കയറ്റുമതി സ്തംഭനത്തിന് കാരണം ജപ്പാനിലെ മാന്ദ്യം
മീന്‍ രുചികളില്‍ വമ്പനാണ് ചെമ്മീന്‍. കേരള തീരത്ത് ഇഷ്ടം പോലെ പലതരം ചെമ്മീനുകള്‍ ലഭ്യമാണ് താനും. പക്ഷെ സാധാരണക്കാരന്റെ തീന്‍ മേശയില്‍ ചെമ്മീന്‍ എത്താന്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെമ്മീന്‍, പ്രത്യേകിച്ച് പൂവാലന്‍ ചെമ്മീന്റെ വില കിലോ 100 രൂപയ്ക്ക് താഴെയാണ്. എറണാകുളം വൈപ്പിനിലും പരിസര പ്രദേശങ്ങളിലും ചെമ്മീന്‍ വില്‍ക്കുന്നത് ഒന്നര കിലോ 150 രൂപ നിരക്കിലാണ്. അതായത് കിലോ 100 രൂപയിലേക്ക് വില കൂപ്പുകുത്തി. ചെമ്മീന്‍ കയറ്റുമതി മേഖലയിലുണ്ടായ പ്രതിസന്ധിയാണ് വെല്ലുവിളിയായി മാറിയത്. ചെറിയ വിലയില്‍ ചെമ്മീന്‍ കിട്ടുന്നത് മലയാളികള്‍ക്ക് സന്തോഷകരമാണെങ്കിലും കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്നാണ് കയറ്റുമതി മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്.
കാരണം ചെമ്മീന്‍ കയറ്റുമതി സ്തംഭിച്ചതോടെ വൈപ്പിന്‍ തീരദേശമേഖലയിലെ 150-ഓളം ചെമ്മീന്‍ പീലിങ് ഷെഡ്ഡുകളുടെ പ്രവര്‍ത്തനം നിലച്ചു. സ്ത്രീകളടക്കം പീലിങ് ഷെഡ്ഡുകളില്‍ വിവിധ മേഖലകളിലായി ജോലിചെയ്യുന്ന 3000-ല്‍പരം തൊഴിലാളികള്‍ തൊഴിലില്ലായ്മ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കിലോയ്ക്ക് 1200 രൂപ ഉണ്ടായിരുന്ന കാരച്ചെമ്മീന്‍ കയറ്റുമതി നിലച്ചതോടെ 500-600 രൂപയായി.
900 രൂപ ഉണ്ടായിരുന്ന നാരന്‍ ചെമ്മീന് ഇപ്പോള്‍ 300 രൂപയായി കുറഞ്ഞു.
ഈ വിലയിടിവാണ് ചെമ്മീന്‍ വ്യവസായികളുടെ ആശങ്ക. സാധാരണ തൊഴിലാളികളെയാണ് ചെമ്മീന്‍ കയറ്റുമതി സ്തംഭനാവസ്ഥ ഏറ്റവും അധികം വലയ്ക്കുന്നത്. കാരണം തീരപ്രദേശത്തെ സംബന്ധിച്ചിടത്തോളം കടലും കായലുമാണ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം. അമേരിക്കയുടെ അടക്കം കയറ്റുമതി നിരോധനം പിന്‍വലിക്കുന്നതിന് രാജ്യാന്തര ഇടപെടല്‍ ആണ് വേണ്ടതെന്നാണ് ഫ്രഷ് ടു ഹോം സഹസ്ഥാപകനായ മാത്യു ജോസഫ് അഴിമുഖത്തോട് പറയുന്നത്.
