രാജ്യത്ത് ആശുപത്രികളിലുണ്ടാവുന്ന സുരക്ഷാവീഴ്ചയില്‍ ജീവന്‍ നഷ്ടമാവുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇന്ന് ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് നവജാത ശിശുക്കളാണ് മരിച്ചത്. ആശുപത്രികളിലെ തീപ്പിടുത്തങ്ങളില്‍ അവസാനത്തേത് മാത്രമാണിത്. അപകട സ്ഥലത്ത് നിന്ന് 11ഓളം കുട്ടികളെ രക്ഷിച്ചതായാണ് വിവരം. 5 കുഞ്ഞുങ്ങള്‍ ഗുരുതര പരിക്കോടെ ചികില്‍സയിലാണ്. അതേസമയം 16ലധികം ഫയര്‍ഫോഴ്‌സ് എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ആശുപത്രിയിലെ അപകടം അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഗുരുതര ചോദ്യം ഉയര്‍ത്തുന്നുണ്ട്.
പിന്നോട്ട് നോക്കിയാല്‍ ആശുപത്രികളെ തീപ്പിടുത്തവും ജീവഹാനിയും രാജ്യത്ത് വര്‍ധിച്ച് വരുന്നതായി കാണാം. 2020 മുതലുള്ള കണക്കെടുത്താല്‍ 200 ഓളം മരണങ്ങള്‍. 2020നും 2022നും ഇടയില്‍ മാത്രമായി സംഭവിച്ചത് 122 മരണങ്ങളാണ്.ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കമ്മ്യൂണിറ്റി മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നത് 2010 മുതല്‍ ആരംഭിക്കുന്ന 10 വര്‍ഷത്തിനിടെ രാജ്യത്തെ ആശുപത്രികളില്‍ 33 തീപ്പിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. അവയില്‍ 25 എണ്ണം സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവിച്ചതെങ്കില്‍ ശേഷിക്കുന്നവ സ്വകാര്യ ആശുപത്രിയിലാണ് ഉണ്ടായത്. കാരണങ്ങളിലേക്ക് നോക്കിയാല്‍ ഇവയില്‍ ഇതില്‍ 78ശതമാനം തീപ്പിടുത്തത്തിനും കാരണം ഷോര്‍ട് സര്‍ക്യൂട്ടാണ്. അപകടമുണ്ടായ 33ല്‍ 19 ആശുപത്രികളില്‍ മാത്രമാണ് മികച്ച അഗ്നി സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നൊള്ളു എന്നതും ആശങ്കപ്പെടുത്തുന്നതാണ്.
English summary; Seven newborns die in fire at East Delhi children’s hospital