അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ക്കെതിരായ ലൈംഗികാരോപണം: പരാതിക്കാരിക്കെതിരേ രഹസ്യ നീക്കം. പിന്നില്‍ ഖത്തറെന്ന് റിപ്പോര്‍ട്ട്
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) പ്രോസിക്യൂട്ടര്‍ കരീം ഖാനെതിരെ ലൈംഗിക ദുരുപയോഗ ആരോപണം ഉന്നയിച്ച വനിതാ ഉദ്യോഗസ്ഥയെ ലക്ഷ്യമിട്ട് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്. ഈ രഹസ്യ ഓപ്പറേഷന് പിന്നില്‍ ഖത്തര്‍ ആണെന്നാണ് സൂചനയെന്ന് ദി ഗാര്ഡിയന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാര്ഡിയന് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ആരോപണം ഉന്നയിച്ച ഐ.സി.സി. ജീവനക്കാരിയെയും അവരുടെ കുടുംബാംഗങ്ങളെയും കുറിച്ച് അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായുള്ള ഹൈഗേറ്റ് എന്ന സ്ഥാപനമാണ് ഈ രഹസ്യ ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്ന് പത്രം പറയുന്നു. പരാതിക്കാരിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിനും പ്രോസിക്യൂട്ടര്‍ക്കെതിരായ ലൈംഗിക ദുരുപയോഗ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനും ഉപയോഗിക്കാവുന്ന തെളിവുകള്‍ കണ്ടെത്തുക എന്നതായിരുന്നു ഇന്റലിജന്‍സ് സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹൈഗേറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പരാതിക്കാരിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍, ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്വേഡുകള്, അവരുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള അതീവ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
പരാതിക്കാരിക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇസ്രയേലുമായോ അവിടുത്തെ രഹസ്യാന്വേഷണ ഏജന്‍സികളുമായോ ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമം നടന്നിരുന്നുവെന്നും എന്നാല്‍, അത്തരമൊരു തെളിവും ലഭിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ഖത്തറിന്റെ ഉന്നത നയതന്ത്ര വിഭാഗമാണ് ഈ ഓപ്പറേഷനുള്ള സാമ്പത്തിക പിന്തുണ നല്‍കിയതെന്ന വിവരങ്ങളുണ്ടെന്ന് ഗാര്ഡിയന് പറയുന്നു. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ക്ലയിന്റിനെ ‘ക്ലയിന്റ് രാജ്യം’ അല്ലെങ്കില്‍ ‘ക്യൂ രാജ്യം’ എന്നാണ് ഹൈഗേറ്റ് ജീവനക്കാര്‍ക്കിടയില്‍ വിശേഷിപ്പിച്ചിരുന്നത്.
കരീം ഖാന് തനിക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള നടപടികള്‍ നടക്കവെ, തന്നെ കുടുക്കാനായി ഇസ്രയേല്‍ പിന്തുണയോടെ നടക്കുന്ന അപകീര്‍ത്തിപ്പെടുത്തല്‍ പ്രചാരണമാണ് ഈ ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് ഖാനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഐ.സി.സി.യുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷനില്‍ പ്രവര്‍ത്തിച്ചതായി ഹൈഗേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്കെതിരെയും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഖത്തര്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും അവര്‍ പറയുന്നു.
സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനങ്ങള്‍ തന്നെ ലക്ഷ്യമിടുന്നുണ്ടെന്ന വിവരം, ഹൃദയഭേദകവും അവിശ്വസനീയവുമാണ് എന്നായിരുന്നു പരാതിക്കാരി ഗാര്‍ഡിയനോട് പ്രതികരിച്ചത്.
അതേസമയം, ഈ രഹസ്യ ഓപ്പറേഷനില്‍ കരീം ഖാന് വ്യക്തിപരമായ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഗാര്ഡിയന് പറയുന്നത്. എന്നിരുന്നാലും, ഹൈഗേറ്റ് കമ്പനി കരീം ഖാന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടെന്നും അവര്‍ എഴുതുന്നു.
ഐ.സി.സി. ജീവനക്കാരിയുടെ ലൈംഗിക ആരോപണം പ്രോസിക്യൂട്ടര്‍ കരീം ഖാന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അദ്ദേഹത്തിനെതിരേ യു.എന്‍. അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം തീരുന്നത് വരെ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്നും ഖാന് താല്‍ക്കാലികമായി മാറിനില്‍ക്കുകയാണ്. യു എന്‍ അന്വേഷണ ഫലം ഖാന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നതായിരിക്കും.
നെതന്യാഹുവിനും മറ്റ് ഇസ്രായേലി ഉദ്യോഗസ്ഥര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടതോടെ കരീം ഖാനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന ശത്രുക്കളായി മാറിയിരുന്നു.
Content Summary; Sexual harassment allegations against International Criminal Court prosecutor: Secret move against complainant. Report says Qatar behind it