പൊട്ടിമുളച്ച പ്രശ്‌നമല്ല
ചെമ്മീന്‍ വില കൂപ്പകുത്തുമ്പോള്‍ മാത്രം ഉയര്‍ന്ന് വരേണ്ട പ്രശ്‌നമല്ല ഇത്. അമേരിക്ക ചെമ്മീന്‍ കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തുടങ്ങിയത് 2019ലാണ്. അന്ന് മുതല്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നു. പക്ഷെ അതിന്റെ ആഘാതം പ്രത്യക്ഷത്തില്‍ അറിയാന്‍ തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ചുള്ള അന്വേഷണവും പ്രതിഷേധങ്ങളൊക്കെ വരുന്നത്. അമേരിക്ക വനാമി ചെമ്മീന്‍ അടക്കം പലതരം ചെമ്മീനുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നുണ്ട്. ഇതില്‍ പൂവാലന്‍ പോലെ കടലില്‍ നിന്ന് പിടിക്കുന്ന ചെമ്മീനുകള്‍ക്കാണ് കടലാമ പ്രശ്‌നം പറഞ്ഞ് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
4 വര്‍ഷമായി അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് ഇക്കാലമത്രയും നീളുകയും കയറ്റുമതി വരുമാനം ഇല്ലാതാവുകയും ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മത്സ്യ ബന്ധന മേഖലയെ ദുരിതത്തിലാക്കുകയും ചെയ്തിട്ടും, ഒരു കൂടിയാലോചനയ്ക്കു പോലും മുതിരാതെ മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് അതോറിറ്റി,
കേന്ദ്രസര്‍ക്കാര്‍ അടക്കമുള്ളവ മൗനം തുടരുകയായിരുന്നു. അതാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം. വര്‍ഷം 68,000 കോടിയുടെ ബിസിനസാണ് ചെമ്മീന്‍ കയറ്റുമതിയിലൂടെ നടക്കുന്നത്. ഒരുവര്‍ഷം അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചെമ്മീനിന്റെ 36 ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇത്രയും വിപുലമായ മാര്‍ക്കറ്റാണ് സ്തംഭനാവസ്ഥയിലേക്ക് മാറിയത്. നേരത്തെ സീ ഫുഡ് എക്‌സ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ഇതിന്റെ കാരണങ്ങളിലൊന്ന് ഇതുപോലുള്ള നിരോധനങ്ങളെ വിലക്കെടുക്കാതെ അവഗണിച്ചു എന്നതാണ്. രണ്ടാമതായി വനാമി ചെമ്മീന്‍ ആന്ധ്രയിലും ഒഡീഷയും ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചതോടെ കയറ്റുമതി വിശാഖപട്ടണം വഴിയായതാണ്. നിരവധി തൊഴിലാളികളാണ് സംസ്‌കരണശാലകളിലും മറ്റുമായി ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലുമാണിപ്പോള്‍. ഇത് അമേരിക്കന്‍ നിരോധനം എത്രത്തോളം ഭീകരമാണ് കേരളത്തെ ബാധിക്കുന്നത് എന്നതിന് തെളിവാണ്.
സതേണ്‍ അലയന്‍സ് എന്ന യുഎസിലെ ചെമ്മീന്‍ ഉല്പാദകരുടെ സംഘമാണ് ഇതിന് പിന്നിലെ ചരടു വലിക്കാര്‍. കടലാമ ഉള്‍പ്പെടുന്ന കടല്‍സസ്തനികളെ പിടിക്കുന്നുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍നിന്നുള്ള മീന്‍ എടുക്കില്ലെന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഇതിനായി അവര്‍ രാജ്യാന്തര നിയമങ്ങളെയും കൂട്ടുപിടിച്ചിട്ടുണ്ട്. കടലാമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇവ വലയില്‍ക്കുടുങ്ങിയാല്‍ രക്ഷപ്പെടുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന് അമേരിക്ക നിര്‍ദേശിച്ചത്. ഇല്ലെങ്കില്‍ ചെമ്മീന്‍ വാങ്ങില്ലെന്നാണ് അവരുടെ നിലപാട്. ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഷന്‍ ഡിവൈസ്(ടെഡ്) എന്നറിയപ്പെടുന്ന ഈ സംവിധാനം വലകളില്‍ ഘടിപ്പിക്കണമെങ്കില്‍ വലയൊന്നിന് 25,000 രൂപയെങ്കിലും ചെലവുവരും.
ഒരു ബോട്ടിലെ വലകളില്‍ മുഴുവന്‍ ടെഡ് പിടിപ്പിക്കുമ്പോഴേക്കും ഉടമയ്ക്ക് ചെലവാകുക വന്‍ തുകയാണ്. പക്ഷെ അത് നമ്മള്‍ക്ക് തള്ളികളയാന്‍ ആവില്ല. പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
അതിന് ബോട്ടുടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. അവര്‍ക്ക് സബ്‌സിഡി നല്‍കുകയോ സാമ്പത്തിക സഹായം ഏര്‍പ്പെടുത്തുകയോ ചെയ്യുകയാണ് പരിഹാരം. രാജ്യാന്തര തലത്തിലുള്ള പ്രശ്‌നത്തിന് ഇവിടെ ഇരുന്ന് പ്രതിഷേധിച്ചിട്ടോ സമരം നടത്തിയിട്ടോ കാര്യമില്ല. ബോട്ട് ഉടമകളും മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് അതോറിറ്റി,
സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും നയതന്ത്ര തല ഇടപാടുകള്‍ നടത്തുകയും വേണം. അങ്ങനെ മാത്രമേ ഈ വിഷയം പരിഹരിക്കാന്‍ സാധിക്കു.
