അശ്ലീല പരാമർശം നടത്തിയതിന്റെ പേരിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകിയതിനെ തുടർന്ന്, സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പരാമർശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ഇത്തരം പരാമർശങ്ങൾ തമാശയല്ല, മറിച്ച് സെക്ഷ്വല്‍ ഹരാസ്മെന്റാണെന്ന് പുരുഷന്മാർ മനസിലാക്കേണ്ടതുണ്ടെന്ന് അഡ്വക്കേറ്റ് പി എം ആതിര വ്യക്തമാക്കി. ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും പി എം ആതിര അഴിമുഖത്തോട് പ്രതികരിച്ചു. sexual comment
‘സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് ഒരു കെഎസ്ഇബി ഉദ്യോഗസ്ഥൻ പറഞ്ഞ ഒരു വാർത്ത ശ്രദ്ധിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയ പരാതിയും ഈ വാർത്തയും നമുക്ക് കൂട്ടിവായിക്കാൻ കഴിയുന്നതാണ്. പുരുഷാധിപത്യ മൂല്യങ്ങൾ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന, സ്ത്രീവിരുദ്ധ ചിന്തകള്‍ നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പുരുഷാധിപത്യ മൂല്യങ്ങൾ മനസിൽ പോറ്റിവളർത്തുന്ന എല്ലാ പുരുഷന്മാരുടെ ഉള്ളിലും ഇത്തരം ആശയഗതികൾ ഏറിയും കുറഞ്ഞുമുണ്ട്. സ്ത്രീകളെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമാണ് എന്നുള്ള തിരിച്ചറിവിലേക്ക് ഇപ്പോഴും പുരുഷന്മാർ എത്തിയിട്ടില്ല. ഇതൊക്കെ ഒരു തമാശയായിട്ട് തന്നെയാണ് അവർ എടുക്കുന്നത്. ഇക്കിളിപ്പെടുത്തുന്ന ഇത്തരം വർത്തമാനങ്ങളിലും ആർത്തുചിരികളിലുമാണ് അവർ വലിയവരാകാൻ ശ്രമിക്കുന്നത്.’
‘സ്ത്രീകളെ അപമാനിക്കാൻ അവരുടെ കൈയ്യിലുള്ള ടൂളുകളിതൊക്കെയാണ്. അല്ലാതെ എങ്ങനെയാണ് തന്റെ സ്വത്വത്തെ അടയാളപ്പെടുത്തുക എന്ന് പോലും അവർക്ക് അറിയില്ല. അതുകൊണ്ടാണ് ഇത്തരം ചീപ്പ് തമാശകളിലൂടെ അവർ ക്രൈം ചെയ്തുകൊണ്ടിരിക്കുന്നത്. 2013ലാണ് പ്രിവെൻഷൻ പ്രൊഹിബിഷൻ ആന്റ് റിഡേഴ്സൽ ആക്ട് (ജോലി സ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം) നിലവിൽ വന്നത്.’
‘അതിലെ സെക്ഷൻ 2വിൽ എന്താണ് ലൈംഗികാതിക്രമം എന്ന് വളരെ കൃത്യമായി പറയുന്നുണ്ട്. അഞ്ച് കാര്യങ്ങളാണ് അതിൽ പറയുന്നത്. ഇപ്പോൾ നടന്ന സംഭവത്തിന്റെ കാരണവും അതിൽ ലൈംഗികാതിക്രമം എന്ന നിലയിലാണ് വ്യക്തമാക്കിയിട്ടുള്ളത്. ഞാൻ ബലം പ്രയോഗിച്ചിട്ടില്ലല്ലോ, ചുംബനം തരുമോയെന്ന് ചോദിച്ചിട്ടല്ലേയുള്ളൂ എന്ന് പലരും പറയാറുണ്ട്. എന്നാൽ അതും ഈ ആക്ട് പ്രകാരം കുറ്റകരമാണ്. 2013ൽ ഈ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം എത്ര പുരുഷന്മാർക്ക് അറിയാം ഇത് സെക്ഷ്വൽ ഹരാസ്മെന്റിൽ വരുന്നതാണെന്ന്. സ്ത്രീകൾക്ക് പലയിടങ്ങളിലും ഞങ്ങൾ പോയി ക്ലാസുകൾ എടുത്ത്കൊടുക്കാറുണ്ട്. എന്നാൽ പുരുഷന്മാർക്ക് ഇതിനെക്കുറിച്ചുള്ള അറിവ് ഉണ്ടോയെന്ന് സംശയമാണ്.’
‘അത്തരത്തിലുള്ള അവബോധം ലഭിച്ചിരുന്നുവെങ്കിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അവർ പറയില്ലായിരുന്നു. ഇത് കുറ്റകരമാണെന്ന് പുരുഷന്മാർക്ക് അറിയില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. അവർ പറയുന്ന സ്ത്രീവിരുദ്ധ കമന്റുകൾ കേൾക്കാനും കൈയ്യടിക്കാനും ആളുകളുണ്ട്. അതിനെതിരെ ആരും കേസ് രജിസ്റ്റർ ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് തുടങ്ങുമ്പോൾ ഇനി ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ഉണ്ടാകില്ല എന്നുള്ള പ്രതീക്ഷയാണ് നമുക്കുള്ളത്’, അഡ്വക്കേറ്റ് ആതിര അഴിമുഖത്തോട് പറഞ്ഞു.
സമൂഹത്തിലെ പല സ്ത്രീകൾക്കും അശ്ലീല പരാമർശങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ടി. ബി മിനി പറയുന്നു. ‘ഈ അനുഭവം നേരിട്ടവരിൽ ഒരാൾ മാത്രമാണ് ഹണി റോസ്. മലയാള മനോരയിൽ ജോലി ചെയ്യുന്ന നിഷ, ആർഎംപി പ്രവർത്തകയായ കെ കെ രമ, ഇവർക്കെതിരെയൊക്കെ എന്ത് മോശമായ പരാമർശങ്ങളാണ് വന്നിട്ടുള്ളത്. അവരും സ്ത്രീകളാണ്. അവർക്ക് സമൂഹത്തിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനോ പറയാനോ ഇവിടെ പറ്റുന്നില്ല. എത്രയെത്ര മോശമായ കമന്റുകളാണ് സ്ത്രീകൾക്കെതിരെ പല വീഡിയോകളിലും പറയുന്നത്. ഏതെങ്കിലും പോലീസ് കേസെടുത്തതായി അറിയുമോ. ഹണി റോസ് സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. ഒരു അഭിപ്രായവ്യത്യാസവും അതിലില്ല. സൈബർ സെല്ലിൽ നമുക്ക് ഒരു പരാതി നൽകാൻ കഴിയുമോ? സൈബർ സെല്ലിലുള്ള എസ്ഐയെയോ സിഐയെയോ നേരിട്ട് കാണാൻ കഴിയുമോ? സൈബർ സെല്ലിൽ അറിയിച്ചാൽ ലോ ആന്റ് ഓർഡർ കൊടുക്കാൻ പറയും. അതാണ് അവസ്ഥ’, അഡ്വക്കേറ്റ് ടി. ബി മിനി അഴിമുഖത്തോട് പറഞ്ഞു. sexual comment
Content summary: sexual comment is not a joke, every woman is being humiliated here
Sexual abuse kerala honeyrose boby chemmannur