സ്‌കൂള്‍ സമയമാറ്റം: മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത, കൈയ്യൊഴിഞ്ഞ് മുസ്ലിം ലീഗ്

എല്‍ഡിഎഫും യുഡിഎഫും വിഷയത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കണം

സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയിരിക്കുകയാണ് സമസ്ത. സര്‍ക്കാരിന് നല്‍കിയ പരാതി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍. സ്‌കൂള്‍ സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അഴിമുഖത്തോട് പ്രതികരിച്ചു.

നിലവില്‍ സര്‍ക്കാര്‍ ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ സമയം പുതുക്കി 9.45 മുതല്‍ 4.15 വരെയാക്കിയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ”പഠനസമയം രാവിലെ 9.45 ആക്കിയത് മത വിദ്യാഭ്യാസത്തെ ബാധിക്കും അതുകൊണ്ടാണ് സമസ്ത ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. ഞങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം രാവിലെ 9.45 എന്നത് എന്നത് 15 മിനുട്ട് കുറച്ച് വൈകിട്ട് 4.15 വരെയുള്ള ക്ലാസ് 4.30 വരെ ആക്കണം.

നിലവില്‍ തന്നെ കുട്ടികള്‍ക്ക് പഠനസമയം കൂടുതലാണ്. അത് വീണ്ടും ദീര്‍ഘിപ്പിക്കുകയല്ല വേണ്ടത്. ഉള്ള സമയത്തെ ഗുണനിലവാരമുള്ള രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്ത പക്ഷം ജൂലൈ 10 ന് സമരപ്രഖ്യാപന പരിപാടികള്‍ നടത്തും. നിലവില്‍ എല്‍ഡിഎഫും യുഡിഎഫും വിഷയത്തില്‍ അവരവരുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കണം” മുസ്തഫ മുണ്ടുപാറ കൂട്ടിച്ചേര്‍ത്തു.

ഏഴാം ക്ലാസ് വരെയേ മദ്രസ പഠനം ഉള്ളൂവെന്ന സര്‍ക്കാര്‍ വാദം ശരിയല്ല. പന്ത്രണ്ടാം ക്ലാസ് വരെ മതപഠനമുണ്ട്. മദ്രസ പഠനം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്. ഹൈസ്‌കൂളില്‍ മാത്രമേ സമയമാറ്റം ഉള്ളൂവെന്ന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും, എല്‍പിയും, യുപിയും, ഹൈസ്‌കൂളും ഒന്നിച്ചുള്ള സ്‌കൂളില്‍ ഒരുമിച്ചാണ് പഠനം തുടങ്ങുക. ഇത് മദ്രസകളിലെ മതപഠനത്തെ ബാധിക്കുമെന്നാണ് സമസ്ത പ്രസിഡന്‍് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

”സമസ്ത ആഹ്വാനം ചെയ്ത സമരത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല. വിഷയത്തില്‍ ലീഗിന് പ്രത്യേകിച്ച് ഒരു നിലപാടും ഇല്ല” മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഴിമുഖത്തോട് പ്രതികരിച്ചു. വിഷയത്തില്‍ ലീഗിലെ മറ്റ് നേതാക്കളുടെ നിലപാടിനായി അഴിമുഖം സമീപിച്ചെങ്കിലും ആരും തന്നെ പ്രതികരിക്കാന്‍ തയ്യാറായില്ല.

സമസ്തയുടെ കീഴിലെ 11,000 ത്തോളം മദ്രസകളില്‍ പഠിക്കുന്ന 12 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നുമാണ് സമസ്തയുടെ ആവശ്യം.

2007 ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സ്‌കൂള്‍ സമയം 8 മണി ആക്കാന്‍ നീക്കം നടത്തി. അന്ന് സമരം നടത്തി തോല്‍പ്പിച്ചത് സമസ്ത അടക്കമുള്ള സംഘടനകള്‍ ആണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സമയമാറ്റവും സമരത്തിലൂടെ പരിഹരിക്കേണ്ട സാഹചര്യമാണുള്ളത്. മുസ്ലിംലീഗ് ഈ പ്രശ്നം ഏറ്റെടുക്കണം. എല്ലാ സംഘടനകളും പിന്തുണക്കണം എന്നാണ് ആഗ്രഹമെന്നും സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Content Summary: School timing change: Samastha says it will affect religious studies, Muslim League gives up

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment