കോണ്‍ഗ്രസ്സ് നേതാവും 1949 ല്‍ തിരുക്കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന പറവൂര്‍ ടി.കെ നാരായണ പിള്ളയുടെ കൊച്ചു മകളാണ് ഗായിക സുജാത. സുജാതയ്ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് പിതാവ് മരണപ്പെട്ടു. അമ്മ ലക്ഷമീദേവി വിജേന്ദ്രനാണ് പിന്നീട് സുജാതയ്ക്ക് അച്ഛനും അമ്മയും. പിതാവിന്റെ മരണശേഷം എറണാകുളത്ത് രവിപുരത്തുള്ള കുടുംബ വീട്ടിലേക്ക് താമസം മാറിയ സുജാത സംഗീതപഠനം വളരെ ചെറു പ്രായത്തില്‍ തന്നെ തുടങ്ങി. നെയ്യാറ്റിന്‍കര വാസുദേവന്‍, ഓച്ചിറ ബാലക്യഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് സംഗീതം അഭ്യസിച്ച സുജാത കൊച്ചിന്‍ കലാഭവനിലും സംഗീതപഠനം തുടര്‍ന്നു. യേശുദാസിന്റെ ഗിറ്റാറിസ്റ്റും സുഹൃത്തുമായ എമില്‍ എസൈക്കും, വയലിനിസ്റ്റുമായ റെക്‌സ് എസൈക്കും സുജാതയുടെ കലാഭവനിലെ ഗുരുക്കന്‍മാരാണ്. ഫാദര്‍ ആബേല്‍ കലാഭവനിലെ സംഗീത വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് 1970 കളുടെ തുടക്കത്തില്‍ കുട്ടികളുടെ ഗാനമേള ആരംഭിച്ചപ്പോള്‍ പാട്ടുകള്‍ പാടുന്നതിന് പുറമെ അവതരണം കൂടി സുജാതയെ ഏല്‍പ്പിച്ചു. ‘ഉണ്ണിക്കിടാങ്ങള്‍ പിഴച്ച് കാല്‍വെയ്ക്കിലും, കണ്ണിന് കൗതുകം ഉണ്ടാകും പിതാക്കള്‍ക്ക്…’ ആബേല്‍ അച്ഛന്‍ രചിച്ച് സുജാത പാടിയ ഈ രണ്ടുവരി പാട്ടോടെയാണ് അക്കാലത്ത് പ്രശസ്തമായിരുന്ന ബാലഗാനമേള ആരംഭിച്ചിരുന്നത്.singer sujatha mohan; an 8 years old girl who surprised Ganagandharvan
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1971ല്‍ പിതാവിന്റെ ബന്ധുവിന്റെ മകളുടെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ ചെന്നതായിരുന്നു സുജാതയും അമ്മയും. അവിടെ യേശുദാസിന്റെ ഗാനമേള ഒരുക്കിയിരുന്നു. നന്നായി പാടുന്ന എട്ടു വയസുകാരി സുജാതയെ പിതാവിന്റെ ബന്ധു തന്നെയാണ് യേശുദാസിന് പരിചയപ്പെടുത്തി കൊടുത്തത്. ബാലഗാനമേളകളില്‍ പാടുന്ന അവള്‍ക്ക് പാടാന്‍ അവസരം കൊടുക്കണമെന്ന് യേശുദാസിനോട് അഭ്യര്‍ത്ഥിച്ചു. വേദിയിലിരുന്ന സുജാതയെ യേശുദാസ് വിളിച്ചു. ഉയരമുള്ള സ്റ്റേജിലേക്ക് എട്ട് വയസുകാരി ബേബി സുജാതയെ രണ്ട് കൈകളിലും പിടിച്ച് കയറ്റിയത് സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍. ഗാനഗന്ധര്‍വ്വനെ അത്ഭുതപ്പെടുത്തി എട്ട് വയസുകാരി സുജാത പാടി. സുജാതയുടെ പാട്ടു കേള്‍ക്കാന്‍ ഒരു പയ്യന്‍ മാതാപിതാക്കളോടൊപ്പം കല്ല്യാണത്തിന് ക്ഷണിക്കപ്പെട്ട് എത്തിയിരുന്നു. ചെമ്പയ് വൈദ്യനാഥ ഭാഗവതരുടെ ശിഷ്യ രാധാമണിയുടെ മകനായ ക്യഷ്ണ മോഹനായിരുന്നു പയ്യന്‍സ്. യേശുദാസും ചെമ്പയ് വൈദ്യനാഥ ഭാഗവതരും ചേര്‍ന്ന് പില്‍ക്കാലത്ത് സുജാതയും, ക്യഷ്ണ മോഹനും തമ്മിലുള്ള വിവാഹം ആലോചിക്കുകയും നടത്തി കൊടുക്കുകയും ചെയ്തത്.
