June 26, 2026 |
Share on

മാധ്യമങ്ങളല്ല, നിങ്ങള്‍ ആരാണെന്ന് ആദ്യം മനസിലാക്കൂ മി. സുരേഷ് ഗോപി

വെള്ളിത്തര നായകനായി സ്വയം സങ്കല്‍പ്പിച്ച് നടക്കുന്നൊരു കേന്ദ്രമന്ത്രി

മധ്യപ്രദേശില്‍ മലയാളി വൈദികര്‍ക്കെതിരേ നടന്ന ഹിന്ദുത്വ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യം ഒരിക്കല്‍ കൂടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തുറന്നു കാണിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ‘` പൊട്ടിത്തെറിക്കുന്ന’ സുരേഷ് ഗോപി, അദ്ദേഹത്തിന്റെ അനുചരവൃന്ദത്തെ ആഹ്ലാദിപ്പിക്കുന്നുണ്ടാകാം, പക്ഷേ യാഥാര്‍ത്ഥ്യം അദ്ദേഹമൊരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുന്നുവെന്നതാണ്.Suresh Gopi again threatening Journalists

ഒരു ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ പങ്കെന്താണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ് കേന്ദ്രമന്ത്രി ‘മാധ്യമങ്ങള്‍ ആരാണ് ഇവിടെ’ എന്ന ചോദ്യം ചോദിക്കുന്നത്. മാധ്യമങ്ങളോടുള്ള തുടര്‍ച്ചയായ അവഹേളത്തിലൂടെ ഒരു ജനപ്രതിനിധി ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ്.

ജബല്‍പൂര്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവിഡ് ജോര്‍ജ്, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്സ് ബാല എന്നിവരെ ബജ്റംഗ്ദള്ര്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രിയോട് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി കയര്‍ത്തത്.

Suresh gopi threatening journalist

”എന്റെ നാവ് പോസ്റ്റ്മോര്‍ട്ടം ചെയ്തോളു, മനസ് പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്. ജബല്‍പൂരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്തിടാന്‍ ശ്രമിച്ചില്ലെ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍.”

ചോദ്യം ചോദിക്കാന്‍ ചെല്ലുന്ന മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയും, മാധ്യമപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയും, ആ പെണ്‍കുട്ടി മാറി നിന്നില്ലെങ്കില്‍ ഞാന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്നും, തനിക്കെതിരെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അകത്ത് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയും ചോദ്യങ്ങളെയും മാധ്യമങ്ങളേയും നേരിടുന്ന ഒരു കേന്ദ്രമന്ത്രിയാണ് ജനങ്ങളെയും ജനാധിപത്യത്തെയും കുറിച്ച് ക്ലാസ് എടുക്കുന്നതെന്നാണ് വിരോധാഭാസം.

Suresh gopi threatening journalist

മാധ്യമങ്ങള്‍ ആരാണിവിടെ എന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നെടുംതൂണാണ് സര്‍. ജനങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍, ജനങ്ങള്‍ക്ക് മറുപടി കിട്ടേണ്ട ചോദ്യങ്ങളാണ് ഓരോ മാധ്യമപ്രവര്‍ത്തകരും ചോദിക്കുന്നത്, അത് ചോദിച്ചുകൊണ്ടേയിരിക്കും. ആ ചോദ്യങ്ങളെ നിങ്ങളെന്തിനാണ് പേടിക്കുന്നത്? എന്തിനാണിത്ര അസഹിഷ്ണുത?

സുരേഷ് ഗോപിയുടെ ധാര്‍ഷ്ഠ്യവും, അസഹിഷ്ണുതയും കാണിക്കുന്നത് മാധ്യമപ്രവര്‍ത്തകരോടാണെങ്കിലും താങ്കള്‍ ചെയ്യുന്നത് ഒളിച്ചോടലാണ്, ജനങ്ങളില്‍ നിന്ന്. ഇത്തവണ നിങ്ങളൊരു നോമിനേറ്റഡ് എംപിയല്ല. ജനം വോട്ട് ചെയ്ത് ജയിപ്പിക്കുകയായിരുന്നു. ഒരു ചോദ്യം ഉയരുമ്പോള്‍ മറുപടി നല്‍കുകയെന്നതാണ് ജനാധിപത്യം. ആ ജനാധിപത്യ മൂല്യം മനസിലാക്കാത്തൊരാള്‍ക്ക് രക്ഷപ്പെടാനുള്ള മറയല്ല ജനം ജനാധിപത്യമെന്നൊക്കെ മനസിലാക്കണം മന്ത്രി.

പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നോക്കിയില്ലേ? സുരേഷ് ഗോപിയുടെ മറുവാദമാണ്. മധ്യപ്രദേശില്‍ ക്രൈസ്തവ പുരോഹിതരെ ആക്രമിച്ചതിനെ സമീകരണം ചെയ്യാന്‍ എടുക്കുന്ന വാദം നോക്കണേ? പാല ബിഷപ്പിനെതിരേ പരാതി എന്തായിരുന്നു? തന്റെ പ്രസംഗത്തില്‍ മതസ്പര്‍ദ വളര്‍ത്താനുള്ള ശ്രമങ്ങള്‍ പച്ചയ്ക്ക് പടച്ചുവിടുന്നത് തടയാന്‍ നിലവില്‍ കേരളത്തിലെങ്കിലും കഴിയുന്നുണ്ട് സര്‍.

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം എന്ന വിഷം സമൂഹത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചത് കേരളത്തിലെ സര്‍ക്കാരും പൊലീസും തടഞ്ഞു എന്നതിനെയാണ് ആവശ്യമില്ലാതെ ജബല്‍പൂരില്‍ ആക്രമണവുമായി ബന്ധപ്പെടുത്താന്‍ നോക്കിയതെന്നതില്‍ തന്നെ സുരേഷ് ഗോപിയുടെ പൊള്ളത്തരം വ്യക്തമാണ്.

ജനാധിപത്യ വ്യവസ്ഥയുടെ പ്രധാന തൂണുകളാണ് നിയമനിര്‍മാണം, ഭരണനിര്‍വ്വഹണം, നിയമപരിപാലനം എന്നിവ. എന്നാല്‍ ഇതുപോലെ പ്രധാനപ്പെട്ടത് തന്നെയാണ് ജനാധിപത്യത്തിന്റെ നാലാം തൂണായി പരിഗണിക്കപ്പെടുന്ന മാധ്യമങ്ങളും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)ല്‍ ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ മാധ്യമ സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു.

Suresh gopi threatening journalist

ഒരു കാലത്ത് സുരേഷ് ഗോപി തന്റെ സിനിമകളില്‍ ചെയ്തിരുന്ന സൂപ്പര്‍ ഹീറോ നായകന്മാരുടെ വേഷം അവിടെ അഴിച്ചുവയ്ക്കാന്‍ മറന്ന രീതിയിലാണ് അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തകരോടുള്ള ഇപ്പോഴത്തെ സമീപനം. കേന്ദ്രമന്തിയാണെങ്കിലും ജനാധിപത്യ ബോധത്തോടെ സമൂഹത്തെ നോക്കിക്കാണാനും അഭിസംബോധന ചെയ്യാനും കഴിയാത്ത രീതിയിലാണ് സുരേഷ് ഗോപിയുടെ പോക്ക്. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് ഇക്കഴിഞ്ഞ ദിവസത്തെ സുരേഷ് ഗോപിയുടെ മാധ്യമങ്ങളോടുള്ള സമീപനം. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കിയും, ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചുമൊക്കെയാണ് സുരേഷ് ഗോപി സമൂഹത്തെ കൈകാര്യം ചെയ്യുന്നത്. താനിപ്പോഴും തിയേറ്ററില്‍ നിറഞ്ഞ് നിന്ന് പഞ്ച് ഡയലോഗ് പറയുന്ന നടനല്ലെന്നും ഉത്തരവാദിത്വ ബോധവും സാമൂഹിക പ്രതിബദ്ധതയുള്ള ജനപ്രതിനിധിയാണെന്നും ജനങ്ങള്‍ സുരേഷ് ഗോപി എന്ന നടനെ കാണാന്‍ തിയേറ്ററില്‍ വന്നിരിക്കുകയല്ലെന്നും കേന്ദ്രമന്ത്രി മനസിലാക്കേണ്ടതുണ്ട്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം ജനങ്ങളുടെ അറിയാനുള്ള അവകാശത്തെക്കുറിച്ചാണ്. ഈ നാട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങള്‍ക്കും വ്യക്തവും കൃത്യവുമായ ഉത്തരം നല്‍കേണ്ടത് ജനങ്ങള്‍ തെരെഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയില്‍ സുരേഷ് ഗോപിയുടെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തിന് പറയാന്‍ താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ച് മാത്രം ചോദ്യം ചോദിക്കുക എന്നതാണ് പല ചോദ്യങ്ങളോടുമുള്ള സുരേഷ് ഗോപിയുടെ നിലപാട്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപിയുടെ പലപ്പോഴുമുള്ള പെരുമാറ്റങ്ങള്‍. അക്ഷരം മാറ്റിയും മറിച്ചു ചൊല്ലിയും നിങ്ങള്‍ കൊടുക്കുന്ന മറുപടികള്‍ക്ക് കൈയിടിക്കാന്‍ കൂട്ടക്കാര്‍ ഉണ്ടാകാം, അവരല്ല കേരളം. സഭ്യതയും മാന്യതയോടെയും സംസാരിക്കണം മിസ്റ്റര്‍ സുരേഷ് ഗോപി എന്നു തന്നെ പറയും കേരളം.Suresh Gopi again threatening Journalists

Content summary; Union minister Suresh Gopi reacts to Waqf and Jabalpur issues, once again seen threatening all journalists

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×