March 17, 2025 |
Share on

ക്ഷമ വേണം ഗില്ലേ…

ശരിയായ തുടക്കവും തെറ്റായ കീഴടങ്ങലും; ശുഭ്മാന്‍ ഗില്ലിന്റെ പ്രശ്‌നമിതാണ്

അയത്‌നലളിതവും നിറഞ്ഞ ആത്മവിശ്വാസത്തോടെയും ബാറ്റ് ചെയ്യുന്ന ശുഭ്മാന്‍ ഗില്‍, ഒരു ക്രിക്കറ്ററുടെ പ്രതിഭാവിലാസത്തിന്റെ ഔന്നിത്യമായിരുന്നു ക്രീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അനായാസവും, സ്വാഭാവികവുമായ കളി ശൈലിയോടെ അയാള്‍ എത്ര ബുദ്ധിമുട്ടേറിയ ഷോട്ടുകളും ഗ്രൗണ്ടില്‍ പായിച്ചിരുന്നു. വാരിയെല്ലിലേക്ക് ഉയര്‍ന്നു വരുന്ന പന്തുകളെ പുള്‍ ചെയ്ത് ബൗണ്ടറിയില്‍ എത്തിക്കാനും, ഓഫ് സൈഡിലൂടെ മൂളിപ്പാറിപ്പോകുന്ന പന്തുകളെ കാത്തിരുന്നു ശിക്ഷിക്കാനും അവന് അനായാസമായി സാധിക്കുമായിരുന്നു. ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലും ഗില്ലിന് തന്റെ സ്വഭാവിക കളി കൈമോശം വന്നതായി കാണുന്നില്ല, പക്ഷേ, നന്നായി തുടങ്ങുന്ന ഇന്നിംഗ്‌സ് നീട്ടിക്കൊണ്ടു പോകുന്നതില്‍ അവന്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. 31 റണ്‍സ് ആണ് പരമ്പരയില്‍ ഇതുവരെയുള്ള ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍. ഏഷ്യന്‍ ഭൂഖണ്ഡത്തിന് പുറത്തെ പിച്ചുകളില്‍ അയാള്‍ നേരിടുന്ന പരാജയത്തിന്റെ തുടര്‍ച്ചയായി കൂടി ഇത് കാണാം.  Shubman gill fails to convert promising starts into big scores

2021 ലെ ഗാബ ടെസ്റ്റില്‍ അയാള്‍ ഓസീസ് ആക്രമണം ചെറുത്ത് നേടിയ 91 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചത് ഒരു ചരിത്ര വിജയമായിരുന്നു. അതിന് ശേഷം സമാനമായൊരു പ്രകടനം വിദേശത്ത് ഗില്ലില്‍ നിന്നുണ്ടായിട്ടില്ല. കണക്കുകള്‍ വളരെ മോശമാണ്. ഓവര്‍സീസ് പ്രകടനങ്ങളില്‍ ഇപ്പോഴത്തെ ഉയര്‍ന്ന സ്‌കോര്‍ വെറും 36 ആണ്. ഇതിനിടയില്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കെതിരേ കളിച്ച 16 ഇന്നിംഗ്‌സുകളില്‍ നിന്നായി ആകെ അടിച്ചത് 267 റണ്‍സ് മാത്രം. അവറേജ് 17.80. നല്ല തുടക്കം കിട്ടിയിട്ടും പ്രയോജനമില്ലാതെ പോകുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സുകള്‍. ശുഭ്മാന്‍ ഗില്ലിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, മോശമില്ലാതെ തുടങ്ങിയിട്ട്, കാര്യമില്ലാത്ത കളിയുമായി അയാള്‍ മടങ്ങുന്നത് ഇന്ത്യന്‍ ടീമിനെ ആശങ്കപ്പെടുത്തുന്നതാണ്. Highest score 31 runs

