April 22, 2025 |

പുല്‍ച്ചാടി, വെട്ടുകിളി, മണ്ണട്ട… ആരോഗ്യകരമായ പ്രാണി വിഭവങ്ങളുമായി സിംഗപ്പൂര്‍

ജനപ്രിയ വിഭവം ചീവീട് കോൺ ചിപ്‌സ്

തിരികെ കടിക്കാത്ത എന്തിനെയും കഴിക്കാൻ താല്പര്യമുള്ള ഭക്ഷണ പ്രേമികൾക്ക് സന്തോഷ വാർത്തയുമായാണ് സിംഗപ്പൂർ ഫുഡ് ഏജൻസി എത്തിയിരിക്കുന്നത്. 16 പ്രാണികളെയാണ് സിംഗപ്പൂർ ഫുഡ് ഏജൻസി ( എസ്എഫ്എ ) ഭക്ഷ്യ യോഗ്യമായി അംഗീകരിച്ചിരിക്കുന്നത്. ഇവയിൽ ചീവീടുകൾ പുഴു ലാർവ, തേനീച്ചകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാണി വ്യവസായം രാജ്യത്ത് വമ്പൻ മുന്നേറ്റം നടത്തുന്നതിനാലാണ് ഈ തീരുമാനം എന്ന് എസ്എഫ്എ വ്യക്തമാക്കി. യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) പ്രകൃതിദത്ത പ്രോട്ടീൻ ഉറവിടമായ പ്രാണികളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നു. 16 തരം പ്രാണികളെ ഭക്ഷിക്കാൻ സുരക്ഷിതമാണെന്ന് അംഗീകരിച്ചുകൊണ്ട് സിംഗപ്പൂർ മാതൃകയായി മുൻ പന്തിയിലാണിപ്പോൾ.

മനുഷ്യർക്ക് കഴിക്കാൻ സാധിക്കുന്ന പ്രാണികൾ

വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ള 16 പ്രാണികളെയാണ് സിംഗപ്പൂർ ഭക്ഷ്യയോഗ്യമായി അംഗീകരിച്ചത്. ഇതിൽ വളർച്ചയുടെ ഓരോ ഘട്ടത്തിലെത്തിയ ഏതൊക്കെ തരം പ്രാണികളെ കഴിക്കാം എന്ന മാർഗ നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. വളർച്ചയെത്തിയ പുൽച്ചാടികൾ, വെട്ടുക്കിളി, തേനീച്ച എന്നിവയെ കഴിക്കാം. ലാർവ ഘട്ടത്തിലുള്ള മഞ്ഞ മീൽ വേം ( വണ്ടിൻ്റെ ലാർവ രൂപം ) മണ്ണട്ട, ഭീമൻ കാണ്ടാമൃഗം വണ്ട്, എന്നിവയേയും പട്ടുനൂൽ പുഴുക്കളേയും കഴിക്കാം.

‘ ഇത്രയും ജീവിവർഗങ്ങൾ ഇപ്പോൾ മനുഷ്യ ഉപഭോഗത്തിനായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് യഥാർത്ഥത്തിൽ ആശ്ചര്യകരമാണ്. ‘ ഞാൻ വിചാരിച്ചതിലും കൂടുതൽ ഭക്ഷ്യയോഗ്യമായ പ്രാണികൾക്ക് സിംഗപ്പൂർ അംഗീകാരം നൽകിയതായി, പ്രാണികളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഓസ്‌ട്രേലിയൻ കീടശാസ്ത്രജ്ഞനും ഭക്ഷ്യ ശാസ്ത്രജ്ഞനുമായ സ്‌കൈ ബ്ലാക്ക്‌ബേൺ പറഞ്ഞു.

ഹൗസ് ഓഫ് സീഫുഡ് എന്ന സിംഗപ്പൂരിലെ റെസ്റ്റോറൻ്റ് ശൃംഖല ഇതിനകം തന്നെ 30 പ്രാണികളെ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ വിളമ്പാൻ തയ്യാറെടുക്കുകയാണ്, എന്ന് സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റെസ്റ്റോറന്റിലെ പുതിയ വിഭവങ്ങളിൽ കൂടുതലും പട്ടുനൂൽപ്പുഴുക്കൾ കൊണ്ടും ചീവീടുകൾകൊണ്ടും അലങ്കരിച്ച സുഷി, സൂപ്പർ വേമുകളുള്ള ഉപ്പിട്ട മുട്ട എന്നിവ ഉൾപ്പെടുന്നതാണ്.

 

സിംഗപ്പൂർ കൂടാതെ 128 രാജ്യങ്ങളിൽ പ്രാണികളെ ഭക്ഷിക്കുന്നുണ്ട്. 2024 ലിൽ സയൻ്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ആഗോളതലത്തിൽ ഭക്ഷ്യയോഗ്യമായ 2,205 ഇനങ്ങളെ കണ്ടെത്തിയിരുന്നു. ഈ ഇനങ്ങളിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിലും മെക്സിക്കോയിലും ആഫ്രിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്നവയാണ്. തായ്‌ലൻഡ്, ഇന്ത്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ചൈന എന്നിവിടങ്ങളിൽ നൂറുകണക്കിന് പ്രാണികളെ നിലവിൽ കഴിക്കാൻ ഉപയോഗിക്കുന്നുണ്ട്, കൂടാതെ ബ്രസീൽ, ജപ്പാൻ, കാമറൂൺ എന്നിവിടങ്ങളിൽ 100- ലധികം ഇനങ്ങളെ ഭക്ഷിക്കുന്നുണ്ട്. കോഴിയെയും പശുവിനെയുമൊക്കെ വളർത്തുന്നതുപോലെ ഭക്ഷ്യയോഗ്യമായ ചെറുജീവികളെ വളർത്തുന്ന ഫാമുകളും പലരാജ്യങ്ങളിലുമുണ്ട്.

പരമ്പരാഗത പ്രോട്ടീൻ ഉറവിടമായ മാംസത്തിൽ നിന്ന് വ്യത്യസ്‍തമായി പ്രാണികൾ പ്രോട്ടീന്റെ സുസ്ഥിര ഉറവിടമായതിനാലാണ് ഇവയെ ഭക്ഷിക്കുന്നത് യുഎൻ പ്രോത്സാഹിപ്പിക്കുന്നത്. പ്രാണികൾ ചെടിയുടെ ഊർജത്തിൽ നിന്നാണ് പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നത്. പ്രാണികളുടെ ഉപഭോഗത്തിനായുള്ള വക്താവായ സ്‌കൈ ബ്ലാക്ക്‌ബേൺ പറയുന്നത് ഏറ്റവും ജനപ്രിയമായ ഉൽപ്പന്നങ്ങളിലൊന്ന് ചീവീട് ഉപയോഗിച്ച് കൊണ്ട് ഉണ്ടാകുന്ന കോൺ ചിപ്‌സാണെന്നാണ്, 1000 ഓസ്‌ട്രേലിയൻ സ്‌കൂൾ കാൻ്റീനുകളിൽ ആരോഗ്യകരമായ ലഘുഭക്ഷണമായി ചീവീട് കോൺ ചിപ്‌സ് വിൽക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

 

content summary ;  Singapore has approved 16 insects to eat as food

Leave a Reply

Your email address will not be published. Required fields are marked *

×