2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ തെളിവുള്ളതായും കൂട്ടക്കൊലയിൽ പങ്കുള്ളതായും കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൻ്റേതാണ് വിധി. മാസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് വിധി.
അക്രമത്തിന് പ്രേരിപ്പിക്കുക, പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിടുക, പ്രക്ഷോഭത്തിനിടെ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടുക എന്നീ മൂന്ന് കുറ്റങ്ങളാണ് മേൽ ചുമത്തിയിരുന്നത്. എന്നാൽ തനിക്ക് വധശിക്ഷ നൽകിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിൻ്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചതെന്നും ഡൽഹിയിൽ ഇന്ത്യാ ടുഡേ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഹസീന പ്രതികരിച്ചു.
ഷെയ്ഖ് ഹസീന എന്ന വൻമരം
ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന നേതാവാണ് ഷെയ്ഖ് ഹസീന. ഇന്ത്യയും പാക്കിസ്ഥാനും പിറവി കൊണ്ട 1947- ൽ ആയിരുന്നു ഹസീനയുടെ ജനനം. രാജ്യത്തിന്റെ സ്ഥാപകനും, ബംഗ്ലദേശ് എന്ന സ്വതന്ത്ര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ പ്രചണ്ഡമായ ഇടപെടൽ നടത്തിയ ഷെയ്ഖ് മുജീബ് റഹ്മാന്റെ മകൾ ആണ് അവർ. പിതാവിന്റെ വഴി പിന്തുടർന്ന് ഹസീനയും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് എത്തി. പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചു കൊണ്ട് 1996-ൽ ആണ് ആദ്യമായി ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആയി ചുമതലയേൽക്കുന്നത്.
2001-ൽ അധികാരം നഷ്ടപ്പെട്ടെങ്കിലും 2009-ൽ വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്തി. പിന്നീട് 2024 വരെ തുടർച്ചയായി അധികാരത്തിൽ. പട്ടാള ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങൾ, തീവ്രവാദത്തെ അടിച്ചമർത്തുന്നതിലെ കാർക്കശ്യം, സാമ്പത്തിക വളർച്ചയ്ക്ക് സത്വര നടപടികൾ, ദാരിദ്രനിർമാർജനം, അങ്ങനെ രാജ്യത്തിനായി ഹസീന ഏറെ കാര്യങ്ങൾ ചെയ്തു. പക്ഷേ വിമർശനങ്ങളും ഉയർന്നു. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി എന്നും രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തി എന്നും ഏകാധിപധിയെ പോലെ പെരുമാറി എന്നും ആരോപണങ്ങൾ ഉണ്ടായി.
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ നിക്ഷ്പക്ഷമായി വിലയിരുത്തിയാൽ ഉരുത്തിരിയുന്ന നിഷേധിക്കാനാവാത്ത ചില വസ്തുതകളുണ്ട്. 1971-ൽ ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമായി മാറിയപ്പോൾ 98 ശതമാനം വിദേശ സഹായത്തിലാണ് അഭയം തേടിയത്. അത്രയും ഗതികെട്ട അവസ്ഥയിൽ നിന്ന് ഇന്നവർ വാങ്ങുന്ന വിദേശ സഹായം കേവലം മൂന്ന് ശതമാനത്തിന് താഴെ മാത്രമാണ്. ആ വളർച്ചയുടെ വ്യാപ്തിയിൽ ഹസീനയുടെ ഭരണകാലത്തിനു നിർണായക റോൾ ഉണ്ട്.
1974 ലിൽ കൊടിയ പട്ടിണിയിലായിരുന്നെങ്കിൽ ബംഗ്ലാദേശ് ഇന്ന് ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു. രാജ്യം പിറന്നകാലത്ത് 6 ബില്യൺ ഡോളറായിരുന്നു ജിഡിപിയെങ്കിൽ ഇന്നത് 450 ബില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി. 2030 ഓടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 2010 ൽ ഇത് 900 കോടി മാത്രമായിരുന്ന ബംഗ്ലാദേശിന്റെ വിദേശ നാണ്യശേഖരം 5000 കോടിക്കു മുകളിൽ ആണിന്ന്. ചുരുക്കത്തിൽ രണ്ട് ദശാബ്ദങ്ങളിൽ ബംഗ്ലാദേശിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഹസീന സർക്കാർ നൽകിയ സംഭാവനകൾ നിസ്സാരമല്ല.