തുടങ്ങിവയ്ക്കുന്നതുപോലെ അവസാനിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ലെന്നതിന്റെ ഒരു ഉദ്ദാഹരണമാണ് 2022 ലെ ഇംഗ്ലണ്ടുമായുള്ള മത്സരം. സ്റ്റ്യുവര്‍ട്ട് ബോര്‍ഡ് എന്ന അപകടകാരിക്കെതിരേ കവര്‍ ഡ്രൈവുകളും പുള്‍ ഷോട്ടുകളും പായിച്ച് അനായാസമായി അയാള്‍ മുന്നേറുകയായിരുന്നു. 20 ബോളുകളില്‍ നിന്ന് 17 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ നിരുപദ്രവകാരിയായൊരു പന്തില്‍ അശ്രദ്ധമായി ബാറ്റ് വച്ച് വിക്കറ്റ് ബലി കഴിച്ചത്. ഈ പിഴവാണ് ഗില്‍ തന്റെ കരിയറില്‍ ആവര്‍ത്തിക്കുന്നത്. ശരിയായ തുടക്കവും തെറ്റായ കീഴടങ്ങലും. ബ്രിസ്‌ബെയ്‌നില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരു വൈഡ് ഡെലിവറിയില്‍ ബാറ്റ് എത്തിച്ചു തൊട്ടാണ് ആയാള്‍ സ്ലിപ്പില്‍ വിക്കറ്റ് കൊടുത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ വലിയൊരു സ്‌കോര്‍ നേടാന്‍ തയ്യാറായിരിക്കുന്നു എന്ന് തോന്നിച്ചിടത്ത് നിന്ന് അപക്വമായ സമീപനത്തിലൂടെ ക്രീസിലെ ആയുസ് അവസാനിപ്പിക്കുന്ന രീതിക്ക് മറ്റൊരു തെളിവായിരുന്നു അത്.

Shubman Gill

തന്റെ സ്വാഭാവികമായ കളിയാണ് താന്‍ പിന്തുടരുന്നതെന്നാണ് ഗില്‍ പറയുന്നത്. അടിക്കണമെന്ന് തോന്നുന്ന പന്തുകളെയാണ് അടിക്കുന്നത്. ആക്രമണാണ് തന്റെ ശൈലിയെന്നാണ് ഗില്‍ ഒരിക്കലൊരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പ്രത്യേകിച്ച് ബാക്ക്ഫൂട്ടില്‍ നിന്നുള്ള ഷോട്ടുകള്‍. എന്നാല്‍ സഹജമായ ഈ ശൈലി അദ്ദേഹത്തിന് വിനയാകുന്നുമുണ്ട്, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍; അവിടെ ക്ഷമയ്ക്ക് വളരെയേറേ പ്രാധാന്യമുണ്ട്. ഈ ആക്രമണശൈലി അയാള്‍ക്ക് പലപ്പോഴും ഉപകാരപ്പെടുന്നുണ്ടായിരിക്കാം. പക്ഷേ, ഈ ഹാര്‍ഡ് ഹിറ്റിംഗ് മനോഭാവം ഗില്ലിനെ കുഴപ്പത്തിലും ചാടിക്കും. ഒരര്‍ത്ഥത്തില്‍ ആ ആക്രമണശൈലി ഇരുതല മൂര്‍ച്ഛയുള്ള ആയുധമാണ്. വിട്ടു കളയേണ്ട ബോളിനെ പോലും പ്രഹരിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത് ഉള്ളിലെ ആവേശമാണ്. പ്രത്യേകിച്ചും സമ്മര്‍ദ്ദം മൂടി നില്‍ക്കുമ്പോള്‍.

2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഈ പ്രശ്‌നം സാരമായി ബാധിച്ചിരുന്നു. ആവശ്യമില്ലാത്ത പന്തുകള്‍ക്കും തലവച്ച് അയാള്‍ ക്രീസില്‍ നിന്നും നിഷ്‌കാസിതനായി. അവഗണിക്കേണ്ടതിനെ അവഗണിക്കുന്നതില്‍ അവന്‍ പരാജയമായി. വെസ്റ്റിന്‍ഡീസിലും സമാന ദുരന്തം അവനെ തേടി വന്നു. ടോപ് ഓര്‍ഡേഴ്‌സ് ഫിഫ്റ്റിക്കു മുകളില്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ 10 ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താനാകാതെ അവന്‍ കീഴടങ്ങിക്കൊണ്ടേയിരുന്നു. അവന്റെ ബാറ്റിന് എല്ലാ പന്തുകളെയും നേരിടേണ്ടതില്ലെന്ന പാഠം മറന്നു കൊണ്ടേയിരുന്നു.

ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് മുന്നിലാണ് ഇപ്പോള്‍ പതിവായി ഗില്‍ കീഴടങ്ങുന്നത്. അതായിരുന്നില്ല അവസ്ഥ. ഒരു വര്‍ഷം മുമ്പ് വരെ 145 എന്ന ആവറേജ് ഉണ്ടായിരുന്നത്, 13.80 ആയി. കഴിഞ്ഞ 12 മാസത്തിനിടയില്‍ അഞ്ച് തവണയാണ് ഇടങ്കയ്യന്‍ പേസര്‍മാര്‍ ഗില്ലിനെ മടക്കി അയച്ചത്.

