UPDATES

ട്രെന്‍ഡിങ്ങ്

വോട്ടിനു മതം: സുപ്രീം കോടതി വിധിയിലെ അപ്രായോഗികതകൾ, അവ്യക്തതകള്‍ 

വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരുടെ കാഴ്ചപ്പാടാണ് ഈ വിധിയുടെ അന്തഃസത്തയേക്കാൾ ജനാധിപത്യപരമായും നിയമപരമായും കൂടുതൽ അന്തസ്സാർന്നത്

                       

മഹാരാഷ്ട്രയില്‍ മതാടിസ്ഥാനത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെട്ട ബിജെപി നേതാവ് അഭിരാംസിങ് സമര്‍പ്പിച്ച അപ്പീലും മറ്റ് നിരവധി പൊതുതാല്‍പ്പര്യ ഹര്‍ജികളും കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി തീർപ്പാക്കിയത്. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധി പറഞ്ഞു. ഇവ ചൂഷണം ചെയ്ത് വോട്ടു തേടിയ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കാമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് മതനിരപേക്ഷ പ്രക്രിയയാണ്. അതനുസരിച്ചുള്ള നടപടിക്രമം പാലിക്കേണ്ടത് അനിവാര്യമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ തെരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണം. ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രധാനമായ വിധിന്യായത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഏഴംഗ ബഞ്ചിൽ മൂന്നു ന്യായാധിപർ ഈ വിധിയോട് വിയോജിക്കുകയുണ്ടായി . ഈ വിധി ഭരണഘടനാവകാശങ്ങളെ ഹനിക്കുന്നതാണ് എന്ന് വിയോജിച്ചവർ അഭിപ്രായപ്പെടുകയുണ്ടായി. ജനപ്രാതിനിധ്യ നിയമം 123 (3) ഉപവകുപ്പിലെ ‘വ്യക്തിയുടെ മതത്തിന്റെ പേരിലുള്ള പ്രചാരണം’ എന്ന പരാമര്‍ശത്തിന്റെ പേരിലാണ് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായത്. ഈ പരാമര്‍ശത്തില്‍, എല്ലാ വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും മതവും ജാതിയും സമുദായവും ഉള്‍പ്പെടുമെന്ന നിലപാടാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എംബി ലോക്കൂര്‍ എസ് എ ബോബ്ഡെയും എല്‍ നാഗേശ്വരറാവുവും സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയാണ്. ഏത് മതത്തിന്റെപേരില്‍ ആര് ആര്‍ക്കുവേണ്ടി പ്രചാരണം നടത്തിയാലും നിയമവിരുദ്ധമാണ്. എന്നാല്‍, വ്യക്തിയുടെ മതമെന്ന പരാമര്‍ശം സ്ഥാനാര്‍ഥിയുടെ മതമായി കണ്ടാല്‍ മതിയെന്നായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ എ കെ ഗോയല്‍, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരുടെ നിലപാട്. മതം തെരഞ്ഞെടുപ്പില്‍ ഇടപെടണമോ എന്ന വിഷയം പരിശോധിക്കുന്ന ഭരണഘടനാബെഞ്ച്, 1995-ലെ സുപ്രീംകോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തള്ളിയിരുന്നു എന്നതും പ്രധാനപ്പെട്ട വസ്തുതയാണ്.

വിധിയിലെ അവ്യക്തതകൾ; അപ്രായോഗികതകൾ 
തിരഞ്ഞെടുപ്പിലെ വോട്ട് പിടുത്തത്തിനു മതം ഉപയോഗിച്ചാൽ ജനപ്രാതിനിധ്യ നിയമത്തിലെ അഴിമതി (corrupt practices ) എന്ന വകുപ്പിൽ പെടുത്തി കേസെടുത്ത്, തെളിയിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പ് റദ്ദാക്കുക വരെ ചെയ്യാം എന്നതാണ് കോടതി വിധിയുടെ കാതൽ.

Disqualification on ground of corrupt practices.—(1) The case of every person found guilty of a corrupt practice by an order under section 99 shall be submitted, as soon as may be, after such order takes effect, by such authority as the Central Government may specify in this behalf, to the President for determination of the question as to whether such person shall be disqualified and if so, for what period:
Provided that the period for which any person may be disqualified under this sub-section shall in no case exceed six years from the date on which the order made in relation to him under section 99 takes effect – എന്നതാണ് ഈ നിയമത്തിൽ അഴിമതി കാരണമുള്ള അയോഗ്യതയെക്കുറിച്ചു പറയുന്നത്.

