January 21, 2025 |

ശ്രുതിയെ ചേര്‍ത്ത് പിടിച്ച് കേരളം ഒറ്റയ്ക്കാക്കില്ലെന്ന ഉറപ്പ് പാലിച്ച് സര്‍ക്കാര്‍

ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാരെന്നും കേരളത്തിൽ ആരും ഒറ്റപ്പെട്ട് പോകില്ലെന്നും മുഖ്യമന്ത്രി

വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബാം​ഗങ്ങളെ മുഴുവൻ നഷ്ടപ്പെടുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനെ നഷ്ടപ്പെട്ട് കേരള ജനതയുടെ മനസിൽ നോവായി മാറിയ ശ്രുതി ഇനി മുതൽ സർക്കാർ ഉദ്യോ​ഗസ്ഥയാണ്. വയനാട് കളക്ട്രേറ്റിലെത്തിയാണ് ശ്രുതി റവന്യൂ വകുപ്പിൽ ക്ലർക്കായി ചുമതലയേറ്റത്. ഇപ്പോഴിതാ സംഭവത്തിൽ സർക്കാരിന്റെ പ്രവർത്തനത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രതികരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാരെന്നും കേരളത്തിൽ ആരും ഒറ്റപ്പെട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. Shruti, Chooralmala victim

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. സമഗ്രമായ പിന്തുണാ സംവിധാനങ്ങൾ ഇതിനായി ഒരുക്കുമെന്നത് ഈ സർക്കാർ നൽകുന്ന വെറും വാഗ്ദാനമല്ല, മറിച്ച് ആ മനുഷ്യർക്ക് നൽകുന്ന കരുത്തുറ്റ ഉറപ്പാണ്.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലര്‍ക്ക് തസ്തികയിൽ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായിരിക്കുകയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെന്‍സണും മരണത്തിന് കീഴടങ്ങിയതോടെ ശ്രുതിയുടെ ജീവിതം ഈ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.’

ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. സംഭവം നടക്കുമ്പോൾ കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാൽ ശ്രുതി അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശം പൂര്‍ത്തിയാക്കി വിവാഹ ഒരുക്കത്തിലേക്ക് കടക്കവെയാണ് അപ്രതീക്ഷിതമായ പ്രകൃതി ദുരന്തത്തില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടത്. മാതാപിതാക്കൾ നഷ്ടപ്പെട്ട ശ്രുതിക്ക് പിന്നീട് താങ്ങും തണലുമായത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തില്‍ നിന്നും ശ്രുതി ജീവിതത്തിലേക്ക് പതിയെ തിരിച്ചുകയറവെയാണ് പ്രതിശ്രുത വരനായ ജെന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ശ്രുതിയുടെ ഇരുകാലുകള്‍ക്കും സാരമായി പരുക്കേറ്റിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ശ്രുതി നിലവില്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് താമസം. ദുരന്തത്തിന് ഒരുമാസം മുമ്പായിരുന്നു ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹനിശ്ചയം നടന്നത്. Shruti, Chooralmala victim

Post Thumbnail
എതിരാളികൾക്കൊപ്പം സെൽഫി; ഉത്തര കൊറിയൻ ടേബിൾ ടെന്നീസ് താരങ്ങൾക്ക് ശിക്ഷ വിധിക്കാനൊരുങ്ങുന്നുവായിക്കുക

Content sumamry: Shruti Chooralmala, once a victim, is now a government official

shruti mundakkailandslide pinarayivijayan wayanad

×