2024 ല്‍, ഇംഗ്ലണ്ടിനെതിരായ ഹോം സീരിസിന്റെ തുടക്കത്തില്‍ ഗില്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ചെറിയ സ്‌കോറുകള്‍ ടീമിലെ അയാളുടെ സ്ഥാനം അപകടത്തിലാക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അയാള്‍ കഠിനമായി പ്രയത്‌നിച്ചു. വിശാഖപട്ടണത്തെ നെറ്റ്‌സില്‍ അയാള്‍ യുവ താരങ്ങളുടെ സഹായത്തോടെ തന്റെ പോരായ്മകളും പ്രശ്‌നങ്ങളും മനസിലാക്കി പ്രാക്ടീസ് ചെയ്തു. അതിന്റെ ഫലമായിരുന്നു രണ്ട് നിര്‍ണായക സെഞ്ച്വറികളോടെ പരമ്പരയിലെ ടോപ് സ്‌കോറര്‍ ആകാന്‍ സാധിച്ചത്. വീഴ്ച്ചകളില്‍ നിന്ന് പഠിച്ച് വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിച്ച ഗില്ലിന്, ആ കാലം തന്റെ കരിയറിലെ നിര്‍ണായക ഘട്ടമായിരുന്നു.

Shubhman Gill

അന്താരാഷ്ട്ര കരിയറില്‍ ഗില്‍ പല തവണ പരീക്ഷകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിഭയും കഠിനാദ്ധ്വാനവും കൊണ്ട് അയാള്‍ പരാജയങ്ങളില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയിട്ടുമുണ്ട്. കഴിഞ്ഞ 18 മാസമായി ഇന്ത്യന്‍ ലൈനപ്പില്‍ നമ്പര്‍ 3 പൊസിഷനില്‍ ഗില്‍ കളിച്ചു വരികയാണ്. അയാള്‍ ആ സ്ഥാനത്താണോ യോഗ്യനെന്നൊരു ചോദ്യമുണ്ടെങ്കിലും, അവിടെ തന്നെ കളിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ട്. ബാറ്റിംഗ് പൊസിഷനില്‍ കുറച്ച് കൂടി താഴേക്ക് ഇറക്കിയാല്‍ മെച്ചപ്പെട്ട പ്രകടനം സാധിക്കുമായിരിക്കും, പക്ഷേ, ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്ന ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ ടീം തയ്യാറാകണമെന്നില്ല.

നാലാം ടെസ്റ്റ് മെല്‍ബണിലാണ്. പേസര്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു ഓസ്‌ട്രേലിയന്‍ പിച്ച്. ഗില്ലിന്റെ ടെക്‌നിക്കുകള്‍ ഒരിക്കല്‍ കൂടി ക്വാളിറ്റി പേസര്‍മാര്‍ക്കു മുന്നില്‍ പരീക്ഷപ്പെടാന്‍ പോവുകയാണ്. ശരീരത്തില്‍ നിന്ന് അകന്നു പോകുന്ന പന്തുകളെ ആക്രമിക്കാനുള്ള അയാളുടെ സ്വാഭാവിക ചോദനയെ മുതലാക്കാനായിരിക്കും ഓസ്‌ട്രേലിയ ഇവിടെയും ശ്രമിക്കുക. ആ പിഴവാണ് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. അനുഭവപരിചയം നേടിയ കളിക്കാരനാണ് ശുഭ്മാന്‍ ഗില്‍. അതുകൊണ്ട് തന്നെ മെല്‍ബണില്‍ തന്റെ ബലഹീനത മുതലെടുക്കാന്‍ വരുന്നവര്‍ക്ക് മറുപടി നല്‍കാന്‍ അയാളെക്കൊണ്ട് കഴിയണം. മൂന്നാം നമ്പരില്‍ കളിക്കുന്നത് ഈ പരമ്പരയില്‍ അയാള്‍ക്ക് അത്ര നല്ല അനുഭമല്ല നല്‍കിയിട്ടുള്ളതെങ്കിലും, കിട്ടുന്ന മികച്ച തുടക്കം ഇത്തവണയെങ്കിലും മുതലാക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് ടീമിനെ തന്റെ തോളത്തെടുക്കാം. പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയുമെന്നതിനെ ആശ്രയിച്ച് മാത്രമാണ് ശുഭ്മാന്‍ ഗില്ലിന്റെ മുന്നിലെ വഴി.  Shubman gill fails to convert promising starts into big scores

Content Summary; Shubman gill fails to convert promising starts into big scores, Effortless batting,

Indian cricket shubman Gill latest news sports news India Australia series 

Iense confidence, Cricketer’s talent, Natural playing style, Challenging shots

×