ഒരു വശത്ത് രാജ്യത്തെ സാമ്പത്തിക സാമൂഹിക ഉയർച്ചയിലേക്കു കൈപിടിച്ച് നടത്തുമ്പോൾ ഹസീന കൈവിട്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി ജനാധിപത്യമായിരുന്നു. ഹസീന വിജയിച്ചു കയറിയ മൂന്ന് തിരഞ്ഞെടുപ്പുകളെക്കുറിച്ചും (2009, 2014, 2024) വലിയ ആക്ഷേപങ്ങളുണ്ടായി. പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു. പ്രതിപക്ഷത്തോട് മാത്രമല്ല, മാധ്യമങ്ങളോടും, സിവിൽ സംഘടനകളോടും, ഷെയ്ഖ് ഹസീന സ്വീകരിച്ച പല നടപടികളും വൻ വിവാദം ആയിരുന്നു. ഭരണ സുസ്ഥിരതയുടെ പേരിൽ ആയിരക്കണക്കിന് പ്രതിപക്ഷ പ്രവർത്തകരെ ജയിലിലടച്ചു. വിമർശകർക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിച്ചു. അഴിമതിയും സ്വന്തം പാർട്ടിയായ അവാമി ലീഗിന് വഴിവിട്ട് സഹായങ്ങൾ അനുവദിക്കലും ഷെയ്ഖ് ഹസീനയെ കുറിച്ചുള്ള പ്രധാന ആക്ഷേപങ്ങളിൽ മറ്റു ചിലതാണ്.
വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ധാക്ക വൻമരം കട പുഴകിയപ്പോൾ
2024 ജൂലൈ-–ആഗസ്‌ത് മാസങ്ങളിൽ സ്വാതന്ത്ര്യസമരസേനാനികളുടെ മക്കൾക്ക് സർക്കാർജോലിയിൽ സംവരണം ഏർപ്പെടുത്തുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭങ്ങളാണ് ഹസീനയുടെ പതനത്തിനു തുടക്കമിട്ടത്. ഇത്തരമൊരു നിയമം നേരത്തെ നിലവിൽ ഉണ്ടായിരുന്നുവെങ്കിലും നാല് മാസത്തോളം നീണ്ട് നിന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി 2018 ൽ സംവരണം റദ്ദാക്കിയിരുന്നു. ഇതേ നിയമം വീണ്ടും പുനസ്ഥാപിക്കാൻ കോടതി ഉത്തരവിട്ടതാണ് രാജ്യം വീണ്ടുമൊരു കലാപത്തിലേക്ക്് പോകാൻ കാരണമായത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങൾ പിന്നീട് രാജ്യവ്യാപക പ്രക്ഷോഭമായി ആളിപ്പടർന്നത്.
ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കും പലായനത്തിലേക്കും നയിച്ച പ്രക്ഷോഭങ്ങളെ കുറിച്ച് വിവിധ വ്യാഖ്യാനങ്ങൾ പിന്നീട് ഉണ്ടായി. പ്രക്ഷോഭത്തിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചത് ജമാഅത്തെ ഇസ്ലാമിയെപോലുള്ള മതരാഷ്ട്രവാദ സംഘടനകളാണ്. ഈ സംഘടനകൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്ത ശക്തികൾ ബാഹ്യ പിന്തുണ നൽകി എന്ന വാദം ശക്തമാണ്. ഈ പ്രക്ഷോഭത്തിന്റെ നേതൃത്വമായി വർത്തിച്ചവർ കിഴക്കൻ പാകിസ്ഥാനിലെ ബംഗാളി ഭാഷാസമൂഹത്തിന്റെ സ്വയംനിർണ്ണയാവകാശങ്ങളെ എതിർത്തവരും ബംഗ്ലാദേശ് രൂപീകരണത്തിനെതിരെ പാകിസ്ഥാനോടൊപ്പം ചേർന്നുനിന്നവരുമാണ്.
