ലൈംഗികാരോപണം നേരിടുന്ന മലയാളി ബിഷപ്പ്, സ്ഥാനം രാജിവച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് മുതിര്‍ന്ന ആംഗ്ലിക്കന്‍ ബിഷപ്പായ ജോണ്‍ പെരുമ്പലത്ത് സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. ലിവര്‍പൂള്‍ ബിഷപ്പായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ബിഷപ്പ് ജോണ്‍ നടത്തിയ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച പരാതികളെ തുടര്‍ന്ന് മാറി നില്‍ക്കാന്‍ സഭ നേതൃത്വം അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നായിരുന്നു പടിയിറക്കം. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രധാന ബിഷപ്പായ, ജോവാന്‍ ഗ്രെന്‍ഫെല്ലും, സഭയുടെ അഭിമാനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി, വൈദികവൃത്തികളില്‍ നിന്നും ഒഴിഞ്ഞ് നിന്ന് അന്വേഷണം നേരിടാന്‍ ജോണ്‍ പെരുമ്പലത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതേ സഭയിലെ തന്നെ വനിത ബിഷപ്പായ ബെവര്‍ലി മേസണ്‍ ആണ്, ജോണ്‍ പെരുമ്പലത്തിനെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയിരിക്കുന്നത്. 2023 മാര്‍ച്ചിലാണ് താന്‍ പരാതി നല്‍കിയതെന്ന് മേസണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോണ്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വാറിംഗ്ടണ്‍ ബിഷപ്പായ ബെവര്‍ലി മേസണ്‍ ലിവര്‍പൂള്‍ രൂപതയിലെ അംഗങ്ങള്‍ക്ക് എഴുതിയ കത്താണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 510 ദിവസങ്ങളായി ശരിയായതും ഉചിതമായതുമായ നിയമ നടപടികള്‍ സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഉറച്ച വിശ്വാസത്തിലായിരുന്നു താനെന്നാണ് ബിഷപ്പ് മേസണ്‍ കത്തില്‍ പറയുന്നത്. ഒരു ബിഷപ്പിന് നിയമത്തിന് അധീതനാകാന്‍ സാധിക്കില്ല, ഒരു വൈദികന്റെ പ്രവര്‍ത്തികളില്‍ നിന്നു വ്യതിചലിച്ചു ജീവിക്കാനും ഒരു ബിഷപ്പിന് സാധിക്കില്ല. ഒരു ബിഷപ്പ് അദ്ദേഹത്തിന്റെ സ്ഥാനത്തിന് അനുസരിച്ചുള്ള ഔന്നിത്യം പാലിക്കണം, അതിനായി സഭയും കാര്യമായി ശ്രമിക്കുന്നില്ലെന്നും മേസണ്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2024 ഏപ്രില്‍ മുതല്‍ ബിഷപ്പ് ബെവര്‍ലി മേസണ്‍ തന്റെ ഔദ്യോഗിക സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. ‘ദീര്‍ഘവും ഭയങ്കരവും’ എന്നാണ് ഈ മാറി നില്‍ക്കലിനെ മേസണ്‍ സ്വയം അടയാളപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭാവത്തിനും നിശബ്ദയ്ക്കും മാപ്പ് ചോദിക്കുന്നതായും, പക്ഷേ ഈ സാഹചര്യം അസഹനീയമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.
