ഡൽഹിയിൽ ഇസ്രയേൽ എംബസിയിലേക്ക് പ്രതിഷേധ മാർച്ചുമായെത്തിയ എസ്എഫ്ഐ നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. എസ്എഫ്ഐ ഡൽഹി സംസ്ഥാന പ്രസിഡൻ്റും മലയാളിയുമായ സൂരജ് ഇളമണിനേയും ജോയിൻ്റ് സെക്രട്ടറി മെഹിന ഫാത്തിമയേയും സമരവേദിയിലേക്ക് പോകുന്നവഴി തടഞ്ഞുനിർത്തി ഓട്ടോറിക്ഷയിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദ്യാർത്ഥികളോട് ഒന്ന് സംസാരിക്കാൻ പോലും പൊലീസ് തയ്യാറായിരുന്നില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന് മുൻപ് തന്നെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണെന്നും എസ്എഫ്ഐ ഡൽഹി സംസ്ഥാന പ്രസിഡൻ്റ് സൂരജ് ഇളമൺ അഴിമുഖത്തോട് പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ഇസ്രയേൽ അനുഭാവമാണ് ഇതിലൂടെ തുറന്നുകാട്ടുന്നതെന്നും സൂരജ് ഇളമൺ പറഞ്ഞു.
‘ഇന്ന് ഇസ്രയേൽ എംബസിയിലേക്ക് എസ്എഫ്ഐ ഡൽഹിയുടെ പ്രതിഷേധ മാർച്ചായിരുന്നു. അതിന് വേണ്ടി പോകുന്ന വഴി തന്നെ ഡൽഹി പൊലീസ് ഞങ്ങളെ തിരിച്ചറിയുകയും ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ ഞങ്ങൾ അറിയിച്ചിരുന്നത് പോലെ തന്നെ മാർച്ച് നടന്നു. അവിടെ നിന്നുമാണ് മറ്റുള്ള വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ഞങ്ങളെ എല്ലാവരെയും ഇപ്പോൾ ഹരിയാന അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ്. ഇത് എസ്എഫ്ഐ വിളിച്ച മാർച്ചായിരുന്നു. എന്നാൽ ഇസ്രയേൽ എംബസിക്ക് മുന്നിൽ മാർച്ച് നടത്താൻ കഴിയില്ലെന്ന് പറഞ്ഞ് ഞങ്ങൾ സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിർത്തി വലിച്ചിറക്കുകയായിരുന്നു.
ഇതിന് മുമ്പും ഞങ്ങൾ പ്രതിഷേധ മാർച്ചുകൾ നടത്തിയിട്ടുണ്ട്. എന്നാൽ വഴിക്ക് വെച്ച് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. വിദ്യാർത്ഥികളോട് സഹകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഞങ്ങളോട് സംസാരിക്കാനുള്ള ഒരു ശ്രമം പോലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
എനിക്കും എന്റെയൊപ്പം വന്ന എസ്എഫ്ഐ ജോയിൻ്റ് സെക്രട്ടറി മെഹിന ഫാത്തിമയ്ക്കും പ്രതിഷേധത്തിൽ പങ്കെടുക്കാനായില്ല. പക്ഷേ, അവിടെയെത്തിയ ബാക്കി വിദ്യാർത്ഥികൾ അത് നിറവേറ്റി. മാർച്ച് നടത്താൻ കഴിഞ്ഞതിൽ സന്തേഷമുണ്ട്. നിലവിൽ എല്ലാവരും രണ്ട് പൊലീസ് ബസുകളിലായി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണ്. പൊലീസ് കാണാതെ മറ്റ് വഴികളിലൂടെയെത്തി ഒത്തുചേർന്നാണ് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്.
ഇവിടെ എല്ലാക്കാലത്തും പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നടത്തിയ വിദ്യാർത്ഥികളോട് ഇങ്ങനെ തന്നെയാണ് പൊലീസ് ഇടപെട്ടിട്ടുള്ളത്. അവരെ അടിച്ചമർത്തുകയാണ് അവർ ചെയ്തിട്ടുള്ളത്. അത് ഇപ്പോഴും തുടരുന്നു. പലസ്തീൻ അനുകൂല സമീപനത്തെ അടിച്ചമർത്തിയതാണ് നിലവിലെ സംഭവത്തിലൂടെ വ്യക്തമാകുന്നത്. ഇവരെയൊന്നും ബാധിക്കാത്ത ഒരു വിഷയമാണിത്. മനുഷ്യത്വമുള്ള ആരും പലസ്തീൻ വിഷയത്തിൽ ആ ജനതയോടൊപ്പം നിൽക്കാനേ തയ്യാറാവുകയുള്ളൂ. ആഗോള തലത്തിൽ പ്രതിഷേധം നടക്കുന്ന ഒരു വിഷയമാണ് പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ. ഞങ്ങളെ തടഞ്ഞതിലൂടെ കേന്ദ്ര സർക്കാരിന്റെ ഇസ്രയേൽ അനുഭാവമാണ് തുറന്നുകാട്ടുന്നത്. പലസ്തീന് അനുകൂലമായിട്ടുള്ള പ്രതിഷേധം ഡൽഹിയിൽ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ ഡൽഹി പൊലീസ് ഞങ്ങളെ അറിയിച്ചിരുന്നു. മുകളിൽ നിന്നും ഇതിന് ഉത്തരവുണ്ട് എന്നാണ് അറിയിച്ചിരുന്നത്.
ഫ്രാൻസിലും അമേരിക്കയിലുമെല്ലാം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് വിദ്യാർത്ഥികൾ ഇസ്രയേലിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മഡ്ലീൻ വിഷയവുമായി ബന്ധപ്പെടുത്തി എല്ലായിടത്തും വലിയ രീതിയിലുള്ള ചർച്ച നടക്കുന്ന സമയമാണിത്. അങ്ങനെയൊരു അവസരത്തിലാണ് ഡൽഹിയിൽ ഇസ്രയേൽ എംബസിയുടെ മുന്നിൽ പ്രതിഷേധിക്കാൻ എസ്എഫ്ഐ തീരുമാനിച്ചത്.
നൂറോളം പൊലീസുകാരാണ് ഇവിടെ ബാരിക്കേഡുകൾ വെച്ച് കൊണ്ട് ഞങ്ങളെ തടയാനായി എത്തിയത്. സാധാരണക്കാരെ വരെ പൊലീസുകാർ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിനോട് വഴി ചോദിക്കാൻ പോയ ഒരു വ്യക്തിയെ വരെ പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന പേരിൽ ഞങ്ങളോടൊപ്പം അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണ്. ഇതാണ് ഇവിടത്തെ അവസ്ഥ. വിദ്യാർത്ഥികളോട് മാന്യമായി ചർച്ച ചെയ്ത് ഞങ്ങളെ പ്രതിഷേധത്തിന് അനുവാദിക്കാമായിരുന്നു’, സൂരജ് ഇളമൺ അഴിമുഖത്തോട് പറഞ്ഞു.
എഐഎസ്എ നേതാക്കളായ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ് നിതീഷ് കുമാർ, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളായ സൗരഭ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Content Summary: SFI march to the Israeli Embassy; Delhi Police has forcefully detained students
This post was last modified on June 10, 2025 6:47 pm
Leave a Comment