July 04, 2026 |
Share on

‘സ്വതന്ത്ര പലസ്തീന്‍’; നിലപാട് മാറ്റി അമേരിക്ക

ദ്വിരാഷ്ടര പരിഹാരം എന്ന സങ്കല്‍പ്പം തള്ളുന്നതാണ് യുഎസ് അംബാസിഡര്‍ മൈക്ക് ഹക്കിബിയുടെ അഭിപ്രായങ്ങള്‍

മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താത്പര്യങ്ങളില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും പ്രത്യഘാതപരമായൊരു തീരുമാനം വന്നിരിക്കുകയാണ്. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യം അമേരിക്ക ഇനി പിന്തുടരില്ലെന്നാണ് ഇസ്രയേലിലെ യുഎസ് അംബാസിഡര്‍ മൈക്ക് ഹക്കബി പറയുന്നത്. ബ്ലുംബര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹക്കബിയുടെ ഏറെ നിര്‍ണായകമായ മറുപടി വന്നത്. സ്വതന്ത്ര പലസ്തീന്‍ അമേരിക്ക പിന്തുടരുന്ന നയങ്ങളുടെ ഭാഗമാണോ ഇപ്പോഴും എന്ന ചോദ്യത്തിന്, എനിക്ക് അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു ഹക്കബിയുടെ മറുപടി.

അര്‍ക്കന്‍സാസ് ഗവര്‍ണര്‍ ആയിരുന്ന മൈക്ക് ഹക്കബിയെ തന്റെ ദൂതനായി പ്രത്യേക താത്പര്യമെടുത്താണ് ട്രംപ് ഇസ്രയേലിലെ യുഎസ് അംബാസിഡറാക്കിയത്. അതേ ഹക്കിബി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍, അമേരിക്കയുടെ താത്പര്യം ഇസ്രയേലിനോട് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ്. പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാകണമെങ്കില്‍, ഇസ്രയേല്‍ ഇപ്പോള്‍ കൈയടക്കി വച്ചിരിക്കുന്ന പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്നും, പകരം മറ്റേതെങ്കിലും മുസ്ലിം രാജ്യത്തിന്റെ ഭൂമി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഭാവിയില്‍ ഒരു സ്വതന്ത്ര പലസ്തീന്‍ ഉണ്ടാക്കട്ടെ എന്നുമാണ് അമേരിക്കന്‍ അമേരിക്കന്‍ അംബാസിഡര്‍ ഉപദേശിക്കുന്നത്. ഇസ്രയേല്‍ പലസ്തീനികള്‍ക്കുള്ള ഭൂമി വിട്ടുകൊടുക്കുന്ന ദ്വിരാഷ്ട്ര പരിഹാരമെന്ന ദീര്‍ഘകാല നിര്‍ദ്ദേശത്തില്‍ നിന്നുള്ള അമേരിക്കയുടെ വ്യതിചലനമാണ് ഹക്കിബിയുടെ വാക്കുകള്‍.

സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി തടസ്സങ്ങള്‍ ഉള്ളതിനാല്‍ ഇസ്രയേലിനും പലസ്തീനും ഇടയില്‍ ദ്വിരാഷ്ട്ര പരിഹാരം സാധ്യമല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് മൈക്ക് ഹക്കബി പറയുന്നത്. സംസ്‌കാരത്തെ മാറ്റിമറിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍, അത് സംഭവിക്കാന്‍ സാധ്യതയില്ല, നമ്മുടെ ജീവിതകാലത്ത്’ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നും ഹക്കിബി ബ്ലുംബര്‍ഗിനോട് പറയുന്നുണ്ട്.

ബിബിസിക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തിലും പലസ്തീനികള്‍ക്ക് ഇസ്രയേല്‍ ഭൂമി വിട്ടു കൊടുക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് ട്രംപിന്റെ ഈ ദൂതന്‍ ആവര്‍ത്തിച്ചിരുന്നത്. ‘ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ളതിനെക്കാള്‍ 644 മടങ്ങ് ഭൂമി മുസ്ലീം രാജ്യങ്ങളുടെ കൈവശമുണ്ട്. അതിനാല്‍, പലസ്തീന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാകണം എന്ന ആഗ്രഹമുണ്ടെങ്കില്‍, ഞങ്ങള്‍ അതിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ആരെങ്കിലും ഉണ്ടാകാം(മുസ്ലിം രാജ്യങ്ങളെ ഉദ്ദേശിച്ച്) എന്നാണ് ഹക്കിബി വിശദീകരിക്കുന്നത്.

മൂന്നു ദശലക്ഷത്തോളം പലസ്തീനികള്‍ ജീവിക്കുന്ന വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, ഇസ്രയേലിന്റെ നിലപാട് തന്നെയായിരുന്നു ഹക്കിബിയുടെ വാക്കുകളില്‍ പ്രകടമായിരുന്നത്. വെസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ട ചോദ്യത്തില്‍, ഇസ്രയേല്‍ സര്‍ക്കാര്‍ സാധാരണയായി വെസ്റ്റ്ബാങ്കിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘യഹൂദയും സമരിയയും’ എന്ന പദം ഹക്കിബി പ്രയോഗിച്ചത് ശ്രദ്ധേയമായിരുന്നു. ‘അത് യഹൂദയിലും സമരിയയിലും ആയിരിക്കേണ്ടതുണ്ടോ?’ എന്ന് ചോദിച്ചതോടെ, നിലവില്‍ ഇസ്രയേലിന്റെ അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടതുണ്ടോ എന്നായിരുന്നു ഹക്കബി തിരിച്ചു ചോദിച്ചത്.

ദ്വിരാഷ്ട്ര പരിഹാരം എന്നത് യുഎസിന്റെ ദീര്‍ഘകാല മിഡില്‍ ഈസ്റ്റ് നയമാണ്. എന്നാല്‍ ഈ നയത്തില്‍ ട്രംപ് തന്റെ ആദ്യ ടേമില്‍ തന്നെ താരതമ്യേന മൃദുവായ സമീപനമായിരുന്നു എടുത്തിരുന്നത്. ഇപ്പോള്‍ രണ്ടാം ടേമില്‍ എത്തുമ്പോഴും ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

മൈക്ക് ഹക്കിബിയുടെ അഭിപ്രായത്തോട് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ യുഎസ് വിശാലമായൊരു നയം മാറ്റത്തിന് തയ്യാറാകുന്നു എന്നാണ് ഹക്കിബിയുടെ അഭിപ്രായത്തെ വിശകലനം ചെയ്തുകൊണ്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.  US no longer pursuing goal of independent Palestinian, says US Ambassador Mike Huckabee

Content Summary; US no longer pursuing goal of independent Palestinian, says US Ambassador Mike Huckabee

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×