കേംബ്രിഡ്ജ് നിഘണ്ടുവിൽ ഇടം നേടി ജെൻ സിക്കാലത്തെ പുതിയ വാക്കുകളായ “സ്കീബിഡി”, “ട്രാഡ്‌വൈഫ്”, “ഡെലുലു” . ഈ വർഷത്തെ നിഘണ്ടുവിലാണ് ഈ വാക്കുകൾ സ്ഥാനം പിടിച്ചത്. ടിക് ടോക്കിന്റെ ആഗോളതലത്തിലുള്ള സ്വാധീനമാണ് ഈ വാക്കുകൾ ശ്രദ്ധ നേടാൻ കാരണമായത്.
ഇന്റെർനെറ്റ് സംസ്കാരത്തിലേക്ക് ലോകം കുതിക്കുകയാണെന്നും അതിന്റെ പ്രഭാവം ഇംഗ്ലീഷ് ഭാഷയിൽ പ്രതിഫലിക്കുന്നതായും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ലെക്സിക്കൽ പ്രോഗ്രാം മാനേജർ കോളിൻ മക്കിന്റോഷ് പറഞ്ഞു. ‘സ്കീബിഡി’, ‘ഡെലുലു’ പോലുള്ള വാക്കുകൾ കേംബ്രിഡ്ജ് നിഘണ്ടുവിൽ ചേർക്കുന്നത് ഇതാദ്യമായാണ്. ടിക് ടോക്ക് സംസ്കാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇത്തരം വാക്കുകൾ പഴയ തലമുറയും ടിക് ടോക്കിൽ ഇല്ലാത്തവരും ഒരുപോലെ ഉപയോഗിക്കേണ്ടി വരുന്നു. ലളിതവും ചുരുങ്ങിയതുമായ ആശയവിനിമയമാണ് ഇത്തരം വാക്കുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ വാക്കുകൾക്കൊപ്പം ഇമോജികളും ഉപയോഗിക്കുന്നു.
സ്കീബിഡി
ടോയ്‌ലറ്റുകളിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന തലകൾ പ്രദർശിപ്പിക്കുന്ന തരത്തിൽ യൂട്യൂബിൽ ആരംഭിച്ച വൈറൽ ആനിമേറ്റഡ് വീഡിയോയായ സ്കീബിഡി ടോയ്ലറ്റിന്റെ ഫലമായാണ് ഈ വാക്ക് ജനപ്രിതീ നേടിയത്. എന്നാൽ ആൽഫ, ജെൻ സി തലമുറയിൽ ഉൾപ്പെടാത്ത ആളുകൾ ഈ വാക്കുകളുടെ ഉപയോഗത്തെക്കുറിച്ചും ധാരണയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. സ്കിബിഡിയും ബ്രെയിൻ റോട്ടുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നുവെങ്കിലും പലർക്കും വാക്കിന്റെ അർത്ഥത്തെക്കുറിച്ച് ധാരണയുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
ട്രാഡ് വൈഫ്
ഏതാണ്ട് 2020 മുതൽ വ്യാപകമായി ഉപയോഗത്തിലുള്ള വാക്കാണ് ട്രാഡ് വൈഫ്. ആഗോളതലത്തിൽ സമൂഹ മാധ്യമങ്ങലളിൽ ട്രെൻഡിങ്ങാണ് ട്രാഡ് വൈഫ് കൾച്ചർ. ട്രഡിഷണൽ വൈഫ് അല്ലെങ്കിൽ പരമ്പരാഗത ഭാര്യ എന്നതിന്റെ ചുരുക്കപ്പേരാണ് ട്രാഡ് വൈഫ്. പരമ്പരാഗതമായി സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് പറയപ്പെടുന്ന ജൻഡർ റോളുകൾ തിരഞ്ഞെടുക്കുന്ന സ്ത്രീകളെ വിളിക്കുന്ന പേരാണിത്. ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കുക, വീട്ടുജോലികൾ നിർവഹിക്കുക, കുടുംബം നോക്കുക എന്നിവയൊക്കെയാണ് സ്ത്രീകളുടെ കടമ എന്നും അതുപോലെ ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീകളാണിവരെന്നും ട്രാഡ് വൈഫ് കണ്ടന്റുകൾ പറയുന്നു.
ഡെലുലു
ഡെലൂഷനൽ എന്ന ഇംഗ്ലീഷ് വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഡെലുലു എന്ന വാക്ക്. ഈ പദത്തിൻ്റെ ഉത്ഭവം കെ-പോപ്പ് കമ്മ്യൂണിറ്റികളിൽ നിന്നാണ്. അവിടെ സെലിബ്രിറ്റികളുമായി പാരസോഷ്യൽ ബന്ധത്തിൽ ഏർപ്പെട്ടിരുന്നവരും എന്നെങ്കിലും അവരെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവരുമായ വ്യക്തികളെ സൂചിപ്പിക്കാൻ ഡെലുലു എന്ന പദം ഉപയോഗിക്കുന്നു. ഈ വർഷം ആദ്യം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പാർലമെന്റിൽ തന്റെ എതിരാളികൾക്കെതിരെ സംസാരിക്കുമ്പോൾ “ഡെലുലു വിത്ത് നോ സോളുലു” എന്ന പ്രയോഗം ഉപയോഗിച്ചത് ലോകശ്രദ്ധ ആകർഷിച്ചിരുന്നു.
ബ്രോളിയാർഖി
കേംബ്രിഡ്ജ് നിഘണ്ടുവിൽ ഇടം നേടി മറ്റൊരു വാക്കാണ് ബ്രോളിയാർഖി. ബിസിനസ് സംരഭങ്ങൾ നിയന്ത്രിക്കുന്ന, പരസ്പരം സഹായിക്കുന്ന പുരുഷന്മാരുടെ ലോകത്തെ അടയാളപ്പെടുത്തുന്ന വാക്കാണ് ബ്രോളിയാർഖി. ഓളിയാർഖി, ബ്രോ എന്ന വാക്കുകൾ ചേർന്നാണ് ബ്രോളിയാർഖി പ്രയോഗമുണ്ടായത്.
content summary: “Skibidi,” “delulu,” and “tradwife” are among the new words added to the Cambridge Dictionary