരു പദ്ധതിയായ SFURTI-യെ നിർമ്മല സീതാരാമൻ പരാമർശിച്ചു. 2022-23 വരെ SFURTI യുടെ ചെലവ് ക്രമാനുഗതമായി ഉയർന്നു, സർക്കാർ 334 കോടി രൂപ ലക്ഷ്യമിട്ടെങ്കിലും 1.95 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. അതുപോലെ, അടുത്ത സാമ്പത്തിക വർഷം, 280 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റ് ഇട്ടെങ്കിലും  സർക്കാർ 2.5 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.

 

ഈ അന്വേഷണ റിപ്പോര്‍ട്ട് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും അഴിമുഖവുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി പൂര്‍ണമായ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നതാണ്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: https://www.reporters-collective.in/trc/billboard-governance-under-modi-majority-schemes-faced-funding-squeeze

Content summary; Under the Modi government, the majority of the 906 schemes faced funding cuts. scheme squeezing modi

Share on

മറ്റുവാര്‍ത്തകള്‍