പ്രമേഹ ചികിത്സയില്‍ വിപ്ലവകരമായ നേട്ടവുമായി ശാസ്ത്രലോകം
ജീവിതചര്യയുടെ ഭാഗമായാണ് പ്രമേഹം പിടികൂടുന്നത്. ഇൻസുലിൻ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയാറില്ല. ഭക്ഷണക്രമത്തിലടക്കം കൃത്യമായ ചിട്ടകൾ പാലിച്ചാണ് പലരും അളവ് കൂടാതെയും കുറയാതെയും ശ്രദ്ധിക്കുന്നത്. എന്നാൽ ഏതു നിമിഷം വേണമെങ്കിൽ പോലും ഇതിൽ മാറ്റങ്ങൾ വന്നേക്കാം, അങ്ങെനെയെങ്കിൽ ഈ പ്രതിസന്ധിയ്ക്ക് സ്ഥായിയായ പോം വഴികൾ ഇല്ലേ എന്ന ചോദ്യം ശാസ്ത്ര ലോകം നേരിടാൻ തുടങ്ങിയിട്ട് ഒട്ടനവധി കാലങ്ങളായി. type 1 diabetes smart insulin
എന്നാൽ ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഹോളി ഗ്രെയ്ൽ എന്ന പുതിയ തരം ഇൻസുലിൻ. ഇതോടെ ലോകമെമ്പാടുമുള്ള ടൈപ്പ് 1 പ്രമേഹമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടിയുള്ള ചികിത്സയിൽ വിപ്ലവ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇൻസുലിൻ പ്രധാനമായും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന മാറ്റങ്ങളോട് തത്സമയം പ്രതികരിക്കുകയും, സന്തുലിതമായ അളവിൽ എത്തിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
നിലവിൽ ടൈപ്പ് 1 പ്രമേഹമുള്ള ആളുകൾക്ക്, അതിജീവനത്തിനായി സിന്തറ്റിക് ഇൻസുലിൻ ഒരു ദിവസം 10 തവണ വരെ കുത്തിവയ്ക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ കൂടുകയും കുറയുകയും ചെയ്യുന്നതോടെ കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. കൂടാതെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനുള്ള വെല്ലുവിളി മാനസികാരോഗ്യത്തെയും ബാധിക്കും. എന്നാൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത പുതിയ ഇൻസുലിൻ ശരീരത്തിൽ നിർജ്ജീവമായി നിലകൊള്ളും, ഏതെങ്കിലും സാഹചര്യത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറാൻ തുടങ്ങുമ്പോൾ ഇത് സ്വയം പ്രവർത്തന സജ്ജമാകും. യുഎസ്, ഓസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ ഈ ഇൻസുലിൻ വിജയകരമായി പരീക്ഷിക്കുന്നുണ്ട്.
സാധാരണ ഇൻസുലിൻ ഉപയോഗിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാകുന്നു. എന്നാൽ കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഉണ്ടാകുന്ന ഏറ്റക്കുറച്ചലുകളെ സഹായിക്കാൻ ഇതിന് കഴിയില്ല. പുതിയ ഗ്ലൂക്കോസ്-റെസ്‌പോൺസീവ് ഇൻസുലിൻ (ജിആർഐ) രൂപകൽപന ചെയ്തിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ മാത്രം പ്രവർത്തിക്കാൻ വേണ്ടിയാണ്, ഇത് ഹൈപ്പർ ഗ്ലൈസീമിയ (ഉയർന്ന രക്തത്തിലെ പഞ്ചസാര) തടയാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ, ഈ ഇൻസുലിൻ യാന്ത്രികമായി പ്രവർത്തിക്കുന്നത് നിർത്തുന്നു, ഇത് ഹൈപ്പോഗ്ലൈസീമിയ (കുറഞ്ഞ രക്തത്തിലെ പഞ്ചസാര) ഒഴിവാക്കാൻ സഹായിക്കുന്നു. ഇതോടെ ആളുകൾ ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഇൻസുലിൻ എടുക്കേണ്ടതുള്ളൂവെന്ന് വിദഗ്ധർ പറയുന്നു.
ഇൻസുലിൻ വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രജ്ഞർക്ക്, വേഗത്തിൽ ആളുകളിലേക്ക് എത്തിക്കുന്നതിനായും, ഗവേഷണത്തിനായും ദശലക്ഷക്കണക്കിന് പൗണ്ട് ഗ്രാൻ്റായി നൽകിയിട്ടുണ്ട്. ഡയബറ്റിസ് യുകെ, ജെഡിആർഎഫ്, സ്റ്റീവ് മോർഗൻ ഫൗണ്ടേഷൻ എന്നിവയുടെ പങ്കാളിത്തമായ ടൈപ്പ് 1 ഡയബറ്റിസ് ഗ്രാൻഡ് ചലഞ്ചിൽ നിന്നാണ് ധനസഹായം ലഭിക്കുന്നത്. ടൈപ്പ് 1 പ്രമേഹത്തിനുള്ള പുതിയ ചികിത്സകൾ കണ്ടെത്താൻ സഹായിക്കുന്നതിന് അത്യാധുനിക ഗവേഷണത്തിനായി 50 മില്യൺ പൗണ്ട് ഇവർ നിക്ഷേപിക്കാറുണ്ട്. പ്രമേഹത്തിനെതിരായ യുദ്ധത്തിൽ സ്മാർട്ട് ഇൻസുലിൻ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ടൈപ്പ് 1 ഡയബറ്റിസ് ഗ്രാൻഡ് ചലഞ്ചിൻ്റെ നോവൽ ഇൻസുലിൻ സയൻ്റിഫിക് അഡ്വൈസറി പാനലിൻ്റെ വൈസ് ചെയർ ഡോ ടിം ഹെയ്‌സ് പറഞ്ഞു.
