സിഖുകാര്‍ക്ക് ഇനി പഞ്ചാബില്‍ മുസ്ലിം പള്ളി പണിത് നല്‍കാനാകില്ല

ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും മതക്കാര്‍ക്ക് ഇങ്ങനെ മതാചരണം സര്‍ട്ടിഫൈ ചെയ്യേണ്ട അവസ്ഥയുണ്ടോ?

പഞ്ചാബിലെ മലേര്‍കോട്ല ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഈ വര്‍ഷം ആദ്യം അസാധാരണമായ ഒരു മാതൃക റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഓര്‍ക്കുന്നുണ്ടോ?. സിഖ് മത വിശ്വാസിയായ ഉമര്‍പുരയിലെ മുന്‍ ഗ്രാമത്തലവന്‍ സുഖ്ജീന്ദര്‍ സിംഗ് നോണിയും സഹോദരന്‍ അവ്നീന്ദര്‍ സിംഗും ഒരു മുസ്ലിം പള്ളി പണിയുന്നതിനായി 5.5 ഹെക്ടര്‍ മികച്ച കൃഷിഭൂമി സംഭാവന ചെയ്ത സംഭവമായിരുന്നു അത്. ഇന്ത്യയിലെ മത നിരപേക്ഷ സമൂഹത്തെ ഏറെ ആഹ്ലാദിപ്പിക്കുന്ന വാര്‍ത്ത. രാഷ്ട്രീയമായോ മറ്റോ ഒരു നിക്ഷിപ്ത താല്‍പര്യവുമില്ലാതെ ഒരു വിശ്വാസി സമൂഹം മറ്റൊരു മതക്കാര്‍ക്ക് ആരാധനാലയം പണിത് കൊടുക്കുക എന്നത് സമകാലിക ഇന്ത്യയില്‍ അവിശ്വസനീയമായ മാതൃക തന്നെയായിരുന്നു.sikh’s mosque construction and the waqf law 

മുസ്ലിം സഹോദരങ്ങള്‍ക്ക് പള്ളി പണിയാന്‍ ഭൂമി ദാനം ചെയ്തുകൊണ്ട് സുഖ്ജീന്ദര്‍ സിംഗ് പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സിലുണ്ട്: ‘ഞങ്ങളുടെ ഗ്രാമത്തിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം മുസ്ലീങ്ങളാണ്, അവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു പള്ളി ഉണ്ടായിരുന്നില്ല. അതിനാല്‍ അവരോടുള്ള കടമ നിറവേറ്റുന്നതിനാണ് ഞാനും എന്റെ സഹോദരനും ഭൂമി ദാനം ചെയ്യാന്‍ തീരുമാനിച്ചത്’. ഗ്രാമത്തിലെ അനേകം സിഖുകാരും ആ ദൗത്യത്തിന്റെ ഭാഗമായി. തേജ്വന്ത് സിങ്ങും രവീന്ദര്‍ സിംഗ് ഗ്രെവാളും പണം സംഭാവന ചെയ്തു. തുടര്‍ന്ന് ജനുവരി 12 ന് പഞ്ചാബിലെ ഷാഹി ഇമാം, മുഹമ്മദ് ഉസ്മാന്‍ റഹ്‌മാന്‍ ലുധിയാന്‍വി അവിടെ പള്ളിക്ക് തറക്കല്ലിടുകയും ചെയ്തു.

1947 ല്‍ രക്തരൂക്ഷിതമായ കലാപങ്ങള്‍ നടന്ന, ജനസംഖ്യയുടെ 1.9 ശതമാനം മാത്രം മുസ്ലീങ്ങള്‍ ഉള്ള പഞ്ചാബിലാണ്, സാമുദായിക സൗഹൃദത്തിന്റെ ഈ മഹനീയ മാതൃക എന്നുകൂടി ഓര്‍ക്കണം. ഇത് ഒറ്റപ്പെട്ട ഒരു സംഭവവുമല്ല. പഞ്ചാബിലെ പള്ളികളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും പിന്തുണ നല്‍കുന്ന ഇദാറ മസാജിദ് എന്ന സംഘടനയുടെ നേതാവ് ഷഹബാസ് അഹമ്മദ് സഹൂര്‍ വ്യക്തമാക്കിയതനുസരിച്ച്, സംസ്ഥാനത്തുടനീളം പള്ളികള്‍ക്കായി സിഖ് കുടുംബങ്ങള്‍ ഭൂമി ദാനം ചെയ്ത 200 ഓളം അനുഭവങ്ങള്‍ നിലവിലുണ്ട്.

