ലോകത്തെ നടുക്കിയ സെപ്തംബര്‍ 11 ആക്രമണത്തിലെ മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചതായി വിവരം. 3000 ന് അടുത്ത് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ ആസ്ഥാനം എന്നിവയ്ക്ക് നേരെ 2001 ല്‍ നടന്ന ആക്രമണത്തില്‍ മുഖ്യ ആസൂത്രകനെന്ന് അറിയപ്പെടുന്ന ഷെയ്ഖ് മൊഹമ്മദ് ഇയാളുടെ സഹായികളായി പ്രവര്‍ത്തിച്ച രണ്ടു പേരുമാണ് കുറ്റസമ്മതത്തിന് തയ്യാറായത്. 27 മാസമായി ഇവരുമായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റസമ്മതത്തിന് തയ്യാറാകുന്നത്. ക്യൂബയിലെ ഗ്വാണ്ടിനാമോ ജയിലിലാണ് ഇവരിപ്പോഴുള്ളത്. ഖാലിദ് ഷെയ്ഖ് മൊഹമ്മദ്, വാലിദ് മുഹമ്മദ് സാലിഹ് മുബാറക്ക് ബിന്‍ അത്താഷ്, മുസ്തഫ അഹമ്മദ് ആദം അല്‍-ഹാവ്‌സ്വായി എന്നിവരാണ് കുറ്റ സമ്മതം നടത്തിയ പ്രതികള്‍. മൂവരും മിലട്ടറി കമ്മീഷന്റെ കണ്‍വീനിംഗ് അതോറിറ്റിയായ സൂസന്‍ എസ്‌കാലിയെറുമായി വിചാരണ പൂര്‍വ്വ ഉടമ്പടിയില്‍ ഒപ്പ് വച്ചുവെന്നാണ് പെന്റഗണ്‍ പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയില്‍ പറയുന്നത്. കുറ്റസമ്മതം നടത്തിയതിനാല്‍ പ്രതികള്‍ക്ക് ജീവപര്യന്തമായി ശിക്ഷ ഇളവ് ചെയ്യണമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
വധശിക്ഷ ഒഴിവാക്കി കിട്ടുന്നതിനായി മൂന്നു പ്രതികളും 2,976 പേരുടെ മരണം ഉള്‍പ്പെടെ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കുറ്റങ്ങളും സമ്മതിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തൊക്കെ നിബന്ധനകളുടെ പുറത്താണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നതെന്ന് ഉടമ്പടി പൂര്‍ണമായും പെന്റഗണ്‍ പുറത്തു വിട്ടാല്‍ മാത്രമെ അറിയാന്‍ കഴിയൂ.
2003 മുതല്‍ മൂന്ന് പ്രതികളും അമേരിക്കയുടെ കസ്റ്റഡിയില്‍ ഉണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇവരുടെ കേസ് വിചാരണ പൂര്‍ത്തിയാക്കാനാകാതെ നീണ്ടു പോവുകയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ പ്രതികളെ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ തട്ടിയായിരുന്നു വിചാരണ നീണ്ടു പോയിക്കൊണ്ടിരുന്നത്. ക്രൂരമായ പീഡനങ്ങള്‍ നടന്നിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. 2006 സെപ്തംബറില്‍ ഗ്വാണ്ടിനാമോയിലെ യു എസ് നാവികാസേന ആസ്ഥാനത്തേക്ക് വിചാരണയ്ക്കായി കൈമാറുന്നതു വരെ ഇവര്‍ സി ഐ എ യുടെ ജയിലുകളിലായിരുന്നു. അതുവരെ അവരെ രഹസ്യമായി പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വായും മൂക്കും മറയ്ക്കുന്ന തരത്തില്‍ മുഖം മൂടിയശേഷം വെള്ളം ഒഴിക്കുന്ന ശിക്ഷാ രീതിയായ വാട്ടര്‍ബോര്‍ഡിംഗിന്(മുങ്ങിമരിക്കുന്ന അതേ ആവസ്ഥയിലേക്ക് ഇതെത്തിക്കും) നിരവധി തവണ 59 കാരനായ ഷെയ്ഖ് മൊഹമ്മദിനെ വിധേയനാക്കിയിരുന്നു.
ഒടുവില്‍ സെപ്തംബര്‍ 11 ലെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് യുദ്ധ കുറ്റകൃത്യങ്ങളുടെ വിചാരണ നടക്കുന്ന കോടതയില്‍ നിന്നയച്ച കത്തിലാണ് പ്രതികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന കാര്യം വെളിവാക്കുന്നത്. അടുത്താഴച്ച ആദ്യം തന്നെ ഒരു തുറന്ന കോടതിയില്‍ പ്രതികള്‍ അവരുടെ കുറ്റസമ്മത മൊഴി സമര്‍പ്പിക്കുമെന്നാണ് കത്തില്‍ പറയുന്നത്.