കയറ്റുമതി സ്തംഭനത്തിന് കാരണം ജപ്പാനിലെ മാന്ദ്യം
ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയതാണ് നിലവിലെ ചെമ്മീന്‍ കയറ്റുമതി പ്രതിസന്ധിയുടെ പ്രധാന കാരണം. ജപ്പാന്‍ കറന്‍സിയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. പൂവാലന്‍ ചെമ്മീന്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തിരുന്നത് ജപ്പാനിലേക്കാണ്. മണ്‍സൂണിലെ പൂവാലന്‍ ചെമ്മീന്‍ ജപ്പാന്‍കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. അവരുടെ ഇഷ്ട മല്‍സ്യ വിഭവങ്ങളിലും ഈ ചെമ്മീന് സ്ഥാനമുണ്ട്. കേരള തീരത്ത് മണ്‍സൂണ്‍ സമയങ്ങളിലാണ് പൂവാലന്‍ ചെമ്മീന്റെ ചാകര ഉണ്ടാവാറ്. 2021ലാണ് സാമ്പത്തിക മാന്ദ്യം ജപ്പാനെ പിടിമുറുക്കിയത്. അവിടെത്തുടങ്ങിയ സാമ്പത്തികമാന്ദ്യം അവിടേക്കുള്ള കയറ്റുമതിയെ ബാധിച്ചു.
ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ അവരുടെ കറന്‍സിയായ യെന്നിന്റെ മൂല്യം കുത്തനെ കുറഞ്ഞു. നേരത്തെ ചെമ്മീന്‍ വിലയിലെ കുറവ് അനുസരിച്ച് വാങ്ങി സ്റ്റോര്‍ ചെയ്ത് വയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതും കുറഞ്ഞു. ചാകര സീസണിലാണ് സാധാരണക്കാരായ മല്‍സ്യ തൊഴിലാളികള്‍ക്ക് ലാഭം കൂടുതല്‍ കിട്ടുക. ഇത്തവണ 2000 കിലോ ചെമ്മീനുമായി വള്ളങ്ങള്‍ എത്തുമ്പോള്‍ പ്രാദേശിക തലത്തില്‍ കിലോയ്ക്ക് 100 രൂപയ്ക്ക് താഴെയാണ് വിറ്റ് പോവുന്നത്. താഴെക്കിടയിലുള്ളവനെയാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നും മാത്യു ജോസഫ് പറയുന്നു. അമേരിക്കന്‍ നിരോധനത്തിന്റെ ചുവട് പിടിച്ച് ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ യൂണിയനും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ 41 ശതമാനത്തോളം വില കുറച്ചാണ് ഇപ്പോള്‍ ഇന്ത്യന്‍ ചെമ്മീനെടുക്കുന്നത്. ഇതോടെ കാര, നാരന്‍, തെള്ളി തുടങ്ങിയ ഇനങ്ങള്‍ക്കും കുത്തനെ വിലകുറഞ്ഞതും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
കടലാമകള്‍ കുറവ്, പിന്നില്‍ മറ്റ് താല്‍പര്യങ്ങളോ?
കേരള തീരത്ത് കടലാമകള്‍ കുറവാണ്. ഒഡിഷാ തീരത്താണ് കൂടുതലുള്ളത്. അവിടെ കടലാമകളുടെ പ്രജനനകാലത്ത് മീന്‍പിടിത്ത നിരോധനവുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ചെമ്മീന്‍ എന്ന് മാത്രമാണ് അമേരിക്കയുടെ കണ്ണിലുള്ളത്. കേരളവും ഒഡിഷയുമെല്ലാം അവിടെ ഒരു പോലെയാണ്. എന്നാല്‍ എല്ലാം കടലാമയെ സംരക്ഷിക്കാനാണെന്ന് പറയാന്‍ സാധിക്കില്ല. മുന്‍ കാലങ്ങളില്‍ അസംസ്‌കൃത വസ്തു എന്ന നിലയിലാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ചെമ്മീന്‍ വാങ്ങിയിരുന്നത്. അതായത് പ്രോസസിങ് , പാക്കിങ് എല്ലാം അവര്‍ തന്നെ ചെയ്യും. അതിനായി മിഡ് ലെവലില്‍ വളര്‍ന്ന വന്ന ബിസിനസ് മേഖല തന്നെ അവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതല്ല അവസ്ഥ, മെഷ്യനറികള്‍ ഇറക്കുമതി ചെയ്ത് പാക്കറ്റ് ഐറ്റംസ് ആയാണ് നമ്മളിപ്പോള്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നത്. ഇതെല്ലാം അവര്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
കൂടാതെ മെക്‌സിക്കോ, എക്വഡോര്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അനാവശ്യ വ്യവസ്ഥകളെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് വിദേശ രാജ്യങ്ങളുടെ തൃപ്തിക്കായി നിന്ന് കൊടുക്കാതെ മല്‍സ്യ മേഖലയിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമാണ് , മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് അതോറിറ്റി,കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കേണ്ടത്.
English Summary: Shrimp price at 50 rupees per kg- needed international intervention – Mathew Joseph (Fresh to Home)