മത സാഹോദര്യത്തിന്റെ അനിതരമായ ഇത്തരം മാതൃകകള്‍ ഇന്ത്യയില്‍ ഇനി ഉണ്ടാകില്ല. പുതിയ വഖഫ് ബില്ലിന്റെ നിഗൂഢ ലക്ഷ്യങ്ങളില്‍ ഒന്ന് മതങ്ങള്‍ക്കിടയില്‍ സാഹോദര്യം വളരുന്നത് തടയുക എന്നത് കൂടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കേണ്ട സാഹചര്യം കൂടിയാണിപ്പോള്‍. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിലെ സുപ്രധാനമായ ഒരു വ്യവസ്ഥ, കുറഞ്ഞത് അഞ്ച് വര്‍ഷമായി ഇസ്ലാം ആചരിക്കുന്ന ഒരു മുസ്ലീമിന് മാത്രമേ മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി മുസ്ലിംകള്‍ക്ക് ഭൂമിയോ സ്വത്തോ ദാനം ചെയ്യാന്‍ കഴിയൂ എന്നതാണ്. അതുകൊണ്ട് പഞ്ചാബിലെ സിഖുകാര്‍ക്ക് തങ്ങളുടെ സഹോദരരായ മുസ്ലീംങ്ങള്‍ക്ക്‌ ഇനിയൊരു പള്ളി പണിത് നല്‍കാനാകില്ല.

വഖഫ് സ്വത്തുകള്‍ക്കും മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്താനാണ് പുതിയ ബില്‍ എന്ന് വാചാടോപം നടത്തുന്നവരുടെ പുറംപൂച്ച് വെളിപ്പെടുത്തുന്ന വ്യവസ്ഥയാണിത്. മുസ്ലിംങ്ങള്‍ അല്ലാത്തവര്‍ അവരെ സഹായിക്കുന്നത് തടസ്സപ്പെടുത്തുന്ന വ്യവസ്ഥ. ലോകത്ത് ഒരിടത്തുമില്ലാത്ത വിചിത്ര നിയമം. രസകരമായ മറ്റൊരു കാര്യം, മുസ്ലീങ്ങളല്ലാത്തവരെ വഖഫ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്ന നിയമം, വഖഫ് അല്ലെങ്കില്‍ മുസ്ലീം എന്‍ഡോവ്മെന്റുകളിലേക്ക് സംഭാവന ചെയ്യാന്‍ അവരെ അനുവദിക്കുന്നില്ല. വിരോധാഭാസം എന്നല്ലാതെ എന്താണിതിനെ വിളിക്കുക.

ദാതാക്കള്‍ ‘കുറഞ്ഞത് അഞ്ച് വര്‍ഷമായി ഇസ്ലാം ആചരിക്കുന്നുണ്ടെന്ന് തെളിയിക്കണം’ എന്ന് പുതിയ നിയമം അനുശാസിക്കുന്നു. അതിനര്‍ത്ഥം മുസ്ലിംങ്ങള്‍ അല്ലാത്തവരുടെ ദാനം അസാധു ആണെന്നാണ്. ഇനി വഖഫിന് ദാനം ചെയ്യാനായി ഒരാള്‍ മുസ്ലീമായി എന്ന് സങ്കല്‍പ്പിച്ചാലും അഞ്ചു വര്‍ഷത്തിന് ശേഷമല്ലാതെ അത് സാധ്യമല്ല. അത് മാത്രമല്ല അയാള്‍ അയാളുടെ വിശ്വാസം തെളിയിക്കുകയും വേണം.

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മത സ്വാതന്ത്ര്യമനുസരിച്ച് ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം. അത് അയാളുടെ വിവേചനാധികാരമാണ്. അത് ആര്‍ക്ക് മുന്നിലും തെളിയിക്കാന്‍ അയാള്‍ ബാധ്യസ്ഥനല്ല. ആ സ്വാതന്ത്ര്യം കൂടി ഹനിക്കുന്നുണ്ട് ബില്ലിലെ ഈ വ്യവസ്ഥ. ഒരാള്‍ മുസ്ലിം ആണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്‍ക്കാണ് അവകാശം?. ഒരാളെ ‘ഇസ്ലാം മതം ആചരിക്കുന്നയാള്‍’ എന്ന് എങ്ങനെയാണ് നിര്‍വ്വചിക്കുക?. ഒട്ടേറെ വൈവിധ്യങ്ങള്‍ നിലവിലുള്ള മുസ്ലിം സമൂഹത്തില്‍ ഏത് ആചരണ രീതി മാനദണ്ഡമാക്കിയാണ് ഒരാളെ മുസ്ലിം എന്ന് തീരുമാനിക്കുക?. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും മതക്കാര്‍ക്ക് ഇങ്ങനെ മതാചരണം സര്‍ട്ടിഫൈ ചെയ്യേണ്ട അവസ്ഥയുണ്ടോ?

