March 28, 2025 |
Share on

അദാനിക്ക് ഷോക്ക്; 8.2 മില്ല്യൺ സ്മാർട്ട് മീറ്ററുകളുടെ ടെൻഡർ റദ്ദാക്കി തമിഴ്നാട്

എഇഎസ്എൽ ഉയർന്ന തുക ആവശ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്മാർട്ട് മീറ്റർ ടെൻഡർ റദ്ദാക്കിയത്

അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ (എഇഎസ്എൽ) സ്മാർട്ട് മീറ്ററുകൾക്കായുള്ള ആഗോള ടെൻഡർ റദ്ദാക്കി തമിഴ്‌നാട് സർക്കാർ. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നിവയുൾപ്പെടെ എട്ട് ജില്ലകളിൽ 8.2 മില്ല്യൺ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പാക്കേജ് ടെൻഡറാണ് തമിഴ്‌നാട് വൈദ്യുതി വകുപ്പ് റദ്ദാക്കിയത്. എഇഎസ്എൽ ഉയർന്ന തുക ആവശ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്മാർട്ട് മീറ്റർ ടെൻഡർ റദ്ദാക്കിയതെന്ന് തമിഴ്നാട് ജെനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാംഗഡ്‌കോ) വ്യക്തമാക്കി. Adani tamilnadu

2023 ഓഗസ്റ്റിൽ നൽകിയ നാല് ടെൻഡറുകളും ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കിയതായി ടാംഗഡ്‌കോ വൃത്തങ്ങൾ അറിയിച്ചു. പുതിയ ടെൻഡറുകൾ ഉടൻ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. കേന്ദ്രത്തിൻ്റെ വിതരണ മേഖല പദ്ധതി (ആർഡിഎസ്എസ്) പ്രകാരം 19,000 കോടി രൂപ ചിലവിൽ കാർഷിക കണക്ഷനുകൾ ഒഴികെ സംസ്ഥാനത്തെ എല്ലാ വൈദ്യുതി കണക്ഷനുകൾക്കും സ്മാർട്ട് മീറ്ററുകൾ നൽകുക എന്നതായിയുന്നു അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ പാക്കേജ്.

സോളാർ എനർജി കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 2,029 കോടി രൂപ കൈക്കൂലി നൽകിയെന്നാരോപിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദ്ദേഹത്തിൻ്റെ അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെ യുഎസ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയതിനെ തുടർന്നാണ് തമിഴ്‌നാട് സർക്കാരിൻ്റെ തീരുമാനം. അദാനിക്കെതിരെയുള്ള ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്ക് അദാനി ഗ്രൂപ്പിനെതിരായ വിമർശനം ശക്തമാക്കിയിരുന്നു. ഇന്ത്യൻ സഖ്യത്തിൻ്റെ ഭാഗമായ ഡിഎംകെയും ഇതിൽ പങ്കാളിയാണ്.

ഗൗതം അദാനിയുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ അറിയിച്ചിരുന്നു. അദാനി എന്നെ കണ്ടിട്ടില്ല, ഞാൻ അദ്ദേഹത്തെയും കണ്ടിട്ടില്ല,അദാനി ഗ്രൂപ്പുമായുള്ള ബന്ധം നിഷേധിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. എസ്ഇസിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് സോളാർ വൈദ്യുതിക്കായി തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് ഇടപെടുന്നതെന്നും അദാനിയുമായിട്ടല്ലെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

ടെൻഡറുകൾ റദ്ദാക്കിയത് സ്മാർട്ട് മീറ്റർ പദ്ധതിയുടെ ചിലവിനെക്കുറിച്ചും ലാഭത്തിനെക്കുറിച്ചും ആശങ്ക ഉയർത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ബീഹാറിലും സമാനമായ പദ്ധതികൾ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് കൈകാര്യം ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസം മീറ്ററിന് 120 രൂപയാണ് ഈടാക്കുന്നത്. അതിനാൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്‌നാടിന് ഈടാക്കുന്ന തുക വളരെ വലുതാണെന്ന് ടാൻഗെഡ്‌കോ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ അദാനി ​ഗ്രൂപ്പ് നിശ്ചയിച്ച തുക എത്രയാണെന്നത് വ്യക്തമല്ല.

നിലവിൽ 30 ദശലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള ആർഡിഎസ്എസ് (റീവാംപിഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതിയിലാണ് തമിഴ്നാട് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്തിൻ്റെ സാങ്കേതികവും വാണിജ്യപരവുമായ നഷ്ടം 16% ൽ നിന്ന് 10% ആയി കുറയ്ക്കുക, ബില്ലിംഗ് കാര്യക്ഷമത മെച്ചപ്പെടുത്തുക, മികച്ച താരിഫ് ആസൂത്രണത്തിന് സഹായിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. Adani Tamilnadu

Content Summary:  Shock for Adani,Tamil Nadu cancels the tender for 8.2 million smart meters

Goutam adani Adanigroup smart meter tender tamilnadu 

Leave a Reply

Your email address will not be published. Required fields are marked *

×