”ഇന്ന് ലഭ്യമായ ഏറ്റവും മികച്ച ഇൻസുലിൻ പോലും, ടൈപ്പ് 1 പ്രമേഹമുള്ള ആളുകളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായ പരിധിയിൽ നിലനിർത്താൻ പര്യാപ്‌തമല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുല്യമായി നിലനിർത്തുന്നതിന് വലിയ വെല്ലുവിളിയാണ് ആളുകൾ നേരിടുന്നത്, നിരന്തമാരായി ശ്രദ്ധിച്ചാൽ മാത്രമേ ആളുകൾക്ക് കൃത്യമായ അരോഗപരിപാലനം നടത്താൻ കഴിയയുള്ളു.” അദ്ദേഹം പറയുന്നു. ഗ്ലൂക്കോസ്-റെസ്‌പോൺസീവ് അല്ലെങ്കിൽ സ്മാർട്ട് ഇൻസുലിൻ ഹോളി ഗ്രെയ്ൽ ആയാണ് കണക്കാക്കപ്പെടുന്നത്. ടൈപ്പ് 1 പ്രമേഹത്തിനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണിത്, കാരണം അവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വയമേവ ക്രമീകരിക്കാൻ കഴിയും, ഈ അവസ്ഥയുള്ളവർക്ക് ജീവിതം കുറച്ചു കൂടി എളുപ്പമാക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്മാർട്ട് ഇൻസുലിനുകളുടെ ഗവേഷണ പദ്ധതികൾക്കായി ഏകദേശം 3 മില്യൺ പൗണ്ട് നൽകിയിട്ടുണ്ട്. യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി, ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റി, ചൈനയിലെ സെജിയാങ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ടീമുകളാണ് ഈ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. ഇൻസുലിനുകളുടെ വികസനം ത്വരിതപ്പെടുത്തുകയും എത്രയും വേഗം അവ ആളുകളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. ആറു പ്രോജെക്റ്റുകളിൽ നാല് പ്രോജക്ടുകൾ ഗ്ലൂക്കോസ്-റെസ്‌പോൺസീവ് ഇൻസുലിൻ (ജിആർഐ) പരിശോധിക്കുന്നതിൽ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
അഞ്ചാമത്തെ പദ്ധതി വളരെ വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു പുതിയ തരം ഇൻസുലിൻ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. നിലവിലുള്ളത് ഏറ്റവും വേഗതയേറിയ ഇൻസുലിൻ ആണെങ്കിലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കാൻ കാലതാമസം നേരിടാറുണ്ട്. ഈ കാലതാമസം ചിലപ്പോൾ രക്തത്തിലെ പഞ്ചസാര സുരക്ഷിതമല്ലാത്ത നിലയിലേക്ക് ഉയരാൻ ഇടയാക്കും. പുതിയ അൾട്രാഫാസ്റ്റ് ഇൻസുലിൻ ഈ കാലതാമസം ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷ. ഇൻസുലിൻ പമ്പുകളും ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് വേഗതയേറിയ ഇൻസുലിൻ പ്രധാനമാണ്. തത്സമയം രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റങ്ങളുമായി സ്വയമേവ ക്രമീകരിക്കാൻ ഈ സംവിധാനങ്ങൾക്ക് കഴിയും.
ആറാമത്തെ പ്രോജക്റ്റ് ഇൻസുലിൻ, ഗ്ലൂക്കോൺ എന്ന മറ്റൊരു ഹോർമോണുമായി സംയോജിപ്പിക്കുന്ന ഒരു പുതിയ ചികിത്സയാണ്. രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് നീക്കം ചെയ്യാൻ സഹായിക്കുന്ന ഇൻസുലിൻ പോലെയല്ല, രക്തത്തിലെ അളവ് കുറയുമ്പോൾ കൂടുതൽ ഗ്ലൂക്കോസ് പുറത്തുവിടാൻ ഗ്ലൂക്കോൺ കരളിനെ ഉത്തേജിപ്പിക്കുന്നു. രണ്ട് ഹോർമോണുകളും ഒരു ഫോർമുലേഷനിൽ ഉൾപ്പെടുത്തിയാൽ, ഉയർന്നതും താഴ്ന്നതുമായ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് തടയുകയും, ഗ്ലൂക്കോസിൻ്റെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയുകയും ചെയ്യും.
ടൈപ്പ് 1 പ്രമേഹ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ പദ്ധതികൾക്ക് കഴിയുമെന്ന് ഡയബറ്റിസ് യുകെയിലെ ഗവേഷണ ഡയറക്ടർ ഡോ എലിസബത്ത് റോബർട്ട്സൺ പറഞ്ഞു. “ഗവേഷണ പദ്ധതികളെ പിന്തുണയ്‌ക്കുന്നതിലൂടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുന്നതിനോട് സ്വാഭാവികമായി പ്രതികരിക്കാൻ ശരീരത്തെ പ്രാപ്‌തമാക്കുന്ന ഇൻസുലിൻ വികസിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ദൈനംദിന വെല്ലുവിളികളെ തരണം ചെയ്യും, കൂടാതെ ഈ അവസ്ഥയിൽ ജീവിക്കുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹ പരിചരണത്തിൽ ജീവിതത്തെ മാറ്റിമറിക്കുന്ന പുരോഗതിയിലേക്ക് നയിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” എലിസബത്ത് കൂട്ടിച്ചേർത്തു.
Content summary; smart insulin that responds to changing blood sugar levels in real time type 1 diabetes smart insulin