ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ വിശ്വസ്തനായ കളിക്കാരനാണ് ഇന്ന് ശ്രേയസ് അയ്യര്‍ എന്ന സ്‌റ്റൈലിഷ് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍. ഗംഭീരമായ സ്‌ട്രോക്ക് പ്ലേ, സ്പിന്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, സമ്മര്‍ദ്ദങ്ങളോടുള്ള ശാന്തവും സമചിത്തതയോടെയുമുള്ള സമീപനം, നിശ്ചയദാര്‍ഢ്യം, സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടുത്തല്‍, സ്ഥിരത എന്നിവയാണ് അയ്യരുടെ പ്ലസ് പോയിന്റുകള്‍. അനുഭവസമ്പത്ത് കുറഞ്ഞ പ്രതിഭാധനനായ ഒരു യുവതാരത്തില്‍ നിന്ന്, ഇന്ത്യയുടെ ഏകദിന നിരയ്ക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയ മധ്യനിരക്കാരനിലേക്കുള്ള പരിണാമത്തിന്റെ കഥയാണ് അയ്യരുടെ ക്രിക്കറ്റ് ജീവിതം.
1994 ഡിസംബര്‍ ആറിന് മുംബൈയില്‍ ജനിച്ച ശ്രേയസ് അയ്യര്‍ 2017 ലാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. മികച്ചൊരു ഇന്നിംഗ്‌സ് കളിക്കാനും, മത്സരത്തിന്റെ ഗതി നിയന്ത്രിക്കാനുമുള്ള കഴിവാണ് അയ്യരെ ശ്രദ്ധേയനാക്കിയത്. 2019 ലോകകപ്പ് അയ്യരെ സംബന്ധിച്ച് ഒരു ലോഞ്ചിംഗ് പാഡായിരുന്നു. അയ്യര്‍ വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ മധ്യനിരയിലെ ഒരു പ്രധാന ഭാഗമായി മാറി. ആക്രമണാത്മകതയോടെ ബാറ്റ് ചെയ്യേണ്ടപ്പോള്‍ തന്നെ, മികച്ചൊരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള ശേഷിയും ആവശ്യമുള്ള റോളാണ് മധ്യനിര ബാറ്ററുടേത്. 2021-22 സീസണിലേക്ക് എത്തുമ്പോള്‍, അയ്യരുടെ പ്രകടനങ്ങള്‍ അദ്ദേഹത്തെ ഏകദിന ബാറ്റര്‍മാരുടെ എലൈറ്റ് ലീഗിലേക്ക് എത്തിച്ചിരുന്നു.
സ്പിന്‍ ബൗളിംഗിനെതിരെയുള്ള പകടനമാണ് ശ്രേയസിന്റെ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം നടത്തി വരുന്ന പ്രകടനങ്ങള്‍ സ്പിന്നെതിരേയുള്ള അദ്ദേഹത്തിന്റെ കഴിവ് കൂടുതല്‍ പ്രകടമാക്കുന്നുണ്ട്. മുന്‍കാല ഇതിഹാസങ്ങളെ ഓര്‍മ്മിക്കുന്ന തരത്തില്‍ ധീരമായ സമീപനമാണ് അയ്യര്‍ സ്പിന്നര്‍മാര്‍ക്കെതിരെ കാണിക്കുന്നത്. സ്റ്റമ്പില്‍ നിന്ന് മാറി നിന്നു കളിക്കാന്‍ അദ്ദേഹം ഭയപ്പെടുന്നില്ല. ബൗളര്‍ പന്ത് കൈയില്‍ നിന്നും വിടുന്നതിനു മുമ്പ് തന്നെ സ്റ്റമ്പില്‍ നിന്നും അകന്നു മാറി നില്‍ക്കുന്ന തരത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മുന്‍ പാക് താരം സലീം മാലിക്കിനെ ഓര്‍മിപ്പിക്കുന്നു. സ്പിന്നിനെതിരെ പുറത്തെടുക്കുന്ന ഈ ധൈര്യം, പ്രത്യേകിച്ച് സ്ലോ പിച്ചുകളില്‍, അയ്യരെ അദ്ദേഹത്തിന്റെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാക്കുകയാണ്. വേഗത കുറഞ്ഞതും സ്പിന്നിന് അനുകൂലവുമായ പിച്ചുകളില്‍ പോലും, അദ്ദേഹം പോരാട്ട വീര്യം ബൗളര്‍മാര്‍ക്കു നേരെ കാണിക്കുന്നുണ്ട്. തന്റെ ഷോട്ടുകള്‍ കളിക്കുന്നതില്‍ അയ്യര്‍ ഒരിക്കലും പേടിയോ, മടിയോ കാണിക്കുന്നില്ല.
ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍, ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലെങ്കിലും, ഒരു മത്സരത്തില്‍ പോലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും, അയ്യര്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്നത്. മിഡില്‍ ഓവറുകളിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുത്താനും, കാര്യങ്ങള്‍ നിയന്ത്രിക്കാനുമുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായി ശ്രയേസ് അയ്യര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കുന്നതും ഇതേ കഴിവാണ്. ആവശ്യമുള്ളപ്പോള്‍ സ്‌കോറിംഗിന്റെ വേഗത കൂട്ടാനും ടീമിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമാണ്, പ്രത്യേകിച്ച് പാകിസ്താനും ന്യൂസിലന്‍ഡിനും എതിരായ മത്സരങ്ങളില്‍. പാകിസ്താനെതിരെ, വിരാട് കോഹ്ലിക്കൊപ്പം ചേര്‍ന്ന് ചേസിംഗില്‍ സമ്മര്‍ദ്ദം കുറയ്ക്കാനും ഇന്ത്യയെ ആവശ്യമായ റണ്‍ നിരക്കിന് മുന്നിലെത്തിക്കുന്നതിലും അയ്യര്‍ നിര്‍ണായക പങ്ക് വഹിച്ചു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍, 30 റണ്‍സിന് മൂന്നു വിക്കറ്റ് എന്ന അപകടകരമായ അവസ്ഥയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് അയ്യരുടെ കരിയറിലെ തന്നെ ഏറ്റവും വേഗത കുറഞ്ഞ ഒരു അര്‍ദ്ധസെഞ്ച്വറിയാണ്. ആ സാഹചര്യത്തില്‍ കാണിക്കേണ്ട പക്വതയാണ് അയ്യര്‍ കാണിച്ചത്.
സമീപ വര്‍ഷങ്ങളിലായി സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അയ്യരുടെ കഴിവ് അദ്ദേഹത്തിന്റെ കളിയുടെ ഒരു പ്രധാന സവിശേഷതയാണ്. 1990 കളിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ പിച്ചുകളില്‍ കളിക്കാന്‍ അദ്ദേഹം പഠിച്ചു. വേഗതയും ബൗണ്‍സും കുറഞ്ഞ, ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്ന ഇത്തരം പിച്ചുകളില്‍ ശ്രദ്ധയോടെയും ക്ഷമയോടെയും കളിച്ച് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ തന്റെ ബാറ്റിനെ അയ്യര്‍ പരിശീലിപ്പിച്ചു. ഈ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരേ നേടിയ അര്‍ദ്ധസെഞ്ച്വറി അയ്യരുടെ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ അര്‍ദ്ധശതകമായിരുന്നു. എന്നാല്‍ ആ സാഹചര്യത്തിന് ആവശ്യമുള്ള നിയന്ത്രണബോധത്തോടെയും സംയമനത്തോടെയുമാണ് അദ്ദേഹം ആ ഇന്നിംഗ്‌സ് കളിച്ചത്. കളി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, പഴയ രീതിയിലുള്ള ക്രിക്കറ്റ് കളിക്കാനുള്ള ഈ കഴിവാണ് അദ്ദേഹത്തെ മുന്‍കാലങ്ങളിലെ മികച്ച മധ്യനിര കളിക്കാരുടെ അതേ ശ്രേണിയില്‍ നിര്‍ത്തുന്നത്.
2022 ഫെബ്രുവരി മുതലാണ് ശ്രേയസ് അയ്യര്‍ ഒരു പരിവര്‍ത്തനത്തിന് വിധേയനാകുന്നത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഒരു പ്രധാന കണ്ണിയായി മാറി. മധ്യനിരയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും, ആക്രമണോത്സുകരായ കളിക്കാര്‍ക്ക് അവരുടെ സ്വാഭാവിക കളി കളിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നുണ്ട്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, കോഹ്‌ലി തുടങ്ങിയവര്‍ക്ക് സ്‌കോര്‍ ബോര്‍ഡിനെക്കുറിച്ച് ആകുലപ്പെടാതെ ആക്രമണാത്മക ഷോട്ടുകള്‍ കളിക്കാന്‍ അയ്യര്‍ പിന്നാലെയുണ്ടെന്ന വിശ്വാസം കരുത്തു നല്‍കുന്നുണ്ട്. അയ്യര്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. സ്വയം മികച്ചൊരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതിനൊപ്പം ടീം ടോട്ടലിലും സ്ഥിരത നല്‍കുന്നു. ഈ കാലയളവില്‍ പവര്‍പ്ലേയ്ക്ക് ശേഷം 30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തവണ ബാറ്റ് ചെയ്ത 43 ബാറ്റര്‍മാരുടെ പട്ടികയില്‍, റണ്‍സ്-നോണ്‍-സ്‌ട്രൈക്കര്‍-റണ്‍സ് അനുപാതത്തില്‍ അയ്യര്‍ പത്താമത്തെ മികച്ച കളിക്കാരനാണ്. അനാവശ്യമായ റിസ്‌കുകള്‍ എടുക്കാതെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള കഴിവാണ് അയ്യര്‍ കളത്തില്‍ പ്രകടിപ്പിക്കുന്നത്.