ജോണ്‍ പെരുമ്പലത്ത് നല്‍കിയ പ്രസ്താവനയില്‍, താന്‍ ബിഷപ്പ് സ്ഥാനത്ത് നിന്നും സ്വയം വിരമിക്കുകയാണെന്നാണ് പറയുന്നത്. സഭയുടെ നിയമം അനുസരിച്ച് 70 വയസ് വരെ നിര്‍ബന്ധിതമായി സേവനം അനുഷ്ഠിക്കണമെന്നാണ്. 58 കാരനായ ജോണ്‍, 12 വര്‍ഷങ്ങള്‍ കൂടി ബിഷപ്പ് സ്ഥാനത്ത് ബാക്കി കിടക്കവേയാണ് പുറത്തു പോകുന്നത്. മുകളില്‍ നിന്നുള്ള അനുമതിയോടെയാണ് വിരമിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്നും, താന്‍ യാതൊരു തെറ്റും ഇതുവരെ ചെയ്തിട്ടില്ലെന്നും തന്റെ പ്രസ്താവനയില്‍ ജോണ്‍ വിശദീകരിക്കുന്നുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സെയ്ഫ്ഗാര്‍ഡിംഗ് ടീം അന്വേഷിച്ചതാണ്, അടിസ്ഥാനരഹിതമായവ എന്നാണ് അവര്‍ കണ്ടെത്തിയത്. അതുപോലെ, ഒരു പരാതി പൊലീസും അന്വേഷിച്ചിരുന്നു, അതിലും തുടര്‍ നടപടികളൊന്നും തന്നെയുണ്ടായിട്ടില്ലെന്ന വാദവും ജോണ്‍ ഉയര്‍ത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ തന്നെ കുറ്റവിചാരണ ചെയ്യുകയാണെന്നാണ് ജോണ്‍ പെരുമ്പലത്തിന്റെ പരാതി. ഇതിന്റെ സ്വാധീനം ലിവര്‍പൂള്‍ രൂപതിയിലും ഉണ്ടായിട്ടുണ്ട്. തന്റെ വാദങ്ങള്‍ ചെവിക്കൊള്ളാന്‍ തയ്യാറാകാത്ത അവസ്ഥയാണുള്ളതെന്നും ജോണ്‍ പരാതിപ്പെടുന്നുണ്ട്.
ബിഷപ്പ് സ്ഥാനം രാജിവയ്ക്കുകയല്ല താന്‍ ചെയ്‌തെന്ന വിശദീകരണവും ജോണ്‍ പെരുമ്പിലത്ത് നടത്തുന്നുണ്ട്. എന്തെങ്കിലും തെറ്റ് ചെയ്തു എന്നതുകൊണ്ട് രാജി വയ്ക്കുകയല്ല ചെയ്തിരിക്കുന്നത്, എന്നാല്‍ ഈ സ്ഥാനത്ത് തുടരുന്നത് സഭയ്ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കാമെന്നതുകൊണ്ട് സ്ഥാന ത്യാഗം ചെയ്യുകയാണെന്നാണ് അദ്ദേഹത്തിന്റെ ന്യായം.
ലൈംഗികാരോപണവിധേയനായ കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി മൂന്നു മാസം കഴിയുമ്പോഴാണ് ലിവര്‍പൂള്‍ ബിഷപ്പും സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരിക്കുന്നത്. യോര്‍ക്ക് ആര്‍ച്ച് ബിഷപ്പും, സഭയുടെ ഇന്‍ ചാര്‍ജുമായ സ്റ്റീഫന്‍ കോട്രലിന്റെ രാജിക്കായും നിര്‍ബന്ധം മുറുകിയിട്ടുണ്ട്. ലൈംഗികാരോപണ വിധേയനായ ഒരു വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് സ്റ്റീഫനെതിരായ ആക്ഷേപം. സ്റ്റീഫന്‍ സംരക്ഷിച്ചയാള്‍ ജോണ്‍ പെരുമ്പലത്താണെന്നാണ് ചാനല്‍ 4 ന്യൂസ് പറയുന്നത്. 2023 ല്‍ ലിവര്‍പൂള്‍ ബിഷപ്പായി ജോണ്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിനെതിരായ ലൈംഗികാരോപണത്തെക്കുറിച്ച് സ്റ്റീഫന് അറിയാമായിരുന്നുവെന്നാണ് വിവരം. Sexual misconduct allegations, Liverpool Bishop John Perumbalath quits
Content Summary; Sexual misconduct allegations, Liverpool Bishop John Perumbalath quits