അഭിമുഖം/ ഷൈനി വിൽസൺ
1984 ലിൽ ലോസ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ എത്തിയ തൊടുപുഴക്കാരിക്ക് 18 വയസ് ആയിരുന്നു പ്രായം. ആദ്യമായി സ്വപ്ന തുല്യമായ ഒളിമ്പിക്സ് വേദിയിലെത്തുമ്പോൾ അഭിമാനത്തോടൊപ്പം അമ്പരപ്പും കൗതുകവും ഭയവും നിറഞ്ഞ സമ്മിശ്രവികാരമായിരുന്നു ഷൈനി വിത്സന്റെ മനസ് നിറയെ. ഇന്ന് നാല്പത് വർഷണങ്ങൾക്കിപ്പുറം മറ്റൊരു ഒളിമ്പിക്സിന് കൂടെ തിരി തെളിഞ്ഞു കഴിഞ്ഞു. കാലം കടന്ന് പോയെങ്കിലും ഒളിമ്പിക്സ് എന്ന് കേൾക്കുമ്പോൾ അന്നത്തെ 18കാരിയായി മാറുന്നുണ്ട് ഷൈനി വിൽസൺ. shiny wilson olymbics interview
ആദ്യമായി ഞാൻ ഒളിമ്പിക്സ് വില്ലേജ് കാണുമ്പോൾ അമ്പരപ്പായിരുന്നു ഉള്ളിൽ നിറയെ. അതുവരെ കാണാത്ത വ്യത്യസ്തമായ പഴങ്ങൾ മുതൽ വലിയ സ്റ്റേഡിയം വരെ വില്ലേജിനകത്ത് എല്ലാം ഉണ്ട്. ഞാൻ ആദ്യമായി ബ്യൂട്ടി പാർലർ കാണുന്നത് വില്ലേജിനകത്താണ്. ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് ഒളിമ്പിക്സ്, അന്നത്തെ കാലത്ത് അവിടെ എത്തുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു. എന്നെകൊണ്ട് സാധിക്കാവുന്നതിന്റെ പരമാവധി അവിടെ പ്രകടിപ്പിക്കണം എന്നായിരുന്നു ആദ്യമായി ട്രാക്കിൽ 800 മീറ്റർ ഓടുമ്പോൾ എന്റെ മനസ്സിൽ. ഒളിമ്പിക്സിൽ സെമി ഫൈനലിൽ ഓടുന്ന ആദ്യത്തെ ഇന്ത്യൻ വനിത എന്ന ചരിത്രം കൂടി എനിക്ക് കുറിക്കാൻ സാധിച്ചു.
പിന്നീട് ആണ് റിലേ 4 × 400 മീറ്ററിൽ പി ടി ഉഷയും ഞാനും വത്സമ്മയും വന്ദന റാവുവും ചേർന്ന് ഓടിയത്. ഞാനും ഉഷയും വത്സമ്മയുമാണ് അക്കാലത്ത് കേരളത്തിൽ നിന്നുണ്ടായിരുന്നത്. 1996 മുതലാണ് കൂടുതൽ ആളുകൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ തുടങ്ങിയത്. അതുവരെ പരമാവധി നാലോ അഞ്ചോ പേരെ മാത്രമാണ് മത്സരങ്ങൾക്കായി അയച്ചുകൊണ്ടിരുന്നത്. അതോടപ്പം ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് കർശനമായ നിയമങ്ങളും പാലിക്കേണ്ടതുണ്ടായിരുന്നു.
ലോസ് ഏഞ്ചൽസ് ടു പാരീസ്
ഓരോ വർഷം കഴിയും തോറും ഒളിമ്പിക്സ് എല്ലാ രീതിയിലും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനോടപ്പം മത്സരവും ഓരോ തവണയും മുറുകി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ താരങ്ങളെ കൊണ്ട് സാധിക്കും എന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ഒളിമ്പിക്സിൽ നീരജ് ചോപ്രക്ക് മെഡൽ ലഭിച്ചത്. മെഡൽ ലഭിച്ചത് ഒരു ചരിത്ര നിമിഷം കൂടിയാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് സർക്കാർ കായിക താരങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ പോയി പരിശീലനം നേടുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകുന്നുണ്ട്, അതോടൊപ്പം മറ്റ് സ്പോൺസർഷിപ്പുകളും ലഭിക്കുന്നുണ്ട് ഇതെല്ലാം നല്ല രീതിയിൽ സഹായിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. ഞാൻ ഒളിമ്പിക്സിൽ പങ്കെടുത്തിരുന്ന സമയത്തെല്ലാം വല്ലപ്പോഴും അത്തരത്തിലുള്ള പരിശീലനങ്ങൾക്ക് കൊണ്ട് പോവുക, അതുമാത്രമല്ല ഇന്ന് ലഭിക്കുന്ന അത്രയും പ്രാധ്യാന്യം അന്ന് ലഭിച്ചിരുന്നുമില്ല.