കിഴക്കൻ പാകിസ്ഥാന്റെ വിട്ടുപോകലും ബംഗ്ലാദേശ് രാഷ്ട്രരൂപീകരണവും ദക്ഷിണേഷ്യക്കകത്തെ തങ്ങളുടെ വിശ്വസ്ത സഖ്യരാഷ്ട്രമായ പാകിസ്ഥാനെ ദുർബലമാക്കുമെന്ന ആവലാതിയിലായിരുന്നു അക്കാലത്തുതന്നെ അമേരിക്കയ്ക്കുണ്ടായിരുന്നത്. അവർ ബംഗ്ലാദേശ് വിമോചനപ്രസ്ഥാനത്തെ അടിച്ചമർത്താൻ പാകിസ്ഥാനോടൊപ്പം നിന്നവരാണെന്ന ചരിത്രവും നില നിൽക്കുന്നുണ്ട്. അപ്പോഴും സമരത്തെ ജനാധിപത്യപരമായി സമീപിക്കാനും സമരക്കാരുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുമുള്ള യാതൊരുവിധ നീക്കവും ഷെയ്ക്ക് ഹസീന നടത്തിയില്ല എന്നത് പച്ചയായ യാഥാർഥ്യം ആണ്.
വിധ്വംസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ വിദ്യാർത്ഥികളല്ലെന്നും ക്രിമിനലുകളാണെന്നുമാണ് പ്രധാനമന്ത്രി ഹസീന ആരോപിച്ചത്. ഇത്തരം അക്രമങ്ങൾ ജനം കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും അവർ തങ്ങളുടെ ഇരുമ്പ് മുഷ്ടി കൊണ്ട് അക്രമികളെ നേരിടുമെന്നും പ്രധാനമന്ത്രി പ്രസ്താവന നടത്തി. സുരക്ഷാസേനയെ ഉപയോഗിച്ചുള്ള അടിച്ചമർത്തലിൽ 1400 പേർ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട്. യുവജന പ്രക്ഷോഭത്തിൽ അണിചേർന്നവരെ ‘റസാകാർ’ എന്ന് വിശേഷിപ്പിച്ച ഹസീന വീണ്ടും വിവാദം സൃഷ്ടിച്ചു.
റസാകാർ എന്ന വാക്കിന് സന്നദ്ധ സേവകൻ എന്നേ അർഥമുള്ളൂ. പക്ഷേ, ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ അത് വലിയ അസഭ്യമാണ്. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താനൊപ്പം നിന്ന് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത, കൂട്ടക്കൊലയും കൊള്ളയും ബലാത്സംഗവും നടത്തിയ അർധസൈനിക വിഭാഗമായിരുന്നു റസാകാർ. പ്രതിഷേധം പടരുന്നതിനും ചർച്ചക്കുള്ള ക്ഷണം തള്ളിക്കളയുന്നതിനും അക്രമാസക്തതയുടെ ഭ്രാന്തമായ ഘട്ടത്തിലേക്ക് സമരം പ്രവേശിക്കുന്നതിനും ശേഖ് ഹസീനയുടെ അധിക്ഷേപം കാരണമായി. 2024 ആഗസ്ത് അഞ്ചിന് അധികാരത്തിൽനിന്ന് പുറത്തായ ഹസീനയ്‌ക്ക് ജീവനുംകൊണ്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു.
ഇന്ത്യയും ഹസീനയും ‘ഭായ് ബഹൻ’
ഇത് രണ്ടാം തവണയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിക്കുന്നത്. 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശിന്റെ സ്ഥാപക പിതാവായ ഷെയ്ഖ് ഹസീനയുടെ പിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ പുതുതായി രൂപീകരിച്ച രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഏകദേശം നാല് വർഷത്തിന് ശേഷം കുടുംബത്തിലെ 18 അംഗങ്ങളോടൊപ്പം ക്രൂരമായി വധിക്കപ്പെട്ടത്. ആ സമയത്ത് ഷെയ്ഖ് ഹസീന തന്റെ ഭർത്താവ് എം എ വസീദ് മിയയ്‌ക്കൊപ്പം പശ്ചിമ ജർമ്മനിയിലായിരുന്നു. മറ്റ് വഴികളൊന്നുമില്ലാതെ അവർ ഇന്ത്യയിലാണ് അഭയം തേടിയത്. 1971ൽ പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ വിമോചനയുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച രാജ്യമാണ് ഇന്ത്യ.അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ഷെയ്ഖ് ഹസീനയ്ക്ക് സഹായഹസ്തം നീട്ടി. അവർക്ക് സുരക്ഷിതത്വവും പാർപ്പിടവും നൽകി.