കൊച്ചിന്‍ കലാഭവനില്‍ കുട്ടികള്‍ക്കായി ഒരു സംഗീത മത്സരം സംഘടിപ്പിച്ചു. യേശുദാസും മറ്റുമാണ് വിധികര്‍ത്താക്കള്‍. ഒട്ടേറെ കുട്ടികള്‍ മത്സരിക്കാന്‍ എത്തിയിരുന്നു. സ്റ്റേജില്‍ മത്സരിക്കാന്‍ സുജാതയും കയറി. കലാഭവനില്‍ ഉള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. സുജാതയെ സ്റ്റേജില്‍ നിന്ന് പാടിക്കാതെ ഇറക്കി. സുജാത പൊട്ടിക്കരഞ്ഞു. വാവിട്ട് കരഞ്ഞ സുജാതയെ യേശുദാസും മറ്റും ചേര്‍ന്ന് സമാധാനിപ്പിച്ചു. 1973 ഡസംബര്‍ മാസം യേശുദാസിന് യാത്രചെയ്യേണ്ട വിമാനം വല്ലാതെ വൈകി. അന്ന് എറണാകുളം പട്ടണത്തോട് ചേര്‍ന്ന പഴയ വിമാനത്താവളമേ ഉള്ളൂ. യേശുദാസിന്റെ സുഹ്യത്തും ഗിറ്റാറിസ്റ്റുമായ സുജാതയുടെ ഗുരു എമില്‍ എസൈക്ക് യേശുദാസിനേയും കൂട്ടി സമയം ചിലവിടാന്‍ രവിപുരത്തുള്ള സുജാതയുടെ വീട്ടിലെത്തി. കലാഭവനില്‍ വാവിട്ട് കരഞ്ഞ് ബഹളമുണ്ടാക്കിയ പന്ത്രണ്ടുകാരി കുട്ടിയുടെ ശബ്ദം യേശുദാസിന് ഇഷ്ടപ്പെട്ടു. യേശുദാസ് സുജാതയെ സംഗീത ലോകത്തേക്ക് ദത്തെടുക്കുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം 3,000 വേദികളില്‍ യേശുദാസിനൊപ്പം ബേബി സുജാത ഗാനമേളാ വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു.
യേശുദാസിന്റെ സംഗീത ലോകത്തെ പത്ത് വര്‍ഷം അതിവിപുലമായി ആഘോഷിക്കാന്‍ കൊച്ചിന്‍ കലാഭവന്‍ തീരുമാനിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌ക്കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടി. അക്കാലത്തെ പ്രമുഖ ഗായകരായ ജാനകി, ജയചന്ദ്രന്‍ തുടങ്ങി ഒട്ടേറെ ഗായകര്‍ പരിപാടിയുടെ ഭാഗമായി ഗാനമേള നടത്താന്‍ എത്തിയിരുന്നു. ബാലഗാനമേളയും പരിപാടിയുടെ ഒരു ഭാഗമാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ ധാരാളം ജനങ്ങള്‍ എത്തിയിരുന്നു. പരിപാടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ മഴ തുടങ്ങി. മഴ ശക്തമായപ്പോള്‍ ജനങ്ങളില്‍ പലരും സ്റ്റേജിലേക്ക് കയറാന്‍ തുടങ്ങി. സ്റ്റേജ് നിലംപൊത്തും എന്ന സ്ഥിതി വന്നപ്പോള്‍ എല്ലാവരും പ്രാണനും കൊണ്ട് ഓടി. സുജാതയെ എടുത്ത് ഓടിയത് ഗാനഗന്ധര്‍വ്വന്‍ യേശുദാസായിരുന്നു. പിന്നീട് സുജാതയുടെ എല്ലാ വളര്‍ച്ചയും അദ്ദേഹത്തിന്റെ കൈകളിലായിരുന്നു.