ലളിതമായി പറഞ്ഞാൽ തെരഞ്ഞെടുപ്പ് സമയത്തു മതവും അതിൽ നിന്നുയരുന്ന സാമുദായിക വികാരവും ചൂഷണം ചെയ്തു തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർ ജനപ്രാതിനിധ്യ നിയമം, 1951 പ്രകാരം കുറ്റകൃത്യം ചെയ്തവരായി കണക്കാക്കും എന്ന് സാരം. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുതേടരുതെന്ന സുപ്രിംകോടതി വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. എന്നാല്‍, നിയമം വന്നാലും അതിന്റെ പ്രായോഗികതയെക്കുറിച്ച് സന്ദേഹമുണ്ട്. കാരണം, ഇന്നു ജാതിയുടെയും മതത്തിന്റെയും പേരിലാണു മിക്കവാറും മുഴുവൻ രാഷ്ട്രീയ പാർട്ടികളും വോട്ട് തേടുന്നത്. ഏറ്റവും ചുരുങ്ങിയത് സ്ഥാനാർത്ഥി നിർണ്ണയത്തിലെങ്കിലും ഇക്കാര്യങ്ങൾ സ്വാധീനിക്കുന്നുണ്ട് എന്നതിൽ നിന്ന് രാജ്യത്തെ കമ്മ്യൂണിസ്റ് പാർട്ടികൾക്ക് പോലും മാറി നിൽക്കാനാവാറില്ല. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതു ജാതിയും മതവും നോക്കിയാണ്. ജാതിപ്പാര്‍ട്ടികള്‍ തന്നെ, രാഷ്ട്രീയ പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ പോലുമുണ്ട്.

മാത്രമല്ല, നിർഭാഗ്യവശാൽ മതങ്ങള്‍ക്കും മതനേതാക്കള്‍ക്കും നമ്മുടെ നാട്ടില്‍ പ്രസക്തിയുണ്ട്. മണിപവറും മാന്‍പവറും മസില്‍പവറുമാണ് ഇവിടെ നടക്കുന്നത്. ഇതൊഴിവാക്കി ജനാധിപത്യം നടപ്പാക്കാനാകില്ല എന്നതാണ് പ്രായോഗിക യാഥാർഥ്യം. വിധി ആദര്‍ശപരമാണെങ്കിലും പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടാകും. മതത്തിനു പുറമെ വംശം, വര്‍ണം, ഭാഷ എന്നീ അടിസ്ഥാനത്തിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ലെന്നാണ് നാലു ജഡ്ജിമാര്‍ വിധിച്ചത്.

എന്നാല്‍, ഈ കാഴ്ചപ്പാട് തെറ്റായ ഫലം ഉളവാക്കാന്‍ ഇടയുള്ളതാണെന്ന അഭിപ്രായം പ്രധാനവും പ്രസക്തവുമായി ഉയർന്നു കഴിഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ സംവരണം തെരഞ്ഞെടുപ്പു വിഷയമായി പറഞ്ഞാല്‍ പോലും കോടതി വിധിക്ക് എതിരാണെന്നുവരാം. ഇതുകൂടി കണക്കിലെടുത്താണ് മൂന്നു ജഡ്ജിമാരുടെ വിയോജനക്കുറിപ്പ് എന്നതാണ് ഈ വിധിയിലെ വിയോജന കുറിപ്പിനെ ശ്രദ്ധേയമാക്കുന്നത്. പാര്‍ലമെന്‍റാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്ന വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരുടെ കാഴ്ചപ്പാടാണ് ഈ വിധിയുടെ അന്തഃസത്തയേക്കാൾ ജനാധിപത്യപരമായും നിയമപരമായും കൂടുതൽ അന്തസ്സാർന്നതായി ഉയർന്നു നിൽക്കുന്നത്. മതവും രാഷ്ട്രീയവും വേറിട്ടു കാണണമെന്നും മതത്തിന്‍െറ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് അധമമായ രീതിയാണെന്നുമുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ഭാഷ, ജാതി, വര്‍ണം എന്നിവയെ ഇക്കൂട്ടത്തില്‍ ചേര്‍ക്കാമോ എന്ന ചോദ്യം രാഷ്ട്രീയവൃത്തങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ഇതിനെ ഇന്ത്യൻ സാഹചര്യത്തിൽ നിസ്സാരമായി കാണുവാൻ കഴിയില്ല. കാരണം ഇന്ത്യയിലെ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും നിലപാടുതറകൾ പോലും ഇത്തരം ജാതി-മത-വർണ്ണ-കീഴാള-സവർണ്ണ അവസ്ഥകളിൽ രൂപപ്പെട്ടതാണ്. ഈ മഹാരാജ്യത്ത് പൗരോഹിത്യ ചൂഷണങ്ങൾ കഴിഞ്ഞാൽ മതവും ജാതിയും ദുരുപയോഗം ചെയ്യുന്നത് ഇവിടുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതൊരുപക്ഷേ, ഒരു സുപ്രീംകോടതി വിധിയ്ക്കു പോലും ഇല്ലാതാക്കാൻ കഴിയാത്ത രാഷ്ട്രീയ യാഥാർഥ്യവുമാണ് .