ആരംഭത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടും ഏകദിന കരിയറിന്റെ തുടക്കത്തില്‍ അയ്യരുടെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിലായിരുന്നു. വിരാട് കോഹ്ലിയുടെ പരിക്കും ഇന്ത്യ പുതിയ കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നതും, അയ്യരുടെ സ്ഥാനത്തിന് സ്ഥിരമായി ഭീഷണിയുയര്‍ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തിലെ മികച്ച പ്രകടനമാണ് പ്ലെയിംഗ് ഇലവനില്‍ തന്റെ സ്ഥാനം ഭദ്രമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. പരിക്കേറ്റ കോഹ്ലിക്ക് പകരക്കാരനായി യശസ്വി ജയ്സ്വാള്‍ എത്തുമെന്ന് കരുതിയിടത്ത്, അയ്യരാണ് ടീമില്‍ കയറിയത്. ഏഴ് മത്സരങ്ങളിലായി 53.71 എന്ന ശരാശരിയോടെ തന്റെ മൂല്യം എന്താണെന്നു തെളിയിക്കുകയും ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു അയ്യര്‍.
ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടാനുള്ള പ്രതിബദ്ധതയ്ക്കും പ്രതിരോധശേഷിക്കുമുള്ള തെളിവാണ് അയ്യരുടെ ഉയര്‍ച്ച. പ്രതിഭകള്‍ ധാരാളമുള്ള ഇന്ത്യന്‍ ക്രിക്കറ്റില്‍ കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും, അയ്യര്‍ തനിക്കായി ഒരു ഇടം സൃഷ്ടിച്ചു. വ്യത്യസ്ത സാഹചര്യങ്ങളോടുള്ള സമീപനം, സമ്മര്‍ദ്ദഘട്ടങ്ങളില്‍ കാണിക്കുന്ന ആത്മസംയമനം, മധ്യ ഓവറുകളില്‍ വേഗത്തില്‍ റണ്‍സ് നേടാനുള്ള കഴിവ് എന്നിവ അദ്ദേഹത്തെ ടീമിന്റെ ഒരു അതുല്യ ആസ്തിയാക്കുന്നു. ഇന്ത്യയെ തുടര്‍ച്ചയായി വിജയത്തിലേക്ക് നയിക്കുന്ന പ്രകടനങ്ങളിലൂടെ, ലോക ക്രിക്കറ്റിലെ മുന്‍നിര മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായും അയ്യര്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
ചുരുക്കത്തില്‍, ടീമില്‍ സ്ഥാനം ഉറപ്പില്ലാതിരുന്ന കളിക്കാരനില്‍ നിന്ന് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള മധ്യനിര ബാറ്റര്‍മാരില്‍ ഒരാളിലേക്കുള്ള ശ്രേയസ് അയ്യരുടെ യാത്ര ഏറെ ശ്രദ്ധേയമാണ്. സാഹചര്യങ്ങളോട് സമരസപ്പെടാനുള്ള മിടുക്ക്, ആക്രമണോത്സുകത, സ്പിന്നിനെതിരെയുള്ള മികവ്് എന്നിവ അദ്ദേഹത്തെ ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ നിര്‍ണായക ഭാഗമാക്കുന്നു. അയ്യരുടെ വളര്‍ച്ച ക്രിക്കറ്റ് ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കാരണം വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ കൂടുതല്‍ വിജയങ്ങളിലേക്ക് നയിക്കാന്‍ കഴിവുള്ള ബാറ്ററാണ് ശ്രേയസ് അയ്യര്‍ എന്ന് ക്രിക്കറ്റ് ലോകം മനസിലാക്കിയിരിക്കുന്നു. Shreyas Iyer; The middle order pillar of Indian cricket team
Content Summary; Shreyas Iyer; The middle order pillar of Indian cricket team