അക്കാലത്ത് ഞങ്ങൾക്ക് പരിശീലനത്തിനായി ഡൽഹി സ്റ്റേഡിയം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് എല്ലാ ഇടങ്ങളിലും സിന്തറ്റിക് ട്രാക്കുകളായി, കൂടുതൽ പരിശീലന കേന്ദ്രങ്ങൾ വന്നു അതെല്ലാം കായിക താരങ്ങളെ നല്ല രീതിയിൽ വാർത്തെടുക്കാൻ സഹായകമാകുന്നവയാണ്. പക്ഷെ ഇതൊന്നും പോരാ എന്നാണ് എന്റെ അഭിപ്രായം. കൂടുതൽ പ്രോത്സാഹനം ലഭിച്ചാലേ പ്രതിഭകളെ കണ്ടെത്താനും അഭിമാന താരങ്ങളാക്കി കൊണ്ടുവരാനും സാധിക്കുകയുള്ളു. പക്ഷെ കേരളം പോലെ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനം ആയിട്ടുകൂടി അന്തരാഷ്ട്ര തലത്തിൽ പ്രതിഭകളെ വാർത്തെടുക്കാൻ സാധിക്കുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. റിയോ ഒളിമ്പിക്സിൽ കേരളത്തിൽ നിന്ന് ഏഴ് പേരുണ്ടായിരുന്നു, ടോക്കിയോ ഒളിമ്പിക്സ് വന്നപ്പോൾ അത് ആറ് പേരായി, പാരീസ് ഒളിമ്പിക്സിൽ അത് നാലായി ചുരുങ്ങി. അതിൽ രണ്ട് ഒളിമ്പിക്സുകളിലായി സ്ത്രീ സാന്നിധ്യം ഇല്ലെന്നത് നിരാശാ ജനകമായ വസ്തുതയാണ്. ഇന്നുള്ളത് പോലുള്ള യാതൊരു സംവിധാനങ്ങളും ഇല്ലാതിരുന്ന കാലമായിട്ടു കൂടെ ഞാൻ പങ്കെടുത്ത നാല് ഒളിമ്പിക്സിലും സ്ത്രീകളായിരുന്നു മുന്നിട്ട് നിന്നിരുന്നത്.
കേരളത്തിലെ പരിശീലനം
കേരളത്തിലെ കായിക പരിശീലനം കുറച്ചു കൂടി പുരോഗമിക്കേണ്ടതുണ്ട്. കുട്ടികളിലെ കഴിവ് കണ്ടെത്തി വേണ്ട വിധത്തിൽ പ്രോത്സാഹിപ്പിക്കേണ്ടത് കായികാധ്യാപകരുടെ ഉത്തരവാദിത്തമാണ്. എല്ലാ മാതാപിതാക്കളും കുട്ടികളുടെ കായിക പ്രതിഭയെ പ്രോത്സാഹിപ്പിക്കണം എന്നില്ല, കൂടുതൽ പഠനത്തിലേക്ക് വഴി തിരിച്ചു വിടുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്. കൂടാതെ ചിലരെങ്കിലും സ്പോർട്സ് ക്വാട്ടയില്‍ ജോലി മാത്രം ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് വേണം കരുതാൻ.
മറ്റൊരു പ്രധാന വസ്തുത അതാത് സർക്കാരുകൾ കുട്ടികൾക്ക് പരിശീലനത്തിന് വേണ്ടി അനുവദിക്കുന്ന ഫണ്ടും വലിയ പ്രാധാനമാണ്. തമിഴ്നാട് സർക്കാർ പരിശീലനം നൽകുന്നതിന് വേണ്ടി ഒരു കോടി രൂപയിലധികം അനുവദിക്കുന്നുണ്ട്. ഇത്രയുമില്ലെങ്കിലും കേരള സർക്കാർ ഇത്തരം കാര്യങ്ങൾ കുറച്ച് കൂടെ ശ്രദ്ധിച്ചാൽ കേരളത്തിൽ നിന്ന് കൂടുതൽ താരങ്ങളെ തീർച്ചയായും വാർത്തെടുക്കാൻ സാധിക്കും.
content summary; shiny wilson interview paris olymbics 2024