ഉദാഹരണങ്ങൾ
മായാവതിയുടെ ബി.എസ്.പിയുടെ വോട്ടുബാങ്കില്‍ ബഹുഭൂരിപക്ഷം ദലിതുകളാണ്. ആദിവാസികള്‍ മറ്റൊരു ഉദാഹരണം. അവര്‍ നേരിടുന്ന സാമൂഹികവിവേചനവും മറ്റും ഉന്നയിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അതിനുകൂടി ഫലത്തില്‍ കോടതിവിധി നിയന്ത്രണം കൊണ്ടുവരുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. പുറമേക്ക് പറയുന്നില്ലെങ്കിലും പോലും കേരളത്തിലെ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള മുസ്ലിം ന്യൂനപക്ഷ സംഘടനകൾ മുസ്ലിം സമുദായത്തിന്റെ മാത്രം താൽപ്പര്യങ്ങൾ ഉയർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരും തിരഞ്ഞെടുപ്പിനെ നേരിടുന്നവരുമാണ് . മാണിയുടേത് ഉൾപ്പടെയുള്ള കേരളാ കോൺഗ്രസ്സുകളുടെയും താല്പര്യം ക്രിസ്ത്യൻ താല്പര്യങ്ങളാണ് എന്നത് വസ്തുതയാണ്.

തമിഴ്നാട്ടിൽ നാളിതുവരെ ദ്രാവിഡ രാഷ്ട്രീയത്തിനല്ലാതെ മറ്റൊന്നിനും പറയത്തക്ക വേരോട്ടം ലഭിച്ചിട്ടില്ല. സുപ്രീംകോടതി വിധിയുടെ സൂക്ഷ്മ വ്യാഖ്യാനത്തിൽ ദ്രാവിഡപരമായി വർഗ്ഗവൽക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ
പൈതൃകത്തെ അന്നാട്ടിലെ പ്രസ്ഥാനങ്ങൾക്ക് ത്യജിക്കേണ്ടതായി വരും. അത് തീർത്തും അസാധ്യമാണ് എന്നതിനാൽ ഉപരിപ്ലവകരമായി വിപ്ലവകരമെന്നു തോന്നുന്ന ഈ കോടതിവിധി ഫലത്തിൽ ഒരു സംവാദത്തിനു വിഷയീഭവിച്ചേക്കാം എന്നതിൽക്കവിഞ്ഞ് അപ്രായോഗികമാണ് എന്ന് വ്യക്തമാണ്.