ഷെയ്ഖ് ഹസീനയും, ശൈഖ് മുജീബുർറഹ്മാനും എന്നും ഇന്ത്യക്ക് പ്രിയപ്പെട്ടവരായിരുന്നു. ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായപ്പോൾ മാത്രമല്ല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല. ഇത് അരനൂറ്റാണ്ടായി തുടരുന്ന ബന്ധമാണ്. ആ ബന്ധത്തെ കുറിച്ച് മുൻ രാഷ്ട്രപതിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന പ്രണബ് കുമാർ മുഖർജി തന്റെ ഓര്മക്കുറിപ്പുകളിൽ അനുസ്മരിക്കുന്നുണ്ട്. 2011-ൽ ഷെയ്ഖ് ഹസീനയും നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസും നേർക്ക് നേർ പോരാടുന്ന സമയം, അന്നത്തെ യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിദേശ സെക്രട്ടറി ആയിരുന്ന ഹിലരി ക്ലിന്റന്റെ ഒരു ഫോൺ കോൾ മൻമോഹൻ ഗവൺമെന്റിൽ വിദേശകാര്യ സെക്രട്ടറി ആയിരുന്ന പ്രണബ് കുമാർ മുഖർജിക്ക് ലഭിക്കുന്നു.
ആവശ്യം ബംഗ്ളദേശിൽ മുഹമ്മദ് യൂനസിനു പിന്തുണ നൽകി കൊണ്ട് നിലപാട് സ്വീകരിക്കുക എന്നത് ആയിരുന്നു, പക്ഷെ ഇന്ദിര ഗാന്ധിയുടെ കാലം മുതൽ ഹസീന കുടുംബത്തിന്റെ ഉറ്റ സുഹൃത് ആയിരുന്ന തനിക്ക് അതിനു സാധിക്കില്ലെന്ന് അര്ഥശങ്കയില്ലാത്ത വിധം പ്രണബ് കുമാർ മുഖർജി മറുപടി നൽകി. അദ്ദേഹം തന്റെ ഓർമ്മകുറിപ്പിൽ പറയുന്നു. ഹസീനയും മുഖർജിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രണബിന്റെ മകൾ ശർമ്മിഷ്ഠ മുഖർജി തന്റെ ‘പ്രണബ്, മൈ ഫാദർ’ എന്ന പുസ്തകത്തിൽ എഴുതിയിരുന്നു. ‘അവർ താമസിയാതെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിത്തീർന്നു. ജന്മദിനങ്ങൾ, ഒത്തുചേരലുകൾ, വാർഷിക പിക്നിക്കുകൾ തുടങ്ങി എല്ലാ കുടുംബ അവസരങ്ങളിലും അവർ അവിടെ ഉണ്ടായിരിക്കും,’ ശർമ്മിഷ്ഠ മുഖർജി എഴുതുന്നു.
ബംഗ്ലാദേശിൽ നിന്നുള്ള വിദ്യാർഥികൾ അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വിവിധ സർവകലാശാലകളിലുണ്ട്. ശൈഖ ഹസീനക്കെതിരെ നടന്ന പ്രക്ഷോഭത്തിന് ഈ വിദ്യാർഥികളുടെ പിന്തുണയുണ്ടായിരുന്നു. ഹസീനക്ക് രാഷ്ട്രീയ അഭയം നൽകിയാൽ തങ്ങളുടെ രാജ്യത്തെ ക്രമസമാധാന നിലയെ ബാധിക്കും എന്ന് ഓരോ രാജ്യങ്ങളും കണക്കു കൂട്ടി. മാത്രമല്ല അമേരിക്ക ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുമായി ശൈഖ ഹസീന നല്ല ബന്ധത്തിലായിരുന്നുവെങ്കിലും അവരുടെ അടുത്ത സുഹൃത്താവാൻ ശൈഖ ഹസീനക്ക് സാധിച്ചിട്ടില്ല. ഹസീന ഏറ്റവും അടുത്ത രാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്. ഹസീനക്കെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന പ്രക്ഷോഭത്തിന് ഒരു കാരണം ഇന്ത്യയുമായുള്ള ഈ ബന്ധമായിരുന്നു. ബംഗ്ലാദേശിനെ ഇന്ത്യക്ക് വിൽപ്പന നടത്തി എന്നായിരുന്നു പ്രതിപക്ഷ ആരോപണം. കഴിഞ്ഞ ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹസീനക്ക് വേണ്ടി ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിച്ചതായും അവർ ആരോപിച്ചിരുന്നു.
