ഐസിസി പ്ലയര്‍ ഓഫ് മന്ത് പുരസ്‌കാരത്തില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇന്ത്യ. ജസ്പ്രീത് ബുംറയെയും സ്മൃതി മന്ദാനയെയുമാണ് ജൂണ്‍ മാസത്തിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഒരേ സൈക്കിളില്‍ ഐസിസി പുരുഷ-വനിതാ താരങ്ങള്‍ക്കുള്ള അവാര്‍ഡ് നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്. സ്മൃതി മന്ദാനയുടെ കരിയറിലെ ആദ്യ ഐസിസി പ്ലയര്‍ ഓഫ് മന്ത് പുരസ്‌കാരമാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ വീരോചിത ജയമാണ് സ്മൃതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായികതാരം കൂടിയാണ് സ്മൃതി മന്ദാന. ഏറ്റവും സുന്ദരിയായ വനിതാ ക്രിക്കറ്ററെന്ന് അറിയപ്പെടുന്ന മന്ദാനയുടെ ചിരിയെ കില്ലര്‍ ചിരിയെന്നാണ് ആരാധാകര്‍ വിശേഷിപ്പിക്കാറ്. ടീം ഇന്ത്യയുടെ ജയവേളകളിലെ അവരുടെ ചിരികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയത് വീരോചിത ജയം
ബാര്‍ബഡോസിലെ ജോര്‍ജ് ടൗണില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യന്‍ പുരുഷ ടീം കുട്ടിക്രിക്കറ്റിന്റെ നെറുകയില്‍ സിംഹാസനം തീര്‍ത്ത് ഇരിപ്പുറപ്പിച്ചപ്പോഴായിരുന്നു ഇങ്ങ് ചെന്നൈയില്‍ ഭാരതത്തിന്റെ വനിതാ രത്നങ്ങളും അതേ ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്രനിര്‍മിതിയില്‍ ആയിരുന്നു. ബാംഗളുരുവില്‍ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര തൂത്തുവാരിയ ടീം ചെന്നൈയില്‍ നടന്ന ഏക ടെസ്റ്റിലും ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. വൈസ് ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ഥനയുടെ ക്ലാസി ബാറ്റിങിന്റെ ചിറകിലേറിയായിരുന്നു ഇന്ത്യയുടെ കുതിപ്പ്.
ആദ്യ രണ്ട് ഏകദിനങ്ങളിലും സ്മൃതിയുടെ സെഞ്ച്വറിക്കരുത്തില്‍ ജയമാഘോഷിച്ച ഇന്ത്യക്കായി മൂന്നാം ഏകദിനത്തില്‍ പത്തു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ജയം ഉറപ്പിച്ച ശേഷമാണ് സ്മൃതി മടങ്ങിയത്. മൂന്ന് മത്സര ഏകദിന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡുമായി സ്മൃതി നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ഏകപക്ഷീയ ജയം. ഏകദിനത്തില്‍ ഏഴാംതവണ നൂറു തികച്ച മന്ഥന സെഞ്ച്വറിയെണ്ണത്തില്‍ ഇപ്പോള്‍ ലോകത്ത് പത്താം സ്ഥാനത്താണ്.രാജ്യാന്തര ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് പിന്നിട്ട സ്മൃതി ഇന്ത്യന്‍ താരങ്ങളില്‍ ആകെ റണ്‍സ് നേട്ടത്തില്‍ ലെജന്ററി താരം മിഥാലി രാജിന് മാത്രം പിന്നില്‍ രണ്ടാമതാണ്.
English Summary: Smriti Mandhana named ICC Women’s Player of the Month for June 2024