ഹിന്ദുത്വം മതമോ, ജീവിതക്രമമോ? 
ഹിന്ദുത്വം സംബന്ധിച്ച് 1995-ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ് ഉൾപ്പെടെ ഹര്‍ജി നൽകിയിരുന്നു. ഹിന്ദുഎന്നത് മതമല്ലെന്നും ജീവിതരീതിയാണെന്നുമുള്ള ജസ്റ്റിസ് ജെഎസ് വര്‍മ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് സംബന്ധിച്ചായിരുന്നു ഹരജികൾ. എന്നാൽ 1995-ലെ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയാണ് ചെയ്തത്. മതനേതാക്കള്‍ അനുയായികളോട് രാഷ്ട്രീയകക്ഷികള്‍ക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശിക്കുന്നത് ജനപ്രാതിനിധ്യ നിയമ ലംഘനമാണോയെന്ന കാര്യമാണ് പരിശോധിക്കുന്നതെന്നും ഹിന്ദുത്വം എന്താണെന്ന് ഇഴകീറി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. കോടതിയുടെ ഈ നിലപാട് അവ്യക്തവും ഫലത്തിൽ ഭാരതത്തിനു ഭീഷണിയായിമാറിയിട്ടുള്ള തീവ്ര ഹൈന്ദവ – വലതുപക്ഷ രാഷ്ട്രീയ ധാരയെ സഹായിക്കുന്നതുമാണ്. എങ്ങനെയെന്നാൽ കേരളാ കോൺഗ്രസ്സുകാർ പരസ്യമായി ക്രിസ്ത്യൻ രാഷ്ട്രീയം പറയാൻ പ്രയാസപ്പെടുമ്പോൾ, മുസ്ലിം രാഷ്ട്രീയം ഉന്നയിക്കാൻ മുസ്ലിം ലീഗടക്കമുള്ള രാജ്യത്തെ സാമുദായിക പാർട്ടികൾ കോടതിയുടെയും, തദ്വാരാ ഇലക്ഷൻ കമ്മീഷന്റെയും തിട്ടൂരം മുന്നിലുള്ളപ്പോൾ, ഹിന്ദുത്വം ഒരു മതമല്ല, ജീവിതരീതിയും സംസ്ക്കാരവുമാണെന്ന നിരീക്ഷണത്തിന്റെ സൗജന്യങ്ങൾ ഉപയോഗിച്ച് സംഘപരിവാർ സംഘടനകൾക്ക് നിർലോഭം വലതു പക്ഷ-സവർണ്ണ-ബ്രാഹ്മണ -വർഗ്ഗീയ ഹൈന്ദവത തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാം എന്നതാകും പ്രായോഗികമായ ദുരന്തം.

മതത്തിന്റെ അടിസ്ഥാന സവിശേഷതകളിൽനിന്നു ഹൈന്ദവത വേറിട്ടുനിൽക്കുന്നതായി അതിന്റെ പ്രായോഗിക രീതികളിൽ കാണാനാവുന്നില്ല. കാരണം എല്ലാ സെമിറ്റിക് മതങ്ങളുടെയും തിന്മകൾ, പ്രായോഗികവൽക്കരണത്തിൽ രാഷ്ട്രീയപരമായി ഹൈന്ദവതയ്ക്കുമുണ്ട്. എന്നുവച്ചാൽ, പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വം മതമല്ല, ജീവിതരീതിയാണ് എന്നത് ചേലുള്ള ഒരു പ്രയോഗമാണ്. പക്ഷേ , രാഷ്ട്രീയ പ്രയോഗ പരിസരങ്ങളിൽ അതൊരു മതം തന്നെയാണ് എന്ന് കാണാം. ആ വസ്തുതാബോധ്യത്തിൽ നിന്ന് തെന്നിമാറി ഹൈന്ദവ ഫാഷിസത്തിന്റെ കാലത്ത് ഒരു ജുഡീഷ്യൽ നിരീക്ഷണമുണ്ടാകുമ്പോൾ അത് നിർഭാഗ്യകരം എന്നെ പറയുവാനേ കഴിയൂ. ഈ വീക്ഷണ കോണിൽ നിന്നാണ് ടീസ്റ്റ ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകർ കോടതിയെ സമീപിച്ചത് എന്ന് തോന്നുന്നു.

എന്തായാലും ,രാഷ്ട്രീയ പ്രവർത്തനത്തിൽ മാത്രമല്ല, ജീവശ്വാസത്തിൽപ്പോലും അടിമുടി മതത്തിലും സാമുദായികതയിലും കുളിച്ചു നിൽക്കുന്ന ഒരു മഹാരാജ്യത്ത് ഈ കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും . അതിൽ ഏറിയും കുറഞ്ഞും നന്മകളും, തിന്മകളും ഉണ്ടാകുമെന്നത് മറ്റൊരു യാഥാർഥ്യം. യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് കോടതി വിധി എന്നതും ശ്രദ്ധേയം. ജാതിയും വര്‍ണവുമെല്ലാമാണ് ഈ സംസ്ഥാനങ്ങളില്‍ എക്കാലവും പ്രധാന പ്രമേയം എന്നത് ഇതിനിടയിൽ ഒരു കറുത്ത ഹാസ്യമാകുന്നുണ്ട്.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