മുസ്ലീംങ്ങളെ അരികുവല്‍ക്കരിക്കാനും അവര്‍ക്കെതിരെ വിവേചനങ്ങള്‍ ലെജിറ്റിമൈസ് ചെയ്യാനുമുള്ള നീക്കങ്ങളുടെ ഉദാഹരണങ്ങള്‍ വഖഫ് ബില്ലില്‍ ധാരാളം കാണാം. കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും അമുസ്ലീംങ്ങളെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥ അതില്‍ പെട്ടതാണ്. വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഒരു മുസ്ലീമായിരിക്കണമെന്ന നിബന്ധനയും ബില്‍ ഇല്ലാതാക്കുന്നു. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ജോയിന്റ് സെക്രട്ടറി അല്ലെങ്കില്‍ അതിന് മുകളില്‍ റാങ്കിലുള്ള ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും മതപരമായ ബന്ധം പരിഗണിക്കാതെ നിയമിക്കാം.

വഖഫ് നിര്‍വചനം അനുസരിച്ച് മതപരവും ജീവകാരുണ്യവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഇസ്ലാമിക സ്ഥാപനമാണത്. അതിന്റെ നടത്തിപ്പ് എല്ലായ്‌പ്പോഴും മുസ്ലീം സമൂഹത്തിന്റെ കൈകളില്‍ നിക്ഷിപ്തമായിരിക്കും. ഇത് മുസ്ലീം സ്വത്ത് നിയമങ്ങളില്‍ മാത്രം ബാധകമായ പുതുമയുള്ള കാര്യവുമല്ല. ഹിന്ദു ക്ഷേത്ര ട്രസ്റ്റുകളുടെയും ബോര്‍ഡുകളുടെയും ദേവസ്വങ്ങളുടെയുമെല്ലാം മാനേജ്‌മെന്റും അങ്ങനെ തന്നെയാണ്. വൈഷ്‌ണോ ദേവി, അമര്‍നാഥ് ബോര്‍ഡുകളുടെ തലവനായി ഒരു ഹിന്ദുവിന് മാത്രമല്ലേ ഇരിക്കാനാകൂ. അവിടെ മറ്റ് മതക്കാരെ ഇരുത്തുമോ? അങ്ങനെ ആരെങ്കിലും ആവശ്യമുന്നയിക്കുമോ?. ഒരിക്കലുമില്ല. മാത്രമല്ല ഈ ബോര്‍ഡുകളുടെ തലവനായി സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഹിന്ദു വിശ്വാസത്തില്‍ പെട്ടയാളല്ലെങ്കില്‍, ആ സ്ഥാനം ഏറ്റെടുക്കാന്‍ അവര്‍ യോഗ്യതയുള്ളതും പ്രഗത്ഭനുമായ ഒരു ഹിന്ദു വ്യക്തിയെ നിയമിക്കേണ്ടതുണ്ടെന്ന നിയമവുമുണ്ട്. ഈ മതസ്ഥാപനങ്ങളുടെ നടത്തിപ്പ് അതേ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന സമൂഹത്തിനുള്ളില്‍ തന്നെ ആയിരിക്കണമെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്തരം വ്യവസ്ഥകള്‍. പക്ഷെ മുസ്ലീംങ്ങളുടെ കാര്യത്തില്‍ അത് ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് വിവേചനമല്ലേ?. ഈ ബില്ലിനെ അനുകൂലിക്കുന്ന ക്രൈസ്തവ സഭകള്‍ തങ്ങളുടെ സ്വത്തു വകകളോ സ്ഥാപനങ്ങളോ നടത്തിപ്പിനായുള്ള ബോര്‍ഡുകളില്‍ മറ്റ് മതക്കാരെ അനുവദിക്കുമോ?

1995 ലെ വഖഫ് ആക്റ്റിനെ പൊളിച്ചെഴുതുന്ന പുതിയ ബില്ലില്‍, മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രിവിലേജുകള്‍ എടുത്തു കളയുക മാത്രമല്ല, ഭരണ ഘടനയുടെ സെക്യുലര്‍ പ്രതിബദ്ധതയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന സിവില്‍ നിയമങ്ങളിലെ സവിശേഷാവകാശങ്ങളെ റദ്ദ് ചെയ്യുന്നതാണ് വഖഫ് ഭേദഗതി ബില്‍. ബിജെപി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ, സെക്യുലര്‍ വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായി വേണം ഈ ബില്ലിനെയും കാണാന്‍. sikh’s mosque construction and the waqf law 

Content Summary: sikh’s mosque construction and the waqf law

മുജീബ് റഹ്‌മാന്‍ കിനാലൂര്‍

മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍

More Posts

This post was last modified on April 4, 2025 4:25 pm

മുജീബ് റഹ്‌മാന്‍ കിനാലൂര്‍: മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍
Related Post
Leave a Comment