15.15 ലക്ഷം കോടിയുടെ ക്രമക്കേട്; രാജേഷ് എക്സ്പോര്‍ട്സിനെതിരെ സെബിയുടെ നടപടി

ഒരു ഓഹരി ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജേഷ് എക്സ്പോര്‍ട്സിനെതിരെ സെബി അന്വേഷണം ആരംഭിച്ചത്

SEBI Rajesh Exports

പ്രമുഖ സ്വര്‍ണ്ണാഭരണ കയറ്റുമതിക്കാരായ രാജേഷ് എക്സ്പോര്‍ട്സ് ലിമിറ്റഡിനെതിരെ (ആര്‍ഇഎല്‍) കടുത്ത നടപടിയുമായി സെബി. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 വരെയുള്ള അഞ്ച് വര്‍ഷ കാലയളവിലെ കമ്പനിയുടെ വരുമാനക്കണക്കുകളില്‍ 15.15 ലക്ഷം കോടി രൂപയുടെ വ്യാജമായ വര്‍ദ്ധനവ് (വരുമാനം പെരുപ്പിച്ചു കാട്ടല്‍) വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനിയുടെ ഈ അഞ്ച് വര്‍ഷത്തെ ആകെ വരുമാനത്തിന്റെ 99.8 ശതമാനത്തോളം വരുമിത്.

വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും കോര്‍പ്പറേറ്റ് ഗവേണന്‍സ് വീഴ്ചകളും ചൂണ്ടിക്കാട്ടി സെബി പുറപ്പെടുവിച്ച 109 പേജുള്ള ഇടക്കാല ഉത്തരവില്‍, കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് മേത്തയെ മൂന്ന് വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും കമ്പനിയുടെ ഓഹരികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

അന്വേഷണത്തിലേക്ക് നയിച്ച കാരണങ്ങള്‍

2024 മാര്‍ച്ചില്‍ ഒരു ഓഹരി ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജേഷ് എക്സ്പോര്‍ട്സിനെതിരെ സെബി അന്വേഷണം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിലേറെയായി വലിയൊരു തുക ട്രേഡ് റിസീവബിള്‍സ് (കിട്ടാനുള്ള പണം) ആയി കിടക്കുന്നതിലെ ക്രമക്കേടുകളാണ് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് സെബി അന്വേഷണ ഉദ്യോഗസ്ഥരെയും ‘ബിഡിഒ ഇന്ത്യ’ എന്ന ഫോറന്‍സിക് ഓഡിറ്റിംഗ് ഏജന്‍സിയെയും കമ്പനിയുടെ കണക്കുകള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തി.

എന്നാല്‍ കമ്പനിയും അതിന്റെ ഓഡിറ്റര്‍മാരും പരിശോധനകളോട് പൂര്‍ണ്ണമായി സഹകരിച്ചില്ലെന്നും കണക്കുകള്‍ ലഭ്യമാക്കാതെ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നും സെബി വ്യക്തമാക്കി. സ്വിറ്റ്സര്‍ലന്‍ഡിലെ വിവരസംരക്ഷണ നിയമങ്ങളുടെ മറപിടിച്ചാണ് വിദേശ സബ്സിഡിയറി കമ്പനികളുടെ സാമ്പത്തിക വിവരങ്ങള്‍ രാജേഷ് എക്സ്പോര്‍ട്സ് മറച്ചുവെച്ചത്.

കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍

കമ്പനിയുടെ ആകെ വരുമാനത്തിന്റെ 97 മുതല്‍ 99 ശതമാനം വരെ വരുന്നത് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ‘വല്‍കാംബി’ ഉള്‍പ്പെടെയുള്ള വിദേശ സബ്സിഡിയറി കമ്പനികളില്‍ നിന്നാണെന്നാണ് കാണിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വല്‍കാംബിയുടെ ഓഡിറ്റ് ചെയ്ത രേഖകളില്‍ തുച്ഛമായ വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗ്രൂപ്പ് തലത്തില്‍ കണക്കുകള്‍ ഏകീകരിച്ചപ്പോള്‍ 15,15,385 കോടി രൂപയുടെ വരുമാനമാണ് വ്യാജമായി പെരുപ്പിച്ചു കാണിച്ചത്.

രാജേഷ് മേത്ത തന്റെ വ്യക്തിഗത അക്കൗണ്ട് വഴി നടത്തിയ സ്വര്‍ണ്ണ ഡെറിവേറ്റീവ്‌സ് വ്യാപാരങ്ങളെ കമ്പനിയുടെ ഔദ്യോഗിക ഇടപാടുകളായി രേഖകളില്‍ കാണിച്ചു. ഏകദേശം 11,487 കോടി രൂപയുടെ വില്‍പ്പനയും 11,488 കോടി രൂപയുടെ വാങ്ങലുമായിട്ടാണ് ഇത് കാണിച്ചത്. എന്നാല്‍ ബന്ധപ്പെട്ട ബ്രോക്കിംഗ് സ്ഥാപനത്തോട് അന്വേഷിച്ചപ്പോള്‍ രാജേഷ് എക്സ്പോര്‍ട്സ് തങ്ങളുടെ ക്ലയന്റ് പോലുമല്ലെന്നാണ് വ്യക്തമായത്.

വിദേശ നാണ്യ വിനിമയത്തിലുണ്ടായ വ്യതിയാനങ്ങളും ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നിന്നുള്ള പലിശ വരുമാനവും കമ്പനിയുടെ ബിസിനസ് വരുമാനമായി തെറ്റായി കൂട്ടിച്ചേര്‍ത്തുവെന്നും കണ്ടെത്തി.

ഡയറക്ടര്‍ ബോര്‍ഡിന്റെയോ ഓഡിറ്റ് കമ്മിറ്റിയുടെയോ യാതൊരുവിധ അനുമതിയുമില്ലാതെ കമ്പനിയുടെ 338.90 കോടി രൂപ രാജേഷ് മേത്തയുടെയും സിദ്ധാര്‍ത്ഥ് മേത്തയുടെയും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സെബി കണ്ടെത്തി. കൂടാതെ ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനികളില്‍ കമ്പനി നടത്തിയതായി പറയുന്ന നിക്ഷേപങ്ങളുടെ രേഖകളും കൃത്യമല്ല.

നിക്ഷേപകര്‍ക്ക് വന്‍ തിരിച്ചടി

കമ്പനിയുടെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിപണിയെയും നിക്ഷേപകരെയും പൂര്‍ണ്ണമായി വഞ്ചിക്കുകയായിരുന്നുവെന്ന് സെബി ഹോള്‍ ടൈം മെമ്പര്‍ കമലേഷ് ചന്ദ്ര വര്‍ഷ്ണി ഉത്തരവില്‍ വ്യക്തമാക്കി. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ രാജേഷ് എക്സ്പോര്‍ട്സിന്റെ ഓഹരി വില അഞ്ചു ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തിന്റെ 80 ശതമാനത്തോളമാണ് തകര്‍ന്നടിഞ്ഞത്. എല്‍.ഐ.സി ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

കമ്പനിയോട് 30 ദിവസത്തിനകം എല്ലാ കൃത്യമായ രേഖകളും ഹാജരാക്കാന്‍ സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയൊരു ഫോറന്‍സിക് ഓഡിറ്ററെക്കൂടി നിയമിച്ച് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനാണ് സെബിയുടെ തീരുമാനം.

Content Summary: SEBI flags a massive Rs 15.15 lakh crore revenue misstatement by Rajesh Exports Ltd. Promoter Rajesh Mehta has been banned from the securities market for 3 years.

This post was last modified on June 4, 2026 2:16 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment