രഹിബ് ഹൊസൈന്‍, എന്ന 11 വയസ്സുകാരന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ധാക്കയിലെ തെരുവില്‍ വെച്ച് പോലീസുകാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ആയിരക്കണക്കിന് ആളുകള്‍ രാജ്യവ്യാപകമായി നടത്തിയ ജൂലൈ വിപ്ലവത്തില്‍ കൊല്ലപ്പെട്ട 1400 ലധികം ആളുകളില്‍ ഒരാളാണ് ഹൊസൈന്‍.
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍, ആളുകളെ കണ്ടാലുടന്‍ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവുകളോടെ, പോലീസ് സേനയെ വിന്യസിച്ചിക്കുകയായിരുന്നു. എന്നല്‍, പ്രതിരോധ നടപടികള്‍ പരാജയപ്പെടുകയും പ്രക്ഷോഭകാരികള്‍ ഹസീനയുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും ചെയ്തതോടെ സൈന്യം നിസ്സഹായരായി. ഇതോടെ 2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന ഹെലികോപ്റ്ററില്‍ ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായി.

ഹൊസൈന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിയവെ, ഇന്ന് മുതലാണ് ഹസീനയുടെ വിചാരണ ആരംഭിക്കുന്നത്. 11 വയസ്സുകാരന്‍ ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിന് ഉത്തരവാദി എന്ന കുറ്റത്തിനാണ് അവര്‍ വിചാരണ നേരിടുന്നത്. മാസങ്ങള്‍ നീണ്ട തെളിവെടുപ്പിന് ശേഷം, കൊലപാതകം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവയ്ക്ക് ഉത്തരവിടുക, പ്രേരിപ്പിക്കുക, ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍മാര്‍ ഹസീനയ്‌ക്കെതിരെ കുറ്റങ്ങള്‍ ചുമത്തി. ഹസീന അധികാരത്തിലിരിക്കുമ്പോള്‍ രൂപീകരിച്ച ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിലെ (ICT) മൂന്ന് ജഡ്ജിമാരാണ് വിചാരണ നടത്തുന്നത്.
വിചാരണ വേളയില്‍ ഷെയ്ഖ് ഹസീന ഹാജരാകില്ല. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ പ്രതിഷേധിച്ചിട്ടും അവര്‍ ഇന്ത്യയില്‍ തുടരുകയാണ്. ഹസീനയെ കൈമാറാനുള്ള നിരവധി അപേക്ഷകള്‍ ഇതിനോടകം തന്നെ ഇന്ത്യ നിരസിക്കുകയും ചെയ്തു.
കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഷെയ്ഖ് ഹസീന സ്വമേധയാ തിരികെ ബംഗ്ലാദേശിലേക്ക് വരുമെന്ന് പ്രതീക്ഷയില്ല. നിരപരാധിയാണെന്ന് വാദിക്കുക മാത്രമല്ലാതെ, വിചാരണയില്‍ പങ്കെടുക്കാന്‍ അവര്‍ തയ്യാറല്ല. കേസ് വാദിക്കുന്നതിനായി ഒരു സര്‍ക്കാര്‍ അഭിഭാഷകനെയാണ് നിയമിച്ചിട്ടുള്ളത്.
വിചാരണക്ക് മുന്നോടിയായി, ഹസീനയും അവരുടെ അവാമി ലീഗ് പാര്‍ട്ടിയും വിചാരണയെയും ട്രൈബ്യൂണലിനെയും അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. തങ്ങള്‍ക്കൊന്നും നിയമപരമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.
അധികാരത്തില്‍ നിന്ന് പുറത്താക്കിയ പ്രക്ഷോഭങ്ങളെ ഹസീന ”നമ്മുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ജനാധിപത്യത്തിന്റെ അക്രമാസക്തമായ തടസ്സം” എന്നാണ് ഹസീന കഴിഞ്ഞദിവസം ഒരു തുറന്ന കത്തിലൂടെ വിശേഷിപ്പിച്ചത്. അനധികൃതമായി പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ തിരികെ പിടിക്കുമെന്നും അവര്‍ കത്തില്‍ പറയുന്നു.
ഹസീന കോടതിയില്‍ ഹാജരാകാത്തതിലുള്ള അമര്‍ഷം കൊല്ലപ്പെട്ട ഹൊസൈന്റെ പിതാവ് അബ്ദുള്‍ ഖയേര്‍ പ്രകടിപ്പിച്ചു. ”ഹസീനയെ നേരിട്ട് വിചാരണ ചെയ്യുന്നത് എനിക്ക് കാണണം. അവര്‍ കുടുംബങ്ങളെ നേരിട്ട് കണ്ട് താന്‍ ചെയ്ത തെറ്റുകള്‍ക്ക് മറുപടി പറയണം. പക്ഷേ ഇന്ത്യ അവരെ തിരികെ നല്‍കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. തന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷമായിട്ടും ദുഃഖം നിരാശയായി മാറിയെന്നും, ട്രൈബ്യൂണല്‍ യഥാര്‍ത്ഥ നീതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും” ഖയേര്‍ പറഞ്ഞു.
ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശില്‍ പ്രതീക്ഷയുടെ തരംഗം ഉണ്ടായിരുന്നു. ജനാധിപത്യപരമായ പരിഷ്‌കാരങ്ങളും ഉത്തരവാദിത്തബോധവും ഉറപ്പുനല്‍കി നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാഗ്ദാനം ചെയ്യപ്പെട്ട പല പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ സാധിക്കാത്തതും, ക്രമസമാധാനനില വഷളായതും, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ യൂനുസ് പരാജയപ്പെട്ടതും ഇടക്കാല സര്‍ക്കാരിനുള്ള ജനവിശ്വാസം നഷ്ടപ്പെടുത്തി.
ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിചാരണ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമെന്ന് ഖയേര്‍ അഭിപ്രായപ്പെടുന്നു. ”ഇത്തരത്തിലുള്ള കേസുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് എല്ലാവരും മുന്‍പ് കണ്ടിട്ടുള്ളതാണ്,” അദ്ദേഹം പറഞ്ഞു. ”രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിചാരണകള്‍ വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടുപോകും.”
എന്നിരുന്നാലും, സത്യം രേഖപ്പെടുത്താന്‍ വേണ്ടിയെങ്കിലും വിചാരണ മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ”അവര്‍ ചെയ്തത് എന്താണെന്ന് അറിയാന്‍ അവര്‍ ഒരു പ്രതിക്കൂട്ടിലിരിക്കേണ്ട ആവശ്യമില്ല. അവരാണ് ഉത്തരവിട്ടത്. അത് എല്ലാവര്‍ക്കും അറിയാം. ലോകം അത് കേള്‍ക്കട്ടെ.”
ഹസീനയ്‌ക്കെതിരെ കഴിഞ്ഞ ജൂലൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും കൊല്ലപ്പെട്ട പലര്‍ക്കും ഈ വിചാരണ നീതിയിലേക്കുള്ള ചവിട്ടുപടിയാണ്. കേസില്‍ മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും, പലരും രാജ്യം വിട്ട് വിദേശത്താണ്. വിചാരണ കഴിയുന്നത്ര സുതാര്യമാക്കാന്‍, പ്രധാന ഭാഗങ്ങള്‍ ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും, രഹസ്യസാക്ഷി മൊഴികളില്‍ മാത്രം ഇതുണ്ടാകില്ല.

യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാര്‍, അടുത്ത വര്‍ഷം ആദ്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടികളിലൊന്നായ അവാമി ലീഗിനെ വിലക്കിയത് തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് വിമര്‍ശകര്‍ പറയുന്നു.
ഹസീനയുടെ ഭരണകാലത്ത് വര്‍ഷങ്ങളോളം പീഡനം അനുഭവിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിനാണ് തിരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുന്നത്. ഹസീനയുടെ ഭരണകാലത്ത് നിരോധിക്കപ്പെട്ട ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ മതേതര അടിത്തറയെ ദുര്‍ബലപ്പെടുത്തുന്ന തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഉദയത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. Sheikh Hasina’s trial has begun
Content Summary: Sheikh Hasina’s trial has begun