നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി തള്ളി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. കാക്കനാട് ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.sexual harassment case bobby chemmannur remanded
റിമാന്റ് ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കോടതി മുറിയില്‍ വിശ്രമിക്കാന്‍ അനുവാദം നല്‍കിയ വൈദ്യപരിശോധന നടത്തി ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഡ്വ. ബി രാമന്‍പിള്ളയാണ് ബോബിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ബോബിയുടെ മൊബൈല്‍ ഫോണും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു വിധിയറിഞ്ഞശേഷം ഹണി റോസിന്റെ പ്രതികരണം.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. എന്നാല്‍ പോലീസ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും എന്നാല്‍, രണ്ടു ദിവസം മുന്‍പ് വീണ് കാലിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ടെന്നും താന്‍ അള്‍സര്‍ രോഗിയാണെന്നും ബോബി കോടതിയെ അറിയിച്ചു.
എന്നാല്‍ തനിക്കെതിരെ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും നടി പരാതിയില്‍ പറഞ്ഞതുപോലെ സ്പര്‍ശിച്ചിട്ടില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നത് തെറ്റിദ്ധാരണ മാത്രമെന്നും മനഃപൂര്‍വമുണ്ടാക്കിയ കേസാണെന്നും നടിയെ അപമാനിച്ചിട്ടില്ലെന്നും സംഭവത്തിന് ശേഷവും നടിയുമായി സൗഹൃദമുണ്ടെന്നും ബോബി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടുതന്നെ ജുവലറിയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടിയെ കൊണ്ടുവന്നത്. ഉദ്ഘാടന ചടങ്ങിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ മനസ്സിലാക്കുകയായിരുന്നു എന്നും ബോബിയുടെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അനുമതി ഇല്ലാതെയാണ് കൈയില്‍ പിടിച്ച് കറക്കിയത്. ശേഷം പ്രതി ലൈംഗിക ചുവയോടെ സംസാരിച്ചു. ഉള്ളില്‍ കനത്ത വേദന തോന്നിയിട്ടും പരിപാടി അലങ്കോലമാകരുത് എന്ന് കരുതിയാണ് നടി ചിരിച്ച് കൊണ്ട് നിന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പിന്റെ ഉദ്ദേശ്യം തന്നെ ഇത്തരം കുറ്റകൃത്യം തടയുക എന്നതാണെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ബുധനാഴ്ച രാവിലെ വയനാട്ടിലെ റിസോട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ വൈകിട്ട് ഏഴോടെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കും ഒളിവില്‍ പോകാനും അവസരം നല്‍കാതെ അതിവേഗത്തിലായിരുന്നു പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.sexual harassment case bobby chemmannur remanded
Content Summary: sexual harassment case bobby chemmannur remanded