പഞ്ചാഗ്നി നടുവിൽ ഷെയ്ഖ് ഹസീന
വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. നിലവിലുള്ള കൈമാറ്റ ഉടമ്പടികൾക്കും കരാറുകൾക്കും ഇന്ത്യൻ നിയമത്തിനും കീഴിൽ ഷെയ്ഖ് ഹസീനയെ തിരികെനൽകണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥന നിയമപരമായി നിരസിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചോദ്യങ്ങളാണ് ഇതോടൊപ്പം ഉയരുന്നത്. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനുശേഷം ഹസീനയ്ക്ക് ഇന്ത്യ രാഷ്ട്രീയാഭയം നൽകിയതിനെച്ചൊല്ലി ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ നിലനിൽക്കുന്നുണ്ട്. ബംഗ്ലാദേശിലെ ട്രിബ്യൂണൽ വിധി ഇന്ത്യയുടെ ശ്രദ്ധയിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഏറെക്കുറെ തന്ത്രപരമായാണ് ഇന്ത്യ ഗവണ്മെന്റ് വിഷയം കൈകാര്യം ചെയ്യുന്നത്. ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യമുയർത്തി ഇന്ത്യക്കുമേൽ സമ്മർദം ശക്തമാക്കാനും അന്താരാഷ്ട്ര വേദികളിൽ ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാനുമുള്ള ശ്രമങ്ങൾ ബംഗ്ലാദേശ് ഭരണകൂടം നടത്തുമെന്നിരിക്കെ ഇന്ത്യയിൽ എത്ര നാൾ തുടരാം എന്നത് ഹസീനയെ സംബന്ധിച്ച് ഒരു ചോദ്യം ചിഹ്നം ആണ്.
ലോകത്തിലെ പല ഭരണാധികാരികൾക്കും സംഭവിച്ച ഗതികേട് തന്നെയാണ് ഷെയ്ഖ് ഹസീനയ്ക്കും ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അവർക്ക് വിനയായത്. ബംഗ്ലാേദശിൽ പൊളിറ്റിക്കൽ സ്റ്റെബിലിറ്റിയുള്ള പ്രതിപക്ഷം ഉണ്ടായിരുന്നെങ്കിൽ ഹസീനയ്ക്ക് രാജ്യം വിട്ടോടേണ്ടി വരില്ല. രാഷ്ട്രീയമില്ലാത്ത ജനാധിപത്യവും അവകാശങ്ങളില്ലാത്ത പൗരത്വവും എന്നൊരവസ്ഥയുണ്ട്. അതാണ് ഷെയ്ഖ് ഹസീനയ്ക്കും സംഭവിച്ചിരിക്കുന്നത്. അഞ്ച് അഗ്നികൾ, നാലുവശവും തീയും മുകളിൽ സൂര്യനും എന്നാണ് ‘പഞ്ചാഗ്നി’ യുടെ നിർവചനം. അഞ്ച് അഗ്നികുണ്ഡങ്ങൾ കത്തിച്ച് അതിന് നടുവിൽ നായകനെ ഒറ്റക്കാലിൽ നിർത്തി കൊണ്ട് ഈ തത്വത്തെ ദൃശ്യവൽക്കരിച്ചിട്ടുണ്ട് ഒരു സിനിമ സംവിധായകൻ. ശിവപുരാണത്തിലെ, പഞ്ചാഗ്നി മധ്യത്തിൽ തപസ്സ് അനുഷ്ഠിച്ച് തന്റെ സ്വപ്‌നനായകനെ സ്വന്തമാക്കിയ പാർവതിദേവിയുടെ കഥയും നാം വായിച്ചിട്ടുണ്ട്. പ്രധാനമന്ത്രിസ്ഥാനവും രാജിവെച്ച് ഇന്ത്യയിൽ അഭയം പ്രാപിച്ച് വധശിക്ഷ വിധിക്കപ്പെട്ട ഷെയ്ഖ് ഹസീന പഞ്ചാഗ്നി നടുവിൽ ആണെന്ന് പറയാം.
Content Summary: setbacks faced by bangladesh long term prime minister sheikh hasina
This post was last modified on November 19, 2025 11:18 am
Leave a Comment