നാല് വിമാനങ്ങള്‍ റാഞ്ചിയാണ് അല്‍ ഖയ്ദ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മൂന്നു വിമാനങ്ങള്‍ ഉപയോഗിച്ച് വേള്‍ഡ് ട്രേഡ് സെന്ററിലും പെന്‍ഗണിലും ആക്രമണം നടത്തിയപ്പോള്‍ നാലാമത്തെ വിമാനം വാഷിംഗ്ടണിനു നേരെയായിരുന്നു പറത്തിയത്. എന്നാല്‍ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും അവരുടെ ജീവന്‍ നഷ്ടപ്പെടുത്തി നടത്തിയ പ്രതിരോധത്തെ തുടര്‍ന്ന് ആ വിമാനം പെന്‍സില്‍വാനിയായിലെ പാടത്ത് ഇടിച്ചു തകരുകയാണുണ്ടായത്.
ഖാലിദ് ഷെയ്ഖ് മൊഹമ്മദാണ് ആക്രമണത്തിന്റെ മുഖ്യാസൂത്രകന്‍ എന്നാണ് കരുതപ്പെടുന്നത്. ഒസാമ ബിന്‍ ലാദനില്‍ നിന്നും ഉത്തരവ് കിട്ടിയ പ്രകാരമാണ് ഖാലിദ് മൊഹമ്മദ് ആക്രമണം ആസൂത്രണം ചെയ്തത്. ലാദനെ 2011 ല്‍ അമേരിക്ക വധിച്ചിരുന്നു. ലാദന്റെ ആജ്ഞയായിരുന്നു സെപ്തംബര്‍ 11 ലെ ആക്രമണം.
അമേരിക്കയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എഞ്ചിനീയര്‍ ആയിരുന്നു ഖാലിദ് ഷെയ്ഖ് മൊഹമ്മദ്. ഇയാളാണ് വിമാനങ്ങള്‍ ഇടിച്ചിറക്കി ആക്രമണം നടത്താനുള്ള ആശയം ലാദന് കൈമാറുന്നത്. ഇതിനു പുറമെ തട്ടിയെടുത്ത വിമാനങ്ങള്‍ പറത്തിയവര്‍ക്ക് അതിനുള്ള പരിശീലനം നല്‍കിയതും ഇയാളാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ഷെയ്ഖ് മൊഹമ്മദിനെയും 55 കാരനായ മുസ്തഫ അഹമ്മദ് ആദം അല്‍-ഹാവ്‌സ്വായിയെയും 2003 മാര്‍ച്ചില്‍ പാകിസ്താനില്‍ വച്ചാണ് പിടികൂടുന്നത്.
ലാദനും മൊഹമ്മൂദും ആക്രമണ പദ്ധതിയുടെ നിര്‍വഹണ ചുമതല എല്‍പ്പിച്ചിരുന്നവരില്‍ ഒരാളായിരുന്നു വാലിദ് മുഹമ്മദ് സാലിഹ് മുബാറക്ക് ബിന്‍ അത്താഷ്. ഇയാളും ഹൈജാക്കര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
ഇക്കാലമത്രയും മൂന്നു പേരുടെയും വിചാരണ ആരംഭിക്കാനാകാതെ പലവിധ നടപടിക്രമങ്ങളില്‍ പെട്ട് നീണ്ടു പോവുകയാണുണ്ടായത്. 2008 ജൂണ്‍ അഞ്ചിനാണ് ആദ്യം മൂന്നുപേര്‍ക്കുമെതിരേ സംയുക്തമായി കുറ്റം ചുമത്തുന്നത്. 2012 മേയ് അഞ്ചിന് വീണ്ടും മൂന്നുപേരെയും വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇപ്പോള്‍ കുറ്റസമ്മതത്തിന് പ്രതികള്‍ തയ്യാറായ സാഹചര്യത്തില്‍ ദീര്‍ഘവും സങ്കീര്‍ണവുമായി മാറിയ ഈ വിചാരണ വേഗത്തില്‍ അവസാനിക്കുമെന്നാണ് പെന്റഗണ്‍ പ്രതീക്ഷിക്കുന്നത്. september 11 attack three accused plead guilty in guantánamo bay deal
Content Summary; september 11 attack three accused plead guilty in guantánamo bay deal