യേശുദാസിനൊപ്പം ഗാനമേളാ വേദികളില്‍ നിറഞ്ഞുനിന്ന സുജാതയെ പാടിക്കണമെന്ന് ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും എറണാകുളം സ്വദേശികളുമായ ഹസ്സന്റെയും റഷീദിന്റെയും ആഗ്രഹമായിരുന്നു. സംഗീത സംവിധായകന്‍ അര്‍ജ്ജുനന്‍ മാഷ് നിര്‍മ്മാതാക്കളുടെ ആഗ്രഹപ്രകാരം ചിത്രത്തില്‍ 1975ല്‍ സുജാതയെ കൊണ്ട് പാടിച്ചു. ‘കണ്ണെഴുതി പൊട്ടു തൊട്ട്, കല്ലുമാല ചാര്‍ത്തിയപ്പോള്‍…’ എന്ന് തുടങ്ങുന്ന ഗാനം അക്കാലത്തെ സൂപ്പര്‍ നായിക ജയഭാരതിക്ക് വേണ്ടിയാണ് പാടിയത്. യേശുദാസ് പ്രമുഖ സംഗീത സംവിധായകന്‍ രാജയെ പരിചയപ്പെടുത്തിയതോടെ തമിഴിലേക്കും സുജാത ചുവടുവച്ചു. രാജാ സാബ് ഈണമിട്ട് സുജാത പാടിയ ആദ്യ ഗാനം കവികോയില്‍ എന്ന സിനിമയില്‍ ചേര്‍ത്തില്ല. കവികോയിലിലെ സുജാത പാടിയ പാട്ട് തന്റെ എറ്റവും പ്രിയപ്പെട്ട ഗാനമായിരുന്നു എന്ന് അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. രണ്ടാമത് രജനികാന്തിന്റെ ഗായത്രി എന്ന സിനിമയില്‍ ശ്രീദേവിക്ക് വേണ്ടി ‘കാലയ് പനിയില്‍ ആടും മലര്‍കള്‍…’ എന്ന് തുടങ്ങുന്ന ഗാനം പാടിയതാണ് ആദ്യമായി വന്നത്. പിന്നെ പഠനവും മറ്റുമായി മുന്നോട്ടുപോയപ്പോള്‍ ഗാനമേളകളും സിനിമകളും അല്‍പ്പം കുറച്ചു. 1981ല്‍ ഡോക്ടര്‍ ക്യഷ്ണ മോഹന്‍ ജീവിതത്തിലേക്ക് വന്നു. അവരുടെ മകളാണ് ഇന്ന് പിന്നണി ഗാനരംഗത്ത് മുന്‍നിരയിലുള്ള ശ്വേതാ. ശ്വേതയുടെ പ്രസവത്തിന് ശേഷം ഏതാണ്ട് അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് സുജാത സംഗീത ലോകത്തേക്ക് വീണ്ടും വന്നു.
സംവിധായകന്‍ പ്രിയദര്‍ശനാണ് സുജാതയുടെ രണ്ടാം വരവിന് കാരണക്കാരനായത്. കടത്തനാടന്‍ അമ്പാടി എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ രാഘവന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ സുജാത പാടി… ‘നാളെ അന്തി മയങ്ങുമ്പോള്‍…’ പ്രിയദര്‍ശന്റെ ഹിറ്റ് ചിത്രമായ ചിത്രത്തില ‘ദൂരെ കിഴക്കുദിക്കും, മാനത്തെ ചെമ്പഴുക്ക…’ തുടങ്ങിയ പാട്ടുകള്‍ സുജാതയ്ക്ക് ഹിറ്റുകളുടെ കിരീടം നല്‍കി. എ.ആര്‍ റഹ്‌മാന്‍ റോജയില്‍ പാടിച്ചതോടെ ദക്ഷിണ ഇന്ത്യയിലെ സംഗീതലോകത്തിന് ഒഴിച്ചുകൂടാന്‍ ആവാത്ത വ്യക്തിത്വമായി സുജാത മാറി. ഗായകന്‍ വേണുഗോപാലും, അന്തരിച്ച രാധികാ തിലകും സുജാതയുടെ കുടുംബത്തില്‍ നിന്ന് തന്നെ സംഗീത ലോകത്ത് ഉള്ളവരാണ്. നല്ലൊരു ഗായകനായ ഭര്‍ത്താവ് ഡോക്ടര്‍ മോഹനും അമ്മ ലക്ഷമീദേവി വിജേന്ദ്രനുമൊത്ത് ചെന്നൈയിലാണ് സുജാത താമസിക്കുന്നത്. മകള്‍ ശ്വേതാ മോഹന്‍ മികച്ച ഗായികയായി തെക്കേ ഇന്ത്യയില്‍ പേരെടുത്ത് കഴിഞ്ഞു.singer sujatha mohan; an 8 years old girl who surprised Ganagandharvan
Content Summary: singer sujatha mohan; an 8 years old girl who